Representative Image| Photo: Canva.com
തളത്തില്‍ ദിനേശന്മാരെയും സൈക്കോ ഷമ്മിമാരെയും കണ്ട് വണ്ടറടിച്ച മലയാളികള്‍ക്ക് മുന്നിലേക്കാണ് ഭഗവല്‍സിങ്ങും ഷാഫിയും ലൈലയും കടന്നുവന്നത്. സ്ക്രീനില്‍ കണ്ടതിനേക്കാള്‍ വലിയ സൈക്കോകളെ റിയല്‍ ലൈഫില്‍ കണ്ടതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. ഐശ്വര്യത്തിനും ധനസമ്പാദനത്തിനുമായി മനുഷ്യരെ കൊന്നിരിക്കുന്നു. ''ഇങ്ങനെയെല്ലാം നടക്കുമോ, നമ്മുടെ നാട്ടില്‍? '' പത്തനംതിട്ടയിലെ എലന്തൂരില്‍ നരബലി നടന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മലയാളികള്‍ മൂക്കത്തുകൈവെച്ചു ചോദിച്ച ചോദ്യം ഇതാണ്. ആഭിചാരവും പീഡനവും അരുംകൊലയും എല്ലാംകൂടി സിനിമകളെ വെല്ലുന്ന ട്വിസ്റ്റിലേക്ക് നീങ്ങുമ്പോള്‍ ഉയരുന്ന ചോദ്യം ഇതാണ്; എന്താണ് സംഭവിച്ചത് ആധുനികമലയാളിയുടെ മനസാക്ഷിക്ക്?
മാറുന്ന മലയാളിമനസ്സ്
മനസുഖം, ധനസുഖം, ശരീരസുഖം... ജീവിതത്തിന്റെ ലക്ഷ്യംതന്നെ സുഖംതേടലാണ്. മനുഷ്യരുടെയെല്ലാം സ്വാഭാവികമായ മനസ്ഥിതിയാണ് ഇത്. മലയാളികളും ഇതില്‍ നിന്ന് വ്യത്യസ്തരായിരുന്നില്ല. അതിലേക്കുള്ള മാര്‍ഗങ്ങള്‍ പലതായിരുന്നു. മന്ത്രവാദവും മാരണവും മുന്‍പേ ഉണ്ടായിരുന്നു. ധനാകര്ഷണ യന്ത്രവും വലംപിരിശംഖും തുടങ്ങി വെള്ളിമൂങ്ങയും ഇരുതലമൂരിയും വരെ പരീക്ഷണവസ്തുക്കളായി. ഉറുക്കുകെട്ടുന്നവരും ഏലസ്സുവില്പനക്കാരുമെല്ലാം സമ്പന്നരായി.
പോകെപ്പോകെ മലയാളിയുടെ മനസ്സ് സൈക്കോപാത്തിന്റെ നിലയിലേക്ക് താഴ്ന്നുതുടങ്ങി. ഭാര്യയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന ഭര്‍ത്താവും പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ വെടിവെച്ചുകൊന്ന യുവാവും മലയാളി മനസാക്ഷിയുടെ മാറുന്ന മുഖം കാണിച്ചുതന്നു. കാമുകനെ കൊന്ന് വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച 'ഡോക്ടര്‍ കാമുകി' ഇത്തരം മനോവൈകൃതങ്ങള്‍ക്ക് ലിംഗഭേദമില്ലെന്ന് തെളിയിച്ചു. മദ്യലഹരിയില്‍ അച്ഛനെ അടിച്ചുകൊന്ന മകനും ഭാര്യയെ ബലാത്സംഗം ചെയ്യാന്‍ കൂട്ടുകാര്‍ക്ക് ഒത്താശചെയ്ത ഭര്‍ത്താവുമെല്ലാം മലയാളിമനസിന്റെ വൈകല്യങ്ങളായി മാറി.
