പ്രതീകാത്മക ചിത്രം| Photo: gettyimages.in
എന്റെ കുഞ്ഞിന് വളർച്ചക്കുറവുണ്ടോ ഡോക്ടർ?
പുതു തലമുറയിലെ മാതാപിതാക്കളെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ഇത്. ശിശുരോഗ വിദഗ്ധർ സ്ഥിരം കേൾക്കുന്ന ഒരു പല്ലവിയും.
കുഞ്ഞിന്റെ വളർച്ച എങ്ങനെ മനസ്സിലാക്കാം?
ശാരീരിക, മാനസിക, സാമൂഹിക വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും കുഞ്ഞ് ഓരോ ലക്ഷണങ്ങൾ പ്രകടമാക്കുന്നു. ഇവയെ വളർച്ചാനാഴികക്കല്ലുകൾ (developmental milestones) എന്നു പറയുന്നു. തൃപ്തികരമായ വളർച്ച കൈവരിക്കുന്ന കുഞ്ഞ്, കൃത്യമായ കാലയളവുകളിൽ ഈ ഘട്ടങ്ങൾ കടന്നു പോകുന്നു. ഈ സൂചനകളെ മനസ്സിലാക്കുകയും ശ്രദ്ധിക്കുകയും ചെയ്താൽ കുഞ്ഞിന്റെ വളർച്ചയും മനസ്സിലാക്കാവുന്നതാണ്.
ആദ്യത്തെ മൂന്നു മാസങ്ങളിൽ കാണാവുന്ന ലക്ഷണങ്ങൾ നോക്കാം.
കമഴ്ത്തിക്കിടത്തിയാൽ തല ഉയർത്തി പിടിക്കുന്നു. സാധാരണമായി പറഞ്ഞാൽ 'കഴുത്ത് ഉറയ്ക്കും'. തലയുടെ ഭാരത്തെ താങ്ങാവുന്ന സ്ഥിതിയിലേക്ക് കഴുത്തിലെ എല്ലുകൾ വളരുന്നതിന്റെ ലക്ഷണമാണ് ഇത്.
അതുവരെ കുഞ്ഞിനെ എടുക്കുമ്പോഴും പാൽ കൊടുക്കുമ്പോഴും കഴുത്തിന് താങ്ങ് കിട്ടുന്ന രീതിയിൽ കൈകൾ വെക്കണം.
മൂന്നുനാല് മാസത്തിനുള്ളിൽ കുഞ്ഞ് തനിയെ കമഴ്ന്നു കിടക്കാൻ തുടങ്ങുന്നു. കുഞ്ഞ് സ്വയം ചെയ്യുന്ന പ്രവൃത്തിയാൽ അവന്റെ ശരീരത്തിന്റെ അവസ്ഥയ്ക്കും അവൻ കാണുന്ന ലോകത്തിനും മാറ്റം വരുന്നത് ഇപ്പോഴാണ്. വളരെ നനുനനുത്ത/മിനുത്ത പ്രതലങ്ങളിൽ കൂടുതൽ സമയം കുഞ്ഞിനെ കിടത്തിയാൽ കുട്ടിക്ക് കമിഴാൻ കഴിയണമെന്നില്ല. കുഞ്ഞിന്റെ കൈകളിലേയും കഴുത്തിലേയും എല്ലുകളുടേയും മസിലുകളുടേയും വളർച്ചക്കുറവുകൊണ്ടല്ല, അതിനു പ്രേരിപ്പിക്കുന്ന/ സഹായിക്കുന്ന സാഹചര്യങ്ങളുടെ അഭാവം കൊണ്ടാണ് അത്. പായയിലോ മറ്റോ സമയം ചിലവഴിക്കാൻ കുഞ്ഞിനെ അനുവദിച്ചാൽ കുഞ്ഞ് എളുപ്പം കമിഴാൻ തുടങ്ങുന്നു.
കൈകൾ അടച്ച് തുറക്കാനും, കൈകൾ വായിലേക്ക് കൊണ്ടുപോകാനും സാധിക്കുന്നു.
കണ്ണിലൂടെയും കാതിലൂടെയും ലഭ്യമാകുന്ന ആവേഗങ്ങളെ മനസ്സിലാക്കാവുന്ന രീതിയിലേക്ക് തലച്ചോർ വളർന്നു തുടങ്ങുന്നു. അതിനാൽ ശബ്ദങ്ങളേയും വർണവസ്തുക്കളേയും പിൻതുടരാൻ കുഞ്ഞ് പഠിക്കുന്നു. ഈ ലക്ഷണം കുഞ്ഞിന്റെ കാഴ്ചാശക്തിയും കേൾവിശക്തിയും ആരോഗ്യമുള്ളതാണ് എന്നും സൂചിപ്പിക്കുന്നു.
ഒന്നര മാസം ആകുമ്പോഴേക്കും അമ്മയെ മനസ്സിലാക്കാനും ചിരിക്കാനും കുഞ്ഞിനു കഴിയുന്നു. രണ്ടു മാസം കഴിയുമ്പോഴേക്കും പരിചിതരായ ആളുകളോടും കുഞ്ഞ് ചിരിക്കാൻ തുടങ്ങും.
കളിക്കാൻ ഇഷ്ടപ്പെട്ടു തുടങ്ങുന്നു. കൈകൾ കൊട്ടിയും മറ്റും കുഞ്ഞിനെ കളിപ്പിക്കുമ്പോൾ ആസ്വദിക്കുകയും കളി നിർത്തുമ്പോൾ കരയുകയും ചെയ്യുന്നു.
കൃത്യമായി മൂന്നു മാസത്തിനുള്ളിൽ കാണപ്പെടുന്നവയാണ് ഇവ. എങ്കിലും ചില കുട്ടികളിൽ നാലു മാസം വരെ നീണ്ടുപോകുന്നതായി കാണാറുണ്ട്. നാലു മാസം തികഞ്ഞതിനു ശേഷവും കഴുത്ത് ഉറയ്ക്കാതെയും കൈകൾ തനിയെ തുറക്കുകയും അടക്കുകയും ചെയ്യാതെയും ശബ്ദവും വർണവസ്തുക്കളും പിൻതുടരാതെയും കാണുന്ന പക്ഷം വൈദ്യസഹായം തേടേണ്ടതാണ്.
വിവരങ്ങൾക്ക് കടപ്പാട്:
ഡോ. ശ്രീപാർവതി ആർ.
അസിസ്റ്റന്റ് പ്രൊഫസർ
പഞ്ചകർമ വിഭാഗം
അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠം, വാവന്നൂർ, പാലക്കാട്
Content Highlights:How do you know if the child is developing growing normally, Health, Ayurveda
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..