ഇന്ത്യയുടെ തദ്ദേശീയ വാക്‌സിനായ കോവാക്‌സിന്‍ ഉള്‍പ്പെടെ ഒട്ടേറെ വാക്‌സിനുകളാണ് കോവിഡിനെതിരേ ഉപയോഗിക്കുന്നതിനുവേണ്ടി തയ്യാറാവുന്നത്. ഓരോ വാക്‌സിനും നിര്‍മിക്കാന്‍ വ്യത്യസ്തമാര്‍ഗങ്ങളാണ് അവലംബിക്കുന്നത്. അതിനാല്‍ത്തന്നെ ഇവയോരോന്നും മറ്റൊന്നില്‍നിന്ന് വ്യത്യസ്തമായിരിക്കും. അതായത് രോഗപ്രതിരോധശേഷി നേടിത്തരാനുള്ള കഴിവ്, പ്രതിരോധശേഷിയുടെ കാലയളവ്, പാര്‍ശ്വഫലങ്ങള്‍ എന്നിവ ഓരോന്നിനും വിഭിന്നമായിരിക്കും
പൊതുവേ വൈറസ് ബാധയുണ്ടാകുമ്പോള്‍ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ വൈറസുകളെ അന്യവസ്തുക്കളായി കണക്കാക്കുകയും അവയ്‌ക്കെതിരായി പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുകയും ചെയ്യും. ആന്റിബോഡികള്‍ വൈറസിന്റെ പ്രോട്ടീനുകളുമായി പ്രതിപ്രവര്‍ത്തിക്കുകയും അവയെ നിര്‍വീര്യമാക്കുകയും ചെയ്യും. വീര്യംകുറച്ചതോ, നിര്‍ജീവമാക്കിയതോ അല്ലെങ്കില്‍ വൈറസിന്റെ പ്രോട്ടീന്‍ ഘടകങ്ങളോ ഉപയോഗിച്ചാലും പ്രതിരോധവ്യവസ്ഥ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ശരീരത്തിന്റെ പ്രതിരോധശേഷിയുടെ ഈ അടിസ്ഥാന തത്ത്വത്തെ ആധാരമാക്കിയാണ് എല്ലാ വാക്സിനുകളും നിര്‍മിക്കപ്പെടുന്നത്.
കോവിഡ് വൈറസ് ബാധയ്‌ക്കെതിരേ പ്രധാനമായും സജ്ജമായിക്കൊണ്ടിരിക്കുന്നത് അഞ്ചുതരം വാക്‌സിനുകളാണ്.
1. വീര്യം കുറച്ച വാക്‌സിന്‍ (Live-attenuated Vaccines)
2. നിര്‍വീര്യമാക്കപ്പെട്ട വാക്‌സിന്‍(Inactivated Vaccines)
3. വൈറസ് മെസന്‍ജര്‍ RNA/DNA വാക്‌സിന്‍(Virus mRNA/DNA Vaccines)
4. വൈറസ് പ്രോട്ടീന്‍ വാക്‌സിന്‍(Virus Protein Vaccines)
5. വൈറസ് വെക്ടര്‍ വാക്‌സിന്‍(Virus Vector Vaccines)
വീര്യം കുറച്ച വാക്‌സിനുകള്‍
ഇവയില്‍ വീര്യം കുറച്ച വാക്‌സിനുകള്‍ രോഗമുണ്ടാക്കുന്ന വൈറസിനെ വിവിധ രീതികളുപയോഗിച്ച് രോഗമുണ്ടാക്കാന്‍ കഴിയാത്ത വിധം വീര്യം കുറച്ചതിനു ശേഷം വാക്‌സിനായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. വൈറസുകളെ അവയുടെ സ്വാഭാവികരീതിയില്‍നിന്ന് വ്യതിചലിപ്പിച്ചു കുറഞ്ഞ താപനിലയിലോ, ജനിതകഘടനയില്‍ മാറ്റം വരുത്തിയോ വളര്‍ത്തിയെടുത്താണ് വീര്യംകുറച്ച വൈറസുകള്‍ ഉണ്ടാക്കിയെടുക്കുന്നത്. ഇത്തരം വൈറസുകള്‍ക്കു വളരെ നേരിയ തോതിലുള്ള രോഗലക്ഷണങ്ങളുണ്ടാക്കാനുള്ള ശേഷി ഉണ്ടായിരിക്കുമെന്നിരിക്കിലും ഒരു ഡോസ് വാക്‌സിന്‍കൊണ്ടുതന്നെ പൂര്‍ണമായും പ്രതിരോധശേഷി ആര്‍ജിക്കാന്‍ ശരീരത്തെ സന്നദ്ധമാക്കാന്‍ കഴിയും.
