ന്ത്യയുടെ കോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് വിജയകരമായി മുന്നോട്ട് പോവുകയാണ്. ആഴ്ചകള്‍ക്ക് മുന്‍പ് നൂറു കോടി വാക്‌സിനുകളുടെ വിതരണം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സമയത്ത് നൂറു ശതമാനം പേരും കോവിഡ് വാക്‌സിനെടുത്ത ഗ്രാമത്തെക്കുറിച്ചറിയാം. 

വാക്‌സിനേഷനുകളോട് മുഖം തിരിച്ചുനിന്ന ചരിത്രമാണ് മധ്യപ്രദേശിലെ ജാബുവ ജില്ലയിലെ ഗ്രാമങ്ങള്‍ക്കുള്ളത്. എന്നാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍ നിരക്ക് രേഖപ്പെടുത്തുന്ന ജില്ലയായിരിക്കുകയാണ് ഈ ഈ ആദിവാസി മേഖല. 

ജാബുവയിലെ നരസിംഹ്രുന്‍ഡ ഗ്രാമം നൂറു ശതമാനവും കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമമാണ്. മറ്റ് ഗ്രാമങ്ങളും സമാന നേട്ടത്തിലേക്ക് എത്തിക്കൊണ്ടിരിക്കെ ജാബുവ ജില്ല ഇന്ന് നേട്ടത്തിന്റെ നെറുകയിലാണ്.  

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയാണ് ആദിവാസി മേഖലയായ ജാബുവയിലെ ഈ ഗ്രാമം. വാക്‌സിനേഷന്‍ ക്യാപുകളെ ഭയത്തോടെ കണ്ടിരുന്ന സമൂഹമായിരുന്നു ഇവിടെ. വാക്‌സിന്‍ എടുത്താല്‍ വന്ധ്യതയും ഗര്‍ഭധാരണത്തിലെ പ്രശ്‌നങ്ങളുണ്ടാകുമെന്നും മരണം വരെ സംഭവിക്കാം എന്നൊക്കെയായിരുന്നു ഇവിടത്തുകാരുടെ വിശ്വാസം. അതിനാല്‍ തന്നെ വാക്‌സിനേഷന്‍ ക്യാംപുകള്‍ തുടങ്ങിയപ്പോള്‍ അവിടേക്ക് ഗ്രാമീണര്‍ വരാന്‍ തയ്യാറായില്ല. വീടുകളിലേക്കെത്തിയ ആരോഗ്യപ്രവര്‍ത്തകരെയാവട്ടെ നാട്ടുകാര്‍ ആട്ടിയോടിക്കുകയും ചെയ്തു. 

''വാക്‌സിനെടുത്താല്‍ ഒരു മാസത്തിനുള്ളില്‍ മരണം സംഭവിക്കുമെന്നായിരുന്നു അവരുടെ വിശ്വാസം. എന്നാല്‍ ഒന്നും സംഭവിക്കില്ലെന്ന് ഞങ്ങള്‍ ഉറപ്പുനല്‍കു. വാക്‌സിന്‍ എടുത്ത ഞങ്ങളെ തന്നെ ഉദാഹരണങ്ങളാക്കി അവര്‍ക്കു മുന്‍പില്‍ അവതരിപ്പിച്ചു''-പ്രദേശത്തെ ആശ വര്‍ക്കറായ ഭൂരി ബായ് പറയുന്നു. 

മൂന്ന് ആരോഗ്യപ്രവര്‍ത്തകരെയും രണ്ട് മുന്നണിപ്പോരാളികളെയുമാണ് ഗ്രാമത്തിലെ വാക്‌സിനേഷന്‍ ഡ്രൈവിനായി അയച്ചത്. ഇതിനു മുന്‍പായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ആദ്യ ഡോസ് വാക്‌സിന്‍ അവര്‍ സ്വീകരിക്കുകയും ചെയ്തു. 

