ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കഴിച്ചാല്‍ കാന്‍സര്‍ മാറുമെന്ന്!; ഡോ. വി.പി. ഗംഗാധരന്‍ ഞെട്ടി


ബിജു സി.പി.

ശാസ്ത്രീയമായി കാര്യങ്ങളെ മനസ്സിലാക്കാനുള്ള അവബോധം എന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ്.

ഡോ. വി.പി. ഗംഗാധരൻ (Photo: സിദ്ദിക്കുൽ അക്ബർ)

മേരി ലാന്‍ഡ് കോളേജ് ഓഫ് മെഡിസിന്റെ കണ്ടെത്തല്‍ എന്ന പേരിലാണ് വന്നതെങ്കിലും ഡോ.വി.പി.ഗംഗാധരന്റെ ശുപാര്‍ശയായിട്ടാണ് അത് പ്രചരിച്ചത്. ചെറുനാരങ്ങകൊണ്ട് കാന്‍സര്‍ ഭേദമാക്കുന്ന മാന്ത്രികച്ചികിത്സ. ഒരു ചെറുനാരങ്ങ മുഴുവനായി ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ പിഴിഞ്ഞ് ദിവസേന രാവിലെ ഭക്ഷണത്തിനുമുന്‍പ് ഒരുമാസം കഴിച്ചാല്‍ കാന്‍സര്‍ മാറുമെന്നും ഏത് കീമോതെറാപ്പിയെക്കാളും ഫലപ്രദമാണെന്നുമായിരുന്നു സന്ദേശം. വാട്‌സാപ്പിലും മറ്റും വ്യാപകമായി പ്രചരിച്ച സന്ദേശത്തില്‍ ഡോ.ഗംഗാധരന്റെ ചിത്രം നല്ല വലുപ്പത്തില്‍ ചേര്‍ത്തിട്ടുണ്ടായിരുന്നു.

ഒന്നിനു പിറകേ ഒന്നായി പലരും ഡോക്ടര്‍ക്കുതന്നെ ഈ സന്ദേശം അയയ്ക്കാന്‍ തുടങ്ങി. ഒട്ടും വൈകിയില്ല, ഡോക്ടര്‍ നേരേ സൈബര്‍ പോലീസില്‍ പരാതിനല്‍കി. പരാതിപ്പെട്ട വിവരം വാര്‍ത്തയാവുകയും സന്ദേശം ഫോര്‍വേഡ് ചെയ്ത ചിലരെ പോലീസില്‍നിന്ന് വിളിക്കുകയും ചെയ്തു. പൊടുന്നനെ ആ അസുഖം ഭേദമായി! നാരങ്ങാവെള്ളത്തിന്റെ പേരിലുള്ള തട്ടിപ്പുപ്രചാരണം.

ഇത്തരമൊരു പ്രചാരണത്തിനുപിന്നില്‍ പ്രത്യേകിച്ച് ഒരു ലാഭം നേടലൊന്നും ലക്ഷ്യമായിട്ടുണ്ടാവില്ല. നാരങ്ങാവെള്ളം ലോബിയൊന്നും ഏതായാലും ഉണ്ടാവില്ലല്ലോ! പിന്നെ എന്തായിരിക്കും ഇത്തരം പ്രചാരണങ്ങള്‍ക്കുപിന്നില്‍? കാന്‍സര്‍ ചികിത്സാരംഗത്ത് വ്യാപകമായ തട്ടിപ്പുകളെക്കുറിച്ച് ഡോ. വി.പി.ഗംഗാധരന്‍ സംസാരിക്കുന്നു.

കാന്‍സര്‍ ചികിത്സാരംഗത്ത് പലതരത്തിലുള്ള തട്ടിപ്പുകള്‍ വ്യാപകമാണല്ലോ. എന്തുകൊണ്ടായിരിക്കും അത്?

ശരിക്കുപറഞ്ഞാല്‍, അതൊരു പുതിയ കാര്യമല്ല. നേരത്തെയും ഇത്തരം തട്ടിപ്പുകളും വ്യാജചികിത്സകളും ഒക്കെയുണ്ടായിരുന്നു. പലതരത്തിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വന്നതോടെ ഇത്തരം പ്രചാരണങ്ങളുടെ വ്യാപ്തി വളരെ കൂടിയിട്ടുണ്ട് ഇപ്പോള്‍.
എന്തുകൊണ്ടാണ് ഇത്തരം തട്ടിപ്പുകളും വ്യാജപ്രചാരണങ്ങളും ഉണ്ടാകുന്നത് എന്ന് കൃത്യമായി പറയാന്‍ എളുപ്പമല്ല. മനുഷ്യര്‍ പല തരക്കാരല്ലേ. ഓരോരുത്തരുടെയും വികാര വിചാരങ്ങളായിരിക്കണം ഒരുകാരണം. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങളെയും ചികിത്സയെയും കുറിച്ച് ജനങ്ങള്‍ക്ക് ശരിയായ അവബോധമുണ്ടാക്കുക എന്നതാണ് ഇതിനെതിരേ ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം.

