ഞാന്‍ എല്ലാവരേക്കാളും മോശമാണോ എന്ന തോന്നൽ; അപകര്‍ഷതയുണ്ടാക്കുന്ന ചിന്തകളും പരിഹാരങ്ങളും


ഷിനില മാത്തോട്ടത്തില്‍

Representative Image| Photo: Canva.com

മനസ്സിന്റെ പാളികളിലെവിടെയോ മറഞ്ഞും തെളിഞ്ഞും വരുന്ന അപകര്‍ഷബോധം ഒരിക്കലെങ്കിലും നിങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ടാവും. ഏറിയും കുറഞ്ഞും ഓരോ മനുഷ്യനിലും അപകര്‍ഷതയുണ്ട്. ഈയവസ്ഥയെ അകറ്റിനിര്‍ത്താനാവാതെ പാടുപെടുന്നവര്‍ ഇക്കാര്യമൊന്നു ശ്രദ്ധിക്കൂ. അപകര്‍ഷതയ്ക്ക് കടിഞ്ഞാണിടാന്‍ വഴികളുണ്ട്. നിങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന പല കഴിവുകള്‍ക്കും അതിനെ ഭേദപ്പെടുത്താനാവും. അപകര്‍ഷതയോട് മല്ലിട്ടാണ് ജീവിതനേട്ടങ്ങള്‍ കൈവരിച്ചതെന്ന് പല വിദഗ്ധരും തുറന്നുപറഞ്ഞിട്ടുണ്ട്. ജീവിക്കാനും നേടാനുമുള്ള വാശിയും ചവിട്ടുപടിയും തരുന്നുവെങ്കില്‍ അപകര്‍ഷത നല്ലതുമല്ലേ..

സ്വയം മറ്റുള്ളവരുമായി താരതമ്യം ചെയ്തുനോക്കുന്നത് മനുഷ്യസഹജമായൊരു പ്രവണതയാണ്. എല്ലാവരെയും നോക്കി വിലയിരുത്തുന്നത് നല്ലതുതന്നെ. പക്ഷേ, മറ്റൊരാളുമായി തട്ടിച്ചുനോക്കി മാത്രം സ്വയം മാര്‍ക്കിടുന്നിടത്ത് അപകടമുണ്ട്. നമ്മുടേതായ രീതിയില്‍ നമ്മള്‍ നല്ലതാണെന്ന കാര്യം മനസ്സില്‍വെക്കുക. എല്ലാംകൊണ്ടും പൂര്‍ണരാണെന്ന് തോന്നിപ്പിക്കുന്നവരില്‍ പോലും സ്വയം വിലയിരുത്താനാവാത്തതിന്റെ പതറിച്ചയുണ്ടെന്ന് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കു മനസ്സിലാവും.അപകര്‍ഷതയെ മറികടക്കാന്‍ ചില പൊടിക്കൈകള്‍

ബാഹ്യരൂപത്തെക്കുറിച്ച് അധികം ചിന്തിക്കരുത്

കാണാന്‍ എങ്ങനെയിരിക്കുന്നുവെന്ന് അമിതമായി ചിന്തിക്കാതിരിക്കുമ്പോഴാണ് നിങ്ങള്‍ക്ക് ഏറ്റവും തിളക്കത്തോടെ നില്‍ക്കാനാവുക. ആവശ്യമെന്നു തോന്നുന്നത്ര സ്വയം മെച്ചപ്പെടുത്തി വെക്കുക. പിന്നെയെല്ലാം സാഹചര്യങ്ങള്‍ക്ക് വിട്ടേക്കണം. അടുത്ത സുഹൃത്തുക്കളോടോ വീട്ടുകാരോടോ വേണമെങ്കില്‍ അഭിപ്രായം ചോദിക്കാം. പക്ഷേ ഒരു കാര്യം. അഭിപ്രായം ചോദിച്ചുകഴിഞ്ഞാല്‍ പിന്നെ അത് നല്ലതാണെങ്കിലും മോശമാണെങ്കിലും കേള്‍ക്കാനുള്ള ധൈര്യംകൂടിവേണം.

