കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ ജോലി തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ സമയത്ത് കാര്യക്ഷമമായി ജോലി ചെയ്യാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം.

  1. ഏറ്റവും സൗകര്യപ്രദമായ ഒരു വര്‍ക്ക് സ്പെയ്സ് ഇതിനകം നമ്മള്‍ വീടുകളില്‍ ഒരുക്കിയിട്ടുണ്ടാകും. ഈ വര്‍ക്ക് സ്പെയ്സ് നിങ്ങളുടെ ബോസോ സഹപ്രവര്‍ത്തകരോ കാണാന്‍ ഇടയില്ലെങ്കിലും ഏറ്റവും മനോഹരമായി, അടുക്കും ചിട്ടയോടും കൂടി സൂക്ഷിക്കുക. നോട്ട്പാഡുകള്‍, ഫയലുകള്‍ തുടങ്ങി ജോലിക്ക് ആവശ്യമായതെല്ലാം യഥാസ്ഥാനത്ത് ക്രമീകരിക്കുക. ഒഴിവാക്കേണ്ട പേപ്പറുകളും കുറിപ്പുകളും അതത് ദിവസം മാറ്റുക. സൂക്ഷിച്ചുവയ്ക്കേണ്ടവ ഫയലുകളിലേക്കോ കംപ്യൂട്ടറിലെ നിശ്ചിത ഫോള്‍ഡറിലേക്കോ മാറ്റുക. അപ്പോള്‍ സാധനങ്ങളും റിപ്പോര്‍ട്ടുകളും മറ്റും തിരഞ്ഞ് നിങ്ങളുടെ സമയം പോകില്ല.
  2. ജോലിയിലെ മികവിനുള്ള അംഗീകാരമായി ഓഫീസില്‍ നിന്ന് കിട്ടിയിട്ടുള്ള  അവാര്‍ഡുകളോ സമ്മാനങ്ങളോ ഉണ്ടെങ്കില്‍, അത് വീട്ടിലെ വര്‍ക്ക് സ്പെയ്സില്‍ വയ്ക്കാം. നിങ്ങള്‍ ജോലിയില്‍ അംഗീകരിക്കപ്പെട്ടതിന്റെ അടയാളങ്ങളാണ് അവ. ആ കാഴ്ച ഉന്മേഷത്തോടെ ജോലി ചെയ്യാന്‍ അത് നിങ്ങള്‍ക്ക് പ്രചോദനമേകും.
  3. വീട്ടില്‍ ആയിരിക്കുമ്പോഴും To Do ലിസ്റ്റ് തയ്യാറാക്കി അതിന് അനുസരിച്ച് തൊഴില്‍ സമയം ക്രമീകരിക്കാം. പ്രധാനപ്പെട്ട ജോലികള്‍ക്കും സമയബന്ധിതമായി ചെയ്യേണ്ട ജോലികള്‍ക്കും മുന്‍ഗനണ നല്‍കുക.
  4. പെട്ടെന്ന് ചെയ്തു തീര്‍ക്കാന്‍ കഴിയുന്ന ജോലികള്‍, അതായത് രണ്ടോ മൂന്നോ മിനിറ്റില്‍ തീരുന്ന ജോലികള്‍ അപ്പപ്പോള്‍ ചെയ്യുക. ഫോണ്‍ വിളികള്‍, മെയിലുകള്‍ക്കുള്ള മറുപടികള്‍, ചെറിയ അസൈന്‍മെന്റുകള്‍ തുടങ്ങിയവ മറ്റൊരു സമയത്തേക്കു മാറ്റാതെ പെട്ടെന്ന് ചെയ്യുന്നത് നിങ്ങളുടെ പ്രൊഡക്ടിവിറ്റി വര്‍ധിപ്പിക്കും. പിന്നത്തേക്കു മാറ്റിവച്ചാല്‍ ചിലപ്പോള്‍ അവ മറന്നുപോകാന്‍ ഇടയുണ്ട്. ഓര്‍ത്തുവരുന്ന സമയത്ത് ഈ കുഞ്ഞുജോലി ചെയ്യേണ്ടിവരുമ്പോള്‍ അത് തീര്‍ക്കാനായി കൂടുതല്‍ സമയം പാഴായേക്കാം.
