വൈറസിന്റെ ജനറ്റിക് കോഡ് എന്ന അക്ഷരമാലയില്‍ ഉണ്ടാകുന്ന അക്ഷര പിശകാണ് ജനിതകവ്യതിയാനം അഥവ മ്യൂട്ടേഷന്‍ എന്ന് പറയാം. ഈ അക്ഷരപിശകുകള്‍ വൈറസിന്റെ സ്വാഭാവികമായ പരിണാമത്തിന്റെ ഭാഗമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആയിരക്കണക്കിന് അക്ഷര പിശകുകളാണ് ഈ വൈറസിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. മറ്റ് വൈറസുകള്‍ക്കും പല രീതിയിലാണ് ജനിതകമാറ്റം ഉണ്ടാകുന്നത്. എല്ലാ ജനിതകമാറ്റവും ആശങ്കയ്ക്ക് കാരണമാകേണ്ടതില്ല. ജനിതകമാറ്റം ഉണ്ടാകുന്നത് വൈറസിന്റെ ഘടനയെയോ സ്വഭാവത്തേയോ സ്വാധീനിക്കാത്ത രീതിയിലാണ് ബഹുഭൂരിപക്ഷം കേസുകളിലും സംഭവിക്കുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നടന്ന ഒരു ജനിതകമാറ്റവും സാര്‍സ് കോവ് 2 വൈറസിന്റെ സ്വഭാവത്തെയോ ഘടനയെയോ ബാധിച്ചിട്ടില്ല എന്ന് ശാസ്ത്രജ്ഞര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ ഇംഗ്ലണ്ടില്‍ കണ്ടെത്തിയ പുതിയ വകഭേദം പുതിയ ജനിതകവ്യതിയാനം വന്ന വൈറസിന് പ്രതീക്ഷിക്കുന്നതിലും അധികം വ്യതിയാനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് കൂടുതല്‍ ശ്രദ്ധവേണം എന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെയുള്ള പഠനങ്ങളില്‍ പറയുന്നത് ഈ വൈറസ് മരണനിരക്ക് വര്‍ധിപ്പിക്കുന്നില്ല എന്നും രോഗികള്‍ ആശുപത്രിയില്‍ പ്രവേശിക്കുന്ന നിരക്ക് കൂട്ടുന്നില്ല എന്നുമാണ്. എന്നാല്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വേഗം പകരാനാകുമെന്നുള്ള സംശയം നിലനില്‍ക്കുന്നതിനാലാണ് രാജ്യാന്തരതലത്തില്‍ ഒരു ജാഗ്രത ഇപ്പോള്‍ നിലനില്‍ക്കുന്നത്. വാസ്തവത്തില്‍ വൈറസ് അതിവേഗം പകരുന്നുവോ ഇല്ലയോ എന്നറിയണമെങ്കില്‍ നിരവധി പഠനങ്ങള്‍ ആവശ്യമാണ്. പ്രധാനമായും ലബോറട്ടറി പഠനങ്ങളിലാണ് ഇത് കൂടുതലും തെളിയിക്കാനാവുക. ഇതിന് കൂടുതല്‍ സമയമെടുക്കും. അങ്ങനെയുള്ള പഠനഫലങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും അമേരിക്കയിലെ ഒരു ലബോറട്ടറിയില്‍ നിന്നും പ്രാരംഭഘട്ടത്തിലുള്ള ഒരു ഫലം വന്നതില്‍ ഈ വൈറസിന് പഴയ വൈറസിനെ പോലെ ആന്റിബോഡികളോടുള്ള സസെപ്റ്റിബിലിറ്റി(ആന്റിബോഡി കൊണ്ട് നിര്‍വീര്യമാവുന്ന അവസ്ഥ) സമാനമാണ് എന്നാണ് വ്യക്തമായത്.
