ചിലപ്പോൾ അത്യാഹ്ളാദം, മറ്റു ചിലപ്പോൾ ക്ഷിപ്രകോപം... ഹോർമോൺ അസന്തുലിതാവസ്ഥ അത്ര നിസ്സാരമല്ല


By സുസ്മിത ബാബു

4 min read
Read later
Print
Share

Representative Image| Photo: Canva.com

ചിലനേരങ്ങളിൽ കാരണമറിയാതെയുള്ള വിഷാദവും ക്ഷിപ്രകോപവും. മറ്റുചിലപ്പോൾ ആഹ്ളാദത്തിന്റെ ആകാശങ്ങളിൽ പക്ഷിയെപ്പോലെ ഉയർന്നുപറക്കലുകളും അനിയന്ത്രിതവും നിയന്ത്രിതവുമായ പ്രതികരണങ്ങളും... ഒക്കെക്കൂടി ‘ഞാനെന്തൊരു ഞാനാ’ എന്ന് തോന്നിപ്പോയ ഒട്ടേറെ മുഹൂർത്തങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിലുണ്ടാവാറില്ലേ! ആരാവും ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ കടിഞ്ഞാൺ പിടിച്ചിരിക്കുക എന്ന് സന്ദേഹപ്പെടാറുമില്ലേ? ഒട്ടും അതിജീവിക്കാൻ പറ്റില്ല എന്നു തോന്നിയ പ്രശ്നങ്ങളെ ഒരു പൂവിടരുന്ന മനോഹാരിതയോടെ കൈകാര്യംചെയ്തവരും, എന്നാൽ, മറികടക്കാൻ എളുപ്പമെന്ന് കരുതിയ ഒരു സാഹചര്യത്തിൽ വൈകാരികമായി ഇടപെട്ട് സങ്കീർണമാക്കിയവരും ഉണ്ടാവും നമ്മളിൽ.
കൂടുതൽ ആലോചിച്ച് തലചൂടാക്കേണ്ട, ഇതൊക്കെ നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ ചില ഇന്ദ്രജാലങ്ങളാണ്. അന്തഃസ്രാവഗ്രന്ഥികൾ സൃഷ്ടിക്കുന്ന മനുഷ്യസ്വഭാവനിർണയത്തിന്റെ അതിസൂക്ഷ്മകണികകളാണ് ഹോർമോണുകൾ. ഇഷ്ടവും ഇഷ്ടക്കേടും ദേഷ്യവും പ്രണയവും പകയും സങ്കടവും സന്തോഷവും എല്ലാം അവരിലൂടെയാണ് പ്രതിഫലിക്കുന്നത്.

മനുഷ്യന്റെ ശാരീരിക, വൈകാരിക ആരോഗ്യത്തെ പ്രതിഫലിപ്പിക്കുന്നത് കൃത്യമായ അനുപാതത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന ഹോർമോണുകളാണ്. ശരീരത്തിന്റെ വിവിധ മാറ്റങ്ങളെ നിർണയിക്കുന്നതിലും ഹോർമോണുകൾ വലിയ പങ്കുവഹിക്കുന്നു. വിശപ്പ്, ശരീരഭാരം, ശാരീരികപ്രക്രിയകൾ, മാനസികാവസ്ഥ എന്നിവ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന സന്ദേശവാഹകരാണിവ.

അസന്തുലിതമായാൽ

പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഹോർമോൺ അസന്തുലിതാവസ്ഥ. ചെറിയകുട്ടികളടക്കം ധാരാളം പേർ അവരുടെ ജീവിതത്തിൽ ഹോർമോണുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നു. എന്നാൽ, പലരും ശരീരത്തിൽ ഹോർമോൺ അസന്തുലിതാവസ്ഥ സൂചിപ്പിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഹോർമോൺ ഉത്പാദനത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഗുരുതരമായ ശാരീരികാസ്വസ്ഥതകൾക്ക് കാരണമാവുന്നു.

ഉത്തേജിപ്പിക്കുക എന്നർഥമുള്ള ഓർമാവോ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് ഹോർമോൺ എന്ന വാക്കിന്റെ ഉദ്ഭവം. എന്നാൽ, ഉത്തേജകാരികൾ (excitatory) മാത്രമല്ല ഹോർമോണുകളുടെ കൂട്ടത്തിലുള്ളത്. നിരോധകാരികളും (inhibitory) ഉണ്ട്. അവയവങ്ങളും ശരീരകോശങ്ങളും തമ്മിൽ ആശയവിനിമയം നടത്തുന്നത് ഹോർമോണുകൾ മുഖേനയാണ്.

