Representative Image | Photo: Gettyimages.in
പ്രമേഹവും ഹൃദ്രോഗവുംപോലെ കരുതലോടെ സമീപിക്കേണ്ട രോഗമാണ് ആസ്ത്മ. നിര്‍ഭാഗ്യവശാല്‍ ഇന്നും അതിന്റെ തീവ്രത മനസ്സിലാക്കാനോ ഉള്‍ക്കൊള്ളാനോ സമൂഹത്തിന് കഴിഞ്ഞിട്ടില്ല; തയ്യാറായിട്ടില്ല എന്നും പറയാം.
ഭൂരിപക്ഷംപേരിലും കുട്ടിക്കാലത്തേ കണ്ടുവരുന്നതാണ് അലര്‍ജി അടിസ്ഥാനമായുള്ള ആസ്ത്മാരോഗം. തുടര്‍ച്ചയായ ചികിത്സ രോഗിയിലും പരിചരിക്കുന്നവരിലും മടുപ്പുണ്ടാക്കുകയും അവര്‍ അതിനെ നിസ്സാരവത്കരിക്കുകയുമാണ് ചെയ്യുന്നത്. രോഗിയുടെ ജീവന്‍തന്നെ അപകടത്തിലാക്കിയേക്കാവുന്ന ആസ്ത്മയെ അല്പം കരുതല്‍ സ്വീകരിച്ചാല്‍ നിയന്ത്രിക്കാനാവും. കൃത്യമായ പരിചരണവും ചികിത്സയുമുണ്ടെങ്കില്‍ ഈ രോഗത്തിനു പരിഹാരം കാണാനാവുമെന്ന് ആയുര്‍വേദത്തില്‍ പറയുന്നുണ്ട്. കരുതലും ജാഗ്രതയുമാണ് ഇവിടെ ആവശ്യം.
ശ്വാസകോശം, ശ്വാസനാളം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും അവയുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന അസുഖത്തെയാണ് ആസ്ത്മയെന്ന് നാം വിളിക്കുന്നത്. ആരോഗ്യത്തിനും ജീവിതനിലവാരത്തിനും കഠിനാധ്വാനത്തിനുമെല്ലാം കോട്ടംവരുത്തുന്നരീതിയില്‍ ബാധിക്കുന്ന, ദീര്‍ഘകാല ആമാശയജന്യമായ രോഗമാണ് ആസ്ത്മ അഥവാ തമകശ്വാസം എന്നാണ് ആയുര്‍വേദം പറയുന്നത്. തമകമെന്ന പേര് തളര്‍ച്ചയെ സൂചിപ്പിക്കുന്നു.
ആയുര്‍വേദം വാതം, പിത്തം, കഫം എന്നിവയുടെ സന്തുലിതാവസ്ഥയെ ആരോഗ്യമെന്നും അവയുടെ അസന്തുലിതമായ അവസ്ഥയെ രോഗമെന്നും കണക്കാക്കുന്നു. വാത-കഫ ദുഷ്ടിയുടെ അസന്തുലിതാവസ്ഥയുണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് ആസ്ത്മയ്ക്കും കാരണണായി ഭവിക്കുന്നത്.
ഒരു നീര്‍ച്ചാലിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയാല്‍, അവിടെ വെള്ളം കെട്ടിപ്പൊങ്ങുകയും മറ്റുവഴികളിലൂടെ ഒഴുകുകയും ചെയ്യും. അതുപോലെയാണ് ശ്വാസത്തിന്റെ കാര്യവും. വായുവിന്റെ സുഗമമായ കടന്നുപോക്കിന് തടസ്സമുണ്ടാകുമ്പോള്‍ വായു കോപിച്ച് ആപത്തുണ്ടാക്കുന്നു. അതുകൊണ്ട് വായുവിന്റെ ഗമനാഗമനത്തിന് തടസ്സം നില്‍ക്കുന്ന കഫത്തെ നീക്കംചെയ്യുകയാണ് ആസ്ത്മയ്ക്കുള്ള ചികിത്സ.
