ത്ര വെള്ളം കുടിച്ചാലും തീരാത്ത ദാഹം.. ശമനമില്ലാത്ത ക്ഷീണം.. ഫാനോ ശീതീകരണിയോ ഇല്ലാതെ മുറിയില്‍ മിനുട്ടുകള്‍പോലും ചെലവഴിക്കാനാവാത്ത അവസ്ഥ.. കുളിച്ചുകഴിഞ്ഞ് പുറത്തിറങ്ങി സെക്കന്‍ഡുകള്‍ക്കുള്ളില്‍ വിയര്‍ത്തൊലിച്ച് പരുവമാകുന്ന സ്ഥിതി..മുന്നിലുള്ള ഓരോ ദിനങ്ങളും വറച്ചട്ടിയില്‍നിന്ന് എരിതീയിലേക്ക് വീഴുന്ന അവസ്ഥയിലാണ് മലയാളികള്‍. കിണറുകളും ജലാശയങ്ങളും നേരത്തേ വറ്റിത്തുടങ്ങി. പതിവുപോലെ ഉപദേശങ്ങളും ചട്ടങ്ങളുമായി തദ്ദേശസ്ഥാപനങ്ങളും അധികൃതരും രംഗത്തെത്തിക്കഴിഞ്ഞു. ഉമിത്തീയില്‍ ദഹിക്കുന്നതുപോലെയുള്ള ഉഷ്ണദിനങ്ങള്‍ കടക്കാന്‍ എന്തൊക്കെയാണ് മാര്‍ഗ്ഗങ്ങള്‍? 

ചൂട് കൂടുന്നതിനനുസരിച്ച് സൂര്യാഘാതത്തിനും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയും കൂടുതലാണ്. ചൂട് മൂലം വരും ദിവസങ്ങളില്‍ നേരിട്ടേക്കാവുന്ന പ്രദാന ആരോഗ്യപ്രശ്‌നമായ സൂര്യാതപത്തെക്കുറിച്ചും മുന്‍കരുതലുകളേയും കുറിച്ചറിയാം...

സൂര്യാതപം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടുകയും ചെയ്യുന്നു. ഇതിനെ ത്തുടര്‍ന്ന് ശരീരത്തിന്റെ പല പ്രവര്‍ത്തനങ്ങളും തകരാറിലായേക്കാം. ഇത്തരമൊരു അവസ്ഥയെയാണ് സൂര്യതാപം അല്ലെങ്കില്‍ 'ഹീറ്റ് സ്ട്രോക്ക്' എന്ന് പറയുന്നത്. 

വളരെ ഉയര്‍ന്ന ശരീരതാപം (103 ഡിഗ്രി ഫാരന്‍ഹീറ്റിന് മുകളില്‍), വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, നേര്‍ത്ത വേഗത്തിലുള്ള നാഡീമിടിപ്പ്, ശക്തിയായ തലവേദന, തലകറക്കം, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍ തുടങ്ങിയവയും ഇതേത്തുടര്‍ന്നുള്ള അബോധാവസ്ഥയും സൂര്യതാപത്തിന്റെ ലക്ഷണങ്ങളാണ്. സൂര്യതാപം മാരകമായേക്കാം. ഉടന്‍ ഡോക്ടറെ കാണിക്കുകയും ചികിത്സ തേടേണ്ടതുമാണ്.

സൂര്യാതപമേറ്റാല്‍ ചെയ്യേണ്ടത് എന്ത്?

സൂര്യാതപത്തിന്റെ സംശയം തോന്നിയാല്‍ ഉടന്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന വെയിലുള്ള സ്ഥലത്തുനിന്ന് തണുത്ത സ്ഥലത്തേക്ക് മാറുകയോ മാറ്റുകയോ ചെയ്യുക. വിശ്രമമെടുക്കുക. ശരീരതാപം 101-102 ഡിഗ്രി ഫാരന്‍ഹീറ്റില്‍ താഴെയാകുന്നതുവരെ തണുത്ത വെള്ളം കൊണ്ട്  തുടയ്ക്കുകയോ വീശുകയോ ഫാന്‍, എ.സി. തുടങ്ങിയവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുകയോ ചെയ്യുക. ധാരാളം വെള്ളം കുടിക്കുക. കട്ടികൂടിയ വസ്ത്രങ്ങള്‍ മാറ്റണം. കഴിയുന്നതും വേഗം ഡോക്ടറുടെ അടുത്തോ ആസ്പത്രിയിലോ എത്തിക്കുക.

