ആശുപത്രിയിൽ നിന്ന് രോ​ഗങ്ങൾ പകരുമ്പോൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?


ഡോ. പ്രശാന്ത് പി. മേനോൻ

ആശുപത്രികളില്‍ നിന്ന് രോഗികള്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും വലിയതോതിൽ രോഗബാധ ഉണ്ടാകുന്നുണ്ട്‌

Photo: PTI

പൊതു ആരോഗ്യ സംവിധാനത്തിലും, ആശുപത്രികളുടെ പരിചരണ സംവിധാനങ്ങളിലും വളരെ വലിയ പുരോഗതി ഉണ്ടെങ്കില്‍ കൂടിയും ആശുപത്രികളില്‍ നിന്ന് രോഗികള്‍ക്കും, ആരോഗ്യപ്രവര്‍ത്തകര്‍ക്കും വലിയതോതിൽ രോഗബാധ ഉണ്ടാകുന്നുണ്ട്‌. ആശുപത്രിയില്‍ നിന്നോ മറ്റേതെങ്കിലും ഒരു ആരോഗ്യ പരിരക്ഷാ കേന്ദ്രത്തില്‍ നിന്നോ നമുക്ക്‌ പകരാവുന്ന രോഗം/ അണുബാധയാണ്‌ ആശുപത്രിജന്യ രോ​ഗങ്ങൾ (Nosocomial infections/ Hospital acquired infections) എന്ന് അറിയപ്പെടുന്നത്.

ആശുപത്രികള്‍, ക്ലീനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറാപ്പി/റിഹാബിലിറ്റേഷന്‍ മുതലായി എവിടെ നിന്നും ഇത്‌ പകരാം. രോഗികളുടെ പ്രതിരോധശേഷിക്കുറവ്‌, വിവിധ തരത്തിലുള്ള ചികിത്സാ രീതികള്‍, കൂടാതെ ആന്റിബയോട്ടിക്കുകളോട്‌ പ്രതിരോധ ശേഷി ആര്‍ജിച്ച രോഗാണുക്കള്‍, തിങ്ങി നിറഞ്ഞ ആശുപത്രികളും ആരോഗ്യ പ്രവര്‍ത്തകരുടെ കുറവും എല്ലാം ഇതിന്‌ പ്രധാന ഘടകങ്ങള്‍ ആണ്‌.

വായുവിലൂടെ പകരുന്ന പകര്‍ച്ചവ്യാധികള്‍ കേരളത്തില്‍ കൂടി വരികയാണ്‌. പ്രതിരോധ നടപടികള്‍ കുറവുള്ള ആശുപത്രികളില്‍ ക്ഷയ രോഗം ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ പകരുന്നതായി കാണപ്പെടുന്നുണ്ട്‌.

പലപ്പോഴും വളരെ മാരകമായ സെപ്സിസ്‌ (sepsis) എന്ന അവസ്ഥയിലേക്കും, മരണത്തിലേക്കും നീങ്ങാവുന്ന ഒരു അവസ്ഥ ഉണ്ടാകുന്നതാണ്‌.

ആശുപത്രിയില്‍ നിന്ന്‌ സാധാരണയായി പകരുന്ന രോഗങ്ങള്‍

1. മൂത്രനാളി അണുബാധ

ആശുപത്രി ജന്യരോഗങ്ങളില്‍ ഏറ്റവും സാധാരണമായി കാണുന്ന ഒന്നാണ്‌ മൂത്രനാളി അണുബാധ (UTI) . ലോകമെമ്പാടുമുള്ള ആശുപത്രിജന്യ രോഗങ്ങളില്‍ 30 ശതമാനവും മൂത്രനാളി രോഗങ്ങളാണ്‌. യൂറിനറി കത്തീറ്റര്‍ ഇട്ടവര്‍, മൂത്രാശയ ശസ്ത്രക്രിയ കഴിഞ്ഞവര്‍, ദീര്‍ഘകാല കിടപ്പ്‌ രോഗികള്‍ തുടങ്ങിയവര്‍ക്കാണ്‌ ഇത്‌ വളരെ പെട്ടെന്ന്‌ പിടിപെടുന്നത്‌. ഇ കോളൈ , ക്ലെബ്സിയെല്ല, സ്യുഡോമോണാസ്‌ തുടങ്ങിയ ബാക്റ്റീരിയകളാണ്‌ സാധാരണയായി ഈ രോഗത്തിന്‌ കാരണമാകുന്നത്‌.

സാധാരണയായി മൂത്രനാളിയില്‍ കാണപ്പെടുന്ന 99.9 ശതമാനം ബാക്റ്റീരിയകളും മൂത്രം പുറത്തേക്ക്‌ പോകുമ്പോള്‍ പുറംതള്ളപ്പെടും. മൂത്രത്തിലുള്ള യൂറോമോടുലിന്‍, ഒളിഗോസാക്കറൈഡ്‌ തുടങ്ങിയവ ആണ്‌ ഇതിന്‌ സഹായകമാകുന്നത്‌. ഇത്‌ കൂടാതെ മൂത്രനാളിയില്‍ ബാക്റ്റീരിയ പിടിച്ചിരിക്കാതിരിക്കാന്‍ വേറെയും ചില മാര്‍ഗങ്ങള്‍ മനുഷ്യശരീരത്തില്‍ ഉണ്ട്‌. ഒരു കത്തീറ്റര്‍ മൂത്രനാളിയിലേക്ക്‌ കടത്തുമ്പോള്‍ സ്വഭാവികമായുള്ള ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഇത്‌ ബാധിക്കും. ഇങ്ങനെ മൂത്രനാളിയുടെ പ്രതിരോധശേഷി കുറയുകയും ആണുബാധ ഉണ്ടാകുകയും ചെയ്യും.

2. ന്യുമോണിയ

ആശുപത്രിയില്‍ അഡ്മിറ്റ്‌ ആയി 48 മുതല്‍ 72 മണിക്കൂറിന്‌ ശേഷം പിടിപെടുന്ന ന്യുമോണിയയെ ആണ്‌ ആശുപത്രിജന്യ ന്യുമോണിയ എന്ന്‌ പറയുന്നത്‌. ആശുപത്രിജന്യ രോഗങ്ങളില്‍ ഏറ്റവുമധികം മരണ കാരണവും ഇതാണ്‌. അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ പിടിപെടുന്ന രോഗവസ്ഥ ആണ്‌ വെന്റിലേറ്റര്‍ അസോസിയേറ്റഡ്‌ ന്യുമോണിയ.

3.ശസ്ത്രക്രിയക്ക്‌ ശേഷമുള്ള അണുബാധ (Surgical site infections)

ഇത്‌ പലപ്പോഴും ചർമത്തിന് പുറത്ത്‌ വരുന്ന അണുബാധ ആകും. പക്ഷേ പലപ്പോഴും കോശങ്ങളെയും, അവയവങ്ങളെയും, ഇംപ്ലാന്റുകളെയും (implants) ഗുരുതരമായി ബാധിക്കാറുണ്ട്‌. ശസ്ത്രക്രിയയോട്‌ അനുബന്ധമായി അണുബാധ ഉണ്ടാകുന്ന രോഗികളില്‍ മരണസാധ്യത വളരെ കൂടുതലാണ്‌, 60 ശതമാനത്തോളം പേര്‍ ഐ.സി.യുവില്‍ പ്രവേശിക്കപ്പെടാം. സ്റ്റഫെെലോകോക്കസ്, സ്‌ട്രെപ്റ്റോകോക്കസ്‌, സ്യുഡോമോണാസ്‌ തുടങ്ങിയ ബാക്ടീരിയ ആണ്‌ സാധാരണയായി ഇതിന്‌ കാരണമാകുന്നത്‌.

ബാക്ടിരീമിയ (bacteraemia), സെപ്റ്റിസിമിയ (septicemia), അള്‍സര്‍, പൊള്ളലുകള്‍, ശയ്യാവ്രണം (bedsore), കുട്ടികളിലുണ്ടാകുന്ന ഗ്യാസ്‌ട്രോഎന്റെറയിറ്റിസ്‌ (gastroenteritis), സൈനസൈറ്റിസ്‌ (sinusitis) എന്നിവയെല്ലാം ചില ആശുപത്രിജന്യ രോഗങ്ങളുടെ ഭാകമാകാം.

ആശുപതിജന്യ രോഗം മൂലം നീണ്ട നാള്‍ പലപ്പോഴും രോഗികള്‍ ആശുപത്രിയില്‍ കഴിയേണ്ടി വരാറുണ്ട്‌. തന്മൂലം രോഗികള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം വളരെ ഉയര്‍ന്നതാണ്‌. കൂടാതെ അടിയന്തിര ചികിത്സ ആവശ്യമുള്ള പല രോഗികള്‍ക്കും ബെഡുകളുടെ അഭാവം മൂലം ചികിത്സ കിട്ടാതെ വരുന്നുമുണ്ട്‌.

ഈ അവസ്ഥ കൃത്യമായി അറിയണമെങ്കില്‍ കോവിഡ്‌ 19 മൂലം ഇന്ത്യയില്‍ ഉണ്ടായ ആശുപത്രി സൗകര്യങ്ങളുടെ അഭാവം മാത്രം കണക്കിലെടുത്താല്‍ മതി.

