ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതികളും അകാലനര നേരത്തെയാക്കുന്നതിനുള്ള കാരണങ്ങളാണ്. നരച്ച തലമുടി  ചിലര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍, അതിനെക്കുറിച്ചോര്‍ത്ത് വിഷമിച്ചിരിക്കാതെ വീട്ടില്‍ തന്നെ ചെയ്തുനോക്കാവുന്ന പ്രകൃതിദത്തമായ ചില നുറുങ്ങുവിദ്യകള്‍ ഇതാ

1. ഹെന്ന പേസ്റ്റ്
തലമുടിക്ക് കൃത്രിമമായി കറുപ്പുനിറം നല്‍കുന്നതിനുള്ള പ്രകൃതിദത്ത മാര്‍ഗങ്ങളിലൊന്നാണ് ഹെന്ന പേസ്റ്റ്. ഇത് വളരെ സുരക്ഷിതമാണെന്നതിനപ്പുറം വളരെ വേഗത്തില്‍ മുടിക്ക് കറുപ്പു നിറം നല്‍കുന്നതിനു സഹായിക്കും. ചെറു ചൂടുവെള്ളത്തില്‍ ഹെന്ന പൊടി ചേര്‍ത്തശേഷം ക്രീം പരുവമാകുന്നതുവരെ ഇളക്കുക. അതിനുശേഷം തലമുടിയുടെ വേരുമുതല്‍ അറ്റം വരെ ഇത് തേച്ചു പിടിപ്പിക്കുക. 2 മണിക്കൂറിനുശേഷം ഇത് കഴുകിക്കളയുക. 

2. കറുത്ത വാള്‍നട്ടിന്റെ തോട്
മികച്ച ഹെയര്‍ ഡൈകളിലൊന്നാണ് വാള്‍നട്ടിന്റെ പുറംതോട്. വാള്‍നട്ടിന്റെ പുറംതോടിനുള്ള കറ തലമുടിക്ക് ഇരുണ്ടനിറം തരികയും അകാലനരയെ തടയുകയും ചെയ്യും. വാള്‍നട്ടിന്റെ തോട് പൊടിച്ചശേഷം വെള്ളത്തിലിട്ട്  അരമണിക്കൂര്‍ ചെറുതീയില്‍ തിളപ്പിക്കുക. ഇത് നന്നായി തണുത്തശേഷം തലമുടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം ഇത് തണുത്തവെള്ളത്തില്‍ കഴുകിക്കളയാം. 

3. തക്കാളി
അകാലനര മറച്ചുവെക്കുന്നതിന് മികച്ച മാര്‍ഗങ്ങളിലൊന്നാണ് തക്കാളി. ദീര്‍ഘനാളേക്ക് ഇതിന്റെ ഗുണം കിട്ടില്ലെങ്കിലും തക്കാളിയുടെ നിറം തലമുടിക്ക് അത്ഭുതപ്പെടുത്തുന്ന മാറ്റം വരുത്തും. കുറച്ച് തക്കാളിയെടുത്ത് മുറിച്ചശേഷം തലയില്‍ നേരിട്ട് പുരട്ടുക. അരമണിക്കൂറിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകിക്കളയുക.

4. ചെറുനാരങ്ങയും ഉലുവയും
ചെറുനാരങ്ങയിലെ ബ്ലീച്ചിങ് ഘടകങ്ങള്‍ തലമുടിക്ക് സ്വര്‍ണനിറം നല്‍കും. പതിവായി ഉലുവ തലമുടിയില്‍ തേക്കുന്നത് അകാലനരയെ ഒരു പരിധിവരെ ചെറുക്കും. ഉലുവ വെള്ളത്തിലിട്ട് തിളപ്പിച്ചശേഷം തണുപ്പിക്കുക. ഉലുവ മാറ്റിയശേഷം ആ വെള്ളത്തിലേക്ക് നാരങ്ങാനീര് ചേര്‍ക്കുക. ഇതിലