Representative Image| Photo: GettyImages
ഡിസ്ക് പ്രൊലാപ്സ് ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് കഴുത്തിലെ ഡിസ്ക്കുകളിലും നടുഭാഗത്തെ ഡിസ്ക്കുകളിലുമാണ്. കഴുത്തിലാണെങ്കില്‍ അഞ്ചാമത്തെയും ആറാമത്തെ കശേരുക്കള്‍ക്കിടയിലെ ഡിസ്ക്കിലാണ് (സി-5, സി-6) പ്രൊലാപ്സ് കൂടുതലായി കാണുന്നത്. കഴുത്തിന്റെ ചലനങ്ങള്‍ കൂടുതല്‍ അനുഭവപ്പെടുന്നത് ഈ ഭാഗത്തായതുകൊണ്ടാണിത്. നടുഭാഗത്ത് എല്‍-4, എല്‍-5 ഡിസ്ക്കുകള്ക്കാണ് കൂടുതല്‍ പ്രൊലാപ്സ് ഉണ്ടാകുന്നത്. ചിലരില്‍ ഈ രണ്ട് പ്രശ്നങ്ങളും ഒരുമിച്ചും കണ്ടുവരുന്നുണ്ട്.
ചുമടെടുക്കുന്നവരില്, ദീര്‍ഘദൂരം ഡ്രൈവിങ് ജോലി ചെയ്യുന്നവരില്‍, ക്ലറിക്കല്‍ ജോലികള്‍, കംപ്യൂട്ടര്‍ ജോലികള്‍ ചെയ്യുന്നവരിലെല്ലാം ഇതിനുള്ള സാധ്യതയുണ്ട്. പതിവായി ഒരേ പൊസിഷനില്‍ത്തന്നെ ഇരുന്ന് ജോലിചെയ്യുന്നവരില്‍ കഴുത്തിലേക്ക് സ്ട്രെയിന്‍ വരുമ്പോള്‍ ഡിസ്ക് പ്രൊലാപ്സ് വരാം. വേദനയുണ്ടായിട്ടും അത് കാര്യമാക്കാതെ അതേരീതിയില്‍ ജോലിതുടര്ന്നാല് അത് ഭേദമാകാനും ഏറെക്കാലം വേണ്ടിവരും.
ലക്ഷണങ്ങള്‍
- കഴുത്തുഭാഗത്തെ ഡിസ്ക്കുകള്ക്കുണ്ടാകുന്ന തള്ളല്‍
- കഴുത്തുവേദനയും ചുമലിലേക്കുള്ള ചെറിയൊരു വേദനയുമായിട്ടാണ് പ്രത്യക്ഷപ്പെടുക.
- മുകളിലേക്കു നോക്കാനോ തിരിഞ്ഞുനോക്കാനോ വേദനകാരണം ബുദ്ധിമുട്ടനുഭവപ്പെടും.
- കഴുത്തിനും ചുമലിനും ഇടയിലുള്ള മസിലില്‍ അമര്‍ത്തുമ്പോള്‍ കഠിനമായ വേദനയുണ്ടാകും.
- ഡിസ്ക് പ്രൊലാപ്സ് കൂടുതലായാല്‍ കൈയിലേക്കുള്ള നാഡിയില്‍ അമരുകയും വേദന കൈപ്പത്തിവരെ വ്യാപിക്കുകയും ചെയ്യും. ചിലരില്‍ കൈക്ക് ബലക്കുറവായും അനുഭവപ്പെടാം.
വേദനയുള്ള കൈ ഉയര്‍ത്തി കൈപ്പത്തി തലയില്‍ വെച്ചാല്‍ വേദന കുറയുന്നുണ്ടെങ്കില്‍ അത് കഴുത്തിലുള്ള ഡിസ്ക് പ്രൊലാപ്സ് കൊണ്ടുണ്ടായ വേദനയാണെന്ന് മനസ്സിലാക്കാം. ഇത് ഒരു പ്രാഥമിക പരിശോധനാരീതിയാണ്. കൈ ഉയര്‍ത്തി കൈപ്പത്തി തലയില്‍ വയ്ക്കുമ്പോള്‍ നേരത്തെ അമര്‍ന്നിരുന്ന നാഡിയില്‍ അമര്‍ച്ച കുറയുകയും വേദന കുറയുകയും ചെയ്യുന്നു.