ജീവന ഗ്രന്ഥികൾ

മനുഷ്യശരീരത്തിൽ രണ്ടുതരം ഗ്രന്ഥികളാണുള്ളത്. എൻഡോക്രൈൻ ഗ്രന്ഥികളും എക്സോക്രൈൻ ഗ്രന്ഥികളും. നാളിരഹിത (ductless) ഗ്രന്ഥികളായ അന്തഃസ്രാവ (endocrine) ഗ്രന്ഥികളാണ് ശാരീരികപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത്. അത് നേരിട്ട് രക്തത്തിലേക്കെത്തിച്ചേരുന്നു. പിറ്റ്യൂട്ടറി, പീനിയൽ, തൈറോയ്ഡ്, പാരാതൈറോയ്ഡ്, തൈമസ്, അഡ്രീനൽ, പാൻക്രിയാസ്, അണ്ഡാശയം, ടെസ്റ്റിസ് തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥികൾ. ഓരോ ഗ്രന്ഥിക്കും ഹോർമോണിനും പ്രത്യേക ധർമങ്ങളുണ്ട്.

ഹൈപ്പോതലാമസിന്റെയും പിറ്റ്യൂട്ടറി ഗ്രന്ഥിയുടെയും സംയോജിച്ചുള്ള ഇടപെടലാണ് മറ്റു ഗ്രന്ഥികളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
ഉദാഹരണത്തിന് ശരീരത്തിലെ ഉപാപചയപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തൈറോയ്ഡ് ഹോർമോണുകളായ T3, T4 എന്നിവ ഉത്പാദിപ്പിക്കണമെങ്കിൽ ഹൈപ്പോതലാമസ്, തൈറോട്രോപ്പിൻ റിലീസിങ് ഹോർമോൺ (TRH) ഉത്പാദിപ്പിക്കണം. TRH പിറ്റ്യൂട്ടറിയിൽ പോയി തൈറോയ്ഡ് സ്റ്റിമുലേറ്റിങ് ഹോർമോൺ (TSH) ഉത്പാദിപ്പിച്ച് തൈറോയ്ഡ് ഗ്രന്ഥിയെ ഉത്തേജിപ്പിക്കും. എങ്കിൽമാത്രമേ തൈറോയ്ഡ് ഹോർമോണുകൾ ഉത്പാദിപ്പിക്കപ്പെടുകയുള്ളൂ. ഇനി, അഥവാ രക്തത്തിൽ തൈറോയ്ഡ് ഹോർമോൺ അളവ് കൂടിയാൽ പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കാൻ ഇൻഹിബിറ്ററി ഹോർമോൺ ഇടപെടണം. നിയന്ത്രണഹോർമോണുകൾ ഇല്ലാത്തപക്ഷം ഹൈപ്പർ അല്ലെങ്കിൽ ഹൈപ്പോ തൈറോയിഡിസം ഉണ്ടായേക്കാം. അത് ഗുരുതരമായ ശാരീരികപ്രശ്നങ്ങൾക്ക് കാരണമാവും. എല്ലാ ഹോർമോണുകളിലും ഇത്തരം നിയന്ത്രണങ്ങൾ നടത്തപ്പെടുന്നുണ്ട്.

വളർച്ചയെ നിയന്ത്രിക്കുന്ന ഗ്രോത്ത് ഹോർമോൺ കൂടിയാൽ അമിതമായ ശാരീരികവളർച്ചയും (ജൈജാന്റിസം) കുറഞ്ഞാൽ വളർച്ചമുരടിക്കലും (ഡ്വാർഫിസം) ഉണ്ടാവാറുണ്ട്.

