Representative Image| Photo: GettyImages
രക്താതിമര്ദചികിത്സയെക്കുറിച്ച് ആലോചിക്കുമ്പോള്‍ മനസ്സിലേക്ക് കടന്നുവരുന്ന ഒരു അനുഭവമുണ്ട്. അന്ന് വൈദ്യം പഠിച്ചു കഴിഞ്ഞിട്ടേയുള്ളൂ. പ്രാക്ടീസ് തുടങ്ങിയിട്ടില്ല. അയല്‍പക്കക്കാരനായ ഹൈപ്പര്‍ ടെന്‍ഷന്‍ രോഗിയുടെ ബി.പി. നോക്കി കുറിച്ചുവെക്കേണ്ട ചുമതല ഏറ്റെടുക്കേണ്ടി വന്നു. മധ്യവയസ്‌കനായ അദ്ദേഹം അക്ഷരാര്‍ഥത്തില്‍ സ്ഥൂലനായിരുന്നു. ഭക്ഷണം നന്നായി നിയന്ത്രിച്ചിരുന്നെങ്കിലും അമിതമായ ശരീരഭാരം കാരണം വ്യായാമം നാമമാത്രമായിരുന്നു. ആയുര്‍വേദമരുന്ന് ഒരുദിവസംപോലും വിടാതെ ശീലിച്ചുകൊണ്ടാണ് അദ്ദേഹം രക്താതിമര്‍ദം നിയന്ത്രിച്ചിരുന്നത്. ലേഹരൂപത്തിലുള്ള ആ മരുന്നിന്റെ പേരാണ് 'ദശമൂലഹരീതകി'. ദശമൂലഹരീതകിയുടെ പ്രവര്‍ത്തനപഥം വിശകലനംചെയ്താല്‍ ആയുര്‍വേദം രക്താതിമര്‍ദത്തെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളത് തെളിഞ്ഞു കിട്ടും. ദശമൂലഹരീതകി മര്‍മപ്രാധാന്യമുള്ള മൂന്ന് അവയവങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഹൃദയം, കരള്‍, വൃക്ക എന്നിവയാണത്. ഇതിനു പുറമേ രക്തത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യത്തിലും ദശമൂലഹരീതകി സ്വാധീനം ചെലുത്തുന്നു.
ശരീരത്തില്‍ രണ്ടു നിലയ്ക്കാണ് കൊഴുപ്പും തജ്ജന്യ മാലിന്യങ്ങളും സംഭരിക്കപ്പെടുന്നത്. ഒന്ന്-ആഹരിക്കപ്പെടുന്ന കൊഴുപ്പ് (dietary source). രണ്ട്-ഉപാപചയ പ്രക്രിയയ്ക്കുണ്ടാകുന്ന തകരാറുകള്‍ മൂലം (Metabolic errors) ഉത്പാദിപ്പിക്കപ്പെടുന്നവ. ഇത്തരം കൊഴുപ്പുകളുടെ വിഘടനവും പചനവും മറ്റും നിര്‍വഹിക്കുന്നത് കരളോ കരളിന്റെ സഹായത്തോടുകൂടിയോ ആണ്. ദശമൂലഹരീതകി ഒരു 'കരള്‍ സഹായി'യായി പ്രവര്‍ത്തിക്കുന്നു. ഇതിന്റെ ഫലമായി രക്തത്തിലുള്ള കൊഴുപ്പിന്റെ തോത് കുറയുകയും തന്മൂലം രക്തക്കുഴലുകളില്‍ സമ്മര്‍ദം ഏല്‍പ്പിക്കാതെയുള്ള രക്തചംക്രമണം ഉറപ്പുവരുത്തുകയും ചെയ്യുന്നു.
ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയുടെ സുസ്ഥിതി നിലനിര്‍ത്തുന്നതിന് ശരീരത്തിനകത്തുള്ള ദ്രവസഞ്ചയം (fluid load) കൃത്യമായി നിലനിര്‍ത്തേണ്ടതുണ്ട്. സൂക്ഷ്മതലത്തിലുള്ള സംശോധന പ്രക്രിയ (Microcellular purification) വഴി ഇത് നിര്‍വഹിക്കുവാന്‍ ദശമൂലഹരീതകിക്ക് കഴിയുന്നു. തദ്വാരാ ഈ ഔഷധം വൃക്കയുടെ പ്രവര്‍ത്തനഭാരത്തെ ലഘൂകരിക്കുന്നു. അതുവഴി രക്തസമ്മര്‍ദത്തെ സാധാരണ നിലയില്‍ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.
ദശമൂലഹരീതകിയില്‍ പ്രധാനമായും ദശമൂലവും കടുക്കയും ആണ് ഉള്ളത്. ഇതിനു പുറമെ ഏലത്തരി, തിപ്പലി, ചവര്‍ക്കാരം മുതലായ ചില ഔഷധങ്ങളുമുണ്ട്. ഏലത്തരി പോലുള്ള ചേരുവകള്‍ ജൈവകോശങ്ങളിലേക്ക് ഔഷധവീര്യം സുഗമമായി എത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു (bioenhancer).
ദശമൂലം എന്നാല്‍ പത്ത് വേരുകളുടെ മിശ്രണമാണ്. രക്തസമ്മര്‍ദാധിക്യത്തില്‍ സാധാരണ കാണുന്ന തലവേദന, കിതപ്പ് മുതലായ ലക്ഷണങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ദശമൂലത്തിന് കഴിയും. ശരീരത്തില്‍ അടിഞ്ഞുകൂടുന്ന ദ്രവരൂപത്തിലുള്ളതോ സ്രവങ്ങളില്‍ അടിഞ്ഞുകിടക്കുന്നതോ ആയ മാലിന്യങ്ങളെ ഇല്ലാതാക്കാനും ദശമൂലം പ്രയോജനപ്പെടുന്നു.
ഹരീതകി എന്നാല്‍ കടുക്കയാണ്. കടുക്കയില്‍ ഉപ്പൊഴിച്ച് അഞ്ച് രസങ്ങളും (മധുരം, പുളി, കയ്പ്, എരിവ്, ചവര്‍പ്പ്) ഉണ്ട്. ഉപ്പില്ലാത്ത ഔഷധം എന്ന നിലയ്ക്ക് കടുക്കയ്ക്ക് രക്താതിമര്‍ദത്തിന്റെ ചികിത്സയില്‍ പ്രത്യേക സ്ഥാനമുണ്ട്. ഹരീതകിയുടെ ഔഷധഗുണങ്ങളില്‍ ഹൃദയരക്ഷയും ഉള്‍പ്പെടുന്നു. ശാരീരികവും മാനസികവും വൈകാരികവുമായ സന്തുലനാവസ്ഥ സൃഷ്ടിച്ചുകൊണ്ടാണ് ഹരീതകി ഹൃദയരക്ഷ നിര്‍വഹിക്കുന്നത്.
രക്താതിമര്‍ദം നിയന്ത്രിക്കുന്നതിനുള്ള ആയുര്‍വേദ ചികിത്സാ സമീപനത്തെ ഇങ്ങനെ സംഗ്രഹിക്കാം:
- ഹൃദയം, കരള്‍, വൃക്ക എന്നീ അവയവങ്ങളെ സുസ്ഥിതിയില്‍ നിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ യുക്തമായ ജീവിതചര്യയിലൂടെയും ഔഷധസേവയിലൂടെയും സ്വീകരിക്കുക.
- രക്തധമനികളെ സ്വധര്‍മനിര്‍വഹണത്തിന് പ്രാപ്തമായ രീതിയില്‍ സംരക്ഷിക്കുക. ധമനികള്‍ക്ക് സങ്കോചം, അപചയം എന്നിവ ഉണ്ടാകാനിടയുള്ള സാഹചര്യം ഒഴിവാക്കുക. രക്തത്തിന്റെ സുഗമമായ ഒഴുക്ക് ഉറപ്പ് വരുത്തുക.
- ഇക്കാര്യങ്ങള്‍ നിലനിര്‍ത്തുവാന്‍ തക്കരീതിയില്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കേണ്ടതുണ്ട്.