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സമ്പൂര്‍ണ സാക്ഷരതയുണ്ട്. നല്ല വിദ്യാഭ്യാസം കിട്ടിയ ആളുകളും നിരവധിയാണ്. എന്നാല്‍, ശാസ്ത്രീയമായി കാര്യങ്ങളെ മനസ്സിലാക്കാനുള്ള അവബോധം എന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ്. ഉന്നത വിദ്യാഭ്യാസമുണ്ടായാലും ശാസ്ത്രീയ ചിന്താരീതി കിട്ടിക്കൊള്ളണമെന്നില്ല. ഏതു കാര്യത്തെക്കുറിച്ചായാലും പ്രാഥമിക ശാസ്ത്രീയബോധത്തോടെ അതിനെ സമീപിക്കാന്‍ കഴിയണം.

കാര്യങ്ങളെ അങ്ങനെ അപഗ്രഥിക്കാനുള്ള കഴിവ് ഇല്ലാത്തപ്പോഴാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടുന്നത്. പിന്നെ ഇത്തരം വ്യാജചികിത്സകള്‍ നടത്തി പണമുണ്ടാക്കാന്‍ നടക്കുന്ന കുറെ തട്ടിപ്പുകാരുണ്ട്. അവര്‍ അവരുടെ രീതികള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കും. അതിനുള്ള അന്തരീക്ഷമുണ്ടാകുന്നത് വ്യാജവിവരങ്ങളുടെ ഒരന്തരീക്ഷത്തിലാണല്ലോ. തികച്ചും അശാസ്ത്രീയമായ ചിന്തകളെയും വിവരങ്ങളെയും പ്രചരിപ്പിക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്ന ഒരു വിഭാഗം ആളുകളുണ്ട്. അവരാണ് സാഹചര്യം ഒരുക്കുന്നത്.

വളരെയേറെ പണം ചെലവുചെയ്ത് വളരെ ബുദ്ധിമുട്ടുകള്‍ സഹിച്ച് ചികിത്സിച്ചാലും കാന്‍സര്‍ ഭേദമാവില്ല എന്നൊരു തോന്നല്‍ ഇപ്പോഴുമുണ്ടല്ലോ. അതായിരിക്കുമോ കുറഞ്ഞ ചെലവിലുള്ള തട്ടിപ്പുചികിത്സയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്?

കാന്‍സറിന്റെ കാര്യത്തില്‍ ഒരുപാട് തെറ്റിദ്ധാരണകളും വിവേചനവും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കാന്‍സര്‍ എന്നത് ഒരൊറ്റ രോഗമല്ലല്ലോ. നൂറിലധികം വിഭാഗങ്ങളിലുള്ള കാന്‍സറുകളുണ്ട്. ശരീരത്തിലെ ഒരുവിധം അവയവങ്ങളിലൊക്കെ കാന്‍സര്‍ വരാവുന്നതാണ്. അതിവേഗം വിഭജിച്ചുവളരുന്ന കോശങ്ങളോടുകൂടിയ അവയവങ്ങളില്‍ പ്രത്യേകിച്ചും. ഓരോ അവയവത്തില്‍ വരുന്ന കാന്‍സറും ഓരോ തരത്തിലാണ് ചികിത്സിക്കുക. ഒരേ അവയവത്തില്‍ വരുന്നതുതന്നെ വിവിധ തരത്തിലുണ്ടാവുകയും ചെയ്യും. ഓരോ ഘട്ടത്തിലുമുള്ള കാന്‍സര്‍ ചികിത്സിക്കുന്നത് ഓരോ തരത്തിലാണ്. കാന്‍സര്‍ എന്നുകേള്‍ക്കുമ്പോള്‍ അതൊരു പ്രത്യേകകാര്യം എന്ന മട്ടില്‍ കരുതുകയും സമീപിക്കുകയും ചെയ്യുന്നത് ശരിയാവില്ല.

കാന്‍സര്‍ ചികിത്സയില്‍ ഓരോ ഘട്ടത്തിലുമുള്ള രോഗത്തിന് നല്‍കുന്ന ചികിത്സയുടെ വിജയ സാധ്യതയ്ക്കൊക്കെ കൃത്യമായ സ്ഥിതിവിവരക്കണക്കുകളുണ്ട്. രോഗവും രോഗിയുടെ സാഹചര്യങ്ങളും ഒക്കെ വിലയിരുത്തി ചികിത്സയുടെ സാധ്യത വിലയിരുത്താന്‍ കഴിയും. അതുകൊണ്ടുതന്നെ ഇനി കാര്യമായ ചികിത്സകള്‍ വേണ്ട, ഇത്ര കാലത്തിനപ്പുറം തുടരാനുള്ള സാധ്യത കുറവാണ് എന്നൊക്കെ വലിയൊരു പരിധിവരെ വിലയിരുത്താന്‍ കഴിയും. അത്തരമൊരു സ്ഥിതിവിവരക്കണക്ക് തട്ടിപ്പുചികിത്സകര്‍ക്ക് ഇല്ലല്ലോ.

ചില രോഗാവസ്ഥയില്‍ അനേക വര്‍ഷങ്ങളോളം വലിയ പ്രശ്നങ്ങളില്ലാതെ ജീവിക്കാനാകും. എന്താണ് ചികിത്സ, അതിന്റെ ഫലം എങ്ങനെയാണ് എന്നൊക്കെ കൃത്യമായിപ്പറയാന്‍ ശാസ്ത്രീയചികിത്സയില്‍ കഴിയും. വ്യാജ ചികിത്സയിലാകട്ടെ, എന്തെങ്കിലും പ്രശ്നമുണ്ടാകുന്നതുവരെ അവരുടെ വിജയവും പ്രശ്നം വന്നാല്‍ മറ്റുള്ളവരുടെ പരാജയവും എന്നതാണ് രീതി.

