മിത രക്തസമ്മര്‍ദം മൂലമുണ്ടാകുന്ന പരിക്കുകളും പ്രായത്തിന് അനുസരിച്ചുള്ള തേയ്മാനവും ഡിസ്‌ക്കിനെ ബാധിക്കാം. ഡിസ്‌ക് തേയ്മാനം സാധാരണ മധ്യവയസ്സിന് ശേഷമാണ് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിത്തുടങ്ങുക. എന്നാല്‍ ജീവിതശൈലിയും തൊഴില്‍ സംബന്ധമായ ആയാസങ്ങളും ഡിസ്‌കിന് ഏല്‍പ്പിക്കുന്ന പരിക്ക് ചെറുപ്പത്തില്‍ തന്നെ നടുവിന്റെ വഴക്കം കുറച്ചേക്കാം. ചിലപ്പോള്‍ വിശ്രമത്തിലൂടെയോ ഫിസിയോതെറാപ്പിയിലൂടെയോ പ്രശ്‌നം പരിഹരിക്കാനാകും. ഡിസ്‌ക് പ്രശ്‌നങ്ങള്‍ നാഡികളിലേക്ക് വ്യാപിക്കുകയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍, പ്രത്യേകിച്ച് കാലില്‍ കടച്ചിലും മരവിപ്പും മറ്റും തോന്നിത്തുടങ്ങുകയും ചെയ്താല്‍ പിന്നെ ശസ്ത്രക്രിയയിലേക്കും മറ്റും നീങ്ങേണ്ടിവരും. ഏതൊരു അസുഖത്തിന്റെയും കാര്യത്തിലെന്ന പോലെ ഡിസ്‌ക് പ്രശ്‌നങ്ങളിലും ചികിത്സയെക്കാള്‍ നല്ലത് മുന്‍കരുതല്‍ തന്നെ. നിത്യജീവിതത്തില്‍ ഏര്‍പ്പെടുന്ന ശാരീരിക പ്രവൃത്തികളില്‍ അല്പം ജാഗ്രത കാണിച്ചാല്‍ ചെറുപ്പം മുതല്‍ തന്നെ ഡിസ്‌കിനെ പരിക്കുകളുടെ പിടിയിലേക്ക് വിട്ടുകൊടുക്കാതെ കാക്കാം. 

ഡ്രൈവര്‍മാരുടെ നടുവേദന

ഓട്ടോറിക്ഷ, ലോറി, ബസ്, ജീപ്പ് തുടങ്ങിയവ പോലെ 'വിറയല്‍' കൂടുതലുള്ള വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഡിസ്‌കിന് അമിത സമ്മര്‍ദമുണ്ടാകുന്നു. നടുവേദന കലശലാകുന്നവര്‍ മറ്റ് ജോലിയെക്കുറിച്ച് ആലോചിക്കേണ്ടതും ചികിത്സയുടെ ഭാഗം തന്നെയാണെന്ന് ഓര്‍ക്കുക.

ജോലിയില്‍ തുടരുന്നവര്‍ ശ്രദ്ധിക്കേണ്ടത് ശരീരം നന്നായി പരിപാലിക്കാനാണ്. വയറുചാടാതെ നോക്കണം. വഴിയരികിലും മറ്റും നിര്‍ത്തി ഫാസ്റ്റ് ഫുഡ് കഴിക്കുന്ന ശീലം ഒഴിവാക്കാം. വിശ്രമത്തിന്റെയും വ്യായാമത്തിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ല. 

കാര്‍ ഓടിക്കുന്നവര്‍ സീറ്റ് ക്രമീകരിക്കാനും സീറ്റ് ബെല്‍റ്റ് ശരിയായി ധരിക്കാനും ശ്രദ്ധിക്കണം. 

ഭാരം ഉയര്‍ത്തുമ്പോള്‍

  • പെട്ടെന്നുള്ള ശരീരചലനങ്ങളില്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് വളയുമ്പോഴും കുനിയുമ്പോഴും. നടുതിരിക്കുന്നത് ഒഴിവാക്കി ശരീരം മൊത്തമായി തിരിക്കുക. 
  • താങ്ങാവുന്നതിലധികം ഭാരം ഒറ്റയ്ക്ക് എടുത്തുയര്‍ത്താന്‍ ശ്രമിക്കരുത്.
  • ഭാരം ഉയര്‍ത്താന്‍ കുനിയുമ്പോള്‍ നടു വളയ്ക്കുന്നതിന് പകരം മുട്ടു മടക്കി ഇരിക്കാന്‍ ശ്രദ്ധിക്കുക. 
  • വാക്വം ക്ലീനര്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തിന്റെ മുന്നിലായി രണ്ടുകൈ കൊണ്ടും പിടിക്കുക. ശരീരത്തിന്റെ വശങ്ങളില്‍ ഒറ്റകൈ കൊണ്ട് കൈകാര്യം ചെയ്യരുത്. 

