ഉത്പാദിപ്പിച്ചു വിതരണം ചെയ്യാവുന്ന ഒന്നല്ല ആത്മവിശ്വാസം. അങ്ങനെയായിരുന്നെങ്കില്‍ അതൊരു വന്‍വ്യവസായമായിമാറിയേനെ. സ്വയംമതിപ്പ് അവരവര്‍ തന്നെ നിര്‍മിച്ചെടുക്കേണ്ട ഗുണമാണ്. കുറവുകളെപ്പറ്റി മാത്രം അഭിരമിക്കുന്നവര്‍ക്ക് അതിനു കഴിയില്ല. എല്ലാവര്‍ക്കും ഒരു മൂല്യമുണ്ട്. അത് തിരിച്ചറിയണം. മറ്റുള്ളവര്‍ വെറുതെ താഴ്ത്തിപ്പറയുമ്പോള്‍ തകരാതെ സൂക്ഷിക്കണം. സൃഷ്ടിപരമായ നിരീക്ഷണങ്ങള്‍ ഉള്‍ക്കൊള്ളണം, തിരുത്തണം. ഈ മിടുക്കില്ലെങ്കില്‍ അപകടമാണ്. ഈ കത്ത് അത് സാക്ഷ്യപ്പെടുത്തുന്നു.

''ഞാന്‍ ഇരുപത്തിയാറു വയസ്സുള്ള യുവതിയാണ്. അഞ്ചുവര്‍ഷമായി വിവിധ സ്ഥാപനങ്ങളില്‍ ബ്യൂട്ടീഷ്യനായി ജോലിചെയ്യുന്നു. എന്റെ വര്‍ക്ക് വളരെ നല്ലതാണെന്നാണ് പൊതുവേ ലഭിക്കുന്ന അഭിപ്രായം. അതുകൊണ്ടുതന്നെ കസ്റ്റമേഴ്സ് എന്റെ സേവനം പ്രത്യേകം ആവശ്യപ്പെടും. ഇത് സഹപ്രവര്‍ത്തകര്‍ക്ക് പ്രശ്നമാകും. ഞാനത്ര കേമിയാണോ എന്ന് എനിക്കുതന്നെ സംശയമാണ്. ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് ഞാന്‍ പണിതുടങ്ങുന്നത്. പിന്നെയത് എങ്ങനെയൊക്കെയോ ശരിയാകും. കസ്റ്റമര്‍ എന്റെ സേവനം തന്നെ വേണമെന്നു പറയുമ്പോള്‍ ഞാന്‍ ഒഴിഞ്ഞുമാറാറുണ്ട്. സഹപ്രവര്‍ത്തകര്‍ എന്നോട് അകലം പാലിക്കും. ഇതുപോലെയുള്ള ബുദ്ധിമുട്ടുകള്‍ കാരണമാണ് പല സ്ഥാപനങ്ങളില്‍ നിന്നും ജോലി ഉപേക്ഷിച്ചത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി ജോലിചെയ്യുന്ന സ്ഥാപനത്തിലെ മാഡം വലിയ പിന്തുണ നല്‍കുന്നുണ്ട്. കസ്റ്റമറുടെ സ്വീകാര്യതയാണ് അവര്‍ പരിഗണിക്കുന്നത്. മുതിര്‍ന്ന സഹപ്രവര്‍ത്തകര്‍ എന്റെ ജോലി പോരായെന്നൊക്കെ മാഡത്തിനോടു പറഞ്ഞുനോക്കി. എനിക്കും അങ്ങനെ തോന്നാറുണ്ട്. ഞാനത് മാഡത്തിനോടു പറഞ്ഞു. അവര്‍ സമ്മതിക്കുന്നില്ല. സഹപ്രവര്‍ത്തകരുമായി പൊരുത്തപ്പെടാന്‍ പറ്റാതെവരുമ്പോള്‍ പണ്ടു ചെയ്തതുപോലെ ജോലിവിടാന്‍ നോക്കും. മാഡം തടസ്സംപറയും. ഞാന്‍ ചെയ്യുന്ന ജോലി ശരിയായോയെന്ന് ഞാന്‍ കസ്റ്റമറോട് ആവര്‍ത്തിച്ച് ചോദിക്കാറുണ്ട്. എല്ലാവരും സംതൃപ്തരാണ്. എന്റെ ആവര്‍ത്തിച്ചുള്ള ചോദ്യംകേട്ട് ചിലരെങ്കിലും ദേഷ്യപ്പെടാറുണ്ട്.