വ്യാജചികിത്സകള്‍ക്കുപിന്നാലെ പോയവരെ തേടിപ്പിടിച്ച് ചികിത്സിച്ച അനുഭവങ്ങള്‍ ഡോക്ടര്‍ പറയാറുണ്ടല്ലോ...

അങ്ങനെ കുറെ അനുഭവങ്ങളുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് വടകരയ്ക്കടുത്തുനിന്ന് ഒരാള്‍ വന്നു. ഏതാണ്ട് 25 വയസ്സ് പ്രായമുള്ള സ്ത്രീ. ഒരു തരം ലിംഫോമ ആയിരുന്നു അവര്‍ക്ക്. പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാവുന്ന അസുഖം. ആറു കോഴ്‌സ് കീമോ തെറാപ്പിയാണ് അവര്‍ക്ക് നിര്‍ദേശിച്ചത്. ആദ്യ ഡോസ് എടുത്തശേഷം നാട്ടിലേക്ക് പോയ അവരെ പിന്നെ കണ്ടില്ല. മലബാറില്‍ തന്നെയുള്ള ഒരു മൊയ്തു ഉണ്ട്. അദ്ദേഹം ആ ഭാഗത്തുനിന്നുള്ള കാന്‍സര്‍ രോഗികള്‍ക്ക് അത്യാവശ്യം വേണ്ട ചികിത്സാ സഹായങ്ങളൊക്കെ ചെയ്തുകൊടുക്കുന്ന ഒരാളാണ്. ആഴ്ചകള്‍ കഴിഞ്ഞിട്ടും നമ്മുടെ രോഗിയെ കാണാതായതോടെ മൊയ്തു അന്വേഷിച്ച് ആളെ കണ്ടെത്തി. അവര്‍ ഒരു മതാചാര്യന്റെ അടുത്തുപോയിരിക്കുകയാണ്. അവിടെ നിന്ന് നിര്‍ദേശിക്കുന്നതുപോലെ ചെയ്താല്‍ മതി അസുഖം മാറുമെന്ന് ചില അനുഭവസ്ഥരാണ് അവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. മൊയ്തു അദ്ദേഹത്തിന്റെ സ്വാതന്ത്ര്യമെടുത്ത് വീട്ടുകാരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ചികിത്സയില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ വീട്ടുകാര്‍ പല ഉപായങ്ങള്‍ പറഞ്ഞു. അതിനൊക്കെ അദ്ദേഹം കൃത്യമായ മറുപടികള്‍ കൊടുത്തു. കുറച്ച് വൈകിയെങ്കിലും വീണ്ടും ചികിത്സ തുടങ്ങി. രോഗം ഭേദമായി. ഇപ്പോള്‍ സുഖമായി കഴിയുന്നു.

രോഗികളുടെയും ബന്ധുക്കളുടെയും അറിവില്ലായ്മയാണോ ഇത്തരം വ്യാജ ചികിത്സകളില്‍ പെട്ടുപോകാന്‍ കാരണം?

ഒരൊറ്റ കാരണമായിരിക്കില്ല. പലരുടെ കാര്യത്തിലും പലതായിരിക്കാം. നല്ല വിദ്യാഭ്യാസവും മറ്റ് കാര്യങ്ങളിലൊക്കെ വേണ്ടത്ര അറിവുമുള്ളവരും ഇങ്ങനെ വ്യാജന്മാരുടെ പിടിയില്‍ പെട്ടുപോകാറുണ്ട്. വ്യാജചികിത്സാകാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍, അറിവുണ്ടെന്ന് നമ്മള്‍ കരുതുന്ന പലരും വലിയ പങ്കുവഹിക്കുന്നത് കണ്ടിട്ടുണ്ട്. വ്യാജചികിത്സ നടത്തുന്ന റാക്കറ്റുകളുണ്ട്. രോഗികളെ തേടിപ്പിടിച്ച് ചികിത്സകള്‍ നടത്തി പണം തട്ടുന്നവര്‍. അത്തരം ചില ഗ്രൂപ്പുകളുടെ ഏജന്റുമാര്‍ കാന്‍സര്‍ വാര്‍ഡുകള്‍ക്ക് പുറത്ത് ചുറ്റിയടിക്കും. ഇര തേടുകയാണ്. പറ്റിയ ആളെ കണ്ടെത്തിയാല്‍ അടുത്ത് വന്നിരുന്ന് പരിചയപ്പെട്ട് വര്‍ത്തമാനം പറയാന്‍ തുടങ്ങും. അനുഭവങ്ങള്‍ വിവരിക്കുകയാണ് ചെയ്യുക. ചികിത്സയ്ക്ക് വേണ്ടിവരുന്ന ആശുപത്രിവാസംപോലുള്ള കാര്യങ്ങള്‍ ഒഴിവായിക്കിട്ടും. രോഗം ഭേദമാവും എന്നൊക്കെയാണ് പറഞ്ഞ് പിടിപ്പിക്കുക.

