നോട്ടത്തിന് ആയിരം വാക്കുകളേക്കാള്‍ ശക്തിയുണ്ട്. ഓരോ നോട്ടത്തിന്റെയും അര്‍ഥം പലതാണ്. ആ അര്‍ഥങ്ങള്‍ മനസ്സിലാക്കിയാല്‍ വ്യക്തിബന്ധങ്ങളിലും ജോലിയിലും ബിസിനസ്സിലുമെല്ലാം കൂടുതല്‍ മികവുപുലര്‍ത്താന്‍ സാധിക്കും. 

കണ്ണുകളുടെ സ്ഥാനം
ഒരു ചര്‍ച്ചയിലോ മീറ്റിങ്ങിലോ പങ്കെടുക്കുമ്പോള്‍ കണ്ണുകളുടെ സ്ഥാനം തുടര്‍ച്ചയായി ഒന്നില്‍ ഉറപ്പിക്കുന്നത് സൂചിപ്പിക്കുന്നത് കേള്‍ക്കുന്ന കാര്യത്തെക്കുറിച്ച് ആ വ്യക്തി പോസിറ്റീവായി ചിന്തിക്കുന്നു എന്നാണ്. അതായത്, ബോറടിയില്ലാതെ താത്പര്യത്തോടെ പറയുന്ന കാര്യങ്ങള്‍ സ്വീകരിക്കുന്നുവെന്നാണ് ഇത് കാണിക്കുന്നത്. 

തുറിച്ചുനോട്ടം
ഒരു വ്യക്തിയോടുള്ള ഏതെങ്കിലും തരത്തിലുള്ള അമിതതാത്പര്യമോ ആരാധനയോ കൗതുകമോ ആണ് തുറിച്ചുനോട്ടത്തിന് പിന്നില്‍. പലതരത്തിലുള്ള തുറിച്ചുനോട്ടങ്ങളുണ്ട്. ചിലരാകട്ടെ കൗതുകപൂര്‍വം തുറിച്ചുനോക്കും. ഏതെങ്കിലും ഭാഗത്തേക്ക് ദൃഷ്ടിമാറ്റാതെ, അമിത ശ്രദ്ധയോടെയുള്ള നോട്ടമാണിത്. 

തുറിച്ചുനോട്ടത്തിന് മറ്റൊരു വശവുമുണ്ട്. പലപ്പോഴും ബസ് സ്റ്റാന്‍ഡിലും കോളേജ് ഗേറ്റിലും മറ്റും നിന്ന് പെണ്‍കുട്ടികളെ തുറിച്ചുനോക്കുന്നവരെ കാണാന്‍ സാധിക്കും. ഇത് അരോചകമാവാം. ചിലരാകട്ടെ മറ്റുള്ളവരുടെ ശരീരഭാഗങ്ങളിലേക്കായിരിക്കും തുറിച്ചുനോക്കുന്നത്. ശാരീരിക, മാനസിക വൈകല്യങ്ങള്‍ ഉള്ളവരും മറ്റും നടന്നുപോകുമ്പോള്‍ അവരെ തുറിച്ചുനോക്കുന്നവരുമുണ്ട്. 

വിടര്‍ന്ന കൃഷ്ണമണി
കണ്ണുകളിലെ വിടര്‍ന്ന കൃഷ്ണമണി ഒരു വ്യക്തിയുടെ ഉള്ളിലുള്ള ഇഷ്ടവും താത്പര്യവും ആശ്ചര്യവുമെല്ലാം സൂചിപ്പിക്കുന്നു. പ്രണയിക്കുന്നവരെ നോക്കൂ. ആ നോട്ടത്തില്‍ ഇരുവരുടെയും കണ്ണുകളിലെ കൃഷ്ണമണികള്‍ വികസിച്ചിരിക്കും. കണ്ണുകളുടെ നോട്ടം ഇഷ്ടപ്പെടുന്ന വ്യക്തിയുടെ മുഖത്തേക്കായിരിക്കും. അവരുടെ ഇരിപ്പുപോലും പരസ്പരം അഭിമുഖമായിട്ടായിരിക്കും. 

ദേഷ്യത്തോടെയുള്ള നോട്ടം
കണ്‍പോളകള്‍ രണ്ടും വിടര്‍ത്തി, മറ്റൊരാളുടെ മുഖത്തേക്ക് ദൃഷ്ടി ഉറപ്പിച്ച്, തീക്ഷ്ണമായ കണ്ണുകളോടെയും വലിഞ്ഞുമുറുകിയ മുഖഭാവത്തോടെയും മൂക്ക് വിടര്‍ത്തിയുമുള്ള നോട്ടം ഉള്ളിലുള്ള കടുത്ത ദേഷ്യത്തെ സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് മണിച്ചിത്രത്താഴ് എന്ന സിനിമയില്‍ 'ഗംഗ പോവണ്ട' എന്ന് നകുലന്‍ പറഞ്ഞപ്പോള്‍, 'അതെന്താ ഞാന്‍ പോയാല്‍' എന്നു ചോദിക്കുന്ന ഗംഗയുടെ(നാഗവല്ലി) ഭാവം. ഇവിടെ ശാന്തമായാണ് ചോദിക്കുന്നതെങ്കിലും ഉള്ളില്‍ വലിയ നൈരാശ്യം അലയടിക്കുന്നുണ്ട്. 

അനിഷ്ടം കാട്ടും കണ്‍പുരികം
ഒരു വ്യക്തിയോട് താത്പര്യമില്ലെങ്കില്‍ നമ്മുടെ കണ്‍പുരികങ്ങള്‍ ഒരുമിച്ച് കൊണ്ടുവരാറുണ്ട്. ഇത്തരത്തില്‍ അനിഷ്ടം പ്രകടിപ്പിക്കുമ്പോള്‍ നെറ്റിത്തടത്തില്‍ നേര്‍വരകള്‍ കാണാം. ആ വ്യക്തിയുടെ വാക്കോ പ്രവൃത്തിയോ ഇഷ്ടമില്ലാതെ വരുമ്പോഴാണ് ഇത്തരത്തിലുള്ള നീരസപ്രകടനം ഉണ്ടാകാറുള്ളത്. 

വിവരങ്ങള്‍ക്ക് കടപ്പാട്: 
സെബിന്‍ എസ്. കൊട്ടാരം
മോട്ടിവേഷണല്‍ ട്രെയ്‌നര്‍

Content Highlights: How can you identify your character behaviour by body language, Health, Body language