കോവിഡ് ബാധിതരിലെ ഓക്‌സിജന്‍ നില കൃത്യമായി അറിയാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം


ഡോ. പി.എസ്. ഷാജഹാന്‍

രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് കോവിഡ് സങ്കീര്‍ണതയിലേക്ക് പോകാമെന്നതിന്റെ ആദ്യ സൂചനകളിലൊന്നാണ്

Representative Image| Photo: Ramanathpai

കോവിഡ് കാലഘട്ടത്തില്‍ നമുക്ക് സുപരിചിതമായിത്തീര്‍ന്ന ചില പദങ്ങളുണ്ട്. അതില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് രക്തത്തിലെ ഓക്സിജന്റെ നില അഥവാ ഓക്സിജന്‍ സാച്ചുറേഷന്‍ (Oxygen Saturation).
വലിയൊരു പങ്ക് വ്യക്തികളിലും കോവിഡ് പറയത്തക്ക ലക്ഷണങ്ങളൊന്നുമില്ലാതെ കടന്നുപോകുമെങ്കിലും എപ്പോള്‍ സങ്കീര്‍ണതകള്‍ വരുമെന്ന് പ്രവചിക്കാനാവില്ല. അതുകൊണ്ട് പ്രതിരോധം തന്നെ പ്രധാനം. രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുന്നത് സങ്കീര്‍ണതയിലേക്ക് പോകാമെന്നതിന്റെ ആദ്യ സൂചനകളിലൊന്നാണ്.

ഓക്സിജന്‍ നില (Oxygen Saturation) എന്നതിന്റെ അര്‍ഥമെന്ത്?

ഓക്സിജന്‍ ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണെന്നും അത് ശരിയായ അളവില്‍ വേണമെന്നും നമുക്കറിയാം. അതെങ്ങനെയാണ് സാധ്യമാകുന്നത്?

നാം അകത്തേക്ക് വലിച്ചെടുക്കുന്ന വായു ശ്വാസകോശത്തിലെ വായു അറകളിലെത്തി അവിടെയുള്ള അതിലോലമായ ശ്വസനസ്തരം (Respiratory membrane) വഴിയാണ് ഓക്സിജന്‍ കോശകലകളിലേക്ക് കടക്കുന്നത്. അതേ സ്തരം വഴി കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തേക്കും കടക്കുന്നു. ശ്വാസകോശങ്ങളുടെ സുപ്രധാന ധര്‍മമാണ് ഈ ഓക്സിജന്‍-കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതക കൈമാറ്റം (gas transfer).

കോവിഡില്‍ ഓക്സിജന്‍ നില കുറയുന്നതെങ്ങനെ?

കോവിഡ് ബാധിച്ചവരില്‍ ഓക്സിജന്‍ നില കുറയുന്നതെങ്ങനെയെന്ന് നോക്കാം. കോവിഡ് 19 വൈറസുകള്‍ നാസാരന്ധ്രങ്ങള്‍ വഴിയോ, വായ വഴിയോ ശ്വാസനാളികളിലെത്തുകയും അവിടെ അണുബാധ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന നീര്‍ക്കെട്ടുകള്‍ (Inflammation) ശ്വാസനാളികളുടെയും ശ്വസന സ്തരത്തിന്റെയും സ്വാഭാവിക പ്രവര്‍ത്തനങ്ങളെ താറുമാറാക്കുകയും വാതക വിനിമയം ഗണ്യമായ തോതില്‍ കുറയ്ക്കുകയും ചെയ്യുന്നു. രക്തത്തില്‍ ഓക്സിജന്റെ അളവ് വല്ലാതെ കുറയുകയും കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി കൂടുകയുമാണ് ഇതിന്റെ പരിണത ഫലം. ഇതെല്ലാവരിലും ഉണ്ടാകുന്നില്ല. കോവിഡ് ശ്വാസകോശത്തെ ബാധിക്കുന്ന അവസ്ഥയിലാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. ശ്വാസകോശത്തെ കോവിഡ് എത്രത്തോളം ബാധിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ ഇത് ശ്വാസകോശ പരാജയത്തിലേക്കും (Respiratory failure) അതി തീവ്ര ശ്വാസകോശ പരാജയത്തിലേക്കും (Acute Respiratory Distress Syndrome) രോഗിയെ എത്തിക്കാം. അത് തടയുക എന്നത് ചികിത്സയില്‍ ഏറെ പ്രധാനമാണ്.

