കേരളത്തിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന സിക്ക വെെറസിനെക്കുറിച്ച് കൂടുതൽ അറിയാം.

എന്താണ് സിക്ക വൈറസ്? 

സിക്ക എന്നത് ഒരു ആര്‍.എന്‍.എ. വൈറസാണ്. ഫ്‌ളേവി വൈറസ് എന്ന കുടുംബത്തില്‍ വരുന്ന ഒരു വൈറസാണ്. കൊതുകുവഴിയാണ് രോഗം പകരുന്നത്. 1947 ല്‍ ഉഗാണ്ടയിലെ സിക്ക കാടുകളില്‍ റീസസ് കുരങ്ങുകളിലാണ് വൈറസിനെ കണ്ടെത്തുന്നത്. അടുത്ത വര്‍ഷമായപ്പോഴേക്കും ഈ വൈറസിനെ ഈഡിസ് ആഫ്രിക്കാനസ് എന്ന കൊതുകളില്‍ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രദേശത്തെ ആദിവാസി വിഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞു. 

ഇതോടെയാണ് ലോകത്തിന്റെ ശ്രദ്ധയിലേക്ക് ഈയൊരു രോഗം വരുന്നത്. എന്നാല്‍ അരനൂറ്റാണ്ട് കാലത്തോളം സിക്കയെപറ്റി ലോകത്ത് വലിയ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വന്നിരുന്നില്ല. 2007വരെ കാര്യമായ ചര്‍ച്ചകളൊന്നും ഇതേപ്പറ്റി നടന്നിരുന്നില്ല. 2007ല്‍ പസഫിക് ദ്വീപായ യാപ്പില്‍ സിക്ക വൈറസ് പടര്‍ന്നുപിടിച്ചു. ആദ്യം കണ്ടെത്തിയതിനേക്കാള്‍ ഒരുപാട് രൂപാന്തരം യാപ്പിലെ സിക്ക വൈറസിന് സംഭവിച്ചുവെന്ന് പരിശോധനയില്‍ വ്യക്തമായി.

യാപ് ദ്വീപിലെ 70 ശതമാനം ആളുകളെയും സിക്ക ബാധിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. അത് കഴിഞ്ഞ് 2013ലാണ് സിക്ക വീണ്ടും ലോകശ്രദ്ധയിലെത്തിയത്. പസഫിക് ഐലന്റായ മൈക്രോനേഷ്യയില്‍ സിക്ക എത്തുകയും ജനിതക വ്യതിയാനങ്ങള്‍ സംഭവിക്കുകയും ചെയ്തു. 

പക്ഷെ ഇന്നത്തേപ്പോലെ സിക്ക ഒരു അപകടകാരിയാണെന്ന് ലോകം വിലയിരുത്തുന്നത് 2015ല്‍ ബ്രസീലില്‍ രോഗം പടര്‍ന്നുപിടിച്ചപ്പോഴാണ്. 15 ലക്ഷത്തോളം ആളുകളെ അന്ന് സിക്ക ബാധിച്ചുവെന്നാണ് കരുതപ്പെടുന്നത്. സിക്ക കാരണം ഗര്‍ഭസ്ഥ ശിശുക്കളുടെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞത്. വലിപ്പം കുറഞ്ഞ തലകളുള്ള കുട്ടികള്‍ ജനിക്കുന്നതിന് കാരണമായി തീരുമെന്നുമുള്ള കാര്യങ്ങളും അന്നാണ് ലോകം ശ്രദ്ധിച്ചത്. 

ഇതോടെ ആഗോള ആരോഗ്യ പ്രതിസന്ധിയായി സിക്കയെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. സിക്ക പടര്‍ന്നുപിടിച്ചാല്‍ അത് ഭാവി തലമുറയെ ബാധിക്കുമെന്ന് വിലയിരുത്തി സിക്ക ബാധയെ ശ്രദ്ധിക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിക്കുന്നു. ഇതിന് ശേഷം ലോകവ്യാപകമായി വലിയൊരു നിരീക്ഷണം സിക്കയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടന്നുവരുന്നു. എന്നാല്‍ ഇന്ത്യയില്‍ അത്ര വലുതായി സിക്ക ബാധ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാജസ്ഥാനിലും തമിഴ്‌നാട്ടിലും സിക്ക ബാധയുണ്ടായിട്ടുണ്ടെങ്കിലും അത് വളരെ കൂടുതലായി പടര്‍ന്നുപിടിച്ചിട്ടുണ്ടായിരുന്നില്ല.