ജനിതകമാറ്റത്തിന് കാരണം
ജനിതകമാറ്റം ഉണ്ടാകാന്‍ പലകാരണങ്ങളും ഉണ്ട്. ചില പ്രത്യേക ചികിത്സകള്‍ ചെയ്യുന്നവരില്‍ ജനിതകമാറ്റം കൂടുതല്‍ കണ്ടുവരാറുണ്ട്. ഉദാ: മോണോക്ലോണല്‍ ആന്റിബോഡികള്‍ ഉപയോഗിക്കുന്ന രോഗികളില്‍ പ്രത്യേകിച്ചും പ്രതിരോധശേഷി കുറഞ്ഞ, ഇമ്മ്യൂണോ സപ്രസന്റ് വിഭാഗത്തില്‍പ്പെട്ട രോഗികളില്‍ വൈറസ് ഏറെക്കാലം ജീവിക്കുന്നതിനാല്‍ ജനിതകമാറ്റം കണ്ടുവരാറുണ്ട്. സാധാരണഗതിയില്‍ സാമാന്യം ആരോഗ്യമുള്ള ഒരു വ്യക്തിയുടെ ശരീരത്തില്‍ ഈ വൈറസ് പത്ത് ദിവസത്തില്‍ കൂടുതല്‍ ജീവിക്കില്ല. എന്നാല്‍ ഇമ്മ്യൂണോ സപ്രസന്റ് ആയ ആളുകളില്‍ നൂറുദിവസത്തിലധികം വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പറയുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈറസിനെ ശരീരത്തിന്റെ പ്രതിരോധത്തെ ചെറുക്കാനുള്ള ജനിതകമാറ്റം വരുത്തുന്നതിനുള്ള സാധ്യത ഒരുങ്ങുന്നുണ്ട്. പ്രത്യേകിച്ചും പ്ലാസ്മ തെറാപ്പി ലഭിച്ചവരില്‍. നല്ല ആരോഗ്യമുള്ളവരില്‍ പ്ലാസ്മ കൊടുത്താല്‍ ജനിതകവ്യതിയാനം ഉണ്ടാകുമോ എന്ന് ഇന്നും വ്യക്തമായിട്ടില്ല.
നമുക്ക് ചെയ്യാവുന്നത് എന്തൊക്കെ?
- കോവിഡ് പ്രതിരോധം ഇന്നും വ്യത്യാസമില്ലാതെ തുടരണം.
- ഒത്തുചേരല്‍ പരമാവധി ഒഴിവാക്കുക
- സാമൂഹിക അകലം പാലിക്കുക.
- മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കുക.
- കൈകള്‍ ശുചിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം പാലിക്കുന്നതു തന്നെയാണ് കോവിഡ് മഹാമാരിയെ ചെറുക്കാനുള്ള വഴികള്‍.
വാക്‌സിന്‍ ലോകത്തെമ്പാടും എത്തിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും വാക്‌സിനേഷനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. വാക്‌സിന്‍ എടുത്തവരില്‍ തീവ്രമായ രോഗത്തിന്റെ അളവ് 90 ശതമാനം കുറയാന്‍ സാധ്യതയുണ്ട് എന്ന് പഠനങ്ങള്‍ തെളിയിച്ചുകഴിഞ്ഞു. എത്രകാലത്തേക്കാണ് വാക്‌സിന്‍ സംരക്ഷണം ലഭിക്കുക എന്നത് ദീര്‍ഘനാളത്തെ പഠനം കൊണ്ട് മാത്രമേ ലഭിക്കൂ.
ഇനി, അതിവേഗം ജനങ്ങള്‍ക്കിടയില്‍ പടര്‍ന്നുപിടിക്കാനുള്ള കഴിവ് വൈറസിന് കിട്ടിയിട്ടുണ്ടെങ്കില്‍ നമ്മുടെ ജാഗ്രത കൂട്ടേണ്ടതുണ്ട്. വരും ആഴ്ചകളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാനാകും.
ജനിതമാറ്റം മൂലം വാക്‌സിന്‍ പ്രവര്‍ത്തിക്കാതാകുമോ എന്ന ആശങ്ക പലരും ഉന്നയിച്ചുകണ്ടു. എന്നാല്‍ അതിന് സാധ്യതയില്ലെന്നാണ് വിദഗ്ധാഭിപ്രായം. കാരണം, ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത് അക്ഷരമാലയുടെ ചില സ്ഥാനങ്ങളില്‍ മാത്രമാണ്. പ്രതിരോധം വൈറസിന്റെ നിരവധി ഭാഗങ്ങളെ ലക്ഷ്യമിട്ടാണ് എന്നതിനാല്‍ ജനിതകമാറ്റങ്ങള്‍ പ്രതിരോധത്തെ ബാധിക്കുകയില്ല എന്നാണ് ഇതുവരെയുള്ള അറിവ്.
Content Highlights: How genetic variation affects the Covid19 pandemic, Health, Covid19, Corona Virus Outbreak, Genetic Mutation