ടൂവീലര്‍ ഓടിക്കുന്നവര്‍ അറിയേണ്ടത്

ഇരുചക്രവാഹനങ്ങള്‍ സ്ഥിരമായി ഓടിക്കുന്നവര്‍ വണ്ടിയുടെ ഷോക്ക് അബ്‌സോര്‍ബര്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഇടയ്ക്ക് പരിശോധിക്കണം. ഹാന്‍ഡില്‍ ബാര്‍ നീളം കുറയ്ക്കുന്നതും മറ്റും ശരീരത്തിന് കൂടുതല്‍ ആയാസമുണ്ടാക്കും. റോഡിലെ ഹമ്പുകളിലും കുഴികളിലും പരമാവധി സാവധാനത്തില്‍ വണ്ടി ഓടിക്കാന്‍ ശ്രദ്ധിക്കുക. നമ്മുടെ ഉയരത്തിനും ശരീരപ്രകൃതിയ്ക്കും അനുയോജ്യമായ വാഹനം തിരഞ്ഞെടുക്കണം. സീറ്റിങ് ശരിയായ രീതിയിലായിരിക്കണം. പുറത്ത് ഭാരം തൂക്കി വണ്ടിയോടിക്കുന്നത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഭാരം സീറ്റിലേക്ക് വരുന്നതരത്തില്‍ ബാഗ് വയ്ക്കുന്നതാണ് ഉചിതം. ഓണ്‍ലൈന്‍ ഡെലിവറി ജോലികള്‍ ചെയ്യുന്ന ചെറുപ്പക്കാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. തുടര്‍ച്ചയായി വണ്ടി ദീര്‍ഘദൂരം ഓടിക്കുന്നതിന് പകരം ഇടയ്ക്ക് നിര്‍ത്തി നടുനിവര്‍ത്താന്‍ മടിക്കരുത്. 

ഭാരം ചുമക്കുന്ന കുട്ടികള്‍

കുട്ടികളുടെ സ്‌കൂള്‍ ബാഗിന് നിശ്ചിത ഭാരത്തില്‍ കൂടുതല്‍ പാടില്ലെന്ന് നിര്‍ദേശമുണ്ടെങ്കിലും പലപ്പോഴും ഇത് ആരും ശ്രദ്ധിക്കാറില്ല. കുട്ടികള്‍ കൂടുതല്‍ ഭാരം തൂക്കി നടക്കുന്നത് ഭാവിയില്‍ ഡിസ്‌ക് പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. ബാഗ് ഒരു തോളില്‍ മാത്രമായി ഇടുന്നതും ഒഴിവാക്കണം. കോവിഡിന് ശേഷം സ്‌കൂള്‍ തുറക്കുമ്പോള്‍ ബാഗിന്റെ കനം കുറയ്ക്കാന്‍ മറക്കേണ്ട. 

ഇരുന്ന് ജോലി ചെയ്യുന്നവര്‍

തുടര്‍ച്ചയായി ഇരുന്ന് ജോലി ചെയ്യേണ്ടി വരുമ്പോള്‍ നടുവിന് ബുദ്ധിമുട്ടില്ലെന്ന് ഉറപ്പാക്കണം. കസേരയുടെ ഉയരം, ബാക്‌റെസ്റ്റ് എന്നിവ കൃത്യമായി ക്രമീകരിക്കണം. അധികനേരം തുടര്‍ച്ചയായി ഇരിക്കാതെ ഇടയ്ക്ക് മറ്റ് ശാരീരിക പ്രവൃത്തികളില്‍ ഏര്‍പ്പെടണം. ഡ്രൈവര്‍മാരുടെ കാര്യത്തിലെന്ന പോലെ വയര്‍ ചാടാതെ നോക്കേണ്ടതും ആഹാരം, വ്യായാമം, വിശ്രമം എന്നിവ കൃത്യമായി പാലിക്കേണ്ടതും പ്രധാനമാണ്. 

കാലുയര്‍ത്തി പരിശോധിക്കാം

മലര്‍ന്ന് കിടന്ന ശേഷം കാല്‍ വളയാതെ, പതുക്ക മുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിക്കുക. ഡിസ്‌കിന് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് സാധാരണ 30 ഡിഗ്രി കാല്‍ ഉയര്‍ത്തുമ്പോഴേക്കും നടുവിന് വേദന അനുഭവപ്പെടും. ശ്രദ്ധിക്കുക, ഇതൊരു സൂചനാ പരിശോധന മാത്രമാണ്. അതുകൊണ്ട് ഡോക്ടറെ കണ്ട് പരിശോധിച്ചശേഷം മാത്രമേ ഡിസ്‌ക് പ്രശ്‌നം ഉറപ്പിക്കാവൂ. 

ടെന്‍ഷന്‍ കുറയ്ക്കാം

ശാരീരിക സമ്മര്‍ദം മാത്രമല്ല, മാനസിക സമ്മര്‍ദവും എല്ലുകളെ ഞെരിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. മാനസിക സമ്മര്‍ദം കൂടുമ്പോള്‍ മസിലുകള്‍ വലിഞ്ഞുമുറുകും. നിരന്തരം ടെന്‍ഷന്‍ അനുഭവിക്കുമ്പോള്‍ കഴുത്തിനും നടുവിനുമൊക്കെ വേദന തോന്നാം. 

നോ സ്‌മോക്കിങ്

സ്‌പോഞ്ച് പോലെയുള്ള ശ്വാസകോശത്തെ മാത്രമല്ല, കട്ടിയുള്ള എല്ലുകളെയും പുകവലി ബാധിക്കും. പുകവലി രക്തയോട്ടം കുറയ്ക്കുന്നു. അതോടെ എല്ലുകള്‍ക്ക് വേണ്ടത്ര പോഷകങ്ങള്‍ കിട്ടാതെ അവയുടെ സാന്ദ്രത കുറയും. തേയ്മാനവും പരിക്കിനുള്ള സാധ്യതയും ഇതോടെ കൂടും. 

തയ്യാറാക്കിയത്: എസ്. രാംകുമാര്‍

വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. മനോജ് കുമാര്‍ സി.വി. 
അസിസ്റ്റന്റ് പ്രൊഫസര്‍
ഓര്‍ത്തോപീഡിക്‌സ്
ഗവ.മെഡിക്കല്‍ കോളേജ് കോഴിക്കോട്‌

Content Highlights: How to prevent back pain, How to Keep Your Discs Healthy, Health

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്‌