തൃശ്ശൂരില്‍നിന്ന് ഏതാനും വര്‍ഷം മുന്‍പ് ഒരു സ്ത്രീ വന്നു. സ്തനാര്‍ബുദമായിരുന്നു. കുറച്ചുകഴിഞ്ഞ് അവര്‍ ചികിത്സയ്ക്ക് വരാതായി. ഏതാനും മാസം കഴിഞ്ഞ് വീണ്ടും വന്നു. അവര്‍ ഒരു ചികിത്സകന്റെ അടുത്ത് പോയിരുന്നു. അദ്ദേഹത്തിന്റെ ചികിത്സയ്ക്കൊപ്പം മറ്റ് ചികിത്സകള്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നത്രെ. മൂന്ന് കാര്യങ്ങളാണ് ആ ചികിത്സകന്‍ അവരോട് പ്രധാനമായും പറഞ്ഞത്.
1. ഒരു കാരണവശാലും രോഗമുള്ളിടത്തുനിന്ന് കുത്തിയെടുത്ത് പരിശോധന നടത്താന്‍ സമ്മതിക്കരുത്.
2. കീമോ തെറാപ്പി എടുക്കരുത്.
3. ശരീരത്തിലെവിടെയും എക്‌സ്റേ എടുക്കരുത്.
എന്തുകൊണ്ടാണ് ഈ വിലക്കുകള്‍ എന്നതിന് ശാസ്ത്രീയമെന്ന് തോന്നാവുന്ന തരത്തില്‍ കുറെ വിശദീകരണങ്ങളും നല്‍കും.
പാലക്കാട്ജില്ലയില്‍നിന്നുള്ള ഒരു സ്ത്രീ ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തുടങ്ങിയതാണ്. രോഗത്തിന്റെ ആദ്യ ഘട്ടമായിരുന്നു അത്. വലിയ വിഷമങ്ങളില്ലാതെ ചികിത്സിച്ച് ഭേദമാക്കാനാവുമായിരുന്നു. എന്നാല്‍ അത് നിര്‍ത്തി അവര്‍ മറ്റേതോ ചികിത്സകന്റെ അടുത്ത് ചെന്നുപെട്ടു. രണ്ട് വര്‍ഷത്തോളം കഴിഞ്ഞ് വീണ്ടും അവര്‍ ആശുപത്രിയിലെത്തി. അപ്പോഴേക്ക് രോഗം അസ്ഥികളിലേക്കൊക്കെ വ്യാപിച്ച് അതിഗുരുതരമായിക്കഴിഞ്ഞിരുന്നു. അവരുടെ രണ്ട് പരിശോധനാ റിപ്പോര്‍ട്ടുകളുംവെച്ച്, നഷ്ടപ്പെടുത്തിയ സമയം അവരുടെ ജീവിതം തന്നെയാണ് നഷ്ടമാക്കിയത് എന്ന് വിശദീകരിക്കേണ്ടി വന്നത് സങ്കടകരമായിരുന്നു.

കാന്‍സര്‍ ചികിത്സയിലാണല്ലോ ഇത്തരം തട്ടിപ്പുകള്‍ ഏറെയുള്ളത്?

കുറച്ചുകാലം നീണ്ടുനില്‍ക്കുന്ന രോഗങ്ങളിലല്ലേ ഇത്തരം തട്ടിപ്പുകള്‍ പ്രയോഗിക്കാന്‍ സമയം കിട്ടുകയുള്ളൂ. വൃക്കരോഗം, ത്വഗ്രോഗങ്ങള്‍ തുടങ്ങിയവയിലും ഇത്തരം തട്ടിപ്പുകള്‍ ഉണ്ടാകും. കാന്‍സറിന്റെ കാര്യത്തില്‍ ഇത്തരം തട്ടിപ്പുകാര്‍ക്ക് ചില ഉദാഹരണങ്ങള്‍ വീണുകിട്ടുകയും ചെയ്യും. ഒന്നാമത് കാന്‍സറിന് എത്രയോ വകഭേദങ്ങളുണ്ടെങ്കിലും വ്യാജചികിത്സകര്‍ മിക്കപ്പോഴും ഒരേ ചികിത്സയാണ് പ്രയോഗിക്കുക. ചിലയിനം സ്തനാര്‍ബുദങ്ങള്‍ ഒരു ചെറിയ മുഴ മാത്രമായി ഒന്നോ രണ്ടോ വര്‍ഷമോ അതിലധികമോ ഒക്കെ അങ്ങനെ തുടര്‍ന്നെന്ന് വരും. ആ കാലത്ത് വ്യാജചികിത്സകളാണ് ചെയ്യുന്നതെങ്കില്‍ രോഗം കൂടാത്തത് അവരുടെ ചികിത്സാ നേട്ടമാണെന്നാവും പറയുക. വ്യാജന്മാര്‍ക്ക് കുറേക്കാലം ചികിത്സിക്കണം എന്നേയുള്ളൂ. ഒരുഘട്ടം കഴിയുമ്പോള്‍ അവര്‍ ഉപേക്ഷിക്കും. അപ്പോഴേക്ക് മിക്കവരുടെയും രോഗം അതിഗുരുതരാവസ്ഥയിലായിട്ടുണ്ടാവും.