പ്രതിരോധശേഷിയുള്ള രോഗാണുക്കളുടെ പ്രധാന പ്രഭാവ കേന്ദ്രം ഇന്റെന്‍സിവ്‌ കെയര്‍ യൂണിറ്റ്‌ ആണ്‌. ഓപ്പറേഷന്‍ തീയേറ്റര്‍, ഓര്‍ത്തോപീഡിക്‌ വാര്‍ഡുകള്‍ തുടങ്ങിയവയിലും ഇവ ഉണ്ടാകാറുണ്ട്‌. ആന്റിബയോട്ടിക്സിന്റെ ഉയര്‍ന്ന അളവിലെ ഉപയോഗവും, രോഗികളോട്‌ എപ്പോഴും വളരെ അടുത്ത്‌ ഉള്ള ആരോ​ഗ്യപ്രവര്‍ത്തകരുടെ പെരുമാറ്റവും ആണ്‌ ഇതിന്‌ പ്രധാന കാരണം ആയി ചൂണ്ടികാണിക്കുന്നത്‌.

ആശുപത്രിയില്‍ നിന്ന്‌ ഡിസ്ചാര്‍ജ്‌ ആയ രോഗികള്‍, ആരോ​ഗ്യപ്രവര്‍ത്തകര്‍, സന്ദര്‍ശകര്‍ എന്നിവരില്‍ നിന്നെല്ലാം ആശുപത്രിജന്യ രോഗങ്ങള്‍ സമൂഹത്തിലേക്ക്‌ പകരാം.ബാക്റ്റീരിയ, വൈറസ്‌, ഫംഗസ്‌, പാരസെെറ്റുകള്‍ എന്നിവയെല്ലാം ആശുപത്രിജന്യ രോഗങ്ങള്‍ക്ക്‌ കാരണമാകാം.

ഘടകങ്ങള്‍

പ്രായം, പ്രതിരോധശേഷി, രോഗാവസ്ഥ, രോഗനിര്‍ണയ രീതികള്‍, ചികിത്സാ രീതികള്‍ എന്നിവയെല്ലാം ഈ രോഗം പകരുന്നതിലെ പ്രധാന ഘടകങ്ങളാണ്‌. കാൻസര്‍, പ്രമേഹം, വൃക്ക രോഗികള്‍, എയ്ഡ്‌സ്‌ രോഗികള്‍ എന്നിവര്‍ക്ക്‌ ഈ രോഗം പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്‌. റേഡിയേഷന്‍, കീമോതെറാപ്പി, പ്രതിരോധ ശേഷി കുറക്കാനുള്ള മരുന്നുകള്‍ തുടങ്ങിയ ചികിത്സാ രീതികള്‍ രോഗിയുടെ അണുബാധയോടുള്ള പ്രതിരോധം കുറയ്ക്കുന്നു. പോഷകാഹാരക്കുറവ്‌, ചർമത്തിലും, മ്യുക്കസ്‌ സ്തരത്തിലും ഉണ്ടാകുന്ന മുറിവുകള്‍ തുടങ്ങിയവയും ഇതിനു കാരണമാകാം. ബയോപ്സി, എന്‍ഡോസ്‌കോപ്പി പരിശോധനകള്‍, കത്തീറ്റർ ഇടുക, ഇ൯റ്റുബേറ്റ്‌/വെന്റിലേറ്റ്‌ ചെയ്യുക, സക്ഷന്‍ ചെയ്യുക, ശസ്ത്രക്രിയകള്‍, ഒരു ഡിപ്പാർട്മെന്റിൽ നിന്നും മറ്റൊരു ഡിപ്പാര്‍ട്മെന്റിലേക്ക്‌ രോഗികളെ മാറ്റുന്നത്‌ എന്നിവയെല്ലാം ആശുപത്രി ജന്യ രോഗങ്ങള്‍ പകരാനുള്ള
സാധ്യത ഉയര്‍ത്തുന്നതാണ്‌.