Also Read

പ്രത്യേക രോഗലക്ഷണങ്ങൾ ഇ‌ല്ല, കണ്ടെത്തിയാൽ ...

ശബരിമല തീർഥാടനം;  മലകയറ്റം കരുതലോടെയാക്കാൻ ...

മരണകാരണമാകുന്ന മൂന്നാമത്തെ പ്രധാനരോ​ഗം; ...

ഹ്യുമൻ പാപ്പിലോമ വൈറസ്‌ കാൻസറായി മാറുന്നത് ...

കുട്ടികളിൽ അടിക്കടി രോ​ഗങ്ങൾ വരുന്നതിന് ...

നിലവിലെ രൂപം മെച്ചപ്പെടുത്താന്‍ വേണമെങ്കില്‍ ശ്രമിക്കാം

ഏറ്റവും നന്നായി സ്വയം മറ്റുള്ളവര്‍ക്കു മുമ്പില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കാം. നിങ്ങളുടെ നിലവിലെ ബാഹ്യരൂപത്തില്‍ ആത്മവിശ്വാസം തോന്നുന്നില്ലെങ്കില്‍ ഹെയര്‍സ്‌റ്റൈല്‍ ഒന്നുമാറ്റിനോക്കൂ. അല്ലെങ്കില്‍ വണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്തുനോക്കൂ. സ്ഥിരമായി ഉപയോഗിക്കുന്ന തരത്തിലുള്ള വസ്ത്രത്തില്‍ നിന്നുമാറി പുതിയതൊന്നു പരീക്ഷിക്കാന്‍ നിങ്ങള്‍ ആരെ കാത്തിരിക്കണം. ഏതുരീതിയിലും അപ്പിയറന്‍സ് മാറ്റാനുള്ള സാധ്യതകള്‍ ഇന്ന് നമുക്കുമുന്നിലുണ്ട്. പക്ഷേ, ഇങ്ങനെ പോയാല്‍ ശരിയാവില്ല, കുറച്ചുകൂടി നന്നായി ജീവിക്കണമെന്ന് നമുക്കുതന്നെയാണ് തോന്നേണ്ടത്.

കുറവുകള്‍ മാറിനില്‍ക്കട്ടെ

കഴിവുകള്‍ മാത്രമുള്ളവര്‍ ആരുമില്ല. കുറവുകളില്ലാത്തവരും. അടിസ്ഥാനപരമായ എന്തെങ്കിലുമൊരു കഴിവ് എല്ലാവരിലുമുണ്ട്. ഒന്നില്ലെങ്കില്‍ പകരം വെക്കാന്‍ മറ്റൊന്നുണ്ടാവും. എനിക്ക് പല കാര്യങ്ങളിലും കുറവുണ്ടെന്ന് മനസ്സുകൊണ്ട് ആദ്യം അംഗീകരിക്കുക. മെച്ചപ്പെടുത്തേണ്ടത് മെച്ചപ്പെടുത്തുക. തിരുത്താന്‍ പറ്റുന്നത് തിരുത്തുക. ഉള്ള കഴിവില്‍, അല്ലെങ്കില്‍ ചെയ്യാനിഷ്ടമുള്ള കാര്യങ്ങളില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിച്ചുനോക്കൂ. കുറവുകള്‍ ചിന്തിക്കുന്ന സമയത്തെ അത് നികത്താനുള്ള സമയമായി ഉപയോഗിക്കാമല്ലോ..