മറ്റൊരു പ്രധാന കാര്യം ആധുനിക വൈദ്യശാസ്ത്രത്തില്‍ രോഗത്തിനും ചികിത്സയ്ക്കുമൊക്കെ ചില കാര്യങ്ങള്‍ കൃത്യമായി നിര്‍ണയിക്കേണ്ടതുണ്ട്. എന്താണ് രോഗം, അതില്‍ത്തന്നെ ഉപവിഭാഗങ്ങള്‍ പലതുമുണ്ടാവും. രോഗ വ്യാപ്തി എത്രത്തോളമുണ്ട്, ചികിത്സയുടെ സാധ്യത എത്രത്തോളമാണ്, മരുന്നുചികിത്സ, റേഡിയേഷന്‍, ശസ്ത്രക്രിയ തുടങ്ങിയവ എങ്ങനെയൊക്കെ കൂട്ടിച്ചേര്‍ത്താണ് ചികിത്സ നടത്തേണ്ടത്, ചികിത്സയിലൂടെയുള്ള രോഗശമന സാധ്യത എത്രത്തോളമാണ് തുടങ്ങിയ കാര്യങ്ങളൊക്കെ കണക്കാക്കുന്നതിന് കൃത്യമായ രീതികളുണ്ട്. വ്യക്തമായ മാനദണ്ഡങ്ങളുണ്ട്. അതനുസരിച്ച് ചികിത്സ ആസൂത്രണം ചെയ്താണ് കാന്‍സര്‍ചികിത്സകള്‍ നടത്താറുള്ളത്. രോഗം ഭേദമാകാനുള്ള സാധ്യതകള്‍, ഏകദേശം എത്ര ചികിത്സ വേണ്ടിവരും തുടങ്ങിയവയൊക്കെ ഒരു പരിധിവരെയെങ്കിലും നേരത്തേ കണക്കാക്കാനുമാവും.

എന്നാല്‍, വ്യാജചികിത്സകര്‍ക്ക് ഇത്തരത്തിലൊന്നുമുണ്ടാവാറില്ല. ഏത് ഘട്ടമാണെന്നതും രോഗി ചികിത്സയോട് എങ്ങനെ പ്രതികരിക്കും എന്നതുമൊന്നും അവര്‍ക്ക് പ്രശ്നമാകാറില്ല. പലപ്പോഴും രോഗിയെ കാണുകയോ പരിശോധിക്കുകയോപോലും ചെയ്യാതെയാണ് ചികിത്സ. എന്നിട്ടും ഒരുവിഭാഗം ആളുകള്‍ അതിലേക്ക് പോകുന്നു എന്നതാണ് ദുഃഖകരമായ വസ്തുത.

ചെലവ് കുറവായതുകൊണ്ടാണോ ആളുകള്‍ വ്യാജചികിത്സകളിലേക്ക് പോകുന്നത്?

രോഗികളെ തേടിപ്പിടിച്ച് കൊണ്ടുപോകുന്ന ചിലരുണ്ട്. അവരുടെ ചികിത്സകള്‍ക്ക് ചെലവ് അങ്ങനെ കുറവൊന്നുമാവില്ല. പണമുണ്ടാക്കുക എന്നത് തന്നെയാണ് വ്യാജന്മാരുടെ ലക്ഷ്യം.

മറ്റ് ചിലര്‍ക്ക് മതമോ അവരുടെ വിശ്വാസമോ പ്രചരിപ്പിക്കുക, അതിന്റെ മഹത്ത്വം സ്ഥാപിച്ചെടുക്കുക എന്നതൊക്കെയാണ് പ്രധാനം. അറിവില്ലായ്മയുടെ നിഷ്‌കളങ്കമായ മണ്ടത്തരംകൊണ്ട് ഇത്തരം ചികിത്സകള്‍ നടത്തുന്നവര്‍ ഇപ്പോഴുണ്ടെന്ന് തോന്നുന്നില്ല.

പിന്നെ, ഓരോ മനുഷ്യന്റെ രീതികള്‍ ഓരോ തരത്തിലായിരിക്കുമല്ലോ. പക്ഷേ, രോഗികളെ വഴിതെറ്റിച്ച് ചികിത്സയൊഴിവാക്കാന്‍ പ്രേരിപ്പിക്കുന്നത് ക്രിമിനല്‍കുറ്റം തന്നെയാണ്.

കാന്‍സര്‍ വന്ന് ചികിത്സയിലിരിക്കുന്നവരും ഭേദമായവരും ഇത്തരം തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നതായും കാണാറുണ്ടല്ലോ?