കാരണങ്ങള്‍
ദഹിക്കാന്‍ ബുദ്ധിമുട്ടുള്ളതും ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നതുമായ ആഹാരരീതികള്‍ ആസ്ത്മയ്ക്ക് കാരണമാകുന്നു. സമയക്രമമില്ലാതെ ആഹാരം കഴിക്കുന്നതും രാത്രി ഏറെവൈകി ഭക്ഷണം കഴിക്കുന്നതും അമിതമാത്രവും അല്പമാത്രവുമായ ഭക്ഷണവും തണുത്ത ഭക്ഷണപാനീയങ്ങളുടെ അമിതോപയോഗവും ആസ്ത്മയ്ക്ക് പ്രധാന ഹേതുക്കളാണ്. നിരന്തരം തണുപ്പത്തിരിക്കുകയും ജീവിക്കുകയും പൊടിയും പുകയും വെയിലും കാറ്റും അസംരക്ഷിതമായ തോതില്‍ ഏല്‍ക്കലും അമിതമായ വ്യായാമം, പ്രവൃത്തി, യാത്ര, ഭാരംചുമക്കല്‍, ശരീരമാലിന്യങ്ങളെ പുറംതള്ളുന്നതിനുള്ള ശരീരത്തിന്റെ സ്വാഭാവികക്രമങ്ങളെ ബോധപൂര്‍വം തടയല്‍, ശാരീരികവും മാനസികവുമായ ആഘാതം തുടങ്ങിയവയും ആസ്ത്മയ്ക്ക് കാരണമാകുന്നുവെന്ന് ആയുര്‍വേദം ചൂണ്ടിക്കാണിക്കുന്നുണ്ട്. ദീര്‍ഘകാലമായി നീണ്ടുനില്‍ക്കുന്ന ചുമ ചികിത്സിക്കാതിരിക്കുന്നതും അതിസാരം, ഛര്‍ദി, രക്തക്കുറവ്, പനി എന്നിവയും ഈ ശ്വാസരോഗത്തിന് കാരണമാവാം.
ലക്ഷണങ്ങള്‍
ശ്വാസമെടുക്കാനും സംസാരിക്കാനും ബുദ്ധിമുട്ടനുഭവിക്കുക, മാറത്തും വാരിപ്പുറങ്ങളിലും വേദന, മേല്‍വയര്‍വീര്‍പ്പ്, നെറ്റിയില്‍ കലശലായ വേദന, തളര്‍ച്ച തുടങ്ങിവയാണ് ആസ്ത്മയ്ക്ക് മുന്നോടിയായി അനുഭവപ്പെടുന്നത്. തൊണ്ടയില്‍ കഫം കെട്ടുന്നതാണ് ഇതിന് പ്രധാന കാരണം. കിടക്കുമ്പോള്‍ അസ്വസ്ഥതയുണ്ടാകുന്നതിനാല്‍ രോഗി ഇരിക്കാനും ചൂടുള്ള ആഹാരപാനീയങ്ങള്‍ കഴിക്കാനും ആഗ്രഹിക്കും. ആകാശത്ത് കാര്‍മേഘം നിറഞ്ഞാല്‍ ഭൂമിയില്‍ ശ്വാസരോഗിക്ക് ബുദ്ധിമുട്ടനുഭവപ്പെടുമെന്നാണ് ആയുര്‍വേദമതം. തണുപ്പുള്ള അന്നപാനീയങ്ങള്‍, ചുറ്റുപാടുകള്‍, അന്തരീക്ഷം എന്നിവ രോഗലക്ഷണങ്ങള്‍ പെട്ടെന്ന് ദൃശ്യമാക്കും.
