നടുവേദന ശമിപ്പിക്കാന്‍ ആയുര്‍വേദ ചികിത്സാരീതികള്‍ ഇതാണ്


ഡോ. സിന്ധു എ.

രോഗാവസ്ഥയ്ക്കനുസരിച്ച് പ്രയോഗിക്കുന്ന സ്വേദനം, വിരേചനം, വസ്തി, ശമനൗഷധങ്ങള്‍ എല്ലാം നീര്‍ക്കെട്ട് കുറയ്ക്കാനും നടുവേദന ശമിപ്പിക്കാനും സഹായിക്കും

ഫോട്ടോ: വിവേക് ആർ. നായർ

ജീവിതത്തില്‍ ഏതെങ്കിലും ഘട്ടത്തില്‍ നടുവേദന അനുഭവപ്പെടാത്തവര്‍ വിരളമാണ്. 30നും 55നും ഇടയില്‍ പ്രായമുള്ളവരിലാണ് നടുവേദന കൂടുതല്‍ കാണുന്നത്. വ്യായാമം തീരെ കുറഞ്ഞവര്‍, അധികസമയം ഇരുന്ന് ജോലിചെയ്യുന്നവര്‍, അമിതവണ്ണമുള്ളവര്‍, പുകവലി ശീലമാക്കിയവര്‍, മാനസിക സമ്മര്‍ദം ഏറിയവര്‍ എന്നിവരില്‍ നടുവേദന സാധാരണമായി കണ്ടുവരുന്നു.

മറ്റ് പല അസുഖങ്ങളുടെ ഭാഗമായും നടുവേദന കാണാറുണ്ടെങ്കിലും വളരെ സാധാരണമായി കണ്ടുവരുന്ന അവസ്ഥയാണ് ഐ.വി.ഡി.പി. (Intervertebral Disc Prolapse). ശരീരഭാരം കൂടുതല്‍ താങ്ങുന്നതുമൂലം നട്ടെല്ലിന്റെ താഴ്ഭാഗത്തുള്ള ലംബാര്‍ വെര്‍ട്ടിബ്രയ്ക്കും അതിന്റെ ഇടയ്ക്കുള്ള ഡിസ്‌കുകള്‍ക്കും കൂടുതല്‍ വ്യയം സംഭവിക്കുന്നു. ഡിസ്‌കിന് അപചയം സംഭവിക്കുന്നത് കശേരുക്കള്‍ക്കിടയിലുള്ള സന്ധികളുടെ കാര്യക്ഷമതയെ ബാധിക്കുകയും നടുവേദനയുണ്ടാക്കുകയും ചെയ്യും.

അമിതഭാരം കുനിഞ്ഞെടുക്കുക, ചരിഞ്ഞോ തിരിഞ്ഞോ ഭാരം എടുക്കുക, അധികനേരം ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുക. കുനിഞ്ഞുനിന്നുള്ള ജോലികളില്‍ അധികനേരം ഏര്‍പ്പെടുക, നടുവിന് ക്ഷതം ഏല്‍ക്കുക തുടങ്ങിയ കാരണങ്ങളാല്‍ സാധാരണയായി ഡിസ്‌കിന് സ്ഥാനഭ്രംശം സംഭവിക്കാം.

ശീതീകരിച്ച ആഹാരപദാര്‍ഥങ്ങളുടെ ഉപയോഗം, പോഷകമില്ലാത്ത ആഹാരപദാര്‍ഥങ്ങള്‍, അസമയത്ത് ആഹാരം കഴിക്കുന്നത്, അമിത മാനസിക സംഘര്‍ഷം, ഉറക്കമിളപ്പ്, ശാരീരിക വേഗങ്ങളെ തടുക്കുക തുടങ്ങിയ കാര്യങ്ങള്‍മൂലമുണ്ടാകുന്ന
പ്രശ്നങ്ങള്‍ കടീപ്രദേശത്തെ ബാധിച്ച് നടുവിന്റെ ചലനങ്ങളും കര്‍മങ്ങളും ബുദ്ധിമുട്ടിലാകുന്നു.