ആൺ-പെൺ ഹോർമോണുകൾ

സ്ത്രീഹോർമോണുകളായ ഈസ്ട്രജനും പ്രൊജസ്ട്രോണുമാണ് ഒരു സ്ത്രീയുടെ ശാരീരിക, മാനസിക വളർച്ചയുടെ നിദാനമെങ്കിൽ ആൻഡ്രജനുകൾ പുരുഷജീവിതത്തിന്റെ അടിത്തറയാകുന്നു. ആദ്യത്തെ ആർത്തവത്തിനുശേഷം സ്ത്രീശരീരത്തിൽ വരുന്ന മാറ്റങ്ങളിൽ ഈസ്ട്രജൻ പ്രധാന പങ്കുവഹിക്കുന്നു. ഗർഭകാലത്തെ സുരക്ഷിതമായി കൊണ്ടുപോവാൻ പ്രൊജസ്ട്രോൺ കൂടിയേതീരൂ. സ്ത്രീകളുടെ ആരോഗ്യം ക്രമമായി നിലനിർത്തുന്നതിൽ ഈസ്ട്രജൻ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഗർഭപാത്രത്തിന്റെ ആരോഗ്യം, എല്ലിന്റെ ഉറപ്പ്, ശരീരതാപനിയന്ത്രണം എന്നിവയും ഈസ്ട്രജന്റെ ധർമങ്ങളാണ്. പ്രത്യുത്പാദനഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ സ്ത്രീ-പുരുഷ ജീവിതങ്ങളെ അതിസങ്കീർണമാക്കും. അസ്തിത്വപ്രശ്നങ്ങൾ മാത്രമല്ല, ഇങ്ങനെയൊരു അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന മറ്റൊരു വലിയ ജീവിതപ്രതിസന്ധിയാണ് വന്ധ്യത.

കൗമാരത്തിന്റെ കുരുത്തക്കേട്

മാറിവരുന്ന ജീവിതസാഹചര്യങ്ങളിൽ ഒട്ടുമിക്കവരും അനുഭവിക്കുന്ന മാനസികസമ്മർദം പലപ്പോഴും ഭീകരമാണ്. പ്രത്യേകിച്ചും, സ്വഭാവമാറ്റം ഏറ്റവും കൂടുതൽ പ്രകടമാവുന്ന കൗമാരക്കാരിലും ആർത്തവാരംഭം മുതൽ ഒട്ടനവധി ശാരീരികാവസ്ഥയിലൂടെ കടന്നുപോവുന്ന സ്ത്രീകളിലുമാണ് ഹോർമോൺ വ്യതിയാനങ്ങൾ ഏറെ കാണപ്പെടുന്നത്. മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ടിവർ.
അഡ്രീനൽ ഗ്രന്ഥികളിൽനിന്നുണ്ടാവുന്ന അഡ്രിനാലിനാണ് പ്രതിസന്ധികളിൽ അതിജീവനമന്ത്രമായി നമ്മളിലെത്തുന്നത്. കൗമാരക്കാരിൽ ഈ ഹോർമോണുകളുടെ അളവ് കൂടുതലായിരിക്കും. അവരുടെ സ്വഭാവവ്യതിയാനങ്ങൾ അതിരുവിടാതിരിക്കാൻ അവരുടെ സാഹചര്യങ്ങളെ മനസ്സിലാക്കി സ്നേഹവും കരുതലുമായി വീട്ടുകാർ കൂടെയുണ്ടാവണം. കടുത്ത വിഷാദത്തിലേക്കും പെട്ടെന്നുള്ള ദേഷ്യത്തിലേക്കും ആക്രമണസ്വഭാവത്തിലേക്കും എളുപ്പത്തിൽ മാറിമറിയാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള കാലമാണത്.

തൈറോയ്ഡ് - ജീവിതത്തിന്റെ ഉപ്പ്

മറ്റൊരു പ്രധാന ഹോർമോൺ അസന്തുലിതാവസ്ഥ ശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവഗ്രന്ഥിയായ തൈറോയ്ഡ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ കാര്യത്തിലാണ്. മാറിയ ജീവിതശൈലിയിൽ ഏറ്റവുമധികം ആൾക്കാരെ അലട്ടുന്ന പ്രശ്നമാണ് തൈറോയ്ഡ് ഹോർമോൺ ഏറ്റക്കുറച്ചിലുകൾ. പലപ്പോഴും വൈകാരികമായ പ്രതികരണങ്ങൾക്ക് ഇത് കാരണമായേക്കാം. ഹൈപ്പോ തൈറോയിഡിസം, ഹൈപ്പർ തൈറോയിഡിസം എന്നീ പേരുകളിൽ ഇത് അറിയപ്പെടുന്നു.

