കോപം ആരോഗ്യത്തെ നശിപ്പിക്കുന്നത് ഇങ്ങനെയാണ്; ആരോഗ്യം നേടാന്‍ കോപം നിയന്ത്രിക്കണം


ഡോ. കെ. മുരളീധരന്‍Representative Image| Photo: Gettyimages

ആരോഗ്യത്തെ പലനിലയ്ക്കും നിര്‍വചിക്കാം. രോഗമില്ലാത്ത അവസ്ഥ, ഊര്‍ജസ്വലമായ കര്‍മശേഷി, രോഗപ്രതിരോധശേഷി, ജീവന് കരുതലും കരുത്തും ആകാനുള്ള ഊര്‍ജസമ്പന്നത എന്നിങ്ങനെപോകുന്നു ആ നിര്‍വചനങ്ങള്‍.

ആരോഗ്യത്തെ അളക്കാനുള്ള മാനദണ്ഡങ്ങളായി ഇപ്പോള്‍ ലഭ്യമാകുന്ന ലബോറട്ടറി പരിശോധനകളെയും നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഉപകരണങ്ങളെയും കാണാം. എന്നാല്‍ ഈ മാനങ്ങള്‍ക്കപ്പുറം അനുഭവിച്ചറിയുന്ന ഒരു അവസ്ഥയായും ആരോഗ്യത്തെ ദര്‍ശിക്കാം.

ജീവിതത്തിന്റെ സമശീതോഷ്ണാവസ്ഥ നിലനിര്‍ത്തലാണ് ആരോഗ്യം. ഇത് കൈവരിക്കുന്നതിന് ശരീരവും മനസ്സും ആത്മാവും ഒന്നുചേര്‍ന്ന് നില്‍ക്കുന്ന ഒരു മഹാപ്രതിഭാസമായി ജീവിതത്തെ മനസ്സിലാക്കേണ്ടതുണ്ട്.

ശരീരത്തിന്റെ പ്രവര്‍ത്തനം ഒട്ടേറെ വ്യവസ്ഥകള്‍ക്ക് വിധേയമാണ്. എന്നാല്‍, മനസ്സിന്റെ കാര്യം വ്യത്യസ്തമാണ്. ''മനസ്സൊരു മാന്ത്രികക്കുതിരയായ് പായുന്നു, മനുഷ്യന്‍ കാണാത്ത പാതകളില്‍'' എന്നെഴുതിയ മുല്ലനേഴിയുടെ വരികളില്‍ കാവ്യാത്മകമായി ഇത് ചൂണ്ടിക്കാണിക്കുന്നു.

പറഞ്ഞുവരുന്നത്, ജീവിതശൈലീരോഗങ്ങളെക്കുറിച്ചാണ്- ജീവിതശൈലീരോഗങ്ങളുടെ പ്രതിരോധവും പരിഷ്‌കരണവും ചികിത്സയും എല്ലാം അളന്നറിയാവുന്ന ശാരീരികമാനങ്ങള്‍ക്കുള്ളില്‍ മാത്രം ഒതുക്കാവുന്നതല്ല. മനസ്സും ബുദ്ധിയും ഇന്ദ്രിയങ്ങളുമടങ്ങുന്ന സംവേദനപദ്ധതിക്കുകൂടി ഇതില്‍ തുല്യപങ്കാളിത്തമുണ്ട്.

ദീര്‍ഘായുസ്സിലേക്ക് നയിക്കുന്ന ആഹാരവും ഔഷധവും മനോവ്യാപാരങ്ങളും ശാരീരികപ്രവര്‍ത്തനങ്ങളും എല്ലാം ഒരര്‍ഥത്തില്‍ രസായനങ്ങളാണ്. ഈ വിഷയത്തെ സംഗ്രഹിച്ച് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നതിങ്ങനെ,
''സത്യവാദിനമക്രോധം അധ്യാത്മപ്രവണേന്ദ്രിയം
ശാന്തം സദ്വൃത്തനിരതം വിദ്യാന്നിത്യരസായനം''

ഇതില്‍നിന്ന് ഒരു ഘടകത്തെ മാത്രം ഈ ലേഖനത്തിന്റെ ചട്ടക്കൂടിലേക്ക് ഒതുക്കിനിര്‍ത്തുകയാണ്. -'അക്രോധം', കോപമില്ലാത്ത അവസ്ഥ.

അക്രോധനായി നിലനിന്നാലേ ആരോഗ്യമുണ്ടാകൂ-ആയുസ്സിന് ദൈര്‍ഘ്യമുണ്ടാകൂ എന്നാണ് സൂചന. ഉത്കണ്ഠ, ഭയം, ശോകം, വിഷാദം തുടങ്ങിയ ഭാവങ്ങളെയൊന്നും ഈ ഗണത്തില്‍പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയം. വൈകാരികതലത്തില്‍ കോപം ജീവചൈതന്യത്തെയും ആയുര്‍ദൈര്‍ഘ്യത്തെയും കുറയ്ക്കുന്നു എന്ന് മനസ്സിലാക്കാം.

