Representative Image| Photo: Getty Images
കോവിഡ് മഹാമാരി നമ്മുടെ പ്രതീക്ഷകളെ തകര്‍ത്തുകൊണ്ട് മുന്നേറുകയാണ്. മുന്നിലുള്ള അപകടം അംഗീകരിക്കാന്‍ കൂട്ടാക്കാത്തവര്‍ അദൃശ്യമായി ഉരുണ്ടുകൂടുന്ന കോവിഡ് സുനാമിയില്‍ ഒഴുകിപ്പോകും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ വിഷയത്തില്‍ വൈദഗ്ധ്യമുള്ളവരുടെ മികച്ച ലേഖനങ്ങള്‍ ധാരാളമായി ഇപ്പോള്‍ വരുന്നുണ്ട്. അതൊക്കെ വായിക്കാന്‍ ശ്രമിക്കുക. അറിവ് കൊണ്ട് മാത്രമേ ഈ രോഗസംക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയു.
എല്ലാവര്ക്കും അറിയാവുന്നതും, കണ്ടും വായിച്ചും മനസിലാക്കിയതുമായ ചില കാര്യങ്ങള്‍ ഓര്മ്മപ്പെടുത്തനാണ് ഇവിടെ ശ്രമിക്കുന്നത്. എല്ലാവരെയും പോലെ ഒരു രോഗാണുവിന്റെ മുന്നില്‍ അകപ്പെട്ടുപോയ ഒരാളാണ് ഇതെഴുതുന്നത്. ഈ രോഗസംക്രമണത്തെ എങ്ങനെ മറികടക്കാം എന്നാണ് ഞാനും ആലോചിക്കുന്നത്. ഏറ്റവും പ്രാധാന്യത്തോടെ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ വളരെ ചുരുക്കത്തിൽ ഇവിടെ എഴുതിയിട്ടുണ്ട്. വായിച്ചു വേണ്ടത് ചെയ്യുക.
- കോവിഡ് 19 രണ്ടാംതരംഗം നാം വിചാരിക്കുന്നതിനേക്കാള്‍ മാരകമാണ്.
- വൈറസിന്റെ രോഗപ്പകര്‍ച്ച ശേഷി പതിന്മടങ്ങ് വര്‍ധിച്ചിരിക്കുന്നു. നേരത്തെ ഒരു വീട്ടില്‍ ഒരാളില്‍ നിന്ന് 1-2 പേരിലേക്ക് പകര്‍ന്നിരുന്നത് ഇപ്പോള്‍ വീട്ടിലെ എല്ലാ അംഗങ്ങളിലേക്കും അതിവേഗം പകരുന്നു. എല്ലാവരും ഒറ്റയടിക്ക് രോഗകളാവുന്നു.
- വൈറസിന്റെ വേഗത മാത്രമല്ല, തീഷ്ണതയും വര്‍ധിച്ചതായി കരുതേണ്ടിയിരിക്കുന്നു. മരണനിരക്ക് ക്രമേണ കൂടുന്നു.
- നേരത്തെ 60 വയസ്സിന് മുകളിലുള്ളവരെയായിരുന്നു രോഗാണു കൂടുതല്‍ ബാധിച്ചിരുന്നത്. ഇപ്പോള്‍ അങ്ങനെയല്ല. 35-നും 55-നും ഇടയിലുള്ളവര്‍ കൂടുതല്‍ രോഗികളായി തീരുന്നു. അവരില്‍ രോഗം സങ്കീര്‍ണ്ണമാകുന്നവരുടെയും മരണമടയുന്നവരുടെയും എണ്ണവും ക്രമേണ കൂടിവരികയാണ്.
- ഐ.സി.യു. കിടക്കകളും വെന്റിലേറ്ററുകളും ഓക്സിജന്‍ വിതരണവും കേരള സർക്കാർ കഴിഞ്ഞ വര്‍ഷം തന്നെ വലിയൊരു രോഗപ്പകര്‍ച്ചയെ മുന്നില്‍ കണ്ട് ആവശ്യത്തിനും അധികമായും തയ്യാറാക്കിയിരുന്നു.