ശരീരഭാരം കൂടുക, അലസത, വിഷാദരോഗം, ചർമം വരളുക, മുടികൊഴിച്ചിൽ, ഹൃദയമിടിപ്പ് വർധിക്കുക, കൊളസ്ട്രോൾ കൂടുക, സ്ത്രീകളിൽ ക്രമരഹിതമായ ആർത്തവം, അമിതമായ രക്തസ്രാവം തുടങ്ങിയവയാണ് ഹൈപ്പോ തൈറോയിഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ. തണുപ്പ് സഹിക്കാൻ ബുദ്ധിമുട്ടാവും. കൈകാലുകളിലേക്കുള്ള രക്തപ്രവാഹം മന്ദീഭവിക്കുന്നു. ഈ പ്രശ്നമുള്ളവർ ഭക്ഷണത്തിൽ അയഡിൻ ഉൾപ്പെടുത്തിയിരിക്കണം.

ഹൈപ്പർ തൈറോയിഡിസത്തിൽ ശരീരഭാരം കുറയുക, ചൂടുസഹിക്കാൻ കഴിയാതിരിക്കുക, ക്ഷീണം, അമിതമായ ഉറക്കം, കൈവിറയൽ, അകാരണമായ ആകാംക്ഷ, വയറിളക്കം, ചർമം നേർത്തതാവുക, അമിതവിയർപ്പ് തുടങ്ങിയവയുണ്ടാകും. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ വൈദ്യസഹായം തേടണം.

പെൺജീവിതങ്ങളുടെ സായാഹ്നം‌

ആർത്തവവിരാമം സ്ത്രീജീവിതത്തിൽ വലിയ പ്രതിസന്ധിയുണ്ടാക്കാനിടയുണ്ട്. ഈസ്ട്രജൻ കുറയുന്നതോടെ താപവ്യതിയാനം, ശരീരഭാരം, മാനസികാവസ്ഥ, ക്ഷീണം, ഓർമക്കുറവ്, ഉറക്കമില്ലായ്മ, മുടികൊഴിച്ചിൽ, എല്ലുകൾക്ക് ബലക്ഷയം എന്നിവയൊക്കെ നാൽപ്പതുകളുടെ അവസാനകാലത്തെ ആർത്തവവിരാമത്തിൽ അനുഭവപ്പെടാം. ആ പ്രതിസന്ധികൾ അതിജീവിക്കാൻ കുടുംബാംഗങ്ങളുടെ സ്നേഹപൂർവമായ ചേർത്തുപിടിക്കൽ അനിവാര്യമാണ്. സമ്മർദങ്ങളെ അതിജീവിക്കാൻ അവരെ പ്രാപ്തരാക്കണം. വ്യായാമം, സമീകൃതാഹാരം എന്നീ കാര്യങ്ങളിലും ശ്രദ്ധിക്കണം.

ഉത്തേജകർ

സ്റ്റിറോയ്ഡ് ഹോർമോണുകളുടെ ദീർഘകാല ഉപയോഗം ശരീരപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കും. നമ്മുടെ ശരീരത്തിൽ സ്വാഭാവികമായി ഉത്പാദിപ്പിക്കപ്പെടുന്ന ഒട്ടേറെ സ്റ്റിറോയ്ഡ് ഹോർമോണുകളുണ്ട്. കോർട്ടിക്കോ സ്റ്റിറോയ്ഡ് പോലുള്ളവ. ചിലതരം അലർജി, ആസ്ത്‌മ, ശ്വാസകോശരോഗങ്ങൾ, മെനിഞ്ചൈറ്റിസ് തുടങ്ങി ഒട്ടേറെ രോഗങ്ങൾക്ക് സ്റ്റിറോയ്ഡ് അടങ്ങിയ മരുന്നുകൾ ഉപയോഗിക്കാറുണ്ട്. നെഞ്ചെരിച്ചിൽ, വൈകാരികമാറ്റങ്ങൾ, അണുബാധ, എല്ലുകൾക്ക് ബലഹീനത, പ്രമേഹം, അമിതവണ്ണം, ഗ്ലൂക്കോമ, ഉറക്കക്കുറവ് തുടങ്ങിയ രോഗങ്ങൾ കോർട്ടിക്കോ സ്റ്റിറോയ്ഡ് കൂടുതലടങ്ങിയ മരുന്നുകളുടെ ഉപയോഗത്തിന്റെ പാർശ്വഫലങ്ങളായി വരാം. ശരീരത്തിലെ പ്രകൃതിദത്ത സ്റ്റിറോയ്ഡിന്റെ ഉത്പാദനം കുറഞ്ഞുവരും. പെട്ടെന്ന് മരുന്നുനിർത്തുമ്പോൾ അഡ്രീനൽ ഗ്രന്ഥികൾക്ക് കൂടുതൽ സമ്മർദമുണ്ടാവും. ഓസ്റ്റിയോപോറോസിസ് (എല്ലുകളുടെ ബലക്ഷയം), ക്ഷീണം എന്നിവയൊക്കെ അനുഭവപ്പെടാം. കളിക്കളങ്ങളിൽ ഉത്തേജകമരുന്നായി ഉപയോഗിക്കപ്പെടുന്ന സ്റ്റിറോയ്ഡുകൾ ജീവൻവരെയെടുത്തേക്കാം.

