വ്യായാമവും ഭക്ഷണനിയന്ത്രണവും വഴിയാണ് എല്ലാവരും ശരീരഭാരം കുറയ്ക്കുന്നത്. എന്നാൽ പലപ്പോഴും താത്‌ക്കാലികമായി മാത്രമാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. ഇതിന് പകരം നല്ല ആരോഗ്യശീലങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കിയാലോ? അതാണ് ഭാവിയിലേക്കുള്ള കരുതലാകുന്നത്.
കൂടിയ ഭാരം കഷ്ടപ്പെട്ട് കുറയ്ക്കുക എന്നതല്ല നല്ല ശീലം. ശരീരഭാരം കൂടാതെ നോക്കുക എന്നതാണ് നല്ല രീതി. 2019 ൽ അമേരിക്കൻ ജേണൽ ഓഫ് ലൈഫ്സ്റ്റൈൽ മെഡിസിൻ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത് ആരോഗ്യകരമായ ജീവിതശൈലി ദീർഘകാലം ശീലിക്കുന്നതുവഴി ശരീരഭാരം കൂടാതെയും അമിതവണ്ണം വരാതെയും തടയാനാകുമെന്നാണ്.
താഴെ പറയുന്ന ആറ് ശീലങ്ങൾ ദിവസവും രാവിലെ ശീലിച്ചു നോക്കൂ. വളരെ എളുപ്പത്തിൽ ഭാരം കുറയാൻ ഇത് സഹായിക്കും.
1. ചൂടുവെള്ളം കുടിക്കാം
രാത്രിയിൽ ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് കുറഞ്ഞ തോതിലായിരിക്കും. അതിനാൽ തന്നെ രാവിലെ ഇത് സാധാരണ നിലയിലാക്കേണ്ടതുണ്ട്. ഇതിനായി രാവിലെ വെറുംവയറ്റിൽ ഒന്നോ രണ്ടോ ഗ്ലാസ് ചൂടുള്ള വെള്ളം കുടിക്കണം. ഇതിൽ അല്പം നാരങ്ങ നീരോ തേനോ ചേർത്ത് കഴിക്കുന്നത് നല്ലതാണെന്നാണ് ആയുർവേദം പറയുന്നത്. ഇത്തരത്തിൽ ദിവസവും രാവിലെ ചൂടുള്ള വെള്ളം കുടിക്കുന്നത് ദഹന-വിസർജന വ്യവസ്ഥകളെ സുഖകരമാക്കും.
2. വ്യായാമം ചെയ്യുക
ദിവസവും വ്യായാമം ചെയ്യുന്നതും ആരോഗ്യകരമായ ജീവിതത്തിന് അത്യാവശ്യമാണ്. ഒന്ന് നടക്കാൻ പോവുകയോ ശരീരം സ്ട്രെച്ച് ചെയ്യുകയോ യോഗ ചെയ്യുകയോ ഒക്കെ ആകാം. ദിവസവും 20 മിനിറ്റ് ചെയ്താൽ മതി. ദിവസവും രാവിലെയുള്ള വ്യായാമം ശരീരത്തിന്റെ മെറ്റബോളിസം നിരക്ക് കൂട്ടുക മാത്രമല്ല ശരീരത്തിലെ എൻഡോർഫിൻ ഹോർമോൺ അളവ് ഉയർത്തുകയും ചെയ്യും. ഇത് ആ ദിവസം ഊർജസ്വലമായിരിക്കാൻ സഹായിക്കും.
3. സൂര്യപ്രകാശം ഏൽക്കുക
ശരീരത്തിന് വിറ്റാമിൻ ഡി ആവശ്യമാണ്. ഇത് സൂര്യപ്രകാശത്തിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ദിവസവും സൂര്യപ്രകാശം ഏൽക്കുന്നതു വഴി ആവശ്യത്തിന് വിറ്റാമിൻ ഡി ശരീരത്തിന് ലഭിക്കും. മൂഡ് നല്ലതാകും. അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടും. കൂടുതൽ ഊർജം ശരീരത്തിന് ലഭിക്കും. ഇത് ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിക്കും.
4. തണുത്തവെള്ളത്തിൽ കുളിക്കാം
ദിവസവും രാവിലെ തണുത്ത വെള്ളത്തിലുള്ള ഒരു കുളി വളരെ നല്ലതാണ്. രാവിലെ തണുത്തവെള്ളത്തിൽ കുളിക്കുന്നത് വഴി ശരീരത്തിലെ കൊഴുപ്പിന് എരിച്ചുകളഞ്ഞ് മെറ്റബോളിസം പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ സാധിക്കുന്നു. ഇത് ശരീരത്തിന് ഉണർവ് നൽകും.
5. നല്ലൊരു പ്രാതൽ കഴിക്കാം
പ്രഭാത ഭക്ഷണം നന്നായിരിക്കണം. പ്രോട്ടീനും ഫൈബറുകളും ധാരാളമടങ്ങിയ മുട്ട, ഫ്രഷ് പഴങ്ങൾ, നട്സ് തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ് ആയിരിക്കണം കഴിക്കേണ്ടത്. ഓട്സ്, മൾട്ടിഗ്രെയിൻ ബ്രെഡ് തുടങ്ങിയ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകളും പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താം. പ്രാതൽ ഒരിക്കലും ഒഴിവാക്കരുത്. അത് ആരോഗ്യം നഷ്ടപ്പെടുത്തും.
6. ദിവസവും നല്ല ഭക്ഷണം കഴിക്കുക
ഒരുപാട് ഭക്ഷണം കഴിക്കുന്നത് ശരീരത്തിൽ അനാവശ്യമായി കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാൽ നല്ല ഭക്ഷണം ആവശ്യമായ അളവിൽ മാത്രം തിരഞ്ഞെടുത്ത് കഴിക്കുക. സാലഡുകൾ, പച്ചക്കറികൾ വേവിച്ചത്, നട്സ്, സീഡ്സ് എന്നിവയെല്ലാം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താം.
Content Highlights:How to loose weight easily Do these things every morning and you will lose weight, Health