ലോകജനസംഖ്യയില്‍ 65 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം ഏറിവരുകയാണ്. കേരളത്തിന്റെ കണക്ക് നോക്കിയാല്‍ ജനസംഖ്യയുടെ 12.6 ശതമാനം 65-നു മുകളില്‍ പ്രായമുള്ളവരാണ്. പ്രായമേറുംതോറും വിവിധതരത്തിലുള്ള ശാരീരിക-മാനസിക ബുദ്ധിമുട്ടുകള്‍ വന്നുചേരാം. 

പ്രായമായവരെ ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്യുന്നതിന് കൂടുതല്‍ ശ്രദ്ധയും സ്‌നേഹവും ആവശ്യമാണ്. വയോജന ചികിത്സയുടെ ശാസ്ത്രീയ വശങ്ങള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് മികച്ച ആരോഗ്യം നല്‍കാനാകും.

ശാരീരിക, മാനസിക പ്രയാസങ്ങള്‍
പലപ്പോഴും വയോധികര്‍ക്ക് ഒന്നില്‍ കൂടുതല്‍ അസുഖങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. അസുഖങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് മരുന്നുകളുടെ എണ്ണവും കൂടും. ഒരു ഉദാഹരണം നോക്കാം. എഴുപതു വയസ്സായ ഒരാള്‍ക്ക്, പത്തുവര്‍ഷമായി പ്രമേഹമുണ്ട്. പ്രമേഹം വന്ന് ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്കുശേഷം അമിത രക്തസമ്മര്‍ദമുണ്ടായി. ഈ രണ്ട് അസുഖങ്ങള്‍ക്കും മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഹൃദയാഘാതം വന്നു. മരുന്നുകളുടെ എണ്ണം കൂടി. കൂടാതെ പ്രമേഹത്തിന്റെ സങ്കീര്‍ണതകളായ കണ്ണുകളെ ബാധിക്കുന്ന റെറ്റിനോപ്പതിയും (Retinopathy) നാഡികളെ ബാധിക്കുന്ന ഡയബറ്റിക് ന്യൂറോപ്പതിയും (Diabetic Neuropathy). അതിനുശേഷം ഒന്നുരണ്ട് തവണ വീഴ്ചകളും ഉണ്ടായി. ഇവിടെ സൂചിപ്പിച്ച അത്രയും അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ഏകദേശം 15-16 മരുന്നുകള്‍ ഒരുദിവസം കഴിക്കാനുണ്ടാകും.

ദിവസം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവിനെക്കാള്‍ കൂടുതല്‍ മരുന്നുകളുണ്ടെന്ന് ചിലര്‍ പരാതി പറയാറുണ്ട്. നേരേ വിപരീതമായി മരുന്നുകളെ സ്‌നേഹിക്കുന്ന വയോധികരുമുണ്ട്. മരുന്നുകളുടെ എണ്ണം കുറഞ്ഞാല്‍ അവര്‍ക്കൊരു സന്തോഷവുമില്ല. വിറ്റാമിന്‍ ഗുളികകള്‍ ലഭിച്ചാല്‍ ഈ കൂട്ടരുടെ അസുഖങ്ങള്‍ താനേ മാറിക്കൊള്ളും. മരുന്നുകള്‍ അത്യാവശ്യത്തിന് ഉപയോഗിക്കണം. എന്നാല്‍ അത്യാവശ്യ രോഗങ്ങള്‍ക്കുവേണ്ടി കുറിച്ചുകൊടുക്കുന്ന മരുന്നുകള്‍തന്നെ ചിലര്‍ പൂര്‍ണമായും കഴിക്കാറില്ല. മരുന്നുകളെ ഭയമാണ് ഇക്കൂട്ടര്‍ക്ക്.

ശാരീരിക ബുദ്ധിമുട്ടുകള്‍ ഓരോന്നായി വന്നുചേരുമ്പോള്‍ മാനസികസുഖം നഷ്ടമാകുന്നു. പതുക്കെ വിഷാദരോഗത്തിന് അടിപ്പെടുകയും ചെയ്യാം. വലിയൊരു ശതമാനം വയോജനങ്ങളും ശാരീരികബുദ്ധിമുട്ടുകള്‍ വന്നാല്‍ ഇങ്ങനെയൊരു അവസ്ഥയില്‍ എത്തിച്ചേരാനിടയുണ്ട്. എന്നാല്‍ ഇതെല്ലാം മറികടന്ന് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ധൈര്യശാലികളായ വയോധികരെയും നമുക്ക് കാണാന്‍ സാധിക്കും.

