ധുനിക ജീവിതശൈലി രോഗങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നതും ഭക്ഷണക്രമീകരണം ആവശ്യമുള്ളതുമായ രോഗാവസ്ഥയാണ് പ്രമേഹം. അതുകൊണ്ട് റംസാന്‍ വ്രതകാലത്ത് പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

പ്രമേഹരോഗിക്ക് തന്റെ രോഗത്തിന്റെ കാഠിന്യമനുസരിച്ച് നോമ്പില്‍ എങ്ങനെ പങ്കുകൊള്ളാം എന്നുള്ള സാമാന്യമായ അറിവ് പകര്‍ന്നുനല്‍കുക, രോഗകാഠിന്യമനുസരിച്ച് നോമ്പ് എടുക്കാന്‍ പറ്റാത്ത വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ആ സാഹചര്യവുമായി യോജിച്ചുപോകാന്‍ മാനസികമായി തയ്യാറെടുപ്പിക്കുക, ഔഷധങ്ങള്‍ അവയുടെ അളവ്, സമയം എന്നിവ എങ്ങനെ ഫലപ്രദമായി പുനഃ ക്രമീകരിക്കണം എന്ന അറിവ് പകര്‍ന്നുനല്‍കുക എന്നതൊക്കെ പ്രധാനമാണ്.

പ്രമേഹബാധിതര്‍ക്ക് ആരോഗ്യ വിദ്യാഭ്യാസം നല്‍കുകവഴി തന്റെ രോഗാവസ്ഥയെക്കുറിച്ച് സ്വയം ബോധം ഉണ്ടാവുകയും സാഹചര്യങ്ങളുമായി അതുവഴി എളുപ്പം യോജിച്ചുപോകാന്‍ കഴിയുകയും ചെയ്യും. ആരോഗ്യപ്രവര്‍ത്തകരുടെ വിഷയത്തിലുള്ള അറിവുകള്‍ ഏകീകരിക്കുകയും യഥാസമയം ക്രോഡീകരിക്കുകയും ചെയ്താല്‍ അനാവശ്യമായ സംശയങ്ങള്‍ ഒഴിവാക്കാനും വ്യക്തമായ അറിവ് പകര്‍ന്നുകൊടുക്കാനും കഴിയും.

വ്രതമെടുക്കാം കരുതലോടെ

പ്രമേഹരോഗി അല്ലാത്ത ഒരാളില്‍ വ്രതമെടുക്കുന്നതുമൂലം ഒട്ടേറെ ആരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്.

 • *കൊഴുപ്പ് അടിഞ്ഞുകൂടുന്നത്ഒഴിവാക്കുന്നു
 • ശരീരഭാരം നിയന്ത്രണ വിധേയമാകുന്നു
 • ശരീരത്തിലെ ആന്തരികപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാകുന്നു.

എന്നാല്‍ പ്രമേഹരോഗിയായ ഒരാള്‍ വ്രതമെടുക്കുമ്പോള്‍ ചില കരുതലുകള്‍ ആവശ്യമാണ്. 

സ്ഥിരമായി ശീലിച്ചുപോന്ന ഭക്ഷണക്രമങ്ങളില്‍നിന്ന് വിഭിന്നമായി ഭക്ഷണം/പാനീയം ഒഴിവാക്കല്‍ ഭക്ഷണസമയത്തിലെ വ്യതിയാനം, നോമ്പുതുറസമയത്ത് അധികഭക്ഷണം കഴിക്കല്‍, ഗ്ലൂക്കോസും കൊഴുപ്പും കൂടിയ ഭക്ഷണങ്ങളുടെ ഉപയോഗം എന്തിനേറെ, വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതുവരെ പ്രമേഹബാധിതരില്‍ പലതരം ശാരീരിക പ്രവര്‍ത്തന വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നു.

പ്രമേഹബാധിതര്‍ മൂന്നുതരത്തില്‍

പ്രായോഗിക മാര്‍ഗനിര്‍ദേശ പ്രകാരം പ്രമേഹരോഗികളെ രോഗകാഠിന്യവും സ്വഭാവവും അനുസരിച്ച് മൂന്നായി തരംതിരിച്ചിരിക്കുന്നു.

ഒന്നാം വിഭാഗം: അത്യധികം അപകടസാധ്യതയുള്ളവര്‍ (Very high risk category). ഈ വിഭാഗത്തില്‍ പെടുന്നവര്‍ ഇവരാണ്.

 • അനിയന്ത്രിതമായ പ്രമേഹമുള്ളവര്‍.
 • ഗര്‍ഭകാല പ്രമേഹമുള്ളവര്‍.
 • തുടരെ ഗ്ലൂക്കോസ് നില താഴുന്നതരം രോഗികള്‍.
 • പ്രമേഹരോഗികളില്‍ തന്നെ വൃക്കരോഗികളായവര്‍.
 • ഗ്ലൂക്കോസ് താഴുന്നത് തിരിച്ചറിയാന്‍ കഴിയാത്തവര്‍.
 • ടൈപ്പ് I പ്രമേഹരോഗികള്‍.
  വ്രതം തീര്‍ത്തും ഒഴിവാക്കേണ്ടവരാണ് ഇത്തരക്കാര്‍.

രണ്ടാം വിഭാഗം: അപകടസാധ്യതയുള്ള വിഭാഗം (High risk category) ആണ് ഇത്. ഈ വിഭാഗത്തില്‍ പെടുന്നവര്‍ ഇവരാണ്.