എന്താണ് ഇത്തരം തട്ടിപ്പുകളിലേക്ക് അവരെ പ്രേരിപ്പിക്കുന്നത് എന്ന് അതിശയം തോന്നും. കാരിത്താസ് ആശുപത്രിയില്‍ ആയിരുന്നപ്പോള്‍ അവിടെ ഒ.പി.യില്‍ പതിവായി വന്നിരിക്കുന്ന ഒരാളുണ്ടായിരുന്നു. അയാളുടെ മകന്‍ അവിടെ ചികിത്സയെടുത്ത് രോഗം ഭേദമായ ആളാണ്. ആ കുട്ടിയുടെ അച്ഛനാണ് രോഗികളെ കാന്‍വാസ് ചെയ്യാനായി വരാറുള്ളത്. അയാളുടെ കൈയില്‍ മകന്റെ ചികിത്സയുടെ റെക്കോഡുകളൊക്കെയുണ്ട്. അതൊക്കെ ആളുകളെ കാണിക്കും. എന്നിട്ട് ഈ ചികിത്സ കൊണ്ടല്ല, മറ്റൊരിടത്തെ ചികിത്സകൊണ്ടാണ് രോഗം ഭേദമായത് എന്നുപറഞ്ഞ് ആളുകളെ വ്യാജചികിത്സാ കേന്ദ്രത്തിലേക്ക് കാന്‍വാസ് ചെയ്യും.

ഒരിക്കല്‍ ആളെ കൈയോടെ പിടിച്ചു. രോഗം ഭേദമാകുന്നതുവരെ മകന് മറ്റൊരു ചികിത്സയും എടുത്തിരുന്നില്ലെന്നും രോഗികളെ കാന്‍വാസ് ചെയ്യുന്നതിന് നല്ലൊരു തുക കമ്മിഷന്‍ കിട്ടുമെന്നും അയാള്‍ സമ്മതിച്ചു. ഈ പണി നിര്‍ത്താമെന്ന് സമ്മതിച്ചിട്ടാണ് അയാള്‍ പോയത്. മറ്റൊരു രീതിയില്‍ അയാളത് തുടര്‍ന്നിട്ടുണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്.

നല്ല വിദ്യാഭ്യാസമുള്ളവരും പലപ്പോഴും ഇത്തരം തട്ടിപ്പുകളില്‍ വീഴാറുണ്ടല്ലോ?

ഇന്നസെന്റ് പറയാറുണ്ട്. വിദ്യാഭ്യാസമുണ്ടായതുകൊണ്ട് വിവരമുണ്ടാകണമെന്ന് ഒരു നിര്‍ബന്ധവുമില്ല എന്ന്. അതീവ കര്‍ശനമായ ശാസ്ത്രീയയുക്തികള്‍ എല്ലായ്‌പോഴും സാധിക്കണമെന്നൊന്നുമില്ല ജീവിതത്തില്‍. എന്നാല്‍, ഒരു മിനിമം കോമണ്‍സെന്‍സിന് നിരക്കാത്ത കാര്യങ്ങളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത് മനസ്സിലാക്കാന്‍ വിഷമമാണ്. കാന്‍സര്‍പോലെ ഏറെക്കാലം നീണ്ടുനില്‍ക്കുന്ന രോഗാവസ്ഥകള്‍ രോഗിയിലും വീട്ടുകാരിലുമുണ്ടാക്കുന്ന പ്രതികരണങ്ങള്‍ പലതരത്തിലായിരിക്കും. ചികിത്സ പാതിവഴിയിലിട്ടുകളയുകയും ഭേദമാകാവുന്ന രോഗങ്ങള്‍പോലും ശരിയായി ചികിത്സിക്കാതെ അതീവ ഗുരുതരമാക്കുകയുമൊക്കെ ചെയ്യുന്നതാണ് ദുഃഖകരം.

മുന്‍പ് കര്‍ണാടകയില്‍ ഒരിടത്ത് പ്രശസ്തനായ നാട്ടുചികിത്സകന്‍ ഉണ്ടായിരുന്നല്ലോ?

പലയിടങ്ങളിലും അങ്ങനെ ഓരോകാലത്ത് ഓരോതരം ചികിത്സകര്‍ അവതരിക്കാറുണ്ട്. കുറച്ചുകാലം കഴിയുമ്പോള്‍ അവരെക്കുറിച്ച് കേള്‍ക്കാതെയുമാകും. കര്‍ണാടയിലെ ചികിത്സക്കാരന്‍ ഒരു സമയത്ത് നിരവധിയാളുകളെ കുഴിയിലാക്കിയിട്ടുണ്ട്. അദ്ദേഹത്തിന് രോഗികളെ കാണുകപോലും വേണ്ടായിരുന്നു. ചികിത്സ തേടിച്ചെല്ലുമ്പോള്‍ ആദ്യതവണ കണ്ടാലായി. പിന്നെ ഫോണിലോ തപാലിലോ ഒക്കെയാണ് ചികിത്സ. മരുന്ന് തപാലില്‍ അയച്ചുകൊടുക്കുകയാണ് അയാള്‍ ചെയ്തിരുന്നത്. ഓരോ തവണയും മരുന്നിന് 5000 രൂപയോളമാകുമായിരുന്നു. ഇപ്പോള്‍ ഈ ചികിത്സകനെക്കുറിച്ച് കേള്‍ക്കാനില്ല.