ഇവയില്‍നിന്ന് ലഭിക്കുന്ന പ്രതിരോധശേഷി വളരെ ഫലപ്രദമായിരിക്കും എന്നുള്ളതിനു പുറമേ വളരെക്കാലം നീണ്ടുനില്‍ക്കുന്നതുമായിരിക്കും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. എന്നാല്‍, വളരെ അപൂര്‍വമായിട്ടാണെങ്കിലും ചില വൈറസുകള്‍ അവയുടെ രോഗമുണ്ടാക്കുന്ന യഥാര്‍ഥ അവസ്ഥയിലേക്ക് രൂപമാറ്റം നടത്തിയേക്കാം എന്നുള്ളത് ഈ വാക്‌സിന്റെ ന്യൂനതയാണ്. ബയോടെക്നോളജി കമ്പനിയായ കോഡാജെനിക്‌സ് വികസിപ്പിച്ചെടുക്കുന്ന സി.ഡി. എക്‌സ് 005 വീര്യം കുറച്ച കോവിഡ് വാക്‌സിനാണ്.
നിര്‍വീര്യമാക്കിയ വാക്‌സിനുകള്‍
നിര്‍വീര്യമാക്കിയ വാക്‌സിനുകള്‍ ഉണ്ടാക്കുന്നത് രാസവസ്തുക്കള്‍ ഉപയോഗിച്ചോ അല്ലെങ്കില്‍ ഉയര്‍ന്ന താപനിലയോ, റേഡിയേഷന്‍ മൂലമോ വൈറസുകളുടെ പ്രജനനശേഷി ഇല്ലാതാക്കിയാണ്. അതിനാല്‍ത്തന്നെ വൈറസുകള്‍ക്കു രോഗമുണ്ടാക്കാനുള്ള ശേഷി പാടേ നഷ്ടമായിരിക്കും. നിര്‍വീര്യമാക്കിയ വൈറസുകള്‍ വാക്‌സിന്‍ ആയി ഉപയോഗിക്കുമ്പോള്‍ ഒന്നില്‍ കൂടുതല്‍ തവണ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയാല്‍ മാത്രമേ ആവശ്യമായ ആന്റിബോഡികള്‍ രൂപപ്പെടാനും പ്രതിരോധശേഷി ആര്‍ജിക്കാനും കഴിയുകയുള്ളൂ. വീര്യം കുറച്ച വൈറസിനെ അപേക്ഷിച്ച് സുരക്ഷിതമായി ഉപയോഗിക്കാവുന്ന വാക്‌സിനുകളാണിവ. പൂര്‍ണമായും നിര്‍വീര്യമാക്കിയ വൈറസുകള്‍ ആയതിനാല്‍ ഇവയ്ക്കു രോഗമുണ്ടാക്കുന്ന അവസ്ഥയിലേക്ക് ഒരിക്കലും രൂപമാറ്റം നടത്താന്‍ കഴിയുകയില്ല എന്നുള്ളത് ഇവയുടെ സുരക്ഷ ഉറപ്പാക്കുന്നു. ചൈനീസ് കമ്പനിയായ സിനോവാക് ബയോടെക് നിര്‍മിക്കുന്ന കോറോണവാക്, ഇന്ത്യയുടെ ഐ.സി.എം.ആര്‍. സഹകരണത്തോടെ ഭാരത് ബയോടെക് നിര്‍മിക്കുന്ന കോവാക്‌സിന്‍ എന്നിവ ഈ ഗണത്തില്‍പ്പെടുന്ന വാക്‌സിനുകളാണ്.