- ശരീരത്തില്‍ അമിതമായ കൊഴുപ്പും തജ്ജന്യ മാലിന്യങ്ങളും സംഭരിക്കപ്പെടാതെ ശ്രദ്ധിക്കുക. ഇത് ആഹാര നിയന്ത്രണം, വ്യായാമം, ആവശ്യാനുസരണമുള്ള ഔഷധസേവ എന്നിവയിലൂടെയാണ് സാധിക്കേണ്ടത്.
- മലമൂത്രവിസര്‍ജനം കൃത്യമായി നിര്‍വഹിക്കുക. ഇതിലുണ്ടാകുന്ന അപാകങ്ങള്‍ പരോക്ഷമായി രക്തസമ്മര്‍ദത്തെ വര്‍ധിപ്പിക്കും.
- രക്താതിമര്‍ദം പലപ്പോ
- ഴും ലക്ഷണമൊന്നും കാണിക്കില്ല. അതിനാല്‍ കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധന നടത്തി രക്തസമ്മര്‍ദം സാധാരണ നിലയിലാണെന്ന് ഉറപ്പുവരുത്തണം.
- ഉപ്പിന്റെ ഉപയോഗം നിയന്ത്രിക്കണം.
- മാനസിക വിക്ഷോഭങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാന്‍ മനസ്സിനെയും ബുദ്ധിയെയും പരിശീലിപ്പിക്കുക.
സര്‍പ്പഗന്ധ, ജടാമാഞ്ചി, അശ്വഗന്ധ, രുദ്രാക്ഷം മുതലായ മരുന്നുകള്‍ രക്തസമ്മര്‍ദം കുറയ്ക്കുന്നു (Herbal antihypertensives). ദശമൂലഹരീതകി ലേഹം, ദ്രാക്ഷാദി ക്വാഥം ടാബ്ലറ്റ്, മഹാതിക്തം ക്വാഥം ടാബ്ലറ്റ്, അശ്വഗന്ധാരിഷ്ടം മുതലായ മരുന്നുകള്‍ രക്താതിമര്‍ദം ഉണ്ടാക്കുന്ന സാഹചര്യങ്ങളെ അതിജീവിക്കാന്‍ സഹായിക്കുന്നു. ഇവയെ 'Disease Modifying Medicines' എന്ന് വിശേഷിപ്പിക്കാം. അഭ്യംഗം, യോഗാസനങ്ങള്‍, ശ്വസന വ്യായാമങ്ങള്‍ എന്നിവയും ചികിത്സയുടെ പരിധിയില്‍ വരുന്നു. ഇവ അനുബന്ധചികിത്സകളാണ്. (Adjuvant therapies)
ഉയര്‍ന്ന രക്തസമ്മര്‍ദത്തെ പെട്ടെന്ന് സാധാരണ നിലയിലേക്ക് കൊണ്ടുവരേണ്ടതിന് അടിയന്തര ചികിത്സ ആവശ്യമാണ്. തുടര്‍ച്ചയായി നില്‍ക്കുന്ന രക്താതിമര്‍ദം ആപത്കാരിയാണ്. ഇത്തരം ഘട്ടങ്ങളില്‍ രക്തസമ്മര്‍ദത്തെ കുറയ്ക്കുന്ന നൂതനങ്ങളായ ഔഷധങ്ങള്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. തുടര്‍ചികിത്സയില്‍ യുക്തിക്കനുസരിച്ച് ആയുര്‍വേദ ഔഷധങ്ങള്‍ ഉപയോഗപ്പെടുത്തുകയുമാകാം. ആയുര്‍വേദ മരുന്നുകള്‍ക്ക് പാര്‍ശ്വഫല
ങ്ങള്‍ താരതമ്യേന കുറവാ
ണുതാനും.
(കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ അഡീഷണല്‍ ചീഫ് ഫിസിഷ്യനാണ് ലേഖകന്‍)
Content Highlights: How to control, BP Ayurveda tips to control BP, Health, Ayurveda
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..