നേരത്തേ പറഞ്ഞതുപോലെ ദുരാചാരവും മന്ത്രവാദവുമെല്ലാം കാലങ്ങള്ക്കുമുന്പേ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം നാലുചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിനിന്നു. കോഴിയുടെ തലയറുക്കല്‍, മുട്ടയില്‍ കൂടോത്രം തുടങ്ങിയ 'മൈനര്‍ പരിഹാരക്രിയ'കളാണ് ഇപ്പോള്‍ നരബലിയിലേക്കും കേട്ടുകേള്‍വിയില്ലാത്ത ആഭിചാരങ്ങളിലേക്കും കടന്നിരിക്കുന്നത്. അതെ, മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് മലയാളിയുടെ മനസ് സഞ്ചരിക്കുന്നത്.
Also Read
കുറുക്കുവഴി തിരയുന്നവര്‍
മലയാളികളുടെ മാനസികനിലവാരത്തില്‍ കുറേ കാലങ്ങളായി വലിയ മാറ്റം വരുന്നുണ്ടെന്ന് മാനസികരോഗവിദഗ്ധനായ ഡോ.സി.ജെ.ജോണ്‍ പറയുന്നു. ''പണത്തിനും സുഖത്തിനും വേണ്ടിയുള്ള അത്യാര്‍ത്തി വല്ലാതെ വര്‍ധിച്ചിട്ടുണ്ട്. ആഗ്രഹിക്കുന്നത് ഏതുരീതിയിലും വെട്ടിപ്പിടിക്കാനുള്ള മനോഭാവം വര്‍ധിച്ചു. അതിന് കുറുക്കുവഴികള്‍ തേടിത്തുടങ്ങി. ഏലസ്സുകെട്ടിയാല് ഐശ്വര്യം വരുമെന്നും പ്രത്യേക കിടക്കയില്‍ കിടന്നാല്‍ രോഗം മാറുമെന്നും പറഞ്ഞുള്ള തട്ടിപ്പുകള്‍ ഇതിന്റെ ചെറുപതിപ്പുകളാണ്. വളരെ പെട്ടെന്ന് ഈ മാനസികനിലയില്‍ മാറ്റംവരികയും മറ്റുള്ളവരെ ഉപദ്രവിക്കുന്ന തരത്തിലേക്ക് മാറുകയും ചെയ്തു. എലന്തൂരിലെ നരബലി അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കാത്തിരിക്കാനും ക്ഷമിക്കാനുമുള്ള കഴിവ് മലയാളികള്‍ക്ക് കുറഞ്ഞിട്ടുണ്ട് എന്നതാണ് മറ്റൊരു വസ്തുത. എന്തും എളുപ്പവഴിയില്‍, എത്രയും വേഗം സ്വന്തമാക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. ഈയൊരു മനസ്ഥിതി തട്ടിപ്പുകാര്‍ക്ക് സഹായകമാവുന്നുണ്ട്''.
മാനസികരോഗികളും സൈക്കോപാത്തും
മാനസികരോഗികളും സൈക്കോപാത്തും തമ്മില്‍ വ്യത്യാസമുണ്ട്. തീവ്രമായ മാനസികപ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ച് ബോധ്യമോ ഉള്‍ക്കാഴ്ചയോ ഉണ്ടാകാറില്ല. കുറ്റം ചെയ്തുകഴിഞ്ഞാല്‍ ചിലപ്പോഴെങ്കിലും കുറ്റബോധവും ഉണ്ടായേക്കാം. എന്നാല്‍ സൈക്കോപാത്തുകള്‍ക്ക് അവര്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് തരിമ്പും കുറ്റബോധം ഉണ്ടാവില്ല. തങ്ങളുടെ പ്രവൃത്തി മറച്ചുവെയ്ക്കാന്‍ ശ്രമിക്കും. അഥവാ പിടിക്കപ്പെട്ടാലും അവരുടെ വാദത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും. മാനസികരോഗികള്‍ക്ക് ആ രോഗത്തിന്റെ അവസ്ഥയനുസരിച്ച് ശിക്ഷയില്‍ ചിലപ്പോള്‍ ഇളവുകള്‍ ലഭിക്കാറുണ്ട്. എന്നാല്‍ പൂര്‍ണമായും തെറ്റാണെന്ന് അറിഞ്ഞുകൊണ്ടുള്ള പ്രവൃത്തി ആയതിനാല്‍ സൈക്കോപാത്തുകള്‍ക്ക് അത്തരം ഇളവുകള്‍ ഉണ്ടാവാറില്ല.
ആരാണ് സൈക്കോപാത്ത് ?
സാമൂഹ്യവിരുദ്ധ പ്രവര്‍ത്തികള്‍ ചെയ്യുകയും അതില്‍ യാതൊരുവിധ കുറ്റബോധവും ഇല്ലാതിരിക്കുകയും ചെയ്യുന്നവരെ സൈക്കോപാത്ത് എന്നുവിളിക്കാം. ഇത് ഒരുതരം വ്യക്തിത്വവൈകല്യമാണ്. തലച്ചോറിലെ ന്യൂറോണുകളുടെ പ്രവര്‍ത്തനത്തില്‍ ഉണ്ടാവുന്ന താളപ്പിഴകളാണ് ഇതിന് കാരണം. ഇത്തരം ആളുകള്‍ പിടിക്കപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്താലും അവരുടെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവില്ല.
ക്രൂരമായ മനോവൈകൃതങ്ങള്‍ ഉള്ളവരായിരിക്കും ഇത്തരക്കാര്‍. ഉദാഹരണത്തിന് എലന്തൂര്‍ നരബലികേസിലെ കുറ്റവാളിയായ ഷാഫിയുടെ കാര്യമെടുക്കാം. ജീവനുള്ള ശരീരത്തില്‍നിന്ന് ചോരചീറ്റിയൊഴുകുമ്പോള് ഉന്മാദം അനുഭവിച്ചിരുന്നു അയാളെന്ന് പോലീസ് പറയുന്നു.
ഒരാള്‍ സൈക്കോപാത്ത് ആകുന്നതിന് പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടാകാം. ജന്മനാ ഒരുപക്ഷേ അത്തരമൊരു മാനസികനില ഉണ്ടായെന്നുവരാം. ജീവിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍ ചിലരെ അതിലേക്ക് എത്തിക്കുന്നു. ലൈംഗികവൈകൃതങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍, ചെറിയ കുഞ്ഞുങ്ങളെ പീഡിപ്പിച്ച് കൊലപ്പെടുത്തുന്നവര്‍ തുടങ്ങി സൈക്കോപതിക് സ്വഭാവക്കാര്‍ പലതരത്തിലുണ്ട്.
എങ്ങനെ തിരിച്ചറിയാം ?
സൈക്കോപ്പാത്തുകളെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. നമ്മുടെ വീട്ടുകാരോ കൂട്ടുകാരോ നാട്ടുകാരോ ആരുമാവാം അവര്‍. സാമൂഹികജീവിതം നയിക്കുന്ന, എല്ലാവരോടും സജീവമായി ഇടപഴകുന്ന ആളായിരിക്കാം. എലന്തൂര്‍ കേസിലെ മുഖ്യപ്രതി ഭഗവല്‍സിങ് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമായിരുന്നു. ഹൈക്കു കവിതകളിലൂടെ അയാള്‍ പുറത്ത് മാന്യതയുടെ മുഖംമൂടി അണിഞ്ഞു. കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതിയുടെ ജീവിതവും അത്തരത്തിലുള്ളതായിരുന്നു. എന്‍.ഐ.ടി.യില്‍ ഗസ്റ്റ് ലക്ചററാണെന്ന് പറഞ്ഞ് വീട്ടുകാരെയും നാട്ടുകാരെയും വര്‍ഷങ്ങളോളം പറ്റിക്കാന്‍ അവര്‍ക്ക് സാധിച്ചു.