മെസന്‍ജര്‍ വാക്‌സിനുകള്‍
വൈറസിന് ആവശ്യമായ പ്രോട്ടീനുകള്‍ നിര്‍മിക്കുന്നത് അവയുടെ മെസന്‍ജര്‍ RNA കോശത്തിലെ റൈബോസോമുകളുമായി സംയോജിച്ചു പ്രവര്‍ത്തിക്കുമ്പോഴാണ്. മെസന്‍ജര്‍ RNA വാക്‌സിനുകള്‍ നിര്‍മിക്കാന്‍ വൈറസിന്റെ വാക്‌സിന്‍ നിര്‍മിക്കാനാവശ്യമായ പ്രോട്ടീനുകള്‍ ഉണ്ടാക്കുന്ന RNA മാത്രം കോശങ്ങളിലേക്കു പ്രവേശിപ്പിക്കുന്നു. മെസന്‍ജര്‍ RNA കോശങ്ങളിലേക്കു പ്രവേശിക്കുമ്പോള്‍ വൈറസിന്റെ പ്രോട്ടീന്‍ രൂപംകൊള്ളുന്നു. ആ പ്രോട്ടീനുകള്‍ക്കെതിരായിട്ടുള്ള ആന്റിബോഡികള്‍ ശരീരം ഉത്പാദിപ്പിക്കുകയും അങ്ങനെ പ്രതിരോധശേഷി കൈവരുകയും ചെയ്യും. കോശങ്ങളിലെ ജനിതക വസ്തുവിലേക്ക് വൈറസിന്റെ RNA ഒരിക്കലും സംയോജിപ്പിക്കപ്പെടില്ലെന്നതിനാല്‍ മറ്റ് പാര്‍ശ്വഫലങ്ങളൊന്നുമില്ലെങ്കില്‍ സുരക്ഷിതമായി ഉപയോഗിക്കാവുന്ന വാക്സിനുകളാണ് ഇവ. അമേരിക്കന്‍ കമ്പനികളായ മോഡേണയുടെ mRNA-1273 വാക്‌സിനും ഫൈസറിന്റെ BNT162b1 വാക്‌സിനും മെസന്‍ജര്‍ ഞചഅ ആധാരമാക്കിയുള്ള കോവിഡ് വാക്‌സിനുകളാണ്.
പ്രോട്ടീന്‍ വാക്‌സിനുകള്‍
പ്രോട്ടീന്‍ വാക്‌സിനുകള്‍ നിര്‍മിക്കുന്നത് വൈറസിന്റെ പ്രോട്ടീന്‍ ഘടകങ്ങളുപയോഗിച്ചാണ്. പ്രധാനമായും വൈറസിന്റെ സ്‌പൈക് പ്രോട്ടീനുകളാണ് വാക്‌സിന്‍ ആയി ഉപയോഗിക്കുന്നത്. ഈ പ്രോട്ടീനുകള്‍ ശരീരത്തിലെത്തുന്നതോടെ ഇവയ്‌ക്കെതിരായിട്ടുള്ള ആന്റിബോഡികള്‍ നിര്‍മിച്ചു ശരീരം വൈറസിനെതിരേ പ്രതിരോധശേഷി നേടുന്നു. റഷ്യന്‍ വെക്ടര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ എപിവാക് കൊറോണ ഇത്തരത്തിലുള്ള വാക്സിനാണ്. പ്രോട്ടീന്‍ വാക്‌സിനുകള്‍ പൊതുവേ കുറഞ്ഞ പ്രതിരോധ ശേഷി നല്‍കുന്നവയും കുറഞ്ഞ കാലം മാത്രം നിലനില്‍ക്കുന്നവയുമാണ്. അതുകൊണ്ടുതന്നെ പലതവണ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കേണ്ടതായിവരും.
