Representative Image| Photo: Gettyimages
''ഈ കഴുത്തുവേദന കൊണ്ട് ഒന്നും ചെയ്യാന്‍ വയ്യ''... പൊതുവേ കേള്‍ക്കുന്നതാണിത്. വീട്ടമ്മമാര്‍, ജോലിക്കാര്‍, കുട്ടികള്‍ തുടങ്ങി ഏതുപ്രായക്കാര്‍ക്കും ഏതു തരക്കാര്‍ക്കും ഒരുപോലെ ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടായിരിക്കുന്നു കഴുത്തുവേദന. ഇതെക്കുറിച്ച് കൂടുതല്‍ അറിയാം.
കംപ്യൂട്ടര്‍ ഉപയോഗിച്ച്, ഇരുന്ന് ജോലി ചെയ്യുന്നവരില്‍ കഴുത്തുവേദന കണ്ടുവരുന്നു. ഒരേ രീതിയില്‍ (പൊസിഷനില്‍) തന്നെ അധികം സമയം ഇരിക്കുന്നതാണ് ഇതിന് കാരണം. പലപ്പോഴും ഇരിക്കുന്ന പൊസിഷന്‍ ശരിയല്ലാത്ത രീതിയിലാവാനും സാധ്യതകള്‍ ഏറെയാണ്. ഇത് വേദനയുടെ ആക്കം കൂട്ടുന്നു. ജോലി തുടങ്ങുന്ന സമയത്ത് ശ്രദ്ധയോടെ കഴുത്ത് ശരിയായ പൊസിഷനില്‍ വെക്കുമെങ്കിലും കുറച്ചുസമയം കഴിയുമ്പോള്‍ ഇതെല്ലാം മറക്കും. ഇങ്ങനെ ശരിയല്ലാത്ത ഇരുപ്പ് കൊണ്ട് കഴുത്തിന്റെ എല്ലുകള്‍ക്കും ചുറ്റുമുള്ള പേശികള്‍ക്കും ക്ഷീണം സംഭവിക്കാം.
- ഉച്ചയ്ക്ക് തല കുളിക്കുന്നവരില്‍ കഴുത്തുവേദന സാധാരണമായ ഒന്നാണ്. വെയില്‍ ഉള്ളപ്പോള്‍ കുളിക്കുന്നതാണ് ഇതിന് കാരണം.
- മാനസികമായി ബുദ്ധിമുട്ടുള്ള അവസ്ഥ, സങ്കടവും ദേഷ്യവും ഉള്ളില്‍ തന്നെ വെച്ചിരിക്കുന്നവര്‍, ടെന്‍ഷന്‍ കൂടുതലായി അനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് ഉണ്ടാകുന്ന ഒരു സാധാരണ ലക്ഷണമാണ് കഴുത്തുവേദന. സ്‌ട്രെസ്സിന്റെ ഭാഗമായി തോളുകളുടെ അടുത്തുള്ള മാംസപേശികള്‍ വലിയുന്നതാണ് ഇതിന് കാരണം.
- 20-30 വയസ്സിനിടയില്‍ കഴുത്തിലെ എല്ലുകള്‍ക്ക് തേയ്മാനം സംഭവിക്കുന്നത് ഇന്ന് വളരെ സാധാരണമാണ്. വീഴ്ച, ഇരുന്നുള്ള ജോലി ചെയ്യല്‍ തുടങ്ങിയവ ഒന്നും ഇതിന് കാരണങ്ങളായി ഉണ്ടാവാറുമില്ല. ഇത്തരത്തിലുള്ളവരെ വിശദമായി നിരീക്ഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഇവരില്‍ ഭൂരിഭാഗം ആളുകളും സ്‌കൂള്‍ കാലഘട്ടത്തില്‍ പ്രഭാതഭക്ഷണം കഴിക്കാതെ സ്‌കൂളിലേക്ക് പോയിരുന്നവരാണ് എന്നാണ്. കഴിക്കുന്നെങ്കില്‍ തന്നെ വളരെ ചെറിയ അളവിലാണ് കഴിച്ചിരുന്നത്. ശരീരത്തിന്റെ അസ്ഥികളും മാംസമേദസ്സുകളും രൂപപ്പെടുന്ന വളര്‍ച്ചാ കാലഘട്ടത്തില്‍ കൃത്യമായ അളവിലുള്ള പോഷണം ലഭിക്കാതിരുന്നത് ഈ അവസ്ഥയുണ്ടാകുന്നതില്‍ പങ്കുവഹിച്ചിട്ടുണ്ടാവാം.