വ്യായാമം വേണം
ഡിസ്ക് സംബന്ധമായ പ്രശ്നങ്ങള്‍ വന്നവരില്‍ റീഹാബിലിറ്റേഷന്‍ വളരെ പ്രധാനപ്പെട്ട ഭാഗമാണ്. നട്ടെല്ലുമായി ബന്ധപ്പെട്ട മസിലുകളെയും ലിഗമെന്റുകളെയുമെല്ലാം ബലപ്പെടുത്തേണ്ട വ്യായാമങ്ങള്‍ പരിശീലിക്കണം. നട്ടെല്ലിന്റെ മുന്‍ഭാഗത്തെയും പിറകുഭാഗത്തെയും മസിലുകള്‍ക്ക് ശക്തിയും വഴക്കവും വര്‍ധിപ്പിക്കുന്ന വ്യായാമങ്ങളാണ് ആവശ്യം. വിറ്റാമിന്‍ ഡി, കാല്‍സ്യം തുടങ്ങിയുടെ കുറവുണ്ടോ എന്ന് വിലയിരുത്തുകയും ആവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്യണം. ദീര്‍ഘനേരം ഇരുന്നുള്ള ജോലികള്‍ ചെയ്യുന്നവരില്‍ ഡിസ്ക് പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്. അത് തടയാന്‍ നിത്യേനയുള്ള വ്യായാമം നല്ല ഫലംചെയ്യും.
ഡിസ്കൈറ്റിസ്
ഡിസ്കിനെ ബാധിക്കുന്ന അണുബാധ അഥവാ ഡിസ്കൈറ്റിസ് നടുവേദനയ്ക്ക് ഇടയാക്കും. ഇതില്‍ ഏറ്റവും സാധാരണമായ അണുബാധ ക്ഷയരോഗമാണ്. ഇത് വെര്ട്ടിബ്രയിലാണ് ആദ്യം വരുന്നത്. പിന്നീട്് ഡിസ്കിനെയും ബാധിക്കും. മറ്റൊന്ന് ബാക്ടീരിയ അണുബാധയാണ്. ഇത് ഇപ്പോള്‍ താരതമ്യേന കുറവാണ്. നട്ടെല്ലിലെ കശേരുക്കളെ ബാധിക്കുന്ന അണുബാധ ഏറ്റവും കൂടുതലായി കാണുന്നത് നെഞ്ചിന്റെ പിറകിലായി വരുന്ന തൊറാസിക് വെര്ട്ടിബ്രയിലാണ്.
എക്സ്റേയിലൂടെയും രക്തപരിശോധനയിലൂടെയും ക്ഷയരോഗം നട്ടെല്ലിനെ ബാധിച്ചിട്ടുണ്ടോ എന്ന് തിരിച്ചറിയാം. എം.ആര്.ഐ. പരിശോധനയും ആവശ്യമായിവരും. ബയോപ്സി ചെയ്താല്‍ മാത്രമേ പൂര്‍ണമായും ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളൂ. അതിനുശേഷം ആന്റി ട്യുബര്‍കുലോസിസ് മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്.
ഡിസ്ക് ഡീജനറേഷന്‍
പ്രായം കൂടുമ്പോള്‍ ഡിസ്കുകള്‍ ക്ഷയിച്ചുപോകുന്ന അവസ്ഥയാണ് ഡിസ്ക് ഡീജനറേഷന്‍. പ്രായമായവരില്‍ കാണുന്ന നടുവേദനയുടെ പ്രധാനകാരണം ഇതുതന്നെയാണ്. ഡിസ്കിലെ ന്യൂക്ലിയസ് പള്പോസസിലെ ജലാംശം കുറഞ്ഞുവരുകയും തുടര്‍ന്ന് കട്ടികൂടുകയും ചെയ്യും. ഇങ്ങനെ സംഭവിച്ചാല്‍ സാധാരണമായ ആഘാതങ്ങള്‍പോലും ഡിസ്കിന് താങ്ങാന്‍ കഴിയാതെ പോവുകയും തകരാറുകള്‍ വരുകയും ചെയ്യും. ഇങ്ങനെയുണ്ടാകുന്ന രോഗാവസ്ഥയ്ക്ക് ഡീജനറേറ്റീവ് ഡിസ്ക് ഡിസീസ് എന്ന് പറയുന്നു.