സെന്റര്‍ ഫോര്‍ ഡിസീസ്‌ കൺട്രോൾ ആന്‍ഡ്‌ പ്രീവെന്‍ഷന്‍ (CDC) ന്റെ കണക്ക്‌ പ്രകാരം ഏകദേശം 2.8 ദശലക്ഷം ആശുപത്രിജന്യ രോഗങ്ങളും തന്മൂലം ഏകദേശം 99,000 മരണങ്ങളും ആണ്‌ പ്രതിവര്‍ഷം അമേരിക്കയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌.
ഇന്ത്യയില്‍ ഇത്‌ 2 ദശ ലക്ഷം ഹോസ്പിറ്റല്‍ അഡ്മിഷനുകളും 80,000 മരണങ്ങളും ആണ്‌.
ആശുപത്രിയില്‍ പോകുന്ന നാലിൽ ഒരാള്‍ക്ക്‌ എന്ന നിലയിലാണ്‌ ഇന്ത്യയില്‍ ഈ അവസ്ഥ. വികസിത രാജ്യങ്ങളിലെ 1/20 എന്ന നില വെച്ച്‌ നോക്കുമ്പോള്‍ ഇത്‌ പേടിപ്പെടുത്തുന്നതാണ്‌.

ഇന്‍ഫെക്ഷന്‍ കൺട്രോള്‍

ഇന്‍ഫെക്ഷന്‍ കൺട്രോള്‍ എന്ന വിഭാഗം സാധാരണയായി എല്ലാ ആശുപത്രികളിലും ഉണ്ട്‌. ആശുപത്രിജന്യ രോഗങ്ങള്‍ തടയാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണ് ഈ വിഭാഗത്തിന്റെ പ്രവര്‍ത്തനോദേശം.

ആശുപത്രി മാനേജ്മെന്റ്‌, ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, മൈക്രോബയോളജിസ്റ്‌, ഫാർമസി തുടങ്ങി, ക്ലീനിങ്‌ ജീവനക്കാരുടെ പ്രതിനിധികള്‍ വരെ ഈ കമ്മിറ്റിയില്‍ ഉണ്ടാകും. വളരെ കൃത്യമായ നിയന്ത്രണങ്ങളും, അണു വിമുക്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ആണ് ഇവരുടെ ജോലി. തന്മൂലം രോഗികള്‍ക്കിടയിലേക്കും ആരോഗ്യപ്രവര്‍ത്തകരിലേക്കും രോഗബാധ ഉണ്ടാകാതിരിക്കാൻ സഹായിക്കും.

കൈകാലുകൾ വൃത്തിയായി സൂക്ഷിക്കൽ, വ്യക്തി ശുചിത്വം, ആശുപത്രിയും പരിസരങ്ങളും വൃത്തിയായും അണുവിമുക്തമായും സൂക്ഷിക്കൽ, എല്ലാവിധ ഉപകരണങ്ങളും അണുവിമുക്തമാക്കൽ, മാലിന്യങ്ങള്‍ തരംതിരിച്ച് കൃത്യമായി നിര്‍മാര്‍ജനം ചെയ്യപ്പെടുന്നുണ്ട്‌ എന്ന്‌ ഉറപ്പ്‌ വരുത്തൽ തുടങ്ങിയവ യെല്ലാം ഇവരുടെ ജോലിയാണ്‌

ഇന്‍ഫെക്ഷന്‍ കൺട്രോൾ കമ്മറ്റിയുടെ പ്രവര്‍ത്തനം ഈര്‍ജിതമാക്കണം. പൊതുജനങ്ങള്‍ പ്രത്യേകിച്ചും പ്രായമാവര്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എന്നിവർ അനാവശ്യമായി ആശുപത്രി സന്ദര്‍ശനം നടത്തുന്നത് ഒഴിവാക്കണം. ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ ആന്റിബയോട്ടിക്‌ ഉപയോഗിക്കാതിരിക്കുകയും വേണം.
പുതിയ രോഗങ്ങള്‍ക്ക്‌ പിന്നാലെ പോകുന്ന നാം അറിഞ്ഞിരിക്കണം പതിഞ്ഞിരിക്കുന്ന ഇത്തരം രോഗങ്ങളെ...

(തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ടെക്നോളജിയിലെ ഇന്ദ്രിയം ബയോലോജിക്സിലെ ശാസ്ത്രജ്ഞനാണ് ലേഖകൻ)

Content Highlights: How to controle hospital acquired infection, Nosocomial Infection, Health, Covid19

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
shane warne

1 min

'വോണുമായി ഞാന്‍ ഡേറ്റിങ്ങിലായിരുന്നു, ബന്ധം രഹസ്യമാക്കി സൂക്ഷിക്കാന്‍ അദ്ദേഹം പറഞ്ഞു'

Aug 17, 2022


Civic Chandran

1 min

ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രംധരിച്ചു; സിവിക് ചന്ദ്രന്‍ കേസില്‍ പരാതിനിലനില്‍ക്കില്ലെന്ന് കോടതി

Aug 17, 2022


supreme court

1 min

ക്രിസ്ത്യന്‍ വേട്ടയാടല്‍ ഇല്ല; ആരോപണം വിദേശസഹായം നേടാനാകാമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍

Aug 16, 2022

Most Commented