പാലക്കാട്ടുനിന്ന് വന്ന ഒരു പേഷ്യന്റ് ഒരിക്കല്‍ അവര്‍ കണ്ട ഒരു ചികിത്സാരീതിയെക്കുറിച്ച് പറഞ്ഞു. പാലക്കാടിനും കോയമ്പത്തൂരിനുമിടയ്ക്ക് ഒരു ഗ്രാമപ്രദേശത്താണ് ചികിത്സാകേന്ദ്രം. അടച്ചുറപ്പുള്ള ഒരു മുറിയുടെ നടുവില്‍ ഒരുതരം ഉപ്പ് കൂട്ടിയിട്ടിരിക്കുന്നു. അതിനുചുറ്റും പാട്ടും ഡാന്‍സുമൊക്കെയായി കഴിയുകയാണ് രോഗികള്‍. ഹിമാലയത്തില്‍നിന്നുള്ള ഉപ്പാണ് അവിടെ കൂട്ടിയിരിക്കുന്നത് എന്നാണ് പറയുന്നത്. അതിന് വലിയ ദിവ്യശക്തിയുണ്ടത്രെ. അതില്‍നിന്നുള്ള വായു ശ്വസിച്ചാല്‍ ഓരോ കോശങ്ങളെയും അത് ശുദ്ധീകരിക്കുമെന്നും അങ്ങനെ കാന്‍സര്‍ ഇല്ലാതാകുമെന്നുമാണ് പറയുന്നത്. അവിടെയും ആളുകളുണ്ടായിരുന്നു.

കേരളത്തില്‍ കാന്‍സര്‍ ചികിത്സാസൗകര്യങ്ങള്‍ വളരെക്കൂടുതല്‍മെച്ചപ്പെട്ടിട്ടില്ലേ?

തീര്‍ച്ചയായും. കഴിഞ്ഞ പത്തുപതിനഞ്ച് കൊല്ലത്തിനിടയില്‍ത്തന്നെ കേരളത്തില്‍ കാന്‍സര്‍ ചികിത്സാരംഗത്ത് വലിയ മുന്നേറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരുകാലത്ത് കേരളത്തിലെങ്ങുമുള്ള രോഗികള്‍ക്ക് തിരുവനന്തപുരത്തെ ആര്‍.സി.സി. മാത്രമായിരുന്നു മുഖ്യാശ്രയം. എന്നാല്‍, ഇന്ന് കേരളത്തില്‍ അങ്ങോളമിങ്ങോളം നിരവധി മികച്ച ചികിത്സാകേന്ദ്രങ്ങളുണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും മികച്ച സൗകര്യങ്ങളുണ്ട്. ഉള്ളവ കൂടുതല്‍, കൂടുതല്‍ മെച്ചപ്പെടുന്നുമുണ്ട്.

പ്രാര്‍ഥനയിലൂടെ രോഗം ഭേദമാക്കാം എന്നുപറയുന്നവരും ധാരാളമുണ്ടല്ലോ?

പ്രാര്‍ഥന, ദൈവവിശ്വാസം തുടങ്ങിയവയൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളാണല്ലോ. ചികിത്സയ്ക്ക് പകരമാവില്ല ഒരു പ്രാര്‍ഥനയും. ആശുപത്രിയില്‍ വന്ന് രോഗനിര്‍ണയം നടത്തിയശേഷം, ചികിത്സ തുടങ്ങാം എന്നുപറഞ്ഞപ്പോള്‍ ഒരു മാസം കഴിഞ്ഞേ തുടങ്ങുന്നുള്ളൂ എന്ന് പറഞ്ഞുപോയ ഒരു സ്ത്രീയുണ്ട്. പ്രാര്‍ഥനകൊണ്ട് രോഗം മാറ്റാനാവുമെന്ന് അവരെ പറഞ്ഞ് വിശ്വസിപ്പിച്ച ഒരു കേന്ദ്രത്തില്‍ പോയി ഒരു മാസം താമസിച്ച് കടുത്ത നിഷ്ഠയോടെയുള്ള പ്രാര്‍ഥനകള്‍ കഴിച്ച് അവര്‍ വീണ്ടും വന്നത്, പരിശോധിച്ച് രോഗമൊന്നുമില്ല എന്നുറപ്പാക്കാന്‍ വേണ്ടിയായിരുന്നു. അവര്‍ക്ക് അത്രയ്ക്ക് വിശ്വാസമുണ്ടായിരുന്നു, പ്രാര്‍ഥനകൊണ്ട് രോഗം മാറുമെന്ന്. പക്ഷേ, വിശ്വാസം അവരെ തുണച്ചില്ല. രോഗം കുറച്ചുകൂടി ഗൗരവമായിട്ടുണ്ടായിരുന്നു. അതോടെ അവര്‍ കൃത്യമായി ചികിത്സിക്കുകയും രോഗം ഭേദമാകുകയും ചെയ്തു.

പക്ഷേ, ഇങ്ങനെയുള്ള പല ആളുകളും രോഗം ഭേദമായിക്കഴിയുമ്പോള്‍ അത് മാറിയത് പ്രാര്‍ഥനകൊണ്ടോ മറ്റ് ചികിത്സകള്‍കൊണ്ടോ ആണെന്ന മട്ടില്‍ പറയാറുണ്ടല്ലോ?

ചിലയാളുകളുണ്ട്. ആശുപത്രിയില്‍ ചികിത്സയെടുക്കുന്നതിനൊപ്പം മറ്റ് ചിലതുകൂടി ചെയ്യും. രോഗം ഭേദമായിക്കഴിയുമ്പോള്‍ അവരുടെ രോഗം മാറ്റിയത് ആശുപത്രിയിലെ ചികിത്സയല്ല, മറ്റുചിലതാണ് എന്നുപറയും. അങ്ങനെയൊക്കെപ്പറഞ്ഞ് അവര്‍ മറ്റുരോഗികളെ ചികിത്സയില്‍നിന്ന് വഴി തെറ്റിച്ചുകളയും.