എന്റെ ഈ പ്രകൃതം ഇപ്പോള്‍ തുടങ്ങിയതല്ല. ഓര്‍മവെച്ചനാള്‍മുതല്‍ ഉള്ളതാണ്. മാതാപിതാക്കളുടെ രണ്ടു പെണ്‍മക്കളില്‍ ഇളയവളാണ് ഞാന്‍. എല്ലാവരും ആണ്‍കുഞ്ഞിനെ പ്രതീക്ഷിച്ചിരുന്നപ്പോഴാണ് ഞാന്‍ പിറന്നത്. അമ്മയ്ക്ക് ഗര്‍ഭപാത്രസംബന്ധമായ ചില പ്രശ്നങ്ങളുള്ളതുകൊണ്ട് പിന്നെയൊരു പ്രസവം സാധ്യമല്ലായിരുന്നു. ഇല്ലെങ്കില്‍ ഒരു ആണ്‍കുട്ടിക്കായി അവര്‍ വീണ്ടും ശ്രമിച്ചേനെ.

കുടുംബത്തിലെ വിശേഷദിവസങ്ങളില്‍ വീട്ടുകാരൊക്കെ ഒത്തുകൂടുമായിരുന്നു. കുട്ടികളുടെ നേതാവ് എന്റെ ചേച്ചിയായിരുന്നു. ഞാന്‍ പിന്‍വലിഞ്ഞുനില്‍ക്കും. അവര്‍ പലതരം കളികളിലേര്‍പ്പെടുമ്പോള്‍ ഞാന്‍ കൂട്ടുചേരാറില്ല. പരാജയപ്പെട്ട്, എല്ലാവര്‍ക്കും പരിഹസിക്കാനുള്ള വഴി നല്‍കണ്ടെന്നു കരുതും. ആരും എന്നെ നിര്‍ബന്ധിച്ച് ഒപ്പം കൂട്ടിയതുമില്ല.

എന്തില്‍നിന്നും പിന്‍വലിഞ്ഞുനില്‍ക്കുന്ന ശീലം പള്ളിക്കൂടത്തിലും തുടര്‍ന്നു. പഠിക്കാനൊന്നും നിന്നെ കൊള്ളില്ലെന്ന മുദ്ര മാതാപിതാക്കള്‍ ചാര്‍ത്തിയിരുന്നു. അതുകൊണ്ട് ഞാന്‍ പഠിക്കാന്‍ ആവേശം കാണിച്ചതുമില്ല. കഷ്ടപ്പെട്ടാണ് പന്ത്രണ്ടാം ക്ലാസ് പാസായത്. ഇവളെ തുടര്‍ന്നു പഠിപ്പിക്കുന്നത് പാഴാണെന്ന് മാതാപിതാക്കള്‍ വിധിയെഴുതുകയും ചെയ്തു. ഞാന്‍ വീട്ടിലെ പണികളുമായി ഒതുങ്ങിക്കൂടി.