ശരീരത്തില്‍ ഓക്സിജന്‍ അളവ് കുറയുമ്പോള്‍ ഉണ്ടാകുന്ന മറ്റ് ചില സൂചനകള്‍ എന്തൊക്കെയാണ്?

ശരീരത്തില്‍ ഓക്സിജന്‍ അളവ് കുറയുമ്പോള്‍ ചില ലക്ഷണങ്ങളും പ്രധാനമാകാറുണ്ട്. അമിത നിരക്കിലുള്ള ശാസോച്ഛ്വാസമാണ് അതില്‍ ഒന്ന്. മിനിറ്റില്‍ സാധാരണ ഗതിയില്‍ 12-16 വരെ പ്രാവശ്യം നാം ശ്വാസമെടുക്കും. അത്രതന്നെ പുറത്തേക്കും വിടും. ഇത് 24-30 ഒക്കെ ആകുന്നത് ഓക്സിജന്‍ നില കുറയുന്നതിന്റെ ലക്ഷണങ്ങളിലൊന്നാണ്. ചുണ്ടുകള്‍ക്കും നാക്ക്, കൈകള്‍ എന്നിവിടങ്ങളിലെ നീലനിറം തുടങ്ങിയവയും ഓക്സിജന്‍ നില കുറയുന്നതിന്റെ ലക്ഷണങ്ങളാകാം.

ചിലപ്പോള്‍ ഒരാള്‍ കാര്യമായ ലക്ഷണങ്ങളൊന്നും കാണിച്ചെന്ന് വരില്ല. വെറുതേയിരിക്കുമ്പോള്‍ ഓക്സിജന്‍ നില പള്‍സ് ഓക്സിമീറ്ററില്‍ 95-ന് മുകളില്‍ കണ്ടെന്ന് വരാം. ഇത്തരക്കാര്‍ ചെറുതായി ഒന്ന് ആയാസപ്പെട്ടാല്‍, നടന്നാല്‍ ഓക്സിജന്‍ നില കുറയുന്നതായി കണ്ടുവരാറുണ്ട്. ഇങ്ങനെ സംശയിക്കപ്പെടുന്ന രോഗികളില്‍ ആദ്യവും തുടര്‍ന്ന് ആറുമിനിറ്റ് നടത്തിയതിന് ശേഷവുമുള്ള (Six minute Walk Test) ഓക്സിജന്‍ നില പരിശോധിക്കാറുണ്ട്. അതുവഴി ഓക്സിജന്‍ നില കുറയാനുള്ള സാധ്യത ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയാനാകും. എന്നാലത് ഒരു ഡോക്ടറുടെ സാന്നിധ്യത്തില്‍ ആശുപത്രികളില്‍വെച്ച് മാത്രമേ ചെയ്യാവൂ. ഓക്സിജന്റെ അളവ് പെട്ടെന്ന് താഴ്ന്നുപോയി അപകടം ഉണ്ടാകാന്‍ ചെറുതെങ്കിലും ഒരു സാധ്യതയുള്ളതുകൊണ്ട് സൂക്ഷിച്ച് ചെയ്യേണ്ട ഒരു പരിശോധനയാണിത്.

ഓക്സിജന്‍ നില താഴുകയാണെന്ന് തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടണം. കമിഴ്ന്ന് കിടന്ന് ശ്വാസോച്ഛ്വാസം ചെയ്യുന്നത് കുറച്ച് ആശ്വാസം നല്‍കും. എന്നാല്‍ എത്രയും പെട്ടെന്ന് ആസ്പത്രിയിലെത്തിക്കുക എന്നത് തന്നെയാണ് പ്രധാനം.

വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ ഓക്സിജന്‍ നില പരിശോധിക്കുന്നതെങ്ങനെ?