ഡോക്ടറുടെ പേര് പലതരത്തില്‍ ദുരുപയോഗം ചെയ്യുന്ന വ്യാജചികിത്സകരുണ്ട്.

അതുമുണ്ട്. നാരങ്ങാചികിത്സയെക്കുറിച്ച് എന്റെ ഫോട്ടോയൊക്കെ വെച്ചായിരുന്നല്ലോ പ്രചാരണം. അറിയുന്ന കാര്യങ്ങളിലൊക്കെ കൃത്യമായ നിയമനടപടികള്‍ എടുക്കാറുണ്ട്. ചില ചികിത്സകരുണ്ട്, ആശുപത്രിയിലെ ചികിത്സയ്ക്കൊപ്പം അവരുടെ ചികിത്സകൂടി നല്‍കും. അവര്‍ രോഗികളോടുപറയും, ഇടയ്ക്ക് ഡോ. ഗംഗാധരന്‍ വിളിക്കാറുണ്ടെന്നും ചികിത്സാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നുമൊക്കെ. എന്റെ മാത്രമല്ല, പല സ്ഥാപനങ്ങളിലെയും പല ഡോക്ടര്‍മാരുടെയും പേരുകള്‍ ഇങ്ങനെ ദുരുപയോഗം ചെയ്യുന്ന വ്യാജന്മാരുണ്ട്.

ചികിത്സയിലെ തട്ടിപ്പുകള്‍ പോലെത്തന്നെ ചികിത്സാസഹായങ്ങളുടെ പേരിലും തട്ടിപ്പുകള്‍ നടക്കുന്നുണ്ടല്ലോ?

അടുത്തകാലത്താണ് ഇത്തരത്തിലുള്ള പല തട്ടിപ്പുകാരെയും പുറത്തറിഞ്ഞുതുടങ്ങിയത്. പത്രമാധ്യമങ്ങളിലൊക്കെ ചികിത്സാസഹായം തേടിയെത്തുന്നവര്‍ക്കിടയില്‍ അങ്ങനെ തട്ടിപ്പുകളുണ്ടാവാറില്ലെന്നാണ് തോന്നുന്നത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന സഹായം തേടലുകളുടെ കാര്യം പക്ഷേ, അറിയില്ല. പലപ്പോഴും വലിയ ഫണ്ട് സ്വരൂപിക്കുകയും അതില്‍ ഒരു ചെറിയ പങ്കുമാത്രം രോഗിക്കുകൊടുക്കുകയും ചെയ്യുന്നതായി പറയാറുണ്ട്.

കൊച്ചിന്‍ കാന്‍സര്‍ സൊസൈറ്റിയുടെ സഹായത്തോടെ ചികിത്സ നടത്തിയ ഒരാള്‍ അതിനുവേണ്ടി നല്‍കിയ ഒരു രേഖയുപയോഗിച്ച് പിന്നെയും ഒന്നര വര്‍ഷത്തോളം പലയിടത്തും പിരിവ് നടത്തിക്കൊണ്ടിരുന്നത് ഒരിക്കല്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

തട്ടിപ്പുകളും വ്യാജചികിത്സകളും ഇല്ലാതാക്കാന്‍ എന്താണ് വഴി?

നമ്മുടെ നാട്ടില്‍ പലതരം ആളുകള്‍, പലതരം ചിന്താരീതികള്‍, പലതരം വിശ്വാസങ്ങള്‍ ഒക്കെയല്ലേ ഉള്ളത്. അതിനിടെ ഇത്തരം ചില കാര്യങ്ങള്‍ക്കും സ്‌പെയ്‌സ് ഉണ്ടാകുന്നത് സ്വാഭാവികമാണല്ലോ. രോഗത്തിന്റെയും ചികിത്സയുടെയും കാര്യത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ക്കെതിരേയാണ് ഒരു പരിധിവരെയെങ്കിലും നടപടികളെടുക്കാന്‍ കഴിയുക.

ആളുകള്‍ പറഞ്ഞുപ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ തടഞ്ഞുനിര്‍ത്താനൊന്നും അത്രയെളുപ്പമല്ലല്ലോ. കാന്‍സറിനെക്കുറിച്ചുള്ള ശരിയായ അവബോധം കൂടുതല്‍ ആളുകളിലേക്ക് കൂടുതല്‍ നന്നായി എത്തിക്കുക എന്നതാണ് ഏറ്റവും പ്രധാനം. കൂടുതല്‍ മികച്ച സ്ഥാപനങ്ങളും മികച്ച ചികിത്സകരും ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്. അത് ഒരു പരിധിവരെയെങ്കിലും ഇത്തരം തട്ടിപ്പുകള്‍ക്ക് കുറവുവരുത്തും. ഓരോരുത്തരും ഇത്തരം കാര്യങ്ങളില്‍ ശരിയായ അറിവും ചിന്താരീതിയും ഉള്ളവരായിത്തീരണം എന്നതാണ് പ്രധാനം.

(ആരോഗ്യമാസികയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: dr pv gangadharan, fake cancer cure, cancer treatment, health

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented