തൊലിപ്പുറത്തുണ്ടാകുന്ന പല അസുഖങ്ങള്‍ക്കും ക്രീം, ഓയിന്റ്‌മെന്റ്, ലോഷന്‍, ലിനിമെന്റ്, സ്പ്രേ തുടങ്ങിയ വിവിധ രൂപത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കാറുണ്ട്. ഇവയുടെ പ്രവര്‍ത്തനം ചര്‍മത്തില്‍ തന്നെയാണെങ്കിലും ചില മരുന്നുകള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ട് പ്രശ്‌നങ്ങള്‍ക്ക് ഇടയാകാറുണ്ട്.

തൊലിപ്പുറത്തുപയോഗിക്കുന്ന ക്രീമുകളും ഓയിന്റ്‌മെന്റുകളും കണ്ണിലോ മൂക്കിലോ വായിലോ ആകാതെ സൂക്ഷിക്കണം. മരുന്ന് പുരട്ടിയതിനുശേഷം നന്നായി കഴുകാതെ കോസ്‌മെറ്റിക്‌സോ മറ്റ് മരുന്നുകളോ പുരട്ടുന്നത് പ്രതിപ്രവര്‍ത്തനത്തിന് കാരണമാകാം. തൊലിപ്പുറത്തുപയോഗിക്കുന്ന പല മരുന്നുകളും പുരട്ടിയതിനുശേഷം വെയില്‍ കൊള്ളാതിരിക്കുന്നതാണ് നല്ലത്. കാരണം ചിലത് സൂര്യരശ്മികളുടെ സാന്നിധ്യത്തില്‍ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാറുണ്ട്. ടെട്രാസൈക്ലിന്‍ വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ അടങ്ങിയ ഓയിന്റ്‌മെന്റുകള്‍ ഇതിന് ഉദ്ദാഹരണമാണ്.

കാലാവധി കഴിഞ്ഞ മരുന്നുകള്‍ വീണ്ടും ഉപയോഗിക്കാന്‍ പാടില്ല. ലോഷന്‍ പുരട്ടിയതിനുശേഷം തടവേണ്ട ആവശ്യമില്ല. എന്നാല്‍ വേദനയ്ക്ക് ഉപയോഗിക്കുന്ന ടര്‍പന്റയിന്‍ ലിനിമെന്റ് പുരട്ടിയതിനുശേഷം നന്നായി തടവണം. തൊലിപ്പുറത്ത് ഉപയോഗിക്കുന്ന സ്േ്രപ ആണെങ്കില്‍ ശരീരത്തില്‍ നിന്ന് ആറുമുതല്‍ എട്ടിഞ്ചുവരെ അകലെ നിന്നുവേണം സ്പ്രേ ചെയ്യാന്‍. അതും രണ്ടുമുതല്‍ മൂന്നുസെക്കന്‍ഡ് വരെയേ സ്പ്രേ ചെയ്യാവൂ. ഭക്ഷണപദാര്‍ഥത്തിലോ കണ്ണുകളിലോ ആകരുത്. കത്തിക്കൊണ്ടിരിക്കുന്ന സാധനങ്ങളുടെ അടുത്ത് നിന്ന് സ്പ്രേ ഉപയോഗിക്കരുത്.

ഓയിന്റ്‌മെന്റുകള്‍ പുരട്ടുന്നതിന് മുന്‍പായി കൈകള്‍ സോപ്പിട്ട് കഴുകി വൃത്തിയാക്കണം. ഓയിന്റ്‌മെന്റുകള്‍, ക്രീമുകള്‍ എന്നിവ കുറച്ചെടുത്ത് അത് സാവധാനം തൊലിപ്പുറത്ത് പുരട്ടുക. കട്ടിയില്‍ മരുന്നുകള്‍ തൊലിപ്പുറത്ത് പുരട്ടുന്നതല്ല കാര്യം. വളരെ നേര്‍ത്ത രീതിയില്‍ പുരട്ടുമ്പോഴാണ് ഇവ നന്നായി ആഗിരണം ചെയ്യുന്നത്. ഇത്തരം മരുന്നുകള്‍ ഉപയോഗിച്ചതിനുശേഷം തൊലിപ്പുറത്ത് ചൊറിച്ചിലോ തടിപ്പോ അനുഭവപ്പെടുന്നെങ്കില്‍ ഉടന്‍ മരുന്ന് നിര്‍ത്തി ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ഫിനൈറ്റോയിന്‍ അടങ്ങിയിട്ടുള്ള ഓയിന്റ്‌മെന്റുകള്‍ ദീര്‍ഘകാലം ഉപയോഗിക്കുമ്പോള്‍ വെയില്‍ കൊള്ളുന്ന തൊലിപ്പുറത്ത് തവിട്ടുനിറം ഉണ്ടാകാറുണ്ട്.

(കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖകന്‍)

Content Highlights: How to apply topical medications on the skin- skin and medications ointments

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)