ഇന്ന് നല്ലൊരു പങ്ക് കോവിഡ് രോഗികളെയും വീട്ടില്‍ നിരീക്ഷണത്തിലാക്കിയാണ് ചികിത്സിക്കുന്നതും ശുശ്രൂഷിക്കുന്നതും. അവരുടെ രോഗനില നിരീക്ഷിക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് പള്‍സ് ഓക്സിമീറ്റര്‍.

പള്‍സ് ഓക്സിമീറ്റര്‍ എന്ന ഉപകരണം വഴി ഓക്സിജന്റെ ഏകദേശ നില അറിയാന്‍ സാധിക്കും. വിരല്‍ത്തുമ്പില്‍ ഒരു ക്ലിപ്പുപോലെ ഘടിപ്പിക്കാനാകുന്ന വളരെ ലളിതമായ ഒരു ഉപകരണമാണിത്. നമ്മുടെ വിരല്‍ ഈ ഉപകരണത്തിന്റെ ഉള്ളിലേക്ക് വെച്ച് 15-20 സെക്കന്‍ഡ് കഴിയുമ്പോള്‍ രക്തത്തിലെ ഓക്സിജന്റെ നില, പള്‍സ് തുടങ്ങിയ കാര്യങ്ങള്‍ ഉപകരണത്തില്‍ തെളിഞ്ഞുവരും. ചൂണ്ടുവിരല്‍ വെക്കുന്നതാണ് കൂടുതല്‍ ഉചിതം.
സാധാരണ ഗതിയില്‍ 95 മുതല്‍ 100 വരെയാണ് രക്തത്തിലെ ഓക്സിജന്റെ നില. കോവിഡ് രോഗിയില്‍ ഇത് 95-ല്‍ കുറഞ്ഞാല്‍ കൂടുതല്‍ ശ്രദ്ധ വേണം. നില 90-ല്‍ കുറയുന്നത് അപകട സാധ്യത കൂടുന്നതിന്റെ സൂചനയാണ്. അടിയന്തര വൈദ്യസഹായം തേടണം.

നഖങ്ങളില്‍ പോളിഷ് പുരട്ടിയിരിക്കുക, മൈലാഞ്ചിയിട്ടിരിക്കുക എന്നീ സാഹചര്യങ്ങളില്‍ ഇതിന്റെ കൃത്യത കുറവായിരിക്കും. കൈകള്‍ തണുത്തിരിക്കുന്ന അവസ്ഥകളിലും ഓക്സിജന്‍ നില തെറ്റായി കാണിച്ചെന്നുവരാം. ഗുണനിലവാരം ഉള്ള പള്‍സ് ഓക്സിമീറ്റര്‍ ഉപയോഗിക്കുക, അതിലെ ബാറ്ററി ഇടയ്ക്കിടെ മാറ്റുക എന്നത് പ്രധാനം.

രക്തത്തിലെ ഓക്സിജന്റെ യഥാര്‍ഥ നില അറിയാന്‍ ധമനികളില്‍നിന്ന് രക്തമെടുത്ത് പരിശോധിച്ചാലേ പറ്റൂ (Arterial Blood Gas Analysis). എന്നാല്‍ ഇതൊരു സങ്കീര്‍ണമായ പരിശോധനയാണ്. ആശുപത്രികളില്‍വെച്ച് വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒന്ന്.

(ആലപ്പുഴ ഗവ.ടി.ഡി. മെഡിക്കല്‍ കോളേജിലെ പള്‍മണറി മെഡിസിന്‍ വിഭാഗം അഡീഷണല്‍ പ്രൊഫസറാണ് ലേഖകന്‍)

Content Highlights: How to determine Oxygen level in Covid19 patients, How to use Pulse Oximeter, Health, Covid19

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


35:54

പാട്ടുകള്‍ ഹിറ്റാണ് പാട്ടുകാരിയോ?; മാറ്റിനിര്‍ത്തിയാല്‍ ഒരു 'ചുക്കുമില്ലെ'ന്ന് പുഷ്പവതി

Dec 6, 2022

Most Commented