ആസ്ത്മ വളരെക്കാലം നീണ്ടുനില്‍ക്കുന്ന സ്വഭാവമുള്ള രോഗമാണ്. തുടക്കത്തില്‍ത്തന്നെ ചികിത്സിക്കാനും ദേഹത്തിന് ബലം വര്‍ധിപ്പിക്കാനും കഴിയുമെങ്കില്‍ ഈ അസുഖത്തെ നിയന്ത്രണത്തില്‍ വരുത്താന്‍ കഴിയുന്നതാണ്. ആയുര്‍വേദത്തില്‍ ഇങ്ങനെയുള്ള രോഗങ്ങളെ യാപ്യരോഗം എന്നാണ് വിശേഷിപ്പിക്കുന്നത്. ചെറിയ കാരണങ്ങള്‍കൊണ്ടും അപഥ്യങ്ങള്‍കൊണ്ടും രോഗം പെട്ടെന്ന് നിയന്ത്രണാതീതമാവുമെന്നതാണ് ഈ രോഗങ്ങളുടെ സ്വഭാവം. അതിനാല്‍ ചിട്ടയായ ജീവിതശൈലി, വ്യായാമം, ആഹാരക്രമം, ഔഷധസേവ മുതലായവ പരിഹാരമായി നിര്‍ദേശിക്കുന്നു. മാനസികസംഘര്‍ഷങ്ങള്‍ പരമാവധി കുറയ്ക്കയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മറ്റുകാരണങ്ങളൊക്കെയും മാനസികനിലയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ചികിത്സ
ശ്വാസോച്ഛ്വാസത്തിന്റെ സുഗമമായ സഞ്ചാരം ഉറപ്പുവരുത്തുകയാണ് ആസ്ത്മ ചികിത്സയില്‍ ആദ്യം വേണ്ടത്. ഇതോടൊപ്പം ശരീരബലം വര്‍ധിപ്പിക്കുകയും വേണം. അതിനായി സ്രോതസ്സുകളുടെ ശുദ്ധിയുറപ്പാക്കുന്ന ചികിത്സയും ശമനവും ബൃംഹണവുമായ (പാസിഫിക്കേഷന്‍ ആന്‍ഡ് നറിഷ്മെന്റ്) ചികിത്സയും നിര്‍ദേശിക്കുന്നു.
ശ്വാസരോഗിയെ ആദ്യംതന്നെ ഇന്തുപ്പ് പൊടിച്ച് മൂപ്പിച്ച തൈലം പുരട്ടി വിയര്‍പ്പിക്കണം. ഇതിലൂടെ സ്രോതസ്സുകളി കട്ടിപിടിച്ചിരിക്കുന്ന കഫത്തെ അലിയിച്ച് ശരീരത്തില്‍ നിന്നു പുറംതള്ളാനാകും (ശോധനക്രിയ-പ്യൂരിഫിക്കേഷന്‍). അതോടെ സ്രോതസ്സുകള്‍ക്ക് മാര്‍ദവമുണ്ടാവുകയും വായുവിന്റെ യഥാര്‍ഥ സഞ്ചാരപഥം പുനഃസ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.
ആസ്ത്മയ്ക്ക് പഞ്ചകര്‍മചികിത്സയും യഥാക്രമം നിര്‍ദേശിച്ചിട്ടുണ്ട്. രോഗമില്ലാത്ത അവസ്ഥയില്‍ ശരീരപുഷ്ടിയുണ്ടാക്കിയെടുക്കല്‍ പ്രധാനമാണ്. രോഗമുണ്ടാകുന്ന സാഹചര്യത്തില്‍ അതിന്റെ കാഠിന്യം കുറയ്ക്കാനും രണ്ട് രോഗകാലങ്ങള്‍ തമ്മിലുള്ള ഇടവേളയുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. ഇതിന് ആയുര്‍വേദത്തില്‍ നിരവധി മാര്‍ഗങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ഭക്ഷണക്രമം, വ്യായാമം, യോഗ, മരുന്നുകള്‍ എന്നിങ്ങനെയുള്ള മാര്‍ഗങ്ങളാണ് അവലംബിക്കേണ്ടത്.
ഭക്ഷണവും ഭക്ഷണക്രമവും
- ആഹാരത്തിന്റെ അളവിലും അത് കഴിക്കുന്ന സമയത്തിലും കൃത്യതപാലിക്കണമെന്നത് പ്രത്യേകം ശ്രദ്ധിക്കണം.
- രണ്ട് ഭക്ഷണസമയങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമെങ്കിലും ഉണ്ടാകണം. എന്നാല്‍, ഈ ഇടവേള ആറുമണിക്കൂറില്‍ അധികരിക്കാനും പാടുള്ളതല്ല.
- തുളസി, ജീരകം, ചുക്ക് മുതലായവയിലേതെങ്കിലും ഒന്നിട്ട് തിളപ്പിച്ച വെള്ളം ഭക്ഷണത്തിന് മുന്‍പും പിന്‍പും ശീലമാക്കുന്നതും അത്യുത്തമം.
- പകലുറക്കം പൂര്‍ണമായും ഒഴിവാക്കണം.