കോവിഡ് കാലത്തെ സിക്ക വ്യാപനം ആരോഗ്യപ്രതിസന്ധിയുണ്ടാക്കും

സിക്ക നമ്മുടെ നാട്ടില്‍ വന്നതിന് ഒരുകാരണം രാജ്യവ്യാപകമായ കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ആളുകളുടെ കേരളത്തിലേക്കുള്ള ഒഴുക്കുവഴിയാകാമെന്ന് കരുതുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ സിക്ക നാട്ടില്‍ പടര്‍ന്നുപിടിച്ചാല്‍ അതിനെ താങ്ങാന്‍ സാധിക്കില്ല. ഒരു പകര്‍ച്ചവ്യാധി നിയന്ത്രണ വിധേയമാകുന്നതിന് മുമ്പ് മറ്റൊരു പകര്‍ച്ചവ്യാധിയേക്കൂടി നേരിടേണ്ടിവരുന്ന സാഹചര്യം വലിയൊരു പ്രശ്‌നമാകാം. നിലവിലെ സാഹചര്യത്തില്‍ ഇത് തിരുവവനന്തപുരത്തെ ഒരു പ്രദേശത്ത് മാത്രമായാണ് കണ്ടെത്തിയത്. ഇത് വ്യാപകമായി മറ്റിടങ്ങളിലേക്ക് പോയിട്ടുണ്ടോയെന്ന് വ്യക്തമല്ല. 

ബ്രസീലില്‍ കണ്ടതുപോലെ ഗുരുതരമായ ജനിതകമാറ്റം വന്ന വൈറസാണോയെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 

സിക്കയുടെ ലക്ഷണങ്ങള്‍

നിപ്പ, കോവിഡ് തുടങ്ങിയ രോഗങ്ങള്‍ വെച്ച് നോക്കുമ്പോള്‍ സിക്കയുടെ ലക്ഷണങ്ങള്‍ അത്ര ഗുരുതരമല്ല. തീവ്രതകുറവാണെങ്കിലും ഡെങ്കിപ്പനിയുമായി ഇതിന് സാമ്യമുണ്ട്. എന്നാല്‍ അത്രത്തോളം ഗുരുതര ലക്ഷണങ്ങള്‍ ഉണ്ടാക്കില്ല. അഞ്ചില്‍ നാലുപേര്‍ക്കും ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടാകില്ല. ചിലരില്‍ ചെറിയ പനിമാത്രമായി വന്ന് രോഗം അടങ്ങുകയാണ് ചെയ്യുക. അഞ്ചില്‍ ഒരാള്‍ക്ക് മാത്രമേ ഡോക്ടറെ കാണേണ്ട സാഹചര്യമുണ്ടാകു. 

കിടത്തിച്ചികിത്സ വേണ്ടിവരുന്നത്ര പനി വളരെ അപൂര്‍വമായി മാത്രമേ ഉണ്ടാകു. മരണ സാധ്യതയൊക്കെ വളരെ വിരളമാണ്. ആകെ രണ്ട് പ്രശ്‌നങ്ങളാണ് പൊതുവെ സിക്കയുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്നത്. സിക്ക വളരെ രൂക്ഷമായി പടര്‍ന്നുപിടിക്കുന്ന ഇടങ്ങളില്‍ ഗര്‍ഭിണികളായ സ്ത്രീകളെ സിക്ക ബാധിക്കാനിടയായാല്‍ അവരുടെ കുഞ്ഞുങ്ങളെ അത് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന് സിക്ക വ്യാപകമായി പടരുന്ന പ്രദേശങ്ങളില്‍ രോഗം വന്നുപോയവരില്‍ ഗിലന്‍ ബേരി സിന്‍ഡ്രോം എന്ന ആരോഗ്യപ്രശനം ഉടലെടുക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഗിലന്‍ ബേരി സിന്‍ഡ്രോം വരുന്നവര്‍ക്ക് നാഡി സംബന്ധമായ പ്രശ്‌നങ്ങളാണ് ഉണ്ടാകുക. കൈകാലുകള്‍ക്ക് ബലക്കുറവുണ്ടാകുന്ന അവസ്ഥയാണിത്. 

പനി, ചെങ്കണ്ണ്, പേശിവേദന, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ എന്നിവയാണ് രോഗത്തിന്റെ മറ്റ് ലക്ഷണങ്ങള്‍.

ഡെങ്കിപ്പനി​യായി തെറ്റിധരിക്കാം

ഡെങ്കിയും, ചിക്കുന്‍ ഗുനിയയും, സിക്കയും ഒരേജാതി കൊതുകുകളാണ് പരത്തുന്നത്. അതുകൊണ്ട് തന്നെ ഡെങ്കി പടരുന്ന മേഖലയില്‍ തന്നെ സിക്ക വൈറസും വ്യാപിക്കും. അതിനാല്‍ തന്നെ സിക്ക ബാധയുണ്ടായാല്‍ പോലും അതിനെ ഡെങ്കിയായി വളരെയധികം തെറ്റിധരിക്കപ്പെടും. അതിനാല്‍ തന്നെ ഡെങ്കിയുടെ ലക്ഷണങ്ങളുള്ളവരും എന്നാല്‍ ഡെങ്കി പരിശോധനയില്‍ നെഗറ്റീവ് റിസള്‍ട്ട് കാണിക്കുന്നവരിലുമാണ് സിക്ക പരിശോധന നടത്താറുള്ളത്. ലക്ഷണങ്ങള്‍ അനുസരിച്ച് ഡെങ്കിയില്‍ ഇതിനെ വേര്‍തിരിച്ചറിയാന്‍ പ്രയാസമാണ്.