പ്രായമായവര്‍ക്കായി പ്രത്യേക ചികിത്സ
60നുമുകളില്‍ പ്രായമുള്ള വ്യക്തികളെ പരിചരിക്കുന്നതിന് പ്രത്യേക വിഭാഗമാണ് ജെറിയാട്രിക്സ് (Geriyatrics). വയോധികര്‍ക്ക് കഴിയുന്നത്ര സ്വയംപര്യാപ്തത നേടിക്കൊടുക്കുക എന്നതാണ് ഈ വിഭാഗത്തിന്റെ ലക്ഷ്യം. വിദേശരാജ്യങ്ങളില്‍ 1960-കളില്‍തന്നെ ഈ വിഭാഗം പ്രാബല്യത്തിലുണ്ട്. ഇന്ത്യയില്‍ ഇത് നിലവില്‍വന്നിട്ട് അധികവര്‍ഷങ്ങളായില്ല. ജെറിയാട്രിക്സ് വിഭാഗമുള്ള ആശുപത്രികളും നമ്മുടെ രാജ്യത്ത് കുറവാണ്. വയോജനങ്ങള്‍ക്കായി സര്‍ക്കാരിന്റെ വിവിധതരത്തിലുള്ള പദ്ധതികളുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കിടപ്പിലാകുന്ന രോഗികള്‍ക്ക് അത്യാവശ്യ സഹായങ്ങള്‍ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാര്‍ വീടുകളില്‍ ചെന്ന് ചെയ്തുകൊടുക്കുന്നുണ്ട്.

ചോദിച്ചറിയണം ലക്ഷണങ്ങള്‍
ഒരു ജെറിയാട്രീഷ്യന്‍, വയോധികരെ പരിശോധിക്കുമ്പോള്‍ ചില രോഗങ്ങളുടെ ലക്ഷണങ്ങള്‍ ചോദിച്ചറിയും. വീഴ്ച, വീണുപോകുമോ എന്ന ഭയം, വിഷാദരോഗം (Depression), ഓര്‍മക്കുറവ് (Dementia), താത്കാലികമായി കണ്ടുവരുന്ന മാനസികവിഭ്രാന്തി (Delirium), മൂത്രത്തിന്റെ നിയന്ത്രണമില്ലായ്മ (Urinary Incontinence), മലബന്ധം (Constipation) എന്നിവയാണ് പ്രധാനപ്പെട്ടവ. ഈ പ്രശ്‌നങ്ങളുമായി ഒരു രോഗി ഡോക്ടറെ സമീപിക്കുന്നത് ചുരുക്കമാണ്. മിക്കപ്പോഴും ഇക്കാര്യങ്ങള്‍ ഡോക്ടര്‍ ചോദിച്ച് മനസ്സിലാക്കിയെടുക്കണം. ഈ പറഞ്ഞ ബുദ്ധിമുട്ടുകളെല്ലാംതന്നെ പ്രായമേറുന്നതിന്റെ ലക്ഷണങ്ങളായാണ് കാണുന്നത്. എങ്കിലും ഈ രോഗങ്ങള്‍ നിയന്ത്രണത്തില്‍ വരുത്താന്‍ സാധിക്കും. ഓരോ രോഗത്തിന്റെയും കാരണങ്ങള്‍ കണ്ടുപിടിക്കുന്നതിന് ശ്രമിക്കണം. ആ കാരണങ്ങളെ നിയന്ത്രിക്കുന്നതനുസരിച്ച് രോഗിക്ക് സുഖം ലഭിക്കും. പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കുകയില്ലെങ്കിലും സ്വന്തം കാര്യങ്ങള്‍ സ്വയം ചെയ്യുന്ന അവസ്ഥയെങ്കിലും രോഗിക്ക് നേടിക്കൊടുക്കുവാന്‍ സാധിക്കും.

മരുന്നുകള്‍ ശ്രദ്ധയോടെ
മരുന്നുകള്‍ കഴിക്കുന്നവര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരംതന്നെ വേണം കഴിക്കാന്‍. സമയം തെറ്റരുത്. സ്വയം മാറ്റംവരുത്തരുത്. പലരും അവരവരുടെ സൗകര്യമനുസരിച്ച് മരുന്നുകള്‍ കഴിക്കും. ഈ പ്രവണത തെറ്റാണ്. മരുന്നുകളുടെ പ്രവര്‍ത്തനക്ഷമതയും രീതിയും അനുസരിച്ചാണ് കുറിപ്പടി തരുന്നത്. എന്തെങ്കിലും പ്രയാസം അനുഭവപ്പെടുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കുക. സ്വയംചികിത്സ വേണ്ട.

ചിലര്‍ ഒരുദിവസത്തെ മരുന്നുകളെല്ലാംകൂടി രാവിലെത്തന്നെ കഴിച്ചുതീര്‍ക്കും. ഉദാഹരണം പറയാം, ഒരു രോഗിക്ക് തുടരെത്തുടരെ വീഴ്ചയുണ്ടായി. പരിശോധനകള്‍ക്കുശേഷം മൂന്നുനേരമായി കഴിക്കാന്‍ മരുന്ന് നിര്‍ദേശിച്ചു. പറഞ്ഞിരുന്ന മരുന്നുകളെല്ലാം അദ്ദേഹം രാവിലെത്തന്നെ കഴിച്ച് 'ജോലി' തീര്‍ക്കും. ജോലി എന്ന വാക്ക് ഈ രോഗി ഉപയോഗിച്ചതാണ്. ഈ രീതി അപകടകരമാണ്.

മരുന്നുകളുടെ എണ്ണം സ്വയം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാതിരിക്കുക. ഉദാഹരണത്തിന് അമിതരക്തസമ്മര്‍ദം കുറയ്ക്കാന്‍ മരുന്ന് കഴിക്കുന്ന വയോധികന്‍. പരിശോധിച്ചുനോക്കിയപ്പോള്‍ പ്രഷര്‍ കൃത്യമായി നില്‍ക്കുന്നു. സ്വയം രണ്ട് മരുന്നുകള്‍ എന്നത് ഒന്നാക്കുന്നു. കാരണം പ്രഷര്‍ കൃത്യമായി നില്‍ക്കുന്നുവെന്നതുതന്നെ. കുറച്ച് ദിവസങ്ങള്‍ കഴിയുമ്പോള്‍ പ്രഷര്‍ വീണ്ടും കൂടാന്‍ സാധ്യതയുണ്ട്. സ്വയം തീരുമാനങ്ങള്‍ എടുക്കതെ, ആ ഉത്തരവാദിത്വം ഡോക്ടര്‍ക്ക് വിടാം. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ തുടങ്ങി വിവിധതരത്തിലുള്ള ചികിത്സാരീതികള്‍ നിലവിലുണ്ട്. രോഗികള്‍ വയോധികരാകുമ്പോള്‍ ശരീരത്തിനുതകുന്ന ചികിത്സാവിധി തന്നെ തിരഞ്ഞെടുക്കണം. ഒന്നില്‍ കൂടുതല്‍ ചികിത്സാവിധികള്‍ ഒന്നിച്ചുപയോഗിക്കുന്നത് ശ്രദ്ധയോടെ വേണം. വിദഗ്ധ ഡോക്ടറുടെ ഉപദേശമനുസരിച്ച് മാത്രമേ മരുന്നുകള്‍ കഴിക്കാവൂ. 

വീഴാതെ നോക്കണം
ഒരുതവണ വീഴ്ച സംഭവിച്ചാല്‍ ഇനിയും വീണുപോകുമോ എന്ന ഭയം വയോജനങ്ങളെ അലട്ടിയേക്കാം. പിച്ചവെക്കുന്ന രീതിയിലായിപ്പോകും നടത്തം. അങ്ങനെ അവര്‍ സ്വയം ഒതുങ്ങിക്കൂടാനുമിടയുണ്ട്. വീഴ്ചയില്‍ എല്ല് പൊട്ടുക, തലച്ചോറിനുള്ളില്‍ രക്തസ്രാവം ഉണ്ടാകുക എന്നീ ദുരവസ്ഥകളിലേക്കും ചിലപ്പോള്‍ പോകാം. ഇങ്ങനെയായാല്‍ അവര്‍ കിടപ്പിലാകും. കിടപ്പിലാകുകയാണെങ്കില്‍ തൊലി പൊട്ടാനുള്ള സാധ്യത കൂടുതലാണ് (Pressure sore). ചില സാഹചര്യങ്ങളില്‍ മൂത്രം ഒഴിഞ്ഞുപോകുന്നതിനുള്ള ട്യൂബ്, ഭക്ഷണം കൊടുക്കുന്നതിനുള്ള ട്യൂബ് എന്നിവ ആവശ്യമായേക്കാം.

ചുരുക്കത്തില്‍ മറ്റുള്ളവരുടെ സഹായത്താല്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യം വരാം. ഇതെല്ലാം സംഭവിച്ചത് ഒരു വീഴ്ചയില്‍നിന്നാണെന്ന് ഓര്‍ക്കണം. വയോജനങ്ങളുടെ കാര്യത്തില്‍ വീഴ്ച എന്നത് രോഗാവസ്ഥയാണ്. പ്രായത്തിന്റെ പേരില്‍ അത് അവഗണിക്കരുത്. വീഴ്ചയ്ക്കിടയാക്കുന്ന കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ ശ്രമിക്കുക. പാര്‍ക്കിന്‍സണ്‍സ്, മുട്ടുകളിലെ നീര്‍വീക്കം (Osteoarthritis), പ്രമേഹംകൊണ്ടുണ്ടാകുന്ന ന്യൂറോപ്പതി ഇതെല്ലാം ചില കാരണങ്ങളാണ്. മാത്രമല്ല വയോജനങ്ങള്‍ കഴിക്കുന്ന ചില മരുന്നുകളും ചിലപ്പോള്‍ വീഴ്ചയ്ക്കുള്ള കാരണമാകാം.

ഓര്‍മക്കുറവ് അലട്ടുമ്പോള്‍
ഓര്‍മക്കുറവ് (Dementia) പല തരത്തിലുണ്ട്. പല കാരണങ്ങളുണ്ട്. ചികിത്സകളും വ്യത്യസ്തമാണ്. അല്‍ഷൈമേഴ്സ് രോഗമാണ് കാരണങ്ങളുടെ പട്ടികയില്‍ മുന്നില്‍. ഇതിന് മരുന്നുകള്‍ ലഭ്യമാണ്. പക്ഷേ, പൂര്‍ണമായി ഭേദമാക്കാന്‍ സാധിക്കുകയില്ല. ചില സന്ദര്‍ഭങ്ങളില്‍ ഒരു സൈക്യാട്രിസ്റ്റിന്റെ സഹായം ആവശ്യമായിവരും.

നിയന്ത്രണമില്ലാതെ മൂത്രംപോകല്‍
വളരെയധികം മാനസികസമ്മര്‍ദം ഉണ്ടാക്കുന്ന അവസ്ഥയാണ് മൂത്രത്തിന്റെ നിയന്ത്രണമില്ലായ്മ (Urinary incontinence). പലരും ഇത് ഡോക്ടറില്‍നിന്നും മറച്ചുവെക്കും. ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു രോഗാവസ്ഥയാണിത്. മരുന്നുകള്‍കൊണ്ടും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയും ഒരു പരിധിവരെ നിയന്ത്രിക്കാം.

മലബന്ധം ഒഴിവാക്കാന്‍
വയോധികരില്‍ 90 ശതമാനവും വളരെയധികം വിഷമത്തോടുകൂടി ഡോക്ടറോട് പറയുന്ന ഒരു കാര്യമാണ് മലബന്ധം. ഇത് പരിഹരിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഭക്ഷണത്തില്‍ നാരുകളുടെ അംശം ഉറപ്പുവരുത്താന്‍ ഇലക്കറികള്‍, പഴങ്ങള്‍ (പഴച്ചാറല്ല), വാഴപ്പിണ്ടി ഇവ ഉള്‍പ്പെടുത്തുക. ദിവസവും രണ്ട് ലിറ്ററോളം വെള്ളം കുടിക്കുക. ഓരോ വ്യക്തിക്കും സാധിക്കുന്നത്ര വ്യായാമം ചെയ്യേണ്ടതും അത്യാവശ്യമാണ്. ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ മരുന്നുപയോഗിക്കാവൂ. 

നല്ല ഉറക്കത്തിന്
ഉറക്കക്കുറവ് വയോധികരുടെ ഒരു പ്രധാന പ്രയാസമാണ്.  പകലുറങ്ങാതിരിക്കുക, ചെറിയതോതിലുള്ള വ്യായാമം, രാത്രി കിടക്കുന്നതിന് മുന്‍പായി ടി.വി., മൊബൈല്‍, ലാപ്ടോപ്പ് എന്നിവ ഉപയോഗിക്കാതിരിക്കുക ഇതെല്ലാം ഒരു പരിധിവരെ ഉറക്കം ലഭിക്കുന്നതിന് സഹായിക്കും. 5-6 മണിക്കൂര്‍ ഉറക്കം കിട്ടിയാല്‍ത്തന്നെ ഈ പ്രായക്കാര്‍ക്ക് പ്രയാസങ്ങള്‍ ഒഴിവാക്കാനാകും.