- രാത്രി ലഘുഭക്ഷണം, ഉറങ്ങുന്നതിന് മൂന്നുമണിക്കൂര്‍ മുന്‍പ് കഴിച്ചിരിക്കണം. ശേഷം വീടിനുപുറത്ത് ചെറിയതോതില്‍ ഉലാത്തുന്നത് ദഹനം ശരിയായരീതിയിലാവാന്‍ സഹായകമാവും.
- നേര്‍പ്പിച്ച ചൂടുപാല്‍ ഒരുനുള്ള് മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് അഭികാമ്യം.
- ആഹാരത്തില്‍ മാതളനാരങ്ങ ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.
- ഭക്ഷണം ചൂടാറുംമുമ്പ് കഴിക്കേണ്ടതുണ്ട്. തണുത്തതും പഴകിയതുമായ ആഹാരസാധനങ്ങള്‍ പൂര്‍ണമായി ഒഴിവാക്കണം.
- ചുക്ക്, മുളക്, തിപ്പലി, ചവല്‍ക്കാരം എന്നിവ പൊടിച്ച് നെയ്യും തേനും ചേര്‍ത്ത് ചാലിച്ച് സേവിക്കാം.
- കസ്തൂരിമഞ്ഞള്‍, തുളസി, ഏലത്തരി, കീഴാര്‍നെല്ലി, തിപ്പലി, മരംപുളി എന്നിവ മാതളനാരങ്ങാനീരിലോ നെയ്യിലോ ചേര്‍ത്ത് നുണയുകയോ ആഹാരത്തില്‍ കലര്‍ത്തി കഴിക്കുകയോ ചെയ്യാം. ഈ ഔഷധക്കൂട്ട് വേദനാസംഹാരികൂടിയാണ്.
- ശര്‍ക്കരയും ചുക്കുപൊടിയും സമം ചേര്‍ത്ത് സേവിക്കുന്നതും നന്ന്.
- വാക, വാഴ, മല്ലി എന്നിവയുടെ പൂവ് തിപ്പലിയുടെ കൂടെ അരിക്കാടിയില്‍ അരച്ചുകലക്കി കുടിക്കുന്നതും ഉത്തമമാണ്.
- ചെറുപുന്നയരിയും ചെറുപയറും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും ഗുണമാണ്.
- ബേക്കറിസാധനങ്ങള്‍ പരമാവധി ഒഴിവാക്കുകയും കൂവനൂറ്, തിപ്പലി, ശര്‍ക്കര, ചുക്ക് എന്നിവ പൊടിച്ചുചേര്‍ത്ത് ആവിയില്‍ വേവിച്ച പലഹാരങ്ങള്‍ ശീലമാക്കുകയും വേണം.
- ചെന്നല്ലരിച്ചോറ്, ചെറുപയര്‍, ചുക്കും മുളകും തിപ്പലിയും ചേര്‍ത്ത പാല്‍ എന്നിവയും ആഹാരത്തിന്റെ ഭാഗമാക്കാം.
- ആട്ടിന്‍പാല്‍ നാലിരട്ടി വെള്ളം ചേര്‍ത്തശേഷം ശര്‍ക്കരയും ചുക്കും ചേര്‍ത്തും കഴിക്കാവുന്നതാണ്.
വാശാദികഷായം, പുഷ്‌കരമൂലാദികഷായം, ധാന്വന്തരം ഗുളിക, ശ്വാസാനന്ദം ഗുളിക, താലീസപത്രാദിചൂര്‍ണം, സിതോപലാദിചൂര്‍ണം, പുഷ്‌കരമൂലചൂര്‍ണം, വാശാരിഷ്ടം, കനകാസവം, വാശാവലേഹം, ച്യവനപ്രാശം തുടങ്ങിയവയാണ് ആയുര്‍വേദത്തില്‍ സാധാരണഗതിയി രോഗശമനത്തിനും ശരീരബലപുഷ്ടിക്കുമായി ഉപയോഗിച്ചുവരുന്നത്.