നിദാന പരിവര്‍ജനം

രോഗകാരണങ്ങളെ ഒഴിവാക്കലാണ് ചികിത്സയുടെ പ്രധാന ഭാഗം. ശരിയായ വ്യായാമം, വിശ്രമം, ഉറക്കം, ആഹാരരീതി ഇവ ശീലിക്കുന്നതുതന്നെയാണ് നിദാന പരിവര്‍ജനം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. രോഗാവസ്ഥയ്ക്കനുസരിച്ച് പ്രയോഗിക്കുന്ന ബാഹ്യവും ആഭ്യന്തരവുമായ സ്നേഹപ്രയോഗങ്ങള്‍, സ്വേദനം, വിരേചനം, വസ്തി, ശമനൗഷധങ്ങള്‍ എല്ലാംതന്നെ ഡിസ്‌കുകള്‍ക്കും കശേരുക്കള്‍ക്കും ഉണ്ടാകുന്ന വ്യയം തടയാനും, നടുവേദനയുമായി അനുബന്ധിച്ചുണ്ടാകുന്ന നീര്‍ക്കെട്ട് പരിഹരിക്കാനും സഹായിക്കുന്നു. മാത്രമല്ല തുടര്‍ന്ന് നീര്‍ക്കെട്ട് ഉണ്ടാകാതിരിക്കാനും, നാഡികളുടെ ക്ഷതം ദൂരീകരിക്കാനും, പേശികള്‍ക്ക് ബലം നല്‍കാനും സഹായിക്കുന്നു.

സ്നേഹസ്വേദ പ്രയോഗം

രോഗാവസ്ഥയ്ക്കനുസരിച്ച് ഉചിതമായ തൈലങ്ങള്‍ ശരീരം മുഴുവനായും പുരട്ടുകയും അനുയോജ്യമായ സ്വേദന ക്രിയകള്‍കൊണ്ട് ചൂടുപിടിപ്പിച്ച് വിയര്‍പ്പിക്കുന്നതുമായ ഒരു ക്രിയാക്രമമാണ്. ഇതിനായി, വാതഹരങ്ങളായ ധാന്വന്തരം തൈലം, വലിയ സഹചരാദി തൈലം, മഹാമാഷതൈലം,തുടങ്ങിയവ പുരട്ടാനും, യുക്തിക്കനുസരിച്ച് പൊടിക്കിഴി,ഇലക്കിഴി, നാളീസ്വേദം, തുടങ്ങിയ പ്രയോഗങ്ങള്‍ വിയര്‍പ്പിക്കുന്നതിനായും ഉപയോഗിക്കാവുന്നതാണ്. സ്നേഹസ്വേദ പ്രയോഗങ്ങള്‍കൊണ്ട് ശരീരത്തിന് അയവും വേദനാശമനവും ഉണ്ടാകുന്നു.

അവഗാഹസ്വേദം

നടുവേദനയില്‍ വളരെ പ്രയോജനം ചെയ്യുന്നതും പെട്ടെന്ന് വേദന കുറയ്ക്കാന്‍ ഉപയോഗിക്കുന്നതുമായ ഒരു ചികിത്സാ രീതികൂടിയാണിത്. ധാന്വന്തരം തൈലം, മഹാമാഷതൈലം, മുറിവെണ്ണ തുടങ്ങിയ ഉചിതമായ തൈലം വേദനയുള്ള ഭാഗത്ത് പുരട്ടിയിരുന്ന് അരമണിക്കൂറിനുശേഷം കരിനൊച്ചിയില, ആവണക്കില, പുളിയില, പഴുത്ത പ്ലാവില, ഉങ്ങിനില തുടങ്ങി വാതഹരമായ ഔഷധങ്ങള്‍ ഇട്ട് വെള്ളം തിളപ്പിച്ച്, ചൂട് പാകമാകുമ്പോള്‍ അതില്‍ ഇറങ്ങി ഇരിക്കുകയാണ് വേണ്ടത്. പൊക്കിള്‍വരെയുള്ള ഭാഗം വെള്ളത്തില്‍ മുങ്ങിയിരിക്കത്തക്കവിധംവേണം ഇറങ്ങി ഇരിക്കാന്‍. നന്നായി വിയര്‍ക്കുന്നതുവരെ അവഗാഹ സ്വേദം ചെയ്യാം. രണ്ട് ആഴ്ചവരെ എല്ലാ ദിവസവും തുടര്‍ന്നുചെയ്യുകയും ചെയ്യാം.