അപ്പപ്പോള്‍ തോന്നുന്ന വികാരങ്ങള്ക്കനുസരിച്ചായിരിക്കും സൈക്കോപ്പാത്തുകളുടെ പ്രതികരണം. മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്ക്കൊപ്പം സ്വയം മുറിവേല്പിക്കുന്ന സ്വഭാവ വൈകല്യങ്ങളും ഇവരില്‍ കാണാം. വിശ്വസനീയമായ രീതിയില്‍ നുണപറയാന്‍ ഇവര്‍ക്കുകഴിയും. പിടിക്കപ്പെട്ടാല്‍പോലും നുണയാണെന്ന് സമ്മതിച്ചുതരികയുമില്ല. പലപ്പോഴും അനുകൂലമായ സാഹചര്യം വരുമ്പോള്‍ ഉള്ളിലെ സൈക്കോപാത്ത് പുറത്തുവരും. അത് ഒരുപക്ഷേ കൊലയിലൂടെയോ ക്രൂരമായ പീഡനത്തിലൂടെയോ ആവാം.
നമുക്ക് ചെയ്യാവുന്നത്
- ഏറ്റവും അടുപ്പമുള്ളവരെ അത് മുതിര്‍ന്നവരാകാം, കുട്ടികളാകാം നിരീക്ഷിക്കുക.
- സ്വഭാവത്തില്‍ അസ്വാഭാവികമായ മാറ്റങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം. ഉദാഹരണത്തിന് വളര്‍ത്തുമൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുക, കുട്ടികളാണെങ്കില്‍ കൂട്ടുകാരെ ആവശ്യമില്ലാതെ വേദനിപ്പിക്കുക തുടങ്ങിയവ കണ്ടാല്‍ തിരുത്താന്‍ ശ്രമിക്കണം.
- പട്ടെന്ന് ദേഷ്യപ്പെടുക, അതിവൈകാരികമായി പ്രതികരിക്കുക, വീട്ടുസാധനങ്ങള്‍ എറിഞ്ഞുടയ്ക്കുക, സ്വയം പീഡിപ്പിക്കുക എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ശ്രദ്ധിക്കണം.
- ചെറുപ്പത്തില്‍ ശാരീരികമോ മാനസികമോ ആയ പീഡനങ്ങള്‍ നേരിട്ടവരാണെങ്കില്‍ കൃത്യമായ കൗണ്‍സിലിങ് നല്‍കണം.
- തെറ്റു ചെയ്തതിന് ശിക്ഷിക്കുമ്പോള്‍ കുറ്റബോധം തോന്നാത്ത, സോറി പറയാന്‍ ശ്രമിക്കാത്ത തരം സ്വഭാവമുള്ള കുട്ടികളെ ശ്രദ്ധിക്കണം. സ്നേഹത്തോടെ കാര്യം പറഞ്ഞു മനസ്സിലാക്കണം.
- എളുപ്പവഴിയില്‍ പണമുണ്ടാക്കാമെന്ന വാഗ്ദാനങ്ങള്‍ വരുമ്പോള്‍ പലതവണ ചിന്തിക്കുക. അതിന് പിന്നിലുളളവരെക്കുറിച്ച് അന്വേഷിക്കുക.
- ലക്ഷണങ്ങള്കൊണ്ടുമാത്രം ഒരാളെ സൈക്കോപാത്ത് എന്നുവിളിക്കാന്‍ കഴിയില്ല. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ മാത്രം ഗൗരവമായി കണ്ടാല്‍ മതിയാകും.
- മാനസിക പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ വൈകാതെ മനശാസ്ത്രവിദഗ്ധനെ കണ്ട് നിര്‍ദേശങ്ങള്‍ തേടണം. മറ്റുള്ളവര്‍ എന്തുചിന്തിക്കുമെന്നു കരുതി മടിച്ചുനില്ക്കരുത്.
Content Highlights: how to identify a psychopath signs of a psychopath
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..