ചെയ്താല്‍ ശരിയാവില്ലെന്ന് പറയുന്നവരോട്

നീയത് ചെയ്താല്‍ ശരിയാവില്ല എന്നാവര്‍ത്തിച്ചു പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ വരുന്നവരോട് 'ഞാനിതൊന്നു ചെയ്തുനോക്കട്ടെ, എന്താ സംഭവിക്കുകയെന്ന് അപ്പോള്‍ നോക്കാം' എന്നു പറയാന്‍ മടിക്കേണ്ടതില്ല. കാരണം അവര്‍ക്കറിയില്ല നിങ്ങളുടെ ഉള്ളിലുള്ള തീപ്പൊരിയെന്താണെന്ന്. മറ്റുള്ളവരുടെ പാതിവെന്ത വിലയിരുത്തലുകള്‍ ഒരാളെ അപകര്‍ഷതയുടെ മൂര്‍ധന്യത്തിലെത്തിച്ചേക്കും. സംസാരിച്ചാല്‍ തെറ്റിപ്പോവുമോ! ശരിയായില്ലെങ്കില്‍ എന്നെ കളിയാക്കുമോ എന്നൊക്കെയുള്ള ആശങ്കകള്‍ കയറിക്കൂടുന്നത് മറ്റുള്ളവരുടെ വിലയിരുത്തലിനെ ഭയക്കുമ്പോഴാണ്. അതെല്ലാം അവഗണിക്കുന്നതാണ് ഉചിതം.

മറ്റുള്ളവര്‍ക്ക് നമ്മെക്കുറിച്ച് ചിന്തിക്കാന്‍ എവിടെ നേരം

രണ്ടുപേര്‍ തമ്മിലൊരു കൂടിക്കാഴ്ച നടത്തി. ശേഷം അവിടെനിന്നിറങ്ങിയാല്‍ അവര്‍ നമ്മെക്കുറിച്ച് എന്താണ് കരുതിക്കാണുകയെന്ന് ചിന്തിക്കുന്നവരാണോ നിങ്ങള്‍? ഒന്നാലോചിച്ചുനോക്കൂ. നിങ്ങള്‍ മറ്റുള്ളവരെക്കുറിച്ചോര്‍ക്കാന്‍ എത്ര സമയമെടുക്കുന്നു? സംസാരംകഴിഞ്ഞ് കൂടിയാല്‍ അഞ്ചോ പത്തോ മിനിറ്റ്. അതില്‍കവിഞ്ഞ് ഓരോരുത്തരിലെയും സൂക്ഷ്മഘടകങ്ങളെ വിലയിരുത്താനൊന്നും നിങ്ങള്‍ക്കോ അവര്‍ക്കോ നേരംകാണില്ല. മാത്രവുമല്ല, അയാളുമപ്പോള്‍ അയാളുടെ സ്വന്തം പക്ഷത്തെക്കുറിച്ചുള്ള ചിന്തയിലായിരിക്കും.

പ്രണയത്തോല്‍വികളില്‍ സംഭവിക്കുന്നത്

പ്രണയത്തില്‍ നിന്ന് ഒരാള്‍ പിന്മാറുമ്പോള്‍ മറ്റേയാള്‍ക്കുണ്ടാകുന്ന വേദനകളെ മൊത്തത്തില്‍ വിലയിരുത്തിയാല്‍ അവഗണനയുടെ കാഠിന്യമായിരിക്കും ഏറ്റവും മുഴച്ചുനില്‍ക്കുക. എനിക്കെന്തോ കുറവുണ്ടായതുകൊണ്ടാണ്, ഞാന്‍ മോശമായതുകൊണ്ടാണ് എന്നെ ഉപേക്ഷിച്ചത് എന്നൊക്കെയുള്ള ചിന്ത. പക്ഷേ, നിങ്ങളായിരിക്കുന്ന വ്യക്തിയെ ഉള്‍ക്കൊള്ളാന്‍ മറ്റേയാള്‍ക്ക് കഴിയുന്നില്ലെന്നുമാത്രമേ പ്രണയത്തകര്‍ച്ചകള്‍ക്ക് അര്‍ഥമുള്ളൂ. പ്രണയപരാജയമല്ല ജീവിതത്തിന്റെ അവസാനം എന്നതാണ് സത്യം.