ഇവരും ഭരണാധികാരികളും ഒന്നിച്ച് ചേര്‍ന്നാണ് പ്രവര്‍ത്തിച്ചത്. വാക്‌സിനെടുക്കാന്‍ ഗ്രാമീണരെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു. 'സാത്തിയ' എന്ന പേരില്‍ അറിയപ്പെട്ട ചെറുപ്പക്കാരായ വാക്‌സിനേഷന്‍ സന്നദ്ധപ്രവര്‍ത്തകരെ ഇതിനായി നിയോഗിച്ചു. സ്വന്തം മാതാപിതാക്കളെ വാക്‌സിനെടുക്കാന്‍ അവര്‍ പ്രേരിപ്പിക്കുകയായിരുന്നു ആദ്യമെന്ന് ജില്ലാ വാക്‌സിനേഷന്‍ ഓഫീസര്‍ ഡോ. രാഹുല്‍ ഗനാവ പറഞ്ഞു. 

ആദ്യഘട്ടത്തില്‍ വാക്‌സിനെടുത്ത് സുരക്ഷിതരായ മുതിര്‍ന്ന വ്യക്തികള്‍ മറ്റുള്ളവരെ വാക്‌സിനെടുക്കാന്‍ പ്രേരിപ്പിച്ചത് വളരെ ഗുണകരമായി-ഡോ. രാഹുല്‍ ഗനാവ പറഞ്ഞു. 

വാക്‌സിനേഷന്‍ ക്യാംപെയിനായി നിയോഗിക്കപ്പെട്ട വൊളണ്ടിയര്‍മാര്‍ പ്രദേശവാസികളുടെ വീടുകളിലും ഫാമുകളിലും മാര്‍ക്കറ്റുകളിലും തുടങ്ങി ആളുകള്‍ ഉള്ള എല്ലായിടത്തും എത്തി വാക്‌സിന്‍ നല്‍കാന്‍ തുടങ്ങി. ഇത് വിജയകരമായതോടെ സെപ്റ്റംബര്‍ 12 ന് വാക്‌സിന്‍ സ്വീകരിച്ചവര്‍ 100 ശതമാനത്തിലെത്തി. 

ഈ ഗ്രാമത്തെക്കൂടാതെ ജാബുവയിലെ ഇതുപോലുള്ള മറ്റ് ഗ്രാമങ്ങളും നൂറുശതമാനം വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യം വാക്‌സിനെടുക്കാന്‍ മടിച്ചവരാണ് ഇവിടെയുള്ളവര്‍ ഏറെയും. നിരന്തരമായ ബോധവത്ക്കരണവും ആരോഗ്യപ്രവര്‍ത്തകരുടെ കഠിന പരിശ്രമങ്ങളുമാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന സ്വപ്‌നത്തിലേക്ക് എത്തിച്ചേരാന്‍ ഇവരെ സഹായിച്ചത്. 

നിലവില്‍ 25ാം സ്ഥാനത്ത് നില്‍ക്കുന്ന ജാബുവ ജില്ലയില്‍ 97.37 ശതമാനം പേര്‍ ഒരു ഡോസ് വാക്‌സിനും 38.8 ശതമാനം പേര്‍ രണ്ട് ഡോസ് വാക്‌സിനുമെടുത്തുകഴിഞ്ഞു. കോവിന്‍ പോര്‍ട്ടല്‍ ഡാറ്റ പ്രകാരം ജാബുവ ജില്ലയില്‍ നവംബര്‍ 16 വരെയുള്ള കാലത്ത് 8,68,187 കോവിഡ് വാക്‌സിന്‍ ഡോസുകള്‍ നല്‍കിക്കഴിഞ്ഞു. 

ഈ വിജയത്തെ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചിരുന്നു. നവംബര്‍ 16 വരെയുള്ള മധ്യപ്രദേശില്‍ 5.03 കോടി ആദ്യ ഡോസ് വാക്‌സിനും 2.59 കോടി രണ്ടാമത്തെ ഡോസും നല്‍കിക്കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് 3.72 ലക്ഷം പേരാണ് വാക്‌സിനെടുത്തത്. ഡിസംബര്‍ 31 ന് മുന്‍പ് മൂന്നുകോടി ആളുകള്‍ക്ക് കൂടി വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് മധ്യപ്രദേശ്.

Content Highlights: How Narsinghrunda village in Madhya Pradesh’s Jhabua district achieved 100 percentage vaccination