 • ടൈപ്പ് I പ്രമേഹരോഗികള്‍.
 • അനിയന്ത്രിതമായപ്രമേഹമുള്ളവര്‍.
 • ഗ്ലൂക്കോസ് നില ഉയര്‍ന്നുനില്‍ക്കുന്നവര്‍.
 • പ്രമേഹത്തോടൊപ്പം മറ്റ്അനുബന്ധരോഗമുള്ളവര്‍. ഉദാ. ഹൃദയസംബന്ധമായ രോഗമുള്ളവര്‍.
 • ശാരീരികാധ്വാനം കൂടുതല്‍ വേണ്ട പ്രമേഹരോഗികള്‍.
  ഇവര്‍ വ്രതം എടുക്കാന്‍ പാടില്ല.

മൂന്നാം വിഭാഗം: മിതമായതോ താഴ്ന്നതോ ആയ അപകടസാധ്യതയുള്ളവര്‍ (Moderate/low risk category)

 • പ്രമേഹം നന്നായി ചികിത്സിക്കുന്നവര്‍.
 • ഭക്ഷണ നിയന്ത്രണം/ വ്യായാമം എന്നിവ പാലിക്കുന്നവര്‍.
 • രക്തത്തിലെ ഗ്ലൂക്കോസ് നില താഴ്ന്നുപോകാന്‍ ഒരു സാധ്യതയും ഇല്ലാത്തവര്‍.
  ഇവര്‍ക്ക് വ്രതം എടുക്കാവുന്നതാണ്.

വ്യായാമം ചെയ്യുമ്പോള്‍

 • നോമ്പ് എടുക്കാവുന്ന വിഭാഗത്തിലെ പ്രമേഹബാധിതര്‍ക്ക് മിതമായ വ്യായാമവും നിലനിര്‍ത്തിക്കൊണ്ടുപോകാവുന്നതാണ്.
 • അമിത വ്യായാമവും കഠിനവ്യായാമ മുറകളും ഒഴിവാക്കേണ്ടതാണ്.
 • അമിതമായി വിയര്‍ക്കുന്നതരം വ്യായാമങ്ങള്‍ ശരീരത്തിലെ ജലനഷ്ടം കൂട്ടുകയും അതുകാരണം നിര്‍ജലീകരണത്തിനുള്ള സാധ്യത കൂട്ടുകയും ചെയ്യും.
 • നടത്തം, നീന്തല്‍ പോലെയുള്ളവ കൂടുതല്‍ അഭികാമ്യം.
 • ഗ്ലൂക്കോസ് നില പെട്ടെന്ന് താഴുന്നതരം വ്യായാമങ്ങള്‍ ഒഴിവാക്കണം.
 • ഗ്ലൂക്കോസ് നില പരിശോധിക്കാനുള്ള സംവിധാനം ഉണ്ടായിരിക്കണം.

ഓര്‍ക്കേണ്ടവ

 • ഗ്ലൂക്കോസ് കൃത്യമായ സമയക്രമങ്ങളില്‍ പരിശോധിക്കാനുള്ള സംവിധാനം വീട്ടില്‍ ഒരുക്കുക.
 • വ്രതമെടുക്കുന്നു എന്ന കാരണത്താല്‍ നോമ്പുതുറയ്ക്കുശേഷം അമിതമായി ഭക്ഷണം കഴിക്കാതിരിക്കുക. പ്രത്യേകിച്ചും വറുത്തതും പൊരിച്ചതും അധികമധുരമുള്ള പദാര്‍ഥങ്ങളും.
 • നാരുകള്‍ അടങ്ങിയിട്ടുള്ളതും ശരീരത്തില്‍ ഏറെനേരം നിലനില്‍ക്കുന്നതുമായ ഭക്ഷണങ്ങള്‍ നോമ്പിന്റെ അത്താഴത്തിന് (പുലര്‍ച്ചെ) കഴിക്കുക. ഉദാ: ഗോതമ്പ്
 • ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക.
 • സര്‍വോപരി വ്രതാരംഭത്തിന് ഒന്നോ രണ്ടോ ആഴ്ച മുന്‍പ് നിങ്ങളുടെ ഡോക്ടറുമായി ആരോഗ്യനിലയെപ്പറ്റി തുറന്ന് ചര്‍ച്ച ചെയ്യുക.
 • കൃത്യമായ ചികിത്സ വ്രതകാലത്തും തുടരണം.
 • ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകളുടെയും ഇന്‍സുലിന്റെയും അളവിലോ സമയത്തിലോ മാറ്റം വരുത്തരുത്.
 • ഒരു കാരണവശാലും മരുന്നുകളും ഇന്‍സുലിനും നിര്‍ത്തരുത്.
 • പെട്ടെന്ന് പ്രവര്‍ത്തിക്കുന്ന തരം ഇന്‍സുലിനും ഗുളികകളും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാറ്റാവുന്നതാണ്.
 • കൃത്യമായി ഗ്ലൂക്കോസ് നില പരിശോധിക്കണം.

ഈ വ്രതക്കാലം സങ്കീര്‍ണതകളില്ലാത്തതും ആധികാരികമായ അറിവുകളോടു കൂടിയതും തികച്ചും ഫലപ്രദവും ആയിത്തീരട്ടെ.

(പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യനാണ് ലേഖകന്‍)

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: How to manage diabetes during Ramadan fasting, Health, Diabetes