  5. താരതമ്യേന പ്രയാസമുള്ള ജോലി ആദ്യം ചെയ്തുതീര്‍ക്കുന്നത് നല്ലതാണ്. അപ്പോള്‍ 'ആ ജോലി ചെയ്യണമല്ലോ, അതെങ്ങനെ ചെയ്തു തീര്‍ക്കും' എന്നിങ്ങനെ അതുമായി ബന്ധപ്പെട്ട അനാവശ്യ ടെന്‍ഷനുകള്‍ ഒഴിവാക്കാം. ഭാരപ്പെട്ട ജോലി ചെയ്തുതീര്‍ത്തിന്റെ സംതൃപ്തിയും നിങ്ങള്‍ക്ക് കിട്ടും.
  6. ഒഫീഷ്യല്‍ അല്ലാത്ത വാട്‌സ്അപ്പ് നോട്ടിഫിക്കേഷനുകളും ഇമെയിലുകളും ഇടവേളകളിലോ ഓഫീസ് സമയം കഴിഞ്ഞിട്ടോ നോക്കിയാല്‍ മതി. സോഷ്യല്‍ മീഡിയയുടെ കാര്യവും അങ്ങനെ തന്നെ. ജോലിക്കിടയില്‍ മറ്റ് മെസേജുകളും പോസ്റ്റുകളും വായിക്കുമ്പോള്‍ നിങ്ങളുടെ ശ്രദ്ധ പതറിപ്പോകാന്‍ ഇടയുണ്ട്. പിന്നീട് ജോലിയിലേക്ക് മടങ്ങിവരുമ്പോള്‍ മുമ്പത്തെ വേഗതയും ശ്രദ്ധയും വീണ്ടെടുക്കാന്‍ കുറച്ചു സമയം വേണ്ടിവരും എന്നത് വാസ്തവമാണ്.
  7. ജോലിക്കിടയില്‍ ചെറിയ ബ്രെയ്ക്ക് എടുത്ത് രണ്ടോ മൂന്നോ സ്ട്രെച്ചിങ് എക്സസൈസുകള്‍ ചെയ്യുന്നത് ഉന്മേഷവും കാര്യക്ഷമയതും വര്‍ധിപ്പിക്കാന്‍ സഹായകമാണ്.
  8. ഇടയ്ക്ക് പുറത്തേക്കു നോക്കുമ്പോള്‍ കാണാവുന്ന വിധത്തില്‍ ഒരു ഇന്‍ഡോര്‍ പ്ലാന്റ് മുറിയിലോ ജനല്‍പ്പടിയിലോ ബാല്‍ക്കണിയിലോ ഒരുക്കാം. ജോലിക്കിടയില്‍ 20 സെക്കന്റ് ഈ പച്ചപ്പിലേക്ക് നോക്കാം. കംപ്യൂട്ടറില്‍ നോക്കി ക്ഷീണിച്ച കണ്ണുകള്‍ക്ക് റിലാക്സേഷന്‍ നല്‍കാം.
  9. വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലും വര്‍ക്ക്- ലൈഫ് ബാലന്‍സ് നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. അതിനായി പ്രൊഫഷണല്‍ - പേഴ്സണല്‍ ടൈം കൃത്യമായി ഷെഡ്യൂള്‍ ചെയ്യാന്‍ ശ്രദ്ധിക്കുക.
  10. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും സഹപ്രവര്‍ക്കരുമായി ഊഷ്മളമായ ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. ഓഫീസിലെ സൗഹൃദങ്ങളും രസങ്ങളും പകര്‍ന്നു നല്‍കുന്ന ഊര്‍ജം നിങ്ങളുടെ ജോലിയിലും പ്രതിഫലിക്കും.

Content Highlights: How to do work from home effectively 10 tips to know, Health, Covid19