സിക്ക പടരുന്നത് കൊതുകുവഴി

കൊതുക് കടിച്ചാണ് സിക്ക പ്രധാനമായും പടരുന്നത്. 99.9 ശതമാനം സാധ്യതയും കൊതുക് വഴിയാണ് രോഗം പടരുക. ഫ്‌ളേവി വിഭാഗത്തില്‍ പെടുന്ന വൈറസായതിനാല്‍ രേതസില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ലൈംഗിക ബന്ധത്തിലൂടെ സിക്ക മറ്റൊരാളിലേക്ക് പടരാന്‍ സാധ്യതയുണ്ട്. 

ബ്രസീലില്‍ രോഗം പടര്‍ന്നുപിടിച്ച കാലത്ത് ഒളിമ്പിക്‌സിന് പോയി വന്ന അത്‌ലറ്റുകളോടും പൗരന്മാരോടും പങ്കാളികളില്‍ നിന്ന് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറച്ചുകാലത്തേക്ക് മാറ്റിവെക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. അത് ഈയൊരു സാധ്യത കണക്കിലെടുത്താണ്. 

ചില സമയത്ത് രക്തമുള്‍പ്പെടെയുള്ള അവയവങ്ങള്‍ കൈമാറ്റം ചെയ്യുന്നതിലൂടെ സിക്ക പകരാന്‍ കാരണമാകുന്നുണ്ട്.

പ്രതിരോധം കൊതുകുനിവാരണം

സിക്ക നമ്മുടെ നാട്ടില്‍ വരാന്‍ സാധ്യതയുള്ള രോഗമാണ്. അതിനാല്‍ തന്നെ കൊതുക് നിവാരണം മാത്രമാണ് ഇതിനുള്ള പോംവഴി. രോഗം പരക്കാതിരിക്കാന്‍ കൊതുക് നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. 

ഈഡിസ് വിഭാഗത്തില്‍ പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. ഇവ ഒരു കണ്ടെയ്‌നര്‍ ബ്രീഡറാണ്. വളരെ കുറഞ്ഞ ജലാംശത്തില്‍ പോലും മുട്ടയിട്ട് പെരുകാന്‍ കഴിയുന്ന കൊതുകുകളാണ് ഇവ. വീടിന്റെ പരിസരത്തുള്ള ചെറിയ പാത്രത്തിലോ, കരിയിലക്കൂട്ടത്തിലോ, മാലിന്യകൂമ്പാരത്തിലോ ഒക്കെ മുട്ടയിട്ട് വളരുന്ന കൊതുകുകളാണ് ഈഡിസ് വിഭാഗത്തിലുള്ളത്. 

അതിനാല്‍ തന്നെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. ചെടിച്ചട്ടികളിലും അടുക്കളയിലും, ഫ്രിഡ്ജിന്റെ പിന്‍ഭാഗം, പൊട്ടിയ സിങ്കുകള്‍ ഉള്‍പ്പെടെ വീടിനുള്ളില്‍ പോലും മുട്ടയിട്ട് പെരുകാന്‍ കഴിയുന്നവയാണ് ഇത്തരം കൊതുകുകള്‍. അതിനാല്‍ ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിക്കണം. അതിനൊപ്പം ഗര്‍ഭിണികളായ സ്ത്രികളെ പ്രത്യേകമായി സംരക്ഷിക്കേണ്ടതുണ്ട്. കൊതുകുകടിയേല്‍ക്കാതെ അവരെ സംരക്ഷിക്കാനുള്ള നടപടിയെടുക്കണം. നമുക്ക് രോഗം വന്നാലും നമ്മളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാന്‍ കൊതുകുകടിയേല്‍ക്കാതെ മാറി സുരക്ഷിതരായി വിശ്രമിക്കണം. 

അതോടൊപ്പം ഏതെങ്കിലും പ്രദേശത്ത് കൂടുതല്‍ പനി പടരുകയും ജനിക്കുന്ന കുട്ടികള്‍ക്ക് തലയുടെ വലിപ്പം കുറയുകയും ചെയ്യുന്നുണ്ടോയെന്നും നിരീക്ഷിക്കണം. 

വിവരങ്ങള്‍ക്ക് കടപ്പാട്:

ഡോ. അനീഷ് ടി.എസ്. 
അസോസിയേറ്റ് പൊഫസര്‍,
കമ്മ്യൂണിറ്റി മെഡിസിന്‍
ഗവ. മെഡിക്കല്‍ കോളേജ്,
തിരുവനന്തപുരം

Content Highlights: How does Zika affect pregnancy all details you needs to know, Health, Zika Virus