പിചു

രോഗാവസ്ഥയ്ക്കനുസരിച്ച് മഹാനാരായണ തൈലം, മുറിവെണ്ണ, വലിയ സഹചരാദി തൈലം, ധാന്വന്തരം തൈലം ഇവ ചൂടാക്കി, അതില്‍ പഞ്ഞിയോ പരുത്തിത്തുണിയോ മുക്കി വേദനയുള്ള ഭാഗത്ത് പതിച്ചുവയ്ക്കുന്ന പ്രയോഗ രീതിയാണ് പിചു. തുണി ചൂടായിരിക്കാന്‍വേണ്ടി ഇടയ്ക്കിടെ തൈലം ചെറുചൂടില്‍ പകര്‍ന്നുകൊടുക്കണം. ഈ പ്രയോഗം വേദന ശമിപ്പിക്കാന്‍ വളരെ ഉപകാരപ്രദമാണ്, വീട്ടില്‍തന്നെ ചെയ്യാവുന്നതുമാണ്.

വിരേചനം

ഗന്ധര്‍വഹസ്താദി ഏരണ്ഡതൈലം, നിംബാമൃതാദി ഏരണ്ഡതൈലം, തുടങ്ങിയ ഔഷധങ്ങള്‍കൊണ്ട് സ്‌നിഗ്ധവിരേചനം (വയറിളക്കല്‍) വളരെ ഫലപ്രദമാണ്.

കടീ വസ്തി/പൃഷ്ഠ വസ്തി

വേദനയുള്ള ഭാഗത്ത് ചെറുചൂടുള്ള തൈലം നിര്‍ത്തുന്ന രീതിയാണ് കടീവസ്തി അഥവാ പൃഷ്ഠവസ്തി. ഉഴുന്നുമാവുകൊണ്ട് വേദനയുള്ള ഭാഗത്ത് നട്ടെല്ലിനുചുറ്റുമായി ഒരു തടസ്സമുണ്ടാക്കി അതില്‍ ചെറുചൂടോടെ തൈലം ഒഴിച്ച് നിര്‍ത്തുന്ന ചികിത്സയാണ്. ഇതിലേക്കായി ബലാശ്വഗന്ധാദി തൈലം, മഹാമാഷതൈലം, ധാന്വന്തരം തൈലം, മുറിവെണ്ണ, എന്നിവ അവസ്ഥാനുസരണം ഉപയോഗിക്കാവുന്നതാണ്. തൈലം തണുക്കുന്നതിനനുസരിച്ച്, മുക്കിയെടുക്കുകയും പകരം ചൂടാക്കിയ തൈലം ഒഴിച്ചുകൊടുക്കുകയും ചെയ്യണം.

നടുവിനുണ്ടാകുന്ന വേദന, അരയ്ക്കുതാഴെയുള്ള ബലക്ഷയം, എന്നീ അവസ്ഥകളില്‍ കടീവസ്തി പ്രയോജനം ചെയ്യും.

മറ്റ് വസ്തിക്രമങ്ങള്‍

ഏരണ്ഡമൂലാദി കഷായ വസ്തി, ബലാഗുളുച്യാദി കഷായ വസ്തി, മാത്രാവസ്തി, മാധുതൈലികവസ്തി, വൈതരണവസ്തി തുടങ്ങിയ വസ്തിപ്രയോഗങ്ങള്‍ ഡിസ്‌കുമായി ബന്ധപ്പെട്ട നടുവേദനയുടെ ചികിത്സയില്‍ വളരെയധികം പ്രയോജനം ചെയ്യും.