സ്വാഭാവികമായ ശാരീരികപ്രവര്‍ത്തനങ്ങളെ കോപം പലനിലയ്ക്ക് ബാധിക്കുന്നു. അഡ്രിനാലിന്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ രാസഘടകങ്ങളുടെ ഉത്പാദനം കൂട്ടുന്നു. തത്ഫലമായി രക്തസമ്മര്‍ദാധിക്യമുണ്ടാകാം. ഹൃദയം, മസ്തിഷ്‌കം, വൃക്ക മുതലായ അവയവങ്ങളില്‍ ആഘാതം ഉണ്ടാക്കുകയും ജീവനാശത്തിനുവരെ വഴിയൊരുക്കുകയും ചെയ്‌തേക്കാം. അമിതമായി കോപിഷ്ഠനാകുന്ന ഒരാളുടെ കുടലിന്റെ പ്രവര്‍ത്തനം (Gut) താറുമാറാകുന്നു എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ആ നിലയ്ക്ക് കോപം ഉപാപചയപ്രക്രിയകളില്‍ (metabolism) പ്രതികൂലമായ പ്രതിപ്രവര്‍ത്തനങ്ങളുണ്ടാക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ നാനാപ്രകാരേണ കോപം ആരോഗ്യത്തെ ഇല്ലാതാക്കുകയും ആയുസ്സിനെ കുറയ്ക്കുകയും ചെയ്യുന്നു.

കോപംമൂലം

കോപംകൊണ്ടുണ്ടാകുന്ന അനാരോഗ്യകരമായ പ്രതിപ്രവര്‍ത്തനങ്ങള്‍ പിത്തകോപത്തിനിടയാക്കുമെന്നാണ് ആയുര്‍വേദത്തില്‍ പറയുന്നത്. പിത്തം എന്നുള്ളതുകൊണ്ട് ഉദ്ദേശിക്കുന്നത് ജൈവാഗ്‌നിയെയാണ് (Bio enzymatic complex). ഓരോ കോശത്തിലും ജൈവാഗ്‌നിയുടെ സ്ഫുരണങ്ങളുണ്ട്. ജൈവാഗ്‌നി അണയുന്നതാണ് മൃത്യു-അത് വ്യക്തിയുടെതായാലും കോശത്തിന്റെതായാലും.

കോപംമൂലം ശരീരത്തില്‍ പ്രകടമാകുന്ന അനാരോഗ്യത്തിന്റെ ലക്ഷണങ്ങളാണ് ക്ഷീണം, അസഹിഷ്ണുത, കണ്ണിരുട്ടടയ്ക്കല്‍, വിറയല്‍, ലൈംഗികശേഷിക്കുറവ്, പുകച്ചില്‍, ചൈതന്യക്കുറവ്, ദഹനസംബന്ധമായ തകരാറുകള്‍ (പുളിച്ചുതികട്ടല്‍, ഉള്‍പ്പുഴുക്കം, വായവരള്‍ച്ച, അതിസാരം) എന്നിവ.

ആധുനിക ജീവിതസാഹചര്യത്തില്‍ അനിയന്ത്രിതമായ കോപമുണ്ടാകുന്നത് സര്‍വസാധാരണമായിരിക്കുന്നു. ജീവിതശൈലീരോഗങ്ങളുടെ കാരണങ്ങള്‍ തേടിയുള്ള അന്വേഷണത്തില്‍ കോപത്താലുണ്ടാകുന്ന ശാരീരിക മാനസിക പ്രതിഫലനങ്ങള്‍കൂടി ചിന്താവിഷയമാക്കണം.

കോപം നൈസര്‍ഗികവികാരമാണ് എന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുമ്പോള്‍തന്നെ അതിനെ നിയന്ത്രിക്കാനുള്ള പരിശീലനം അത്യാവശ്യമാണെന്ന് അറിയേണ്ടതുണ്ട്. ആയുര്‍വേദം ഈ കാര്യത്തില്‍ നല്‍കുന്ന ഉപദേശം, കൃപ എന്ന സാത്വികഗുണത്തെ അഭ്യസിച്ച്, ശീലിച്ച്, സ്വായത്തമാക്കുക എന്നതാണ്.

കൃപ എന്നാല്‍ ദയ, പരക്ലേശവിവേകം, കാരുണ്യം അനുതാപം (empathy) എന്നിവയാണ്. ഇത് ശീലംകൊണ്ട് മാത്രം നേടിയെടുക്കാവുന്ന ഗുണമാകുന്നു. ബാല്യകാലംമുതല്‍തന്നെ തുടങ്ങണമെന്ന് സൂചന.

തീര്‍ന്നില്ല, ഇനിയും ഏറെയുണ്ട് കോപാഗ്‌നിയെ ശമിപ്പിക്കാനുള്ള വഴികള്‍.

  • പ്രകൃതിസൗന്ദര്യം ആസ്വദിക്കുന്നത് ശീലമാക്കണം. കൊച്ചുകുഞ്ഞുങ്ങളുമൊത്തുള്ള വിനോദങ്ങള്‍ ദേഷ്യം തണുപ്പിക്കും. പ്രണയസുരഭിലമായ ദാമ്പത്യബന്ധം കോപാഗ്‌നിയെ കെടുത്തും.
  • ശാരീരികസ്ഥിതി അനുവദിക്കുന്നപക്ഷം വിശിഷ്ടവും സ്വാദിഷ്ടവുമായ ഭക്ഷണം കോപസംഹാരികളായിമാറുന്നു. അതേസമയം മദ്യംപോലെയുള്ള ലഹരിപദാര്‍ഥങ്ങള്‍ ഉപയോഗിക്കരുത് എന്നും നിര്‍ദേശമുണ്ട്.
  • കോപാന്ധതമൂലം ദുഃഖം അനുഭവിക്കുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന ഔഷധങ്ങള്‍ വൈദ്യശാസ്ത്രത്തിലുണ്ട്. മരുന്നുകള്‍ വിദഗ്ധോപദേശമനുസരിച്ച് മാത്രമേ ഉപയോഗിക്കാവൂ.
(കോട്ടയ്ക്കല്‍ ആര്യവൈദ്യശാല അഡീഷണല്‍ ഫിസിഷ്യനാണ് ലേഖകന്‍)

ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Ayurveda, Stress, Anger Management, Wellness, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section
Most Commented