-
ഗര്‍ഭകാലത്തെ ഭക്ഷണരീതിയെക്കുറിച്ചും മറ്റും സംശയങ്ങളും ആകാംഷയും വര്‍ധിക്കുന്നത് സ്വാഭാവികമാണ്. കാരണം ഗര്‍ഭവുമായി ബന്ധപ്പെട്ട് പല വിശ്വാസങ്ങളും നമ്മുടെ നാട്ടിലുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഗര്‍ഭിണി രണ്ടാള്‍ക്കുള്ള ആഹാരം കഴിക്കണം എന്നത്. കുട്ടിയുടെ ആരോഗ്യം കൂടി കണക്കിലെടുത്താണ് മുതിര്‍ന്നവര്‍ പലരും ഇത്തരമൊരു ഉപദേശം നല്‍കാറുള്ളത്. ശരിക്കും ഗര്‍ഭിണി രണ്ടുപേര്‍ക്കുള്ള ആഹാരം കഴിക്കേണ്ടതുണ്ടോ?
ഗര്‍ഭകാലത്ത് ശാരീരിക വ്യതിയാനങ്ങള്‍ വരുന്നതിനാല്‍ ഊര്‍ജം അധികമായി വേണ്ടിവരുന്നു എന്നത് വാസ്തവമാണ്. എന്നാല്‍ ഗര്‍ഭിണി രണ്ടുപേര്‍ക്കുള്ള ഭക്ഷണം കഴിക്കേണ്ടതില്ല. ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ അളവ്ല്ല പോഷകങ്ങളാണ് കൂട്ടേണ്ടത് എന്ന് മനസ്സിലാക്കണം.
ഗര്‍ഭകാലത്ത് ഒരു ദിവസം 300 മുതല്‍ 400 കലോറി വരെ ഊര്‍ജം വേണ്ടിവരുന്നുണ്ട്. എന്നാല്‍ ആദ്യത്തെ മൂന്നുമാസങ്ങളില്‍ ഈ അധിക ഊര്‍ജം ആവശ്യമില്ല. പിന്നീട് ഓരോ ദിവസവും അധികമായി വേണ്ടിവരുന്ന 400 കലോറി ലഭിക്കാന്‍ എത്ര ആഹാരം കൂടുതലായി കഴിക്കേണ്ടി വരും എന്നറിഞ്ഞിരിക്കണം.
സാധാരണ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം ഒരു ദിവസം മൂന്നു ദോശയോ അതിനു സമമായ മറ്റ് ആഹാരങ്ങളോ കഴിക്കുകയും 200 മില്ലിലിറ്റര്‍ പാല്‍ കുടിക്കുകയും ചെയ്യുമ്പോള്‍ തന്നെ ഈ അധിക ഊര്‍ജം ലഭിക്കും. ആഹാരം ചെറിയ അളവില്‍ ആറ് നേരമായി കഴിക്കുന്നതാണ് നല്ലത്.
അതല്ലാതെ ഓരോ നേരവും ഇരട്ടി അളവില്‍ ആഹാരം കഴിക്കുകയും പഴച്ചാറുകളും മധുരപലഹാരങ്ങളും വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്നത് ഗര്‍ഭിണിക്ക് ഗുണം ചെയ്യുകയില്ല. മാത്രമല്ല, ദുര്‍മേദസ്സ്, പ്രമേഹം മുതലായ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യാം.
ഗര്‍ഭകാലത്ത് ഫാസ്റ്റ് ഫുഡും ശീതളപാനീയങ്ങളും ഇഷ്ടഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നിരുത്സാഹപ്പെടുത്തണം.
സമീകൃതമാകട്ടെ ഭക്ഷണം
നന്നായി കഴുകി വൃത്തിയാക്കിയ പച്ചക്കറികള്‍ ചേര്‍ത്ത സാലഡുകളും പഴവര്‍ഗങ്ങളും മിതമായ രീതിയില്‍ പാലും ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുട്ടയും മീന്‍കറിയും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഗര്‍ഭസ്ഥശിശുവിന്റെ അവയവ വളര്‍ച്ചയ്ക്ക് പ്രോട്ടീന്‍ പ്രധാനമാണ്. പാല്‍, പയര്‍ വര്‍ഗങ്ങള്‍, മുട്ട, ഇറച്ചി എന്നിവയിലൂടെ പ്രോട്ടീന്‍ ലഭിക്കും. ഇഡ്ഡലി, ദോശ എന്നിവ കഴിക്കുമ്പോള്‍ അന്നജവും പ്രോട്ടീനും ലഭിക്കും എന്ന മെച്ചവുമുണ്ട്. അതുപോലെത്തന്നെയാണ് കടലയുടെയും പുട്ടിന്റെയും ഗുണവും.
ഗര്‍ഭകാലത്ത് ഹോര്‍മോണുകളടെ വ്യതിയാനങ്ങള്‍ കൊണ്ട് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ഗര്‍ഭിണികള്‍ നാരുള്ള ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കണം. പഴച്ചാറുകള്‍ കഴിക്കുന്നതിന് പകരം പഴവര്‍ഗങ്ങള്‍ അതുപോലെ കഴിക്കുന്നതു വഴി ഭക്ഷണത്തിലെ നാരിന്റെ അളവ് ഉറപ്പാക്കാം. പച്ചക്കറികളും ഉള്‍പ്പെടുത്തണം.
ചീര, മുരിങ്ങയില, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നീളന്‍ പയറ്, ബീന്‍സ് മുതലായവ കഴിക്കുന്നതിലൂടെ മറ്റ് പോഷകങ്ങളും ഉറപ്പാക്കാനാവും.
പൈനാപ്പിള്‍, മാതളം, ഈന്തപ്പഴം എന്നിവ ഗര്‍ഭിണികള്‍ ഒഴിവാക്കുന്നതാണ് നല്ലതെന്ന വിശ്വാസം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇവയൊന്നും ഗര്‍ഭിണിക്കോ കുഞ്ഞിനോ ദോഷം ചെയ്യുന്നവയല്ല. വീടുകളില്‍ സുലഭമായി കാണുന്ന പഴുത്ത പപ്പായ വിറ്റാമിന്‍ എ യുടെ സ്രോതസ്സാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്:
ഡോ. പി. ലക്ഷമി അമ്മാള്‍
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
എസ്.യു.ടി. ഹോസ്പിറ്റല്‍, പട്ടം, തിരുവനന്തപുരം
Content Highlights: How should be the food habits of Pregnant woman is she eat double food, Food, Health, Pregnancy Care


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..