ഡിസ്കിന് ചെറിയതോതില്‍ കേടുപാടുകള്‍ വന്നവര്‍ അത് കാര്യമാക്കാതെ തെറ്റായ ജീവിതരീതികള്‍ തുടര്‍ന്നാല്‍ ഡിസ്ക് തെന്നാനുള്ള സാധ്യത കൂടുതലാണ്.
ഡിസ്കുകള്‍ ക്ഷയിക്കുന്നതോടെ അതിന്റെ കനം കുറയുകയും കശേരുക്കള്‍ക്കിടയില്‍ ഷോക്ക് അബ്സോര്‍ബര്‍പോലെ പ്രവര്‍ത്തിക്കാനുള്ള അതിന്റെ ശേഷി നഷ്ടമാവുകയും ചെയ്യും. ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ചികിത്സ നല്കുന്നു. രോഗിയുടെ പ്രായവും രോഗത്തിന്റെ അവസ്ഥയും പരിഗണിച്ചുള്ള വ്യായാമങ്ങള്‍ ആവശ്യമാണ്.
റാഡിക്കുലോപ്പതി
സുഷുമ്നാ നാഡിയില്‍ നിന്ന് നട്ടെല്ലിന്റെ ഓരോ കശേരുവിന്റെ ഇടയിലൂടെയും നാഡികള്‍ പുറത്തേക്ക് വരുന്നുണ്ട്. ഇത് ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചുകിടക്കുകയും ചെയ്യുന്നു. ഏത് ഡിസ്ക്കാണോ തള്ളിവരുന്നത് അത് അതിനടുത്തുള്ള നാഡിയില്‍ സമ്മര്ദമേല്പ്പിക്കുന്നു. അങ്ങനെ പ്രത്യേകമായി ഒരു നാഡി ഞെരുങ്ങുന്ന അവസ്ഥയെയാണ് റാഡിക്കുലോപ്പതി എന്ന് പറയുന്നത്. ഇതുകാരണം കൈകളിലോ കാലുകളിലോ മറ്റ് ശരീരഭാഗങ്ങളിലോ മരവിപ്പ്, ബലക്കുറവ്, വേദന എന്നിവ അനുഭവപ്പെടാം.
സ്പൈനല്‍ സ്റ്റിനോസിസ്
നട്ടെല്ലിനുള്ളിലെ സുരക്ഷിതമായ കനാല്‍ വഴിയാണ് സുഷുമ്നാനാഡി കടന്നുപോകുന്നത്. ഡിസ്ക് പ്രൊലാപ്സ് ഉണ്ടാകുമ്പോള്‍ സുഷുമ്നാനാഡി കടന്നുപോകുന്ന കനാലിലേക്കാണ് ഇത് തള്ളി വരുന്നത്. അപ്പോള്‍ കനാലിലെ വ്യാപ്തി കുറയുന്നു. ഇതിനെയാണ് സ്പൈനല്‍ കനാല്‍ സ്റ്റിനോസിസ് എന്ന് പറയുന്നത്. സാധാരണയായി കനാലിന്റെ വ്യാസം 16 എം.എം. ആണ് ഉണ്ടാവുക. ഡിസ്ക് പ്രെലാപ്സ് കാരണം അത് 10 എം.എമ്മിലും കുറഞ്ഞാല്‍ ഗൗരവമുള്ള പ്രശ്നമായി മാറുന്നു. ഡിസ്ക് പ്രൊലാപ്സ് കൂടാതെ മറ്റ് കാരണങ്ങള്‍ കൊണ്ടും സ്പൈനല്‍ കനാല്‍ സ്റ്റിനോസിസ് വരാറുണ്ട്.
(മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോപീഡിക്സ് വിഭാഗം അഡീഷണല്‍ പ്രൊഫസറാണ് ഡോ. രാജു കരുപ്പാല്‍)
തയ്യാറാക്കിയത്: സി.സജില്‍
Content Highlights: How to overcome neck pain due to disc prolapse, Health, Spine Health, Disc Prolapse
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..