ല്പം ഉപ്പും പഞ്ചസാരയും ശുദ്ധജലവും ചേര്‍ത്ത് തയ്യാറാക്കുന്ന ഒരു ലായനി. ആ ലായനിക്ക് ജീവന്‍ രക്ഷിക്കാനുള്ള കഴിവുണ്ട്. അതാണ് ഒ.ആര്‍.എസ്. ലായനി (ഓറല്‍ റീഹൈഡ്രേഷന്‍ സൊല്യൂഷന്‍). വയറിളക്ക രോഗങ്ങള്‍ മൂലം നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഒരു കാലത്ത് ആളുകളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒ.ആര്‍.എസ്. ലായനിക്ക് സാധിച്ചിട്ടുണ്ട്. 

1829 ലെ കോളറ മഹാമാരിയുടെ സമയത്ത് നിര്‍ജ്ജലീകരണമായിരുന്നു പ്രധാന മരണകാരണം. 1960 കള്‍ വരെ ഒ.ആര്‍.എസ്. ലായനിയെക്കുറിച്ച് ലോകത്തിന് വലിയ ബോധ്യമുണ്ടായിരുന്നില്ല. പില്‍ക്കാലത്ത് നിരവധി പേരുടെ നിരീക്ഷണങ്ങളിലൂടെയാണ് ഒ.ആര്‍.എസ്. ലായനിയുടെ ഫലസിദ്ധി തിരിച്ചറിഞ്ഞത്. ഇതോടെ അത് തയ്യാറാക്കി രോഗികള്‍ക്ക് നല്‍കിത്തുടങ്ങി.

1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്താണ് ഒ.ആര്‍.എസിന്റെ ഗുണങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത്.  കല്‍ക്കട്ട ജോണ്‍ ഹോപ്കിന്‍സ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ട്രെയ്‌നിങ്ങിലെ ഡോ. ദിലീപ് മഹലനാബിസ് ഒ.ആര്‍.എസ്. ലായനി തയ്യാറാക്കി അതിര്‍ത്തി ഗ്രാമങ്ങളിലെ കോളറ രോഗികള്‍ക്ക് നല്‍കാന്‍ തുടങ്ങി. ഐ.വി. ഫ്‌ളൂയിഡ് നല്‍കിയ രോഗികളില്‍ മരണനിരക്ക് 30 ശതമാനമായിരുന്നു. എന്നാല്‍ ഒ.ആര്‍.എസ്. നല്‍കിയ രോഗികളിലാകട്ടെ അത് വെറും 3.6 ശതമാനവും. ഈ വിജയത്തെ തുടര്‍ന്ന് ധാക്ക സലൈന്‍ എന്നും ഒ.ആര്‍.എസ്. അറിയപ്പെടാന്‍ തുടങ്ങി. യുദ്ധശേഷം ബംഗ്ലാദേശ് പിറവിയെടുത്തതോടെ വയറിളക്കത്തിനുള്ള ചികിത്സാരീതിയെന്ന നിലയില്‍ ഒ.ആര്‍.എസിന് അവിടെ വ്യാപക പ്രചാരണം ലഭിച്ചു. 

1980 ല്‍ ലോകാരോഗ്യ സംഘടനയും യൂണിസെഫും ഒ.ആര്‍.എസ്. ലായനിയുടെ ഗുണങ്ങള്‍ തിരിച്ചറിഞ്ഞ് അത് ചികിത്സയുടെ ഭാഗമാക്കി. 

ഒ.ആര്‍.എസില്‍ അടങ്ങിരിക്കുന്നത്
സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാസ്യം ക്ലോറൈഡ്, ഗ്ലൂക്കോസ് എന്നിവയുടെ മിശ്രിതമാണ് ഒ.ആര്‍.എസ്. പായ്ക്കറ്റില്‍ ലഭിക്കുന്നത്.  

ഒ.ആര്‍.എസ്. ലായനിയുടെ ഗുണങ്ങള്‍

 • ശരീരത്തില്‍ നിന്നുള്ള ജലനഷ്ടം (നിര്‍ജ്ജലീകരണം) മൂലമുള്ള മരണം തടയുന്നു.
 • ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കപ്പെടുന്നു.