സൂര്യാതപം കൊണ്ടുള്ള മറ്റ് പ്രശ്നങ്ങള്‍ 

* പൊള്ളലേല്‍ക്കല്‍

നേരിട്ട് വെയിലേല്‍ക്കുന്ന കൈകളുടെ പുറംഭാഗം, മുഖം, നെഞ്ചിന്റെ പുറംഭാഗം, കഴുത്തിന്റെ പിന്‍വശം തുടങ്ങിയ ശരീരഭാഗങ്ങളില്‍ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലുമാണ് സാധാരണ ഉണ്ടാകുന്നത്. ചിലര്‍ക്ക് തീപ്പൊള്ളല്‍ ഏല്‍ക്കുമ്പോഴുണ്ടാകുന്നതുപോലെയുള്ള കുമിളകളും പൊള്ളലേറ്റ ഭാഗങ്ങളില്‍ ഉണ്ടാകാറുണ്ട്. 

* ശരീരശോഷണം

സൂര്യാതപത്തേക്കാള്‍ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീരശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെത്തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്. ചൂടുകാലാവസ്ഥയില്‍ ശക്തിയായ വെയിലത്ത് ജോലി ചെയ്യുന്നവരിലും പ്രായാധിക്യമുള്ളവരിലും രക്തസമ്മര്‍ദം മുതലായ മറ്റു രോഗങ്ങള്‍ ഉള്ളവരിലുമാണ് ഇത് അധികമായി കണ്ടുവരുന്നത്.

താപശരീരശോഷണത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍ ശക്തിയായ വിയര്‍പ്പ്, വിളര്‍ത്ത ശരീരം, പേശീവലിവ്, അമിത ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛര്‍ദ്ദിയും ബോധക്ഷയം തുടങ്ങിയവയാണ്. ശരീരം തണുത്ത അവസ്ഥയിലും നാഡീമിടിപ്പ് ശക്തികുറഞ്ഞ് വേഗത്തിലുള്ളതും ശ്വസനനിരക്ക് വര്‍ധിച്ച തോതിലുമായിരിക്കാം. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീരശോഷണം സൂര്യതാപത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

* പേശിവലിവ് 

അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ കൂടുതലായി ശരീരം വിയര്‍ത്ത് ജലവും ലവണങ്ങളും നഷ്ടപ്പെടുന്നതുകാരണമാണ് പേശിവലിവുണ്ടാകുന്നത്. കൈകാലുകളിലും ഉദരപേശികളിലുമാണ് കൂടുതലായി പേശിവലിവ് അനുഭവപ്പെടുന്നത്. പേശിവലിവ് അനുഭവപ്പെടുകയാണെങ്കില്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി  തണുപ്പുള്ള സ്ഥലത്തേക്ക് മാറുക. ധാരാളമായി വെള്ളം കുടിക്കുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിന്‍വെള്ളം, സംഭാരം, തണ്ണിമത്തന്‍ എന്നിവ കൂടുതല്‍ ഫലപ്രദമാണ്. ഏതാനും മണിക്കൂര്‍ നേരത്തേക്ക് ജോലി തുടരാതിരിക്കുക. ഉടനെ ജോലി തുടര്‍ന്നാല്‍ താപശരീര ശോഷണാവസ്ഥയിലേക്ക് പോയേക്കാം. കുറച്ചുസമയത്തിനുശേഷവും ആശ്വാസം തോന്നുന്നില്ലെങ്കില്‍ ഡോക്ടറെ കാണിക്കുക.

* തിണര്‍പ്പ്

ചൂടുകാലത്ത് കൂടുതലായുണ്ടാകുന്ന വിയര്‍പ്പിനെത്തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് ിണര്‍ക്കുന്നതിനെയാണ് ഹീറ്റ്റാഷ് എന്നുപറയുന്നത്. കുട്ടികളെ ഇത് കൂടുതലായി ബാധിക്കാറുണ്ട്. കഴുത്തിലും നെഞ്ചിന്റെ മുകള്‍ഭാഗങ്ങളിലുമാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ചിലര്‍ക്ക് കാലിന്റെ ഒടിയിലും കക്ഷത്തിലും സ്ത്രീകളിലും മാറിടത്തിന് താഴെയും ഇതുണ്ടാകാറുണ്ട്.