വൈറസ് വെക്ടര്‍
ഒരു വൈറസിനെതിരായിട്ടുള്ള വാക്‌സിന്‍ നിര്‍മിക്കുന്നതിന് മറ്റു വൈറസുകളെ വാഹകരായി ഉപയോഗിക്കുന്ന രീതിയെയാണ് വൈറസ് വെക്ടര്‍ വാക്‌സിന്‍ എന്നറിയപ്പെടുന്നത്. ഉദാഹരണത്തിന്, ഓക്‌സ്ഫഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത് ആസ്ട്രസെനേക്ക നിര്‍മിച്ചു കൊണ്ടിരിക്കുന്ന കോവിഷീല്‍ഡ് എന്നറിയപ്പെടുന്ന ചാഡോക്സ്-1 (ChAdOx1-ചിമ്പാന്‍സി അഡിനോവൈറല്‍ വെക്ടര്‍ വാക്‌സിന്‍). ഇവിടെ ചിമ്പാന്‍സി അഡിനോവൈറസിലേക്ക് കോവിഡ്-19 വൈറസിന്റെ പ്രോട്ടീനുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ ജനിതകവസ്തു സന്നിവേശിപ്പിക്കുകയാണ് ചെയ്യുന്നത്. കോവിഡ്-19 വൈറസിന്റെ പ്രോട്ടീനുകള്‍ നിര്‍മിക്കാനാവശ്യമായ ജനിതകവസ്തു ചിമ്പാന്‍സിയുടെ അഡിനോ വൈറസ് വഹിക്കുന്നതിനാല്‍ ഈ വാക്‌സിന്‍ ഉപയോഗിക്കുമ്പോള്‍ കോവിഡിനെതിരായുള്ള പ്രതിരോധശേഷി സ്വായത്തമാക്കാന്‍ കഴിയും. കൂടുതല്‍ പ്രതിരോധശേഷി സൃഷ്ടിക്കാന്‍ ബൂസ്റ്റര്‍ ഡോസുകള്‍ ആവശ്യമായി വരും. ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കോവിഷീല്‍ഡ് വാക്‌സിന്റെ നിര്‍മാതാക്കള്‍. റഷ്യന്‍ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്ത സ്പുട്നിക് V എന്ന വാക്‌സിനും വൈറസ് വെക്റ്റര്‍ വാക്‌സിനാണ്
പ്രതിരോധശേഷിയും കാലദൈര്‍ഘ്യവും
മുകളില്‍ ഉദ്ധരിച്ച വാക്‌സിനുകളിലധികവും കോവിഡ് വൈറസിനെ നിര്‍വീര്യമാക്കുന്നതില്‍ 70-95 ശതമാനം വരെ പ്രതിരോധശേഷി നല്‍കാന്‍ കഴിയുന്നവയാണെന്ന് പരീക്ഷണാടിസ്ഥാനത്തില്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍, അവയുടെയൊന്നും പ്രതിരോധശേഷി എത്ര കാലം നിലനില്‍ക്കുമെന്ന് പൂര്‍ണമായും മനസ്സിലാക്കിയിട്ടില്ല. അതിനെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. പാര്‍ശ്വഫലങ്ങളെക്കുറിച്ചുള്ള അനിശ്ചിതത്വവും നിലനില്‍ക്കുന്നുണ്ട്. കാരണം, സാധാരണ ഗതിയില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കാനെടുക്കേണ്ട കാലയളവിനെയപേക്ഷിച്ച് വളരെ കുറഞ്ഞസമയം കൊണ്ട് അടിയന്തരമായി വികസിപ്പിച്ചെടുത്തതാണിവയെല്ലാം. എങ്കിലും അടിസ്ഥാനപരമായി വാക്‌സിനുകളുടെ പ്രവര്‍ത്തനതത്ത്വമനുസരിച്ച് കുറേനാളത്തേക്കെ ങ്കിലും പാര്‍ശ്വഫലങ്ങളില്ലാതെ പ്രതിരോധശേഷി നല്‍കാന്‍ പ്രാപ്തിയുള്ളവയായിരിക്കും ഇപ്പോള്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന വാക്‌സിനുകള്‍ എന്ന് പ്രത്യാശിക്കാം.
അങ്ങനെ കുറച്ചു നാളത്തേക്കെങ്കിലും പ്രതിരോധശേഷി നല്‍കാന്‍ കഴിയുന്നവയാണെങ്കില്‍പ്പോലും വലിയ ഒരു വിഭാഗം ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ ബ്രേക്ക് ദ ചെയിന്‍ എന്ന ആശയത്തെ യാഥാര്‍ഥ്യമാക്കാന്‍ വാക്‌സിനേഷന്‍ എടുക്കുന്നത് അനിവാര്യമായിരിക്കും. വാക്സിന്‍ സ്വീകരിക്കുന്നവര്‍ പ്രതിരോധശേഷി നേടുന്നതിനാല്‍ അവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വൈറസ് പടരാനുള്ള സാധ്യത ഇല്ലാതാവുന്നു. അതുവഴി വൈറസ് ബാധ നിയന്ത്രിക്കാന്‍ കഴിയുകയും വൈറസിനെ തുടച്ചു നീക്കുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ ഇടവരുകയും ചെയ്യും എന്ന് അനുമാനിക്കാം.
(തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി ലൈഫ് സയന്‍സസ് പാര്‍ക്കില്‍ സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റാണ് ലേഖകന്‍)
Content Highlights: How Covid Vaccines works all details you needs to know, Covid19, Corona Virus outbreak, Health