ഒ.ആര്‍.എസ്. ലായനി തയ്യാറാക്കുന്ന വിധം

 • കൈകള്‍ വൃത്തിയായി കഴുകുക.
 • വൃത്തിയുള്ള ഒരു പാത്രത്തില്‍ ഒരു ലിറ്റര്‍ ശുദ്ധജലം എടുക്കുക.
 • ഒ.ആര്‍.എസ്. പാക്കറ്റിന്റെ അരികുവശം മുറിച്ച് പൗഡര്‍ മുഴുവനായും വെള്ളത്തിലേക്ക് ഇടുക.
 • പൗഡര്‍ മുഴുവന്‍ ലയിച്ചു ചേരുന്നതുവരെ വൃത്തിയുള്ള സ്പൂണ്‍ കൊണ്ട് ഇളക്കുക.
 • വൃത്തിയുള്ള അടപ്പുകൊണ്ട് പാത്രം മൂടിവയ്ക്കുക. ഒരു പ്രാവശ്യം തയ്യാറാക്കിയ ഒ.ആര്‍.എസ്. ലായനി 24 മണിക്കൂര്‍ വരെ ഉപയോഗിക്കാം.
 • തിളപ്പിച്ചാറിയ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും ചേര്‍ത്ത് വീട്ടില്‍ തന്നെ ഒ.ആര്‍.എസ്. ലായനിക്ക് പകരം തയ്യാറാക്കാവുന്നതാണ്. 

ഒ.ആര്‍.എസ്. ലായനി നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • ലായനി അല്‍പാല്‍പമായി ഇടവിട്ട് നല്‍കുക.
 • ചെറിയ കുട്ടികളെ മടിയിലിരുത്തി തല ഉയര്‍ത്തിപ്പിടിച്ച് സ്പൂണില്‍ ലായനി കൊടുക്കുക.
 • ഛര്‍ദിയുണ്ടെങ്കില്‍ 5-10 മിനിറ്റ് കഴിഞ്ഞ് വീണ്ടും ലായനി അല്‍പാല്‍പമായി നല്‍കുക.
 • നിര്‍ജ്ജലീകരണം പരിഹരിക്കപ്പെടുന്നതുവരെ ലായനി തുടര്‍ന്നു നല്‍കുക.
 • നിര്‍ദേശിക്കപ്പെടുന്ന ഇടവേളകളില്‍ ചെറിയ അളവിലാണ് കുട്ടികള്‍ക്ക് ഒ.ആര്‍.എസ്. നല്‍കേണ്ടത്. 
 • ഒരിക്കല്‍ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുള്ളില്‍ ഉപയോഗിക്കണം.
 • ലായനി നല്‍കുന്നതിനോടൊപ്പം മറ്റ് പാനീയങ്ങളും ആഹാരവും(കഴിക്കാന്‍ സാധിക്കുമെങ്കില്‍) നല്‍കാവുന്നതാണ്.
 • ഒ.ആര്‍.എസ്. കൃത്യമല്ലാതെ ഉപയോഗിച്ചാല്‍ ഛര്‍ദി, രക്തസമ്മര്‍ദം ഉയരല്‍, രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ഉയരല്‍ എന്നിവയുണ്ടാകാം. 

ഒ.ആര്‍.എസിനൊപ്പം സിങ്കും
വയറിളക്കമുള്ളപ്പോള്‍ ഒ.ആര്‍.എസിനൊപ്പം സിങ്ക് കൂടി നല്‍കണമെന്നാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത്. 

 • സിങ്ക് നല്‍കുന്നതു വഴി ശരീരത്തില്‍ നിന്നും ഉണ്ടായ സിങ്ക് നഷ്ടം പരിഹരിക്കുന്നു.
 • വിശപ്പ്, ശരീരഭാരം എന്നിവ വീണ്ടെടുക്കാന്‍ സഹായിക്കുന്നു. 
 • വയറിളക്കം, ന്യൂമോണിയ എന്നി ഉടന്‍ വീണ്ടും വരുന്നത് തടയുന്നു.

സിങ്കിന്റെ അളവ്

 • രണ്ടു മുതല്‍ ആറുമാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസവും 10 മില്ലിഗ്രാം വീതം 14 ദിവസം
 • ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 20 മില്ലിഗ്രാം വീതം 14 ദിവസം

കടപ്പാട്: കേരള ഹെല്‍ത്ത് സര്‍വീസസ്

Content Highlights: How much ORS solution can I drink a day is there any side effects, Health, ORS