- സെര്‍വിക്കല്‍ സ്‌പോണ്ടിലോസിസ് എന്ന രോഗമാണ് കഴുത്തുവേദനയ്ക്ക് കാരണമായേക്കാവുന്ന അടുത്ത പ്രധാനപ്പെട്ട കാരണം. കഴുത്തിലെ കശേരുക്കള്‍ക്കിടയിലെ ഡിസ്‌ക് റീഹൈഡ്രേറ്റഡ് ആകാത്തതു മൂലം അതിന്റെ ഘടനയില്‍ വ്യത്യാസം സംഭവിക്കുന്നു. ഈ മാറ്റം കശേരുക്കളുടെ ആകൃതിയിലും വ്യത്യാസങ്ങള്‍ വരുത്തുന്നു. ഇത് കശേരുക്കള്‍ക്കിടയിലൂടെ വരുന്ന നാഡികള്‍ക്ക് ഞെരുക്കം ഉണ്ടാകാന്‍ ഇടയാക്കുന്നു. അതുവഴി ആ നാഡിയുടെ വേരില്‍ തരിപ്പ്, വേദന, പുകച്ചില്‍ മുതലായവ ഉണ്ടാകുന്നു.
കഴുത്തിലെ കശേരുക്കള്‍ക്കും ഡിസ്‌കിനും തകരാറുകള്‍ സംഭവിച്ചാല്‍ കഴുത്തുവേദനയ്ക്ക് പുറമെ താഴെ പറയുന്ന ലക്ഷണങ്ങളും കാണിക്കാം.
- കൈകളിലേക്ക് ഇറങ്ങിവരുന്ന രീതിയില്‍ വേദന, തരിപ്പ്
- കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ടാകുന്ന വിധത്തില്‍ പിടുത്തം
- തോളെല്ലുകളുടെ ഇടയില്‍ കഴുത്തിന് തൊട്ടുതാഴെയുള്ള ഭാഗത്ത് വേദനയും പിടുത്തവും.
- തലയുടെ പൊസിഷന്‍ മാറുന്ന സന്ദര്‍ഭങ്ങളില്‍ ഉദാഹരണമായി കുനിഞ്ഞ് നിവരുക, മുകളിലേക്ക് നോക്കുക തുടങ്ങിയ അവസരങ്ങളില്‍ തലചുറ്റല്‍ അനുഭവപ്പെടുക.
ചികിത്സ
- ആദ്യഘട്ടത്തില്‍ കഴുത്തില്‍ നീര്‍ക്കെട്ടുണ്ടെങ്കില്‍ അത് ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്. ലേപനങ്ങള്‍ പുരട്ടല്‍, ചൂടുപിടിക്കുക എന്നിവ ഈ അവസരത്തില്‍ ഫലപ്രദമാണ്.
- അടുത്ത ഘട്ടത്തില്‍ എല്ലുകളെ ബലപ്പെടുത്തുന്ന മരുന്നുകളാണ് ഉപയോഗിക്കേണ്ടത്. എണ്ണ പുരട്ടുക, നവരക്കിഴി പ്രയോഗിക്കുക എന്നിവയാകാം.
- അടുത്ത ഘട്ടത്തില്‍ എല്ലുകളുടെ സ്വാഭാവികത നിലനിര്‍ത്താനായി വ്യായാമ മുറകള്‍ ശീലിക്കേണ്ടതുണ്ട്.
- സ്ഥിരമായി ഇരുന്ന് ജോലി ചെയ്യുന്നവര്‍ അവരുടെ നട്ടെല്ലിന്റെ സ്ഥിതിക്ക് യോജിക്കുന്ന വിധത്തിലേക്ക് ഇരുപ്പ് മാറ്റുക. തുടര്‍ച്ചയായി മണിക്കൂറുകളോളം ഇരിക്കുന്നത് ഒഴിവാക്കാം. അരമണിക്കൂര്‍ കഴിഞ്ഞാല്‍ അഞ്ച് മിനിറ്റ് ഇടവേളയെടുത്ത് കഴുത്തിന് സ്‌ട്രെച്ച് കൊടുക്കുന്നത് നല്ലതായിരിക്കും. ഇതിനായി മൊബൈല്‍ ഫോണില്‍ അലാം വെക്കാം.
- തലകുളിക്കുന്നത് രാവിലെ വെയില്‍ ചൂടാവുന്നതിന് മുന്‍പാക്കാന്‍ ശ്രദ്ധിക്കുക. അതിന് സാധിക്കാത്തവര്‍ വൈകീട്ട് വെയില്‍ മാറിയ ശേഷം കുളിക്കുന്നതാണ് നല്ലത്.
- ടെന്‍ഷന്‍ എല്ലാവര്‍ക്കും ഉണ്ടാകും. അത് ഒഴിവാക്കാനാവില്ല. എന്നാല്‍ ടെന്‍ഷനെ ആരോഗ്യകരമായി നേരിടാനാകും. ഇതിന് റിലാക്‌സേഷന്‍ ടെക്‌നിക്കുകള്‍ വളരെയധികം ഫലപ്രദമാണ്.
- ചെറുപ്രായത്തിലുള്ള കുട്ടികള്‍ വേണ്ടത്ര അളവില്‍ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കഴിക്കുന്നത് പോഷകസമൃദ്ധമായ ആരോഗ്യകരമായ ആഹാരമാകണം എന്നതും പ്രധാനമാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..