ലേപനം: മര്‍മ ഗുളിക പുളിയിലനീരിലോ അരിക്കാടിയിലോ അരച്ചിടുന്നത് പ്രാദേശികമായുണ്ടാകുന്ന വീക്കത്തിനും വേദനയ്ക്കും വളരെ ഫലപ്രദമായി കണ്ടുവരുന്നു.

ശമനൗഷധങ്ങള്‍

ഗന്ധര്‍വഹസ്താദി കഷായം, രാസ്‌നാസപ്തകം കഷായം, ധാന്വന്തരം കഷായം, ഗുല്‍ഗുലുതിക്തകം കഷായം, മഹാരാസ്‌നാദികഷായം, സഹചരാദി കഷായം തുടങ്ങിയ കഷായങ്ങള്‍ അവസ്ഥാനുസരേണ ക്ഷീരബല, ധാന്വന്തരം തുടങ്ങിയ ആവര്‍ത്തിച്ച തൈലങ്ങള്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് വളരെ ഫലപ്രദമായി കണ്ടിട്ടുണ്ട്. ഹിംഗ്വാദി ഗുളിക, വലിയ മര്‍മഗുളിക, യോഗരാജഗുല്‍ഗുലു, ധാന്വന്തരം ഗുളിക തുടങ്ങിയ ഗുളികകള്‍, ദശമൂലഹരീതകി ലേഹ്യം, ഗുല്‍ഗുലുതിക്തകം ഘൃതം, വിദാര്യാധി ഘൃതം, ഷഡ്ധരണചൂര്‍ണം, ഹിംഗുവചാദി ചൂര്‍ണം, ത്രിഫലാദി ചൂര്‍ണം, ബലാരിഷ്ടം, ധാന്വന്തരാരിഷ്ടം, അശ്വഗന്ധാരിഷ്ടം, മുറിവെണ്ണ, ധാന്വന്തരം തൈലം, വലിയ നാരായണതൈലം തുടങ്ങിയ എണ്ണകളും നടുവേദനയില്‍ രോഗികള്‍ക്ക് വളരെയധികം ആശ്വാസം നല്‍കുന്നു.

ദഹനശക്തി കൂട്ടുന്നതും മലബന്ധം ഒഴിവാക്കുന്നതുമായ ആഹാരക്രമം പാലിക്കുക, ഉയരത്തിനനുപാതമായ ശരീരഭാരം നിലനിര്‍ത്തുക, എല്ലുകള്‍ക്കും പേശികള്‍ക്കും ബലം വര്‍ധിക്കുംവിധം ശരീരശക്തിക്കനുസരിച്ച് വ്യായാമം ചെയ്യുക, ഭാരമുയര്‍ത്തുമ്പോള്‍ ശരീരത്തോട് ചേര്‍ത്തുപിടിച്ചും മുട്ടുകുത്തിനിന്നും ഭാരമുയര്‍ത്തുക, അധികനേരം ഇരുന്ന് ജോലി ചെയ്യുന്നവര്‍ നടുനിവര്‍ത്തി പാദങ്ങള്‍ നിലത്തുറപ്പിച്ചുവയ്ക്കുക, എന്നീ രീതികള്‍ എല്ലാംതന്നെ നടുവേദന വരാതിരിക്കാനും നടുവേദന ഉണ്ടെങ്കില്‍ ശാരീരിക അവശത ഒഴിവാക്കി മെച്ചപ്പെട്ട ഒരു ജീവിത നിലവാരം നിലനിര്‍ത്താനും സഹായകമാകുന്നു.

ചികിത്സകളെല്ലാം വൈദ്യ നിര്‍ദേശ പ്രകാരം ചെയ്യേണ്ടവയാണ്.

(കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസി ടെക്‌നിക്കല്‍ & ആര്‍.എസ്.ഡി. വൈസ് പ്രസിഡന്റാണ് ലേഖിക)

Content Highlights: How to control back pain ayurveda tips to control back pain, Health, Ayurveda

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022


vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022

More from this section
Most Commented