ഡയറ്റ് പ്ലാന്‍ വേണം
സമീകൃതാഹാരം കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ വ്യക്തിക്കും അവരുടെ രോഗാവസ്ഥകള്‍കൂടി കണക്കാക്കി ഒരു ഡയറ്റ് ചാര്‍ട്ട് ഉണ്ടാക്കുന്നതാണ് നല്ലത്. ഇതിന് ഡോക്ടറും ഡയറ്റീഷ്യനും സഹായിക്കും. 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • മരുന്നുകള്‍ ആവശ്യത്തിനനുസരിച്ച് ഡോക്ടറുടെ ഉപദേശപ്രകാരം ഉപയോഗിക്കുക.
 • സ്വയംചികിത്സ ഒഴിവാക്കുക.
 • കഴിയുന്നത്ര ഒരു ചികിത്സാരീതി തുടരുക. വേറെ ചികിത്സാവിധികള്‍ ഉപയോഗിക്കുന്നുവെന്നത് നിങ്ങളുടെ പ്രൈമറി ഫിസിഷ്യന്‍ അറിഞ്ഞിരിക്കണം.
 • മരുന്നുകളെപ്പറ്റി ഗൂഗിള്‍ സെര്‍ച്ച് ചെയ്യാതിരിക്കുക. നിങ്ങള്‍ ഡോക്ടറോട് ചോദിച്ച് സംശയങ്ങള്‍ നീക്കുക.

പരിചരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡോക്ടറെപ്പോലെ തന്നെ പ്രധനമാണ് വയോധികരെ പരിചരിക്കുന്നവരുടെ സേവനവും. വയോധികരെ പരിചരിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 • രോഗിയുടെ അവസ്ഥ പരിചരിക്കുന്നവര്‍ പൂര്‍ണമായി മനസ്സിലാക്കണം.
 • മരുന്നുകളെക്കുറിച്ചും അവ കഴിക്കുന്ന രീതികളെക്കുറിച്ചും ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കിയിരിക്കണം.
 • രോഗിയുടെ താത്പര്യങ്ങള്‍ക്ക് യോജിച്ചരീതിയില്‍ പെരുമാറണം.
 • ചില സന്ദര്‍ഭങ്ങളില്‍ രോഗിയുടെ ഇംഗീതത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിക്കേണ്ടിവന്നേക്കാം. ആ സാഹചര്യത്തെ ക്ഷമയോടെ നേരിടണം.
 • ഓര്‍മക്കുറവുള്ള രോഗികളെ പരിചരിക്കുന്ന വ്യക്തിക്ക് മാനസിക സമ്മര്‍ദം (Care giver stress) വരാതെ നോക്കണം. ഇതിന് ആവശ്യമെങ്കില്‍ ഡോക്ടറുടെ സഹായം തേടണം.
 • രോഗിയുടെ സ്വാതന്ത്ര്യത്തില്‍ അമിതമായി ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം.
 • രോഗിയുടെ ഒപ്പം നില്‍ക്കാന്‍ ശ്രമിക്കണം, എന്നാല്‍ അവര്‍ക്ക് ശല്യമാവുകയുമരുത്.

40 പിന്നിടുമ്പോള്‍ തന്നെ പരിശോധന
40 വയസ്സിന് മുകളിലുള്ളവരെല്ലാം ആറുമാസം കൂടുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഉറപ്പാക്കാനുള്ള പരിശോധനകള്‍ക്ക് വിധേയമാകുന്നത് നല്ലതാണ്. ചില രോഗകാരണങ്ങളെങ്കിലും നേരത്തെ അറിയുന്നതിന് ഇതിലൂടെ സാധിക്കും. 
ഇങ്ങനെയുള്ള പരിശോധനകള്‍ വഴി പിന്നീട് ഉണ്ടാകാവുന്ന ഓര്‍മക്കുറവ്, കേള്‍വിക്കുറവ്, കാഴ്ചക്കുറവ്, വിഷാദരോഗം തുടങ്ങിയ അസുഖങ്ങള്‍ സമയനഷ്ടം കൂടാതെ തിരിച്ചറിയാന്‍ സാധിച്ചേക്കാം. കഴിയുന്നത്ര വേഗത്തില്‍ ചികിത്സ തുടങ്ങാനും ഇത് സഹായിക്കും. 

(കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് & റിസര്‍ച്ച് സെന്ററിലെ ജെറിയാട്രി വിഭാഗം പ്രൊഫസറാണ് ലേഖിക)

Content Highlights: how to care old age people tips, mental and physical health of old age people,Health, Geriatrics, Old Age Care