കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വീശിയടിക്കുകയാണ് . അതിനൊപ്പം തെറ്റായ വിവരങ്ങളുടെ പ്രളയവും. കോവിഡും വാക്‌സിനും വകഭേദങ്ങളുമൊക്കെയായി ബന്ധപ്പെട്ടുയരുന്ന ചില ചോദ്യങ്ങല്‍ക്കുള്ള മറുപടികള്‍. 

കോവിഡ് വാക്‌സിന് എത്രകാലം നീണ്ടുനില്‍ക്കുന്ന പ്രതിരോധം നല്‍കാന്‍ കഴിയും

നിലവില്‍ നമ്മള്‍ ഉപയോഗിക്കുന്ന വാക്‌സിനുകളെല്ലാം താരതമ്യേന പുതിയവയായതിനാലും ഇവയുടെ ഫലപ്രാപ്തിയെ കുറിച്ചുള്ള പഠനങ്ങള്‍ നടക്കുന്നതേയുള്ളൂ. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഫൈസര്‍ വാക്‌സിന് രണ്ടാമത്തെ ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ ശേഷവും 91 ശതമാനം വരെ ഇമ്മ്യൂണിറ്റി നല്‍കാന്‍ സാധിക്കുന്നുണ്ട്. ആറുമാസമെങ്കിലും ഇമ്മ്യൂണിറ്റി തരാന്‍ നമ്മുടെ നാട്ടില്‍ വിതരണം ചെയ്യുന്ന വാക്‌സിനുകള്‍ക്കും കഴിയുമെന്ന് വേണം കരുതാന്‍. ഇത് ഒരു വര്‍ഷം വരെ നീണ്ടുനിന്നേക്കാം. ഒരു വര്‍ഷത്തിനപ്പുറം പ്രതിരോധശേഷി നീണ്ടുനില്‍ക്കുമോ എന്ന് കൂടുതല്‍ പഠനങ്ങള്‍ വന്നശേഷമേ പറയാന്‍ സാധിക്കൂ. ചിലപ്പോള്‍ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിന് ബൂസ്റ്റര്‍ കുത്തിവെയ്പുകൂടി ആവശ്യമായി വന്നേക്കാം. എത്രകാലം കഴിഞ്ഞാണ് ഇത്തരം ബൂസ്റ്റര്‍ കുത്തിവെയ്പ് സ്വീകരിക്കേണ്ടതെന്ന വിവരം കിട്ടുന്നതിന് പുതിയ പഠനങ്ങള്‍ പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടി വരും. 

രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ വൈകിപ്പോയാല്‍ കുഴപ്പമുണ്ടോ

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന രണ്ടും വാക്‌സിനുകള്‍ക്കും രണ്ടാം ഡോസ് എപ്പോഴാണ് സ്വീകരിക്കേണ്ടത് എന്ന് കൃത്യമായ നിര്‍ദശങ്ങളുണ്ട്. കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞ് 28 ദിവസങ്ങള്‍ക്ക് ശേഷവും കോവിഷീല്‍ഡ് ആറുമുതല്‍ എട്ട് ആഴ്ചകള്‍ക്കു ശേഷവുമാണ് രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടത്. ഇതില്‍ ചെറിയ വ്യത്യാസങ്ങളുണ്ടായതുകൊണ്ട് കുഴപ്പമില്ല. പ്രത്യേകിച്ചും കോവിഷീല്‍ഡിന്റെ രണ്ടാം ഡോസ് 12 ആഴ്ചവരെ വൈകുന്നതുകൊണ്ട് ഗുണമാണ് ഉള്ളതെന്ന് പഠനങ്ങളുണ്ട്. ആദ്യ ഡോസ് സ്വീകരിക്കുമ്പോള്‍ തന്നെ ചെറിയതോതിലുള്ള സംരക്ഷണം ലഭിച്ചുതുടങ്ങുന്നുണ്ട്. അതുകൊണ്ട് രണ്ടാം ഡോസ് വൈകിയാലും സംരക്ഷണം ലഭിക്കുന്ന കാലദൈര്‍ഘ്യം വര്‍ധിക്കാനാണ് സാധ്യത എന്നും പഠനങ്ങളുണ്ട്. 

രണ്ട് വാക്‌സിനുകളും ഒരേ കമ്പനിയുടെ തന്നെ സ്വീകരിക്കണോ, മാറിപ്പോയാല്‍ പ്രശ്‌നമുണ്ടോ

ഇന്ത്യയില്‍ ലഭ്യമായ രണ്ടു വാക്‌സിനുകളും വ്യത്യസ്തരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ പൂര്‍ണഫലം കിട്ടാന്‍ രണ്ട് ഡോസ് ആവശ്യമാണ്. ഈ രണ്ട് ഡോസും ഒരേ കമ്പനിയുടെ സ്വീകരിച്ചാലേ ശരിയായ ഫലം ലഭിക്കൂ. ആദ്യ ഡോസ് സ്വീകരിക്കുമ്പോള്‍ തന്നെ ഏത് വാക്‌സിനാണ് സ്വീകരിച്ചതെന്ന് കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടാവും. രണ്ടാമത്തെ ഡോസ് സ്വീകരിക്കാന്‍ പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെ ജീവനക്കാര്‍ക്ക് ഏത് വാക്‌സിനാണ് നമുക്ക് നല്‍കേണ്ടതെന്ന് കൃത്യമായി അറിയാന്‍ കഴിയും. ഇനി മാറിപ്പോയാല്‍ പ്രത്യേകിച്ച് ദോഷമൊന്നും വരുമെന്ന് പഠനങ്ങളില്ല. പക്ഷേ വാക്‌സിന്‍ കൊണ്ട് ഉദേശിക്കുന്ന ഫലം മുഴുവന്‍ കിട്ടില്ലെന്ന് മാത്രം. 

രണ്ട് വാക്‌സിന്‍ സ്വീകരിച്ചാലും കോവിഡ് വരുമോ

വരും, ഉദാഹരണത്തിന് ദിവസവും കോവിഡ് ബാധിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ നോക്കിയാല്‍ മതി. 90 ശതമാനത്തിലധികവും ആരോഗ്യപ്രവര്‍ത്തകരും രണ്ട് വാക്‌സിനും സ്വീകരിച്ചവരാണ്. വാക്‌സിന്‍ എടുക്കുന്നതുവഴി കോവിഡ് രോഗം ബാധിക്കുമ്പോള്‍ ഗുരുതരമാകാനുള്ള സാധ്യത കുറച്ചുകൊണ്ട് വരാനാണ് സാധിക്കുന്നത്. എങ്കിലും ഓരോ വ്യക്തിയിലും വാക്‌സിന്‍ എത്രമാത്രം ഫലം ചെയ്തു എന്ന് കൃത്യമായി പറയാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ വാക്‌സിന്‍ സ്വീകരിച്ചാലും മുന്‍പ് പിന്തുടര്‍ന്ന സുരക്ഷാമുന്‍കരുതലുകള്‍ തുടരുക തന്നെ വേണം. 

കോവിഡിന്റെ വകഭേദങ്ങളെ കുറിച്ചും കോവിഡ് വാക്‌സിന്റെ ഗുണഫലങ്ങളെ കുറിച്ചും കൂടുതലറിയാന്‍ മാതൃഭൂമി ആരോഗ്യമാസിക വാങ്ങാം

Content Highlights: how long will it take to build immunity after getting the covid-19 vaccine,Questions about Covid vaccine