ഉണർവും ഉറക്കവും ജയപരാജയങ്ങളും സ്വപ്നവും പ്രതീക്ഷയും ഒക്കെ ഹോർമോണുകളുടെ ചിട്ടയായ പ്രവർത്തനങ്ങളുടെ തുടർഫലങ്ങളാണെന്നുപറയാം. ഒരപകടസാഹചര്യം വരുമ്പോൾ മല്ലിട്ടുജയിക്കണോ അതോ ഓടിയൊളിക്കണോ (to fight or flight) എന്നുതീരുമാനിക്കുന്നതും അഡ്രിനാലിൻ പോലുള്ള ഹോർമോണാണ്. ശരീരത്തിലെ വെള്ളത്തിന്റെ തുലനാവസ്ഥ നിലനിർത്തുന്നത് ADH അഥവാ വാസോപ്രസിൻ ആണ്. വാസോപ്രസിന്റെ ഉത്പാദനപ്രക്രിയയിൽ വരുന്ന തകരാറ് മൂത്രത്തിലൂടെ അമിതമായ ജലനഷ്ടമുണ്ടാക്കും (diabetes incipidus). രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കാൻ പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിച്ചില്ലെങ്കിൽ തീർച്ചയായും പ്രമേഹം നമ്മെ കീഴടക്കും. ഭക്ഷണത്തിൽ ആവശ്യത്തിന് അയഡിൻ ഇല്ലെങ്കിൽ തൈറോയ്ഡ് ഹോർമോൺ കുറയുകയും ഗോയിറ്റർ വന്ന്‌ കഴുത്തിൽ പിടിമുറുക്കുകയും ചെയ്യും.

പറഞ്ഞുവന്നത് നമ്മുടെ ദൈനംദിന ജീവിതപ്രക്രിയയിൽ ഓരോ ഗ്രന്ഥിയും അവയുത്‌പാദിപ്പിക്കുന്ന ഹോർമോണുകളും എത്ര പ്രധാന പങ്കാണ് വഹിക്കുന്നതെന്നാണ്. അസംഖ്യം അദ്‌ഭുതങ്ങളും കൗതുകങ്ങളും സങ്കീർണതകളും ഉള്ളിലൊളിപ്പിച്ച് ചിരിച്ചുനിൽക്കാനും അവർതന്നെ വേണം. അതാണ് ഹോർമോണുകളുടെ ഇന്ദ്രജാലം!

(മാതൃഭൂമി തൊഴിൽ വാർത്തയുടെ ഹരിശ്രീ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചത്)

Content Highlights: hormonal imbalance causes symptoms and treatment

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
smoking

3 min

പുകവലി നിർത്താൻ എളുപ്പവഴികളുണ്ടോ?; ഉപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

May 31, 2023


smoking

3 min

വിട്ടുമാറാത്ത ചുമയും ശ്വാസതടസ്സവും; പല ശ്വാസകോശ രോ​ഗങ്ങൾക്കും പിന്നിൽ പുകവലി, കരുതൽ വേണം

May 31, 2023


sugar

1 min

14 ദിവസം മധുരം ഒഴിവാക്കിയാൽ ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം?

May 30, 2023

Most Commented