- എന്നാല്‍ നാം ഇപ്പോള്‍ കാണുന്നത് എന്താണ്? ഐ.സി.യു. കിടക്കകള്‍ അതിവേഗം നിറയുന്നു. വെന്റിലേറ്റര്‍ ആവശ്യമായി വരുന്ന രോഗികളുടെ എണ്ണവും ദിനംപ്രതി കൂടുന്നു.
- രോഗപ്പകര്‍ച്ച ഈ രീതിയില്‍ മുന്നോട്ട് പോയാല്‍ എത്ര ഒരുക്കങ്ങള്‍ ചെയ്താലും അവയൊക്കെ മതിയാകാതെ വരും. ഉറപ്പായും സര്‍ക്കാര്‍ ആശുപത്രിയിലോ, സ്വകാര്യ ആശുപത്രിയിലോ നിങ്ങള്‍ക്ക് കിടക്കകള്‍ കിട്ടാതെയാവും
- ഭാവിയില്‍ ഗുരുതര രോഗികള്‍ക്ക് ഐ.സി.യു. ചികിത്സയോ, വെന്റിലേറ്റര്‍ സഹായമോ ലഭ്യമാകാതിരിക്കാനുള്ള സാഹചര്യമാണ് ഉരുത്തിരിയുന്നത്.
- നമുക്ക് മികച്ച ഒരു ആരോഗ്യസംവിധാനമുണ്ട്. നാം ഉറപ്പായും നല്ല ഒരുക്കങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ തയ്യാറെടുക്കുകയും ചെയ്യുന്നു. ഇതല്ലാം സത്യമാണ്.
- പക്ഷേ, പുതിയതായി അണുബാധയുണ്ടാവുന്നവരുടെ എണ്ണം ദിനംപ്രതി ഈ വിധം കൂടിക്കൊണ്ടിരുന്നാല്‍ എല്ലാ ഒരുക്കങ്ങളും നിഷ്ഫലമായിത്തീരും. ഇപ്പോള്‍ത്തന്നെ രോഗികളായി തീര്‍ന്നവരെയും, വരും ദിവസങ്ങളില്‍ രോഗികളായിത്തീരും വിധം വൈറസ് ഉള്ളില്‍ പ്രവേശിച്ചവരെയും പുതിയതായി രോഗികളായി തീരുന്നവരെയും ഒരുമിച്ച് കൈകാര്യം ചെയ്യാന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിയാതെ വരും.
- എങ്കില്‍ ഉറപ്പായും ഓക്സിജന്‍ ക്ഷാമമുണ്ടാവും. കിടക്കകള്‍ ഇല്ലാതെ വരും. ഡോക്ടര്‍മാര്‍ക്കും നഴ്സുമാർക്കും എല്ലാവര്ക്കും പരിചരണം നല്കാന് കഴിയാതെ വരും. കൂട്ടമരണങ്ങള്‍ സംഭവിക്കും. ഒരു സംശയവും വേണ്ട. ആര്‍ക്കും!
- രോഗപകര്‍ച്ച തടഞ്ഞില്ലെങ്കില്‍, നാം ആ ഘട്ടത്തിലേക്ക് നടന്നടുക്കും എന്നതാണ് യാഥാര്‍ഥ്യം.
- പുറത്തു പോകാന്‍ അത്യാവശ്യമില്ലാത്തവരും, ശാന്തമായി വീട്ടിലിരിക്കാന്‍ കഴിയുന്നവരും വീട്ടിനുള്ളില്‍ തന്നെ കഴിയുക. അത്രയും തിരക്കും ആള്കൂട്ടവും കുറയും.
- ഒരു കാരണവശാലും മാസ്ക് താഴ്ത്തി സംസാരിക്കരുത്. മാസ്ക്കില്ലാതെ സംസാരിക്കുമ്പോഴാണ് ഇപ്പോള്‍ പ്രധാനമായും വൈറസ് പകരുന്നത്.
- ആവശ്യമില്ലാത്ത എല്ലാ മീറ്റിങ്ങുകളും പാര്‍ട്ടികളും ചടങ്ങുകളും ഒഴിവാക്കുക.