വേണം മുന്‍കരുതല്‍ 

 • വേനല്‍ക്കാലത്ത് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. ദാഹം തോന്നിയില്ലെങ്കില്‍പ്പോലും ഓരോ മണിക്കൂര്‍ കൂടുമ്പോഴും രണ്ട് മുതല്‍ നാല് ഗ്ലാസ് വെള്ളം കുടിക്കുക. ധാരാളം വിയര്‍പ്പുള്ളവര്‍ ഉപ്പിട്ട കഞ്ഞിവെള്ളവും ഉപ്പിട്ട നാരാങ്ങാവെള്ളവും കുടിക്കുക.
 • വെയിലത്ത് പണി ചെയ്യേണ്ടിവരുന്ന അവസരങ്ങളില്‍ ജോലിസമയം ക്രമീകരിക്കുക. ചുരുങ്ങിയത് ഉച്ചയ്ക്ക് 12 മണിമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെയുള്ള സമയം വിശ്രമിക്കുക. രാവിലെയും വൈകിട്ടും കൂടുതല്‍ സമയം ജോലിചെയ്യുക.
 • കട്ടികുറഞ്ഞ വെളുത്തതോ, ഇളംനിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
 • ശക്തിയായ വെയിലത്ത് ജോലി ചെയ്യുമ്പോള്‍ ഇടയ്ക്കിടെ തണലത്തേക്ക് മാറിനില്‍ക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.
 • ചൂട് കൂടുതലുള്ള അവസരങ്ങളില്‍ കഴിവതും വീടിനകത്തോ മരത്തണലിലോ വിശ്രമിക്കുക.
 • പ്രായാധിക്യമുള്ളവരുടെയും (65 വയസ്സിനാ മുകളില്‍) കുഞ്ഞുങ്ങളുടെയും (നാലാവയസ്സിന് താഴെയുള്ളവര്‍) മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയെടുക്കുന്നവരുടെയും ആരോഗ്യ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
 • വീടിനകത്ത് ധാരാളം കാറ്റ് കടക്കുന്ന രീതിയിലും വീട്ടിനകത്തെ ചൂട് പുറത്തുപോകത്തക്ക രീതിയിലും വാതിലുകളും ജനലുകളും തുറന്നിടുക.
 • വെയിലത്ത് പാര്‍ക്ക്ചെയ്യുന്ന കാറുകളിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതെയിരിക്കുക.
 • വീട്ടില്‍ പാകംചെയ്ത ഭക്ഷണം ഉപയോഗിക്കുക.
 • ആറുമാസം വരെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കുന്നതിനൊടൊപ്പം തിളപ്പിച്ചാറ്റിയ വെള്ളവും നല്‍കുക. ശരീരത്തിലെ നിര്‍ജലീകരണം തടയാന്‍ ഇത് സഹായിക്കും. 
 • ആറുമാസം മുതല്‍ ഒരുവയസ്സുവരെയുള്ള കുഞ്ഞുങ്ങള്‍ക്ക് ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കാം. ഉപ്പിട്ട കഞ്ഞി ഉടച്ചുനല്‍കുക. ഇളനീര്‍ ഇടവിട്ട് നല്‍കാം.
 • കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. 
 • സ്‌കൂളില്‍ തണലുള്ളിടത്തുമാത്രം കുട്ടികളെ വിടുക
 • പുറത്തിറങ്ങുന്ന കുട്ടികള്‍ ചര്‍മപ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ അയഞ്ഞ കോട്ടണ്‍വസ്ത്രങ്ങള്‍ ഉപയോഗിക്കണം. വായുസഞ്ചാരമുള്ള വസ്ത്രങ്ങള്‍ ധരിക്കണം
 • കുഞ്ഞുങ്ങളുടെ ശരീരം മൂടിപ്പുതച്ച് വെക്കരുത്. ചൂടുകുരുവിന് കാരണമാകും. 

Content Highlight: hot weather and precautions for heat stroke, Hottest Summer, Heat Stroke, Summer Disease