ചേച്ചി ഡിഗ്രിയൊക്കെ പാസായി ഒരു പ്രൈവറ്റ് കമ്പനിയില്‍ ജോലിയ്ക്ക് കയറി. വീട്ടിലെ പണി മുഴുവന്‍ ചെയ്താലും എനിക്ക് പഴി കേള്‍ക്കേണ്ടിവരും. വീട്ടിലെ ഇരിപ്പില്‍ ശ്വാസംമുട്ടാന്‍ തുടങ്ങിയതോടെ പുറത്ത് ചാടാനുള്ള വഴി ആലോചിക്കാന്‍ തുടങ്ങി. അപ്പോഴാണ് ബ്യൂട്ടീഷ്യന്‍ കോഴ്‌സിനെക്കുറിച്ചറിഞ്ഞത്. അതിനുള്ള വൈഭവമുണ്ടോയെന്നൊന്നും നോക്കിയില്ല. വീട്ടുപണിയില്‍നിന്നും കുറ്റംകേള്‍ക്കലില്‍ നിന്നും രക്ഷകിട്ടാനുള്ള മാര്‍ഗം മാത്രമായിരുന്നു അത്. ബ്യൂട്ടീഷ്യന്‍ ജോലിക്ക് എന്റെ മുഖമൊരു അപവാദമാകുമെന്ന കളിയാക്കലുകള്‍ കേട്ടാണ് പഠനം തുടങ്ങിയത്.

ബ്യൂട്ടീഷ്യന്‍ പഠനം സത്യത്തില്‍ എനിക്ക് ഇഷ്ടമായി. ആസ്വദിച്ചാണ് ഞാനത് ചെയ്തത്. എന്നാല്‍ ആ തൊഴിലില്‍ ശോഭിക്കുമെന്ന വിശ്വാസമൊന്നുമില്ലായിരുന്നു. വീട്ടിലിരുന്ന് കുറ്റം കേള്‍ക്കുന്ന സമയം കുറയ്ക്കാനായിട്ടാണ് ഞാന്‍ പണിക്ക് പോകാന്‍ തുടങ്ങിയത്. ഇതിനിടെ ചേച്ചി വിവാഹിതയായി ഭര്‍ത്തൃവീട്ടിലേക്ക് പോയി. വീട്ടിലിരുന്നാല്‍ എല്ലാ ചുമതലകളും ഞാന്‍ ഏറ്റെടുക്കേണ്ട സ്ഥിതി വരുമായിരുന്നു. അതിന് എനിക്ക് വിരോധമില്ലായിരുന്നു. പക്ഷേ, താഴ്ത്തിപ്പറയലും കുറ്റപ്പെടുത്തലും സഹിക്കാന്‍ പറ്റില്ലായിരുന്നു.

സ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ മൂലം ജോലി ഉപേക്ഷിച്ചുവരുമ്പോള്‍ ഭയങ്കരമായ കളിയാക്കലുകള്‍ നേരിടുമായിരുന്നു. നക്കാപ്പിച്ച ശമ്പളമെന്ന് പരിഹസിക്കുമായിരുന്നു. പണി അറിയാത്തതുകൊണ്ട് പറഞ്ഞുവിട്ടതാണെന്നും പറയും. ഞാന്‍ തര്‍ക്കിക്കാന്‍ പോവില്ല. ഈ കാലഘട്ടത്തില്‍ ഞാന്‍ ഭയങ്കരമായി സങ്കടപ്പെടാന്‍ തുടങ്ങി. ആരും കാണാതെ പോയി കരയും. യാതൊരു പ്രയോജനവുമില്ലാത്ത ഈ ജന്മം അവസാനിപ്പിച്ചാലോയെന്നുവരെ ചിന്തിച്ചിട്ടുണ്ട്. എന്റെ ഭാഗ്യംകൊണ്ട് വലിയ താമസമില്ലാതെ അടുത്ത ജോലി കിട്ടും.