യോഗയും പ്രാണായാമയും
ശ്വാസസംബന്ധമായ ഏതസുഖത്തിനുമെന്നപോലെ ആസ്ത്മയ്ക്കും നിര്‍ദേശിക്കുന്ന പ്രകൃതിദത്തമായ ചികിത്സാരീതിയാണ് യോഗാസനങ്ങളും പ്രാണായാമവും. ശ്വാസക്കുഴലുകളെ ശുദ്ധീകരിക്കുകയും രക്തചംക്രമണം ക്രമപ്പെടുത്തുകയും അതിലൂടെ ശ്വാസോച്ഛ്വാസപ്രക്രിയ സാധാരണയെന്നപോലെ നിര്‍വഹിക്കപ്പെടുകയും ചെയ്യുന്നതിന് ഇവ സഹായകമാണ്. മാനസികാരോഗ്യവും പ്രദാനം ചെയ്യുമെന്നതാണ് ഇതിന്റെ ഗുണം.
ഓരോരുത്തരുടെയും ശ്വാസകോശം വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അനുയോജ്യമായ ആസനങ്ങളും പ്രാണായാമവും തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഷഡ്കര്‍മങ്ങളില്‍ വമനധൗതിയും നേതിയും ആസ്ത്മചികിത്സയി ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
താടാസനം, ഭുജംഗാസനം, അര്‍ധചക്രാസനം, ഊര്‍ധ്വമുഖശ്വാനാസനം, സേതുബന്ധാസനം, ധനുരാസനം, ചക്രാസനം, ഉഷ്ട്രാസനം, മത്സ്യാസനം, സുപ്തവജ്രാസനം, സര്‍വാംഗാസനം, ഗോമുഖാസനം, അര്‍ധമത്സ്യേന്ദ്രാസനം, വീരഭദ്രാസനം തുടങ്ങിയ ആസനങ്ങള്‍ പരിശീലിക്കാവുന്നതാണ്. ബുദ്ധിമുട്ട് തോന്നുന്നവ ഒഴിവാക്കാം. ഇതിന് യോഗപരിശീലകന്റെ സഹായം തേടാന്‍ മറക്കരുത്.
ആസനങ്ങള്‍ തുടര്‍ച്ചയായി രണ്ടുമുത അഞ്ചുവരെ മിനിറ്റ് ചെയ്യാന്‍ ശ്രമിക്കുക. ബുദ്ധിമുട്ടനുഭവപ്പെട്ടാല്‍ ശവാസനം തിരഞ്ഞെടുക്കാം. പ്രാണായാമമുറകള്‍ 15 മിനിറ്റ് നേരമെങ്കിലും പരിശീലിക്കണം. നാഡിശുദ്ധിപ്രാണായാമം (ശ്വസനവ്യവസ്ഥ ശുദ്ധിചെയ്യാനും മാനസികസ്വാസ്ഥ്യം ഉറപ്പാക്കാനും), കപാലഭാതി (ശ്വാസക്കുഴലുകളിലെ തടസ്സങ്ങള്‍ മാറ്റാന്‍), ഉജ്ജായി (ശ്വാസകോശങ്ങളുടെ വിസ്താരം വര്‍ധിപ്പിക്കാന്‍) എന്നിവ അനുയോജ്യം.
പെട്ടെന്ന് ലക്ഷണങ്ങള്‍ കൂടിയാല്‍
അപ്രതീക്ഷിതമായി രോഗം മൂര്‍ച്ഛിക്കുകയാണെങ്കില്‍ എടുക്കേണ്ട പ്രാഥമിക ശുശ്രൂഷയും യോഗയില്‍ നിര്‍ദേശിക്കുന്നുണ്ട്. 'യോഗ ചെയര്‍ ബ്രീത്തിങ്' എന്ന സമ്പ്രദായം ഏറെ ഫലപ്രദമാണ്. ഒരു കസേരയുടെ സഹായത്തോടെ വിവിധ യോഗാമുറകള്‍ സ്വീകരിച്ച് ശ്വാസോച്ഛ്വാസം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്ന ചികിത്സയാണിത്. ആസ്ത്മാരോഗികള്‍ക്ക് ഇത് ഏറെ ആശ്വാസം പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
(കോട്ടയ്ക്കല്‍ വി.പി.എസ്.വി. ആയുര്‍വേദ കോളേജിലെ സ്വസ്ഥവൃത്തം വിഭാഗം അസോസിയേറ്റ് പ്രൊഫസറാണ് ലേഖിക)
Content Highlights: How to control Asthma Ayurveda treatments tips, Health, Ayurveda, Asthma
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..