- വരുന്ന ഒരു മാസം ഒരു കല്യാണത്തിനും പോകരുത്. ഒരു കല്യാണവും നടത്തരുത്.
- മരിച്ചത് നിങ്ങളല്ലെങ്കില്‍ / മരിച്ചയാളെ സംസ്കരിക്കേണ്ടത് നിങ്ങളല്ലെങ്കില്‍, ഒരു മരണാനന്തര ചടങ്ങിനും പങ്കെടുക്കരുത്. അത്തരം ചടങ്ങുകളില്‍ മൃതശരീരം ഒഴിച്ച് മറ്റെല്ലാവരും രോഗം പരത്താന്‍ സാധ്യതയുണ്ട്.
- വായുസഞ്ചാരമില്ലാത്ത അടഞ്ഞ മുറികളില്‍ കഴിവതും കയറാതിരിക്കുക. കഴിയാതിരിക്കുക.
- നിങ്ങള്‍ ഇരിക്കുന്ന മുറിയുടെ ജനലുകളും വാതിലുകളും തുറന്നിടുക. എങ്കില്‍ വൈറസിന് ഉള്ളില്‍ തങ്ങി നിന്ന് പകരാന്‍ കഴിയില്ല.
- ഒരു കാരണവശാലും ഒരു തിരക്കിലും പങ്കാളികളാവരുത്
- സംഘം ചേര്‍ന്നിരുന്ന് മദ്യപാനം രോഗപകര്‍ച്ച കൂട്ടുന്ന ശീലമാണ്. സൂക്ഷിക്കുക.
- കാപ്പിക്കടകളിലും ഭക്ഷണശാലകളിലും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കലും, കൂടിയിരുന്നുള്ള സംഭാഷണവും നിങ്ങളിലേക്ക് രോഗാണു വരുന്നതിനും നിങ്ങളില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗാണു സഞ്ചരിക്കുന്നതിനും കാരണമാകും. ഭക്ഷണം കഴിക്കുമ്പോള്‍ (ഒരു മാസത്തേക്ക്) മിണ്ടരുത്.
- വൈറസ് പുല്ലാണ് എന്ന് കരുതി പെരുമാറുന്നവരെ സൂക്ഷിക്കുക. അവരോടൊപ്പം അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്രിമറ്റോറിയങ്ങളിലേക്ക് പോകാന്‍ നിങ്ങള്‍ക്ക് താല്പര്യമില്ലെങ്കില്, അവരില്‍നിന്ന് കര്‍ശനമായി അകലം പാലിക്കുക.
- മാനസികാരോഗ്യം നിലനിർത്തുക. അമിതമായ ഉത്കണ്ഠയും വിഷാദവുമുണ്ടെങ്കില്‍ വൈദ്യസഹായം തേടാന്‍ മടി കാണിക്കരുത്. ഉത്കണ്ഠയും വിഷാദവും നിങ്ങളുടെ രോഗപ്രതിരോധശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ ജീവനെ അപകടപ്പെടുത്തുകയും ചെയ്യാം.
രോഗസംക്രമണത്തിന്റെ കുതിപ്പ് കുറയ്ക്കാനായാല്‍, നിങ്ങള്‍ രോഗികളായാല്‍ പോലും ഏത് ആശുപത്രിയിലും ഉറപ്പായും നിങ്ങള്‍ക്ക് കിടക്കയുണ്ടാവും. രോഗം തീഷ്ണമായാലോ എന്നോര്‍ത്ത് ഉത്കണ്ഠ വേണ്ട. തിരക്കില്ലാത്ത ഐ.സി.യുകള്‍ നിങ്ങള്‍ക്ക് വേണ്ടി ഒരുങ്ങിയിരിക്കും. ഓക്സിജന്‍ ഒരിക്കലും ക്ഷാമവും ഉണ്ടാകില്ല. എന്തു വേണമെന്ന് തീരുമാനിക്കുക.
Content Highlights: How to control Covid19 tips to control Corona Virus, Health, Covid19, Corona Virus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..