പലരുടെയും ദൈനംദിന ജീവിതത്തെ ബുദ്ധിമുട്ടിലാക്കുന്നതാണ് മലബന്ധം. മലബന്ധം ഉണ്ടാകുന്നതിന് പല കാരണങ്ങളുമുണ്ട്. ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാകും.
വെള്ളം കുടിക്കുക
ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇത് വലിയ ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കണം. മധുരം ചേര്‍ത്ത കാര്‍ബണേറ്റഡ് ഡ്രിങ്കുകളോ സോഡകളോ കുടിക്കരുത്. ശുദ്ധമായ, തിളപ്പിച്ചാറിയ വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴച്ച് അല്പം തേന്‍ കൂടി ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് മലബന്ധം അകറ്റാന്‍ നല്ലതാണ്. ഇളം ചൂടുള്ള പാലില്‍ അല്പം മഞ്ഞള്‍പ്പൊടി ചേര്‍ത്ത് രാവിലെ കുടിക്കുന്നതും നല്ലതാണ്.
ഉയര്‍ന്ന ഫൈബര്‍ അടങ്ങിയ ഭക്ഷണം ഭക്ഷണത്തില്‍ ആവശ്യത്തിന് നാരുകള്‍ അടങ്ങിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. ഭക്ഷണത്തില്‍ ആവശ്യത്തിന് നാരുകള്‍ ഇല്ലെങ്കില്‍ മലബന്ധം വര്‍ധിക്കാന്‍ ഇടയുണ്ട്. ദിവസവും ഭക്ഷണത്തില്‍ 25-30 ഗ്രാം എങ്കിലും നാരുകള്‍ അടങ്ങിയിരിക്കണം.
പപ്പായ, നേന്ത്രപ്പഴം, ഓറഞ്ച്, മധുര നാരങ്ങ, അവക്കാഡോ തുടങ്ങിയ പഴങ്ങളില്‍ വെള്ളം, നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ദഹന രസങ്ങള്‍ തുടങ്ങിയവയൊക്കെ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം മലബന്ധത്തെ തടയും.
ആപ്രിക്കോട്ട്, ആല്‍മണ്ട്, വാല്‍നട്ട് തുടങ്ങിയ നട്‌സുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
സാലഡുകള്‍, ചീര, ബ്രോക്കോളി തുടങ്ങിയ പച്ചനിറമുള്ളതും ഇലവര്‍ഗത്തില്‍ പെട്ടതുമായ പച്ചക്കറികളും ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തണം.
പ്രോബയോട്ടിക്‌സ് കഴിക്കാം
ആമാശയത്തിലെ ഗട്ട് ബാക്ടീരിയയുടെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് മലബന്ധത്തിന് കാരണം. പ്രോബയോട്ടിക്‌സ് കഴിക്കുന്നത് വഴി ആമാശയത്തിലും കുടലുകളിലുമൊക്കെയുള്ള നല്ല ബാക്ടീരിയകളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നു. പ്രോബയോട്ടിക് സമ്പുഷ്ടമായ യോഗര്‍ട്ട് പോലുള്ളവ ഭക്ഷണത്തില്‍ ധാരാളമായി ഉപയോഗിക്കുന്നത് മലബന്ധം കുറയ്ക്കാന്‍ സഹായിക്കുന്നു.
വ്യായാമം ചെയ്യാന്‍ മറക്കരുത്
അലസമായ ജീവിതശൈലി മലബന്ധത്തിന് വഴിയൊരുക്കും. അതിനാല്‍ ശാരീരിക വ്യായാമം വര്‍ധിപ്പിക്കണം. കൃത്യമായ ഒരു വ്യായാമരീതി പാലിക്കണം. നടത്തം, ജോഗിങ്, ചെറിയ വ്യായാമങ്ങള്‍, സ്‌ക്വാറ്റിങ്, സൈക്ലിങ്, നീന്തല്‍ തുടങ്ങിയവ മലബന്ധം തടയാന്‍ സഹായിക്കും.
ഭക്ഷണത്തില്‍ കൃത്രിമ വസ്തുക്കള്‍ വേണ്ട
പ്രകൃതിദത്ത ഭക്ഷണം കഴിക്കുക. ജങ്ക് ഫുഡ് ഒഴിവാക്കുക. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. വീട്ടില്‍ തയ്യാറാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വയറിന് സുഖകരമായ ഭക്ഷണം കഴിക്കുന്നത് മലബന്ധത്തെ തടയും, ദഹനം എളുപ്പമാക്കുകയും ചെയ്യും.
Content Highlights: How to get rid of constipation home remedy tips, Health, Food, Constipation