വിമര്‍ശനങ്ങളെയും അവഗണനകളെയും നേരിട്ടുപഠിക്കാം

വിമര്‍ശനങ്ങളില്‍ നിന്നും പ്രതികൂലസാഹചര്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാതെ അതിനെ നേരിടാം. എല്ലാവരെയും സന്തോഷിപ്പിക്കാനും എല്ലാവരുടെയും അംഗീകാരം പിടിച്ചുവാങ്ങാനും ആര്‍ക്കുമാവില്ല. ചിലരില്‍നിന്ന് അവഗണനയുണ്ടാവും. പക്ഷേ, നമ്മെ മനസ്സിലാവുന്ന വേറെച്ചിലരുണ്ടാകും. പ്രോത്സാഹിപ്പിക്കുന്നവരും അവഗണിക്കുന്നവരും അടങ്ങുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. അതുകൊണ്ട് വിമര്‍ശനങ്ങളെ മുഴുവനായും മനസ്സിലേക്കെടുത്ത് വിഷമിക്കേണ്ടതില്ല. നിങ്ങളെക്കുറിച്ചുള്ള മോശം അഭിപ്രായങ്ങളും കേള്‍ക്കാനുള്ള ധൈര്യമുണ്ടാക്കുക. പറ്റുന്ന കാര്യങ്ങള്‍ മെച്ചപ്പെടുത്തുക. കുറ്റം പറയുന്നവര്‍ക്കും കുറവുകളുണ്ട്. അറിവില്ലായ്മയുണ്ട്. അവരുടെ അറിവിന്റെ പരിധിയില്‍ നിന്നാണവര്‍ സംസാരിക്കുന്നത്. അര്‍ഥശൂന്യമായ വിമര്‍ശനങ്ങള്‍ കേട്ടാല്‍ അത് മനസ്സിലേക്കെടുക്കേണ്ട.

കഴിവുകള്‍ തിരിച്ചറിയാം

'എന്റെ കഴിവുകള്‍ എനിക്കറിയില്ല, വേറൊരാളോട് ചോദിച്ചാല്‍ കളിയാക്കുമോയെന്ന പേടി'. ഈ അവസ്ഥയിലാണ് നിങ്ങളെങ്കില്‍ പരിശീലനം ലഭിച്ച മാനസികാരോഗ്യപ്രവര്‍ത്തകരുടെ സഹായം തേടാം. നിങ്ങളുടെ നല്ലവശങ്ങളും മെച്ചപ്പെടുത്തേണ്ടവയും പറഞ്ഞുതരാന്‍ അവര്‍ക്കുപറ്റും. വിഷമത്തില്‍ നിന്ന് ശ്രദ്ധതിരിച്ചുവിടാനുമാവും. മുന്‍വിധികളില്ലാതെ ആളുകളോട് ഇടപെടാനുള്ള പരിശീലനമാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് സഹായം സ്വീകരിക്കാന്‍ മടിക്കരുത്. ആരുമില്ലെന്ന തോന്നലില്‍ പ്രസക്തിയില്ല.

കഴിവുകള്‍ പരിശീലനത്തിലൂടെ നേടിയെടുക്കാം

സോഷ്യല്‍ സ്‌കില്ലുകളുടെ കുറവാണ്, അല്ലെങ്കില്‍ അങ്ങനെയുള്ള തോന്നലാണ് യൗവ്വനത്തിലെ ആത്മവിശ്വാസക്കുറവിന് പ്രധാനകാരണം. പൊതുയിടത്തില്‍ എങ്ങനെ സംസാരിക്കണം, പെരുമാറണം എന്നുതുടങ്ങി നിങ്ങളില്‍ കുറവുള്ള പല കാര്യങ്ങളും പരിശീലനത്തിലൂടെ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ. ആത്മവിശ്വാസമില്ലെങ്കില്‍ ഉള്ളതുപോലും നന്നായി പ്രകടിപ്പിക്കാന്‍ പറ്റിയെന്നു വരില്ല. ആത്മവിശ്വാസമുണ്ടെങ്കിലോ, കഴിവില്ലെങ്കില്‍ പോലും നിങ്ങള്‍ക്ക് തിളങ്ങാനുമാകും. അംഗീകരിക്കപ്പെടണമെന്ന വാശിയുള്ളവര്‍ എപ്പോഴും കഴിവുകള്‍ മെച്ചപ്പെടുത്തിയെടുക്കാറുണ്ട്.