എന്തായാലും ഇപ്പോഴത്തെ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം കഴിഞ്ഞു. കോവിഡ് കാലം വന്നതുകൊണ്ട് ശമ്പളമില്ലാതെ കുറേനാള്‍ വീട്ടിലിരിക്കേണ്ടിവന്നു. അതൊരു ദുരിതമായി. ഇപ്പോള്‍ ഒരു പുതിയ പ്രതിസന്ധി വന്നിരിക്കുന്നു. മാഡം ഇപ്പോള്‍ ഗള്‍ഫില്‍ ഒരു സ്ഥാപനം തുടങ്ങാന്‍ ആലോചിക്കുന്നു. ചെയ്യുന്ന ജോലിയനുസരിച്ച് വരുമാനം കിട്ടും. കൂടുതല്‍ പണം കിട്ടുമെന്നും പറയുന്നു. എന്നോട് ഗള്‍ഫിലേക്ക് ചെല്ലാന്‍ പറയുന്നു. എനിക്ക് തീരെ വിശ്വാസമില്ല. ഇവിടെത്തന്നെ ജോലി ചെയ്യുമ്പോള്‍ ടെന്‍ഷനാണ്. അന്യനാട്ടില്‍ ചെന്നാല്‍ എന്താവും സ്ഥിതി? കോവിഡ് മൂലമുള്ള അടയ്ക്കലൊക്കെ കാണുമ്പോള്‍ പോകണമെന്ന് തോന്നും. പക്ഷേ, ധൈര്യമില്ല. വിദേശത്തുപോയി ജോലിചെയ്യാനുള്ള കഴിവില്ലെന്ന വിചാരമാണ്. നിന്നെ എന്തിന് കൊള്ളാമെന്ന വീട്ടുകാരുടെ പറച്ചില്‍ മനസ്സില്‍ മുഴങ്ങുകയാണ്. ഗള്‍ഫില്‍ നിന്നുള്ള ജോലി വാഗ്ദാനമെന്ന് കേട്ടതില്‍പിന്നെ അവര്‍ വലിയ കുറ്റം പറയുന്നില്ല. നല്ല വാക്കും പറയുന്നില്ല. എനിക്ക് ആത്മധൈര്യം വരാന്‍ എന്തുചെയ്യണം? ഞാന്‍ ഗള്‍ഫില്‍ പോയാല്‍ വിജയിക്കുമോ?

മറ്റുള്ളവരുടെ മുഖസൗന്ദര്യംകൂട്ടി ആത്മവിശ്വാസത്തെ ഉണര്‍ത്തുന്ന ഈ യുവതിക്ക് സ്വയം മതിപ്പ് തീരെയില്ലെന്ന് കത്തില്‍ നിന്ന് വ്യക്തം. അവരുടെ ജീവിത പശ്ചാത്തലം അതിനൊരു കാരണമായിട്ടുണ്ടെന്ന് സമ്മതിക്കാം. മാതാപിതാക്കള്‍ രണ്ടാമത് ആണ്‍കുട്ടിയെ പ്രതീക്ഷിച്ചപ്പോഴാണ് ഇവരുടെ ജനനം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചിലരെങ്കിലും ആ പെണ്‍കുട്ടിയോട് അനിഷ്ടം കാട്ടാറുണ്ട്. പെണ്‍കുട്ടികളോട് പ്രകടിപ്പിക്കുന്ന ഈ വേര്‍തിരിവ് അഭിലഷണീയമല്ല. കുറ്റകരവുമാണ്. സ്നേഹം അനുഭവിച്ചു വളരേണ്ട പ്രായത്തില്‍ അവഗണന നേരിട്ടു. കഴിവുകളെ ചൂണ്ടിക്കാട്ടി സ്വയം മതിപ്പ് വളര്‍ത്തേണ്ട കാലഘട്ടത്തില്‍ കുത്തുവാക്കുകള്‍ നേരിട്ടു. നിന്നെയൊന്നിനും കൊള്ളില്ലെന്ന വര്‍ത്തമാനങ്ങള്‍ ആവര്‍ത്തിച്ചുകേട്ടു.

അപകര്‍ഷതാബോധത്തിന്റെ വിത്തുകള്‍ ബാല്യത്തില്‍തന്നെ മാതാപിതാക്കള്‍ ഇട്ടുകൊടുത്തു. ഞാനങ്ങനെയല്ലെന്ന് തെളിയിക്കാനുള്ള വാശി കാട്ടാതെ കഴിവുകെട്ടവളെന്ന ധാരണ ഈ യുവതിയും സ്വയം ഊട്ടിവളര്‍ത്തി. അത് ഇപ്പോഴും തുടരുന്നു. നല്ല വാക്കുകള്‍ കേട്ടാല്‍പോലും ഉള്‍ക്കൊള്ളാന്‍ പറ്റാത്തവിധത്തില്‍ അവര്‍ ഒരു മതില് തീര്‍ത്തിരിക്കുകയാണ്.

മികച്ച രീതിയില്‍ ബ്യൂട്ടീഷ്യന്‍ ജോലി ചെയ്യുന്നുവെന്ന് അനുഭവസ്ഥര്‍ പറയുമ്പോള്‍ അതിനെ അവിശ്വാസത്തോടെയാണ് കാണുന്നത്. ആത്മാഭിമാനത്തെ ഉണര്‍ത്തുന്നുമില്ല. ഇതൊക്കെ വെറും ഭാഗ്യമെന്ന് ചൊല്ലി കഴിവിന്റെ മൂല്യം കുറയ്ക്കുകയും ചെയ്യുന്നു. നല്ലത് സംഭവിച്ചാലും തിരിച്ചറിയില്ല. അര്‍ഹയല്ലെന്ന മട്ടിലാണ്. എന്നെ ഒന്നിനും കൊള്ളില്ലെന്ന
കോംപ്ലെക്‌സിന്റെ കറുത്ത കണ്ണട മനക്കണ്ണില്‍ ചാര്‍ത്തിയാല്‍ മേന്മകളുടെ തിളക്കം എങ്ങനെ കാണാനാകും? ഞാനൊരു പരാജയമെന്ന പല്ലവി പാടിക്കൊണ്ടേയിരിക്കുന്നു. അര്‍ഹമായ അവസരങ്ങള്‍ക്കുനേരേ മുഖംതിരിക്കുകയും ചെയ്യുന്നു.

സ്വയം വിലയിടാത്തവര്‍ക്ക് മറ്റുള്ളവര്‍ മൂല്യം കല്പിക്കുമോ? ഈ യുവതി തൊഴിലിടത്തും വീട്ടിലുമൊക്കെ അതാണ് ചെയ്യുന്നത്. പള്ളിക്കൂടകാലഘട്ടത്തിലെ പഠനത്തില്‍പോലുമതിന്റെ സ്വാധീനമുണ്ട്. സത്യത്തില്‍ ഈ യുവതി തോറ്റുകൊടുക്കുകയാണ്. മറ്റുള്ളവര്‍ എഴുതിയ തിരക്കഥയ്ക്കനുസരിച്ച് കൊള്ളാത്തവളായി ചമയുകയാണ്. ബ്യൂട്ടീഷ്യന്‍ കോഴ്‌സില്‍ ചേരാന്‍ എടുത്ത തീരുമാനം നോക്കുക. കൊള്ളില്ലെന്ന ലേബലിനെ തകര്‍ക്കാന്‍വേണ്ടിയല്ല അത് ചെയ്തത്. വീട്ടിലെ അപ്രിയ സാഹചര്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ മാത്രമായിരുന്നു. സ്വീകരിച്ച കോഴ്‌സിനോടും അതിന്റെ പ്രയോഗത്തോടും വലിയ ഇഷ്ടം തോന്നി. ജോലിയില്‍ കയറിയപ്പോള്‍ അംഗീകാരംകിട്ടി. സഹപ്രവര്‍ത്തകരുടെ അസൂയയും നേരിട്ടു. എനിക്ക് ഈ രംഗത്ത് മിടുക്കുണ്ടെന്ന വെളിപാട് അപ്പോഴും വന്നില്ല.

ബാല്യകൗമാരങ്ങളിലെ പ്രതികൂല സാഹചര്യങ്ങള്‍മൂലം അപകര്‍ഷതാബോധത്തിന്റെ ചങ്ങലക്കെട്ടുകളില്‍ പെട്ടുപോകുന്നവര്‍ക്ക് മാറിച്ചിന്തിക്കാനുള്ള അവസരങ്ങള്‍ ഇങ്ങനെ വീണുകിട്ടും. അത് പ്രയോജനപ്പെടുത്തി സ്വയംമതിപ്പ് വളര്‍ത്തണം. ആത്മവിശ്വാസത്തെ ഉണര്‍ത്തണം. ഇത്രയും വര്‍ഷം മികച്ച രീതിയില്‍ ജോലിചെയ്തിട്ടും ഇപ്പോഴത്തെ സ്ഥാപനത്തിന്റെ ഉടമ പിന്തുണച്ചിട്ടും ഈ യുവതി അത് ചെയ്യുന്നില്ല. ഉയര്‍ന്ന വരുമാനസാധ്യതയുള്ള ഗള്‍ഫ് ജോലിയില്‍ പരാജയമാകുമോയെന്നാണ് ചോദ്യം. അതിനുള്ള യോഗ്യതയുള്ളതുകൊണ്ടാണ് അവസരം ലഭിച്ചതെന്ന വാസ്തവം തിരിച്ചറിയണം. ഈ യുവതി തൊഴിലറിയുന്ന വിശ്വസ്തയായ ബ്യൂട്ടീഷ്യനാണെന്ന സത്യം ഈ കത്തിലെ വരികളില്‍നിന്ന് വ്യക്തമാണ്. മറ്റുള്ളവര്‍ക്ക് തോന്നിയാല്‍ പോരല്ലോ? അത് ഈ വ്യക്തിക്ക് തോന്നണ്ടേ? അതിനായി എന്തുചെയ്യാമെന്ന് നോക്കാം.

എനിക്ക് എന്റേതായ ഒരു മൂല്യമുണ്ടെന്ന് ആദ്യം മനസ്സിനെ ബോധ്യപ്പെടുത്തണം. എല്ലാം ഭാഗ്യംമൂലമുള്ള അംഗീകാരമാണെന്ന വിചാരം ഒഴിവാക്കണം. ചെയ്യുന്ന തൊഴിലിനോടുള്ള താത്പര്യവും അര്‍പ്പണമനോഭാവവും മൂലമുണ്ടായതാണെന്ന വസ്തുത ഉള്ളില്‍ ഉറപ്പിക്കണം. കോട്ടങ്ങളെ പര്‍വതീകരിച്ച് കാണിക്കുന്ന മനോഭാവം മാറ്റണം. കസ്റ്റമറിന്റെ നല്ല വാക്കുകളും ബ്യൂട്ടീഷ്യന്നെ നിലയില്‍ ലഭിക്കുന്ന സ്വീകാര്യതയുമൊക്കെ സ്വന്തം മികവിന്റെ സാക്ഷ്യമെന്ന് അപ്പോഴേ തിരിച്ചറിയൂ. ജീവിതവിജയത്തിലേക്ക് പറക്കാന്‍ പ്രാപ്തി നല്‍കുന്ന ചിറകുകള്‍ മുളയ്ക്കുന്നത് അപ്പോഴാണ്. മറ്റുള്ളവര്‍ ചെയ്യുന്നതിനൊപ്പമോ ചിലപ്പോള്‍ അതിലും മെച്ചപ്പെട്ട രീതിയിലോ ജോലി ചെയ്യാനാകുമെന്ന വിശ്വാസമുണ്ടാകണം. അതില്‍ അഭിമാനിക്കുകയും വേണം. എവിടെയായാലും ഈ വൈഭവം പ്രകടമാക്കാമെന്ന ധൈര്യത്തെയും തന്റേടത്തെയും ഉണര്‍ത്തിയെടുക്കണം. ഒന്നിനുംകൊള്ളാത്തവളെന്ന ലേബല്‍ സ്വയം ചാര്‍ത്തിക്കൊടുക്കില്ലെന്ന ദൃഢനിശ്ചയം സ്വീകരിക്കണം. സന്തോഷിക്കാനും സ്വയം അഭിനന്ദിക്കാനും എന്തുണ്ടെന്ന് നിരന്തരമായ അന്വേഷണം വേണം. ചെറിയ നേട്ടങ്ങളില്‍ പോലും ആഹ്ലാദിക്കുന്ന മാനസികനില ഉണ്ടാകണം. ആ നല്ല ഓര്‍മകളിലൂടെ പ്രസാദാത്മകങ്ങളായ ചിന്തകള്‍ ഉള്ളില്‍ എപ്പോഴും വിന്യസിപ്പിക്കണം. പ്രത്യേകിച്ചും നിഷേധവിചാരങ്ങള്‍ വരുമ്പോള്‍.

ചെയ്യുന്നത് ശരിയാണോ എന്നൊരു അവിശ്വാസം ഈ യുവതിക്കുണ്ട്. എന്നാല്‍ ജോലിയില്‍ സംതൃപ്തയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അത് ആസ്വദിച്ചാണ് കൈകാര്യം ചെയ്യുന്നത് എന്നതിലും സംശയമില്ല. ഇവര്‍ക്ക് ഈ ധാരണ കൃത്യമായി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. അസൂയ മൂത്ത് സഹപ്രവര്‍ത്തകരുണ്ടാക്കുന്ന ബുദ്ധിമുട്ടുകളില്‍ തളര്‍ന്നുപോകുന്നത് അതുകൊണ്ടാണ്. ആത്മാഭിമാനം തുണയായുണ്ടെങ്കില്‍ ഇതൊന്നും ബാധിക്കുകയില്ല. നന്നായി ചെയ്തുവെന്ന് ആരെങ്കിലും അനുമോദിച്ചാല്‍ അത് വിശ്വസിക്കണം. മറ്റുള്ളവര്‍ കഴിവില്ലാത്തവളെന്ന് പറയുന്നതിനെ ഉള്ളിലേറ്റുന്ന അതേ ശക്തിയില്‍തന്നെ ഇത്തരം നല്ല വാക്കുകളെയും നല്ല അനുഭവങ്ങളെയും അംഗീകരിക്കണം. കിട്ടുന്ന ആദരവുകളെയും അനുമോദനങ്ങളെയും സ്വീകരിക്കുന്നതില്‍ പിശുക്ക് കാണിക്കണ്ട. സ്വന്തം മിടുക്കുകളില്‍ ആഹ്ലാദിക്കുന്നതിലും ലുബ്ധ് കാട്ടേണ്ട. ആത്മവിശ്വാസക്കുറവുമൂലം വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ പുരോഗതിയില്ലാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഈ തന്ത്രങ്ങള്‍ പയറ്റാം. സ്വയം മതിപ്പുണ്ടാകട്ടെ. ആത്മവീര്യത്തിന്റെ ചിറകുകള്‍ക്ക് ശക്തിയുണ്ടാകട്ടെ. ഗള്‍ഫിലേക്കും ജീവിതവിജയത്തിലേക്കും ഈ യുവതിക്ക് അപ്പോള്‍ പറക്കാനാകും. താഴ്ത്തിപ്പറഞ്ഞവര്‍ വാഴ്ത്താനും തുടങ്ങും.

Content Highlights: How to get self confidence- Tips for building self confidence- How to be more confident

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)