അപകര്‍ഷത പൂര്‍ണമായും മാറ്റേണ്ടതില്ല

അപകര്‍ഷതയെ പൂര്‍ണമായും മാറ്റേണ്ട കാര്യമില്ല. അത് സാധിക്കുകയുമില്ല. നമ്മുടെ അപകര്‍ഷത ഉള്ളിന്റെയുള്ളില്‍ കിടക്കട്ടെ. അനാവശ്യസാഹചര്യത്തില്‍ അത് ആളുകളെ കാണിക്കാതിരുന്നാല്‍ മതി. അപകര്‍ഷത വാശിയായെടുത്ത് മുന്നേറുന്നവരുണ്ട്. അതുകൊണ്ട് അപകര്‍ഷത നല്ലതുമാണ്.

മേന്മയുമറിയണം

നിങ്ങളുടെ ഗുണങ്ങളും ദോഷവും പറയാനാവശ്യപ്പെട്ടു എന്നിരിക്കട്ടെ. കുറവുകള്‍ നിങ്ങള്‍ അക്കമിട്ടുനിരത്തും. മേന്മകളെഴുതാന്‍ പലര്‍ക്കും മടിയാണ്. നമ്മുടെ ഗുണങ്ങള്‍ നമ്മള്‍തന്നെ അംഗീകരിക്കുന്നില്ലെന്നാണ് അതിനര്‍ഥം. അതുകൊണ്ട് അടുപ്പമുള്ളവരോട് ചോദിച്ചറിഞ്ഞും സ്വയം തിരിച്ചറിഞ്ഞും അവനവനെക്കുറിച്ചൊരു ബോധ്യമുണ്ടാക്കുന്നത് നല്ലതാണ്. ഫീഡ് ബാക്ക് സ്വീകരിച്ച് തിരുത്തുന്നത് നല്ലതാണ്. പോരായ്മകള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ തിരുത്തല്‍ എളുപ്പമാണ്.

പ്രായം ഒന്നിനും തടസ്സമല്ല

പ്രായമായി, ഇനിയൊരു അംഗത്തിന് ബാല്യമില്ലാ എന്നു കരുതി ഒന്നില്‍നിന്നും മാറിനില്‍ക്കേണ്ട കാര്യമില്ല. 45 കഴിഞ്ഞ സ്ത്രീകള്‍ പൊതുവേ തങ്ങള്‍ക്കുവേണ്ടി സമയം കണ്ടെത്താത്തവരാണ്. 'മള്‍ട്ടിടാസ്‌കിങ് ആണ് എന്റെ മഹത്വം, മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിക്കേണ്ടത്' തുടങ്ങിയ ചിന്താഗതി മാറ്റുന്നത് നല്ലതാണ്. മുമ്പ് ഇഷ്ടമുണ്ടായിരുന്ന പലതും തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചുനോക്കൂ. ആത്മവിശ്വാസം സൗന്ദര്യമാണ്. ആര്‍ജിച്ചെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ല.

കടപ്പാട്
ഡോ. സീമ പി. ഉത്തമന്‍
അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രിക് സോഷ്യല്‍വര്‍ക് വിഭാഗം മേധാവി,
ഇംഹാന്‍സ്, കോഴിക്കോട്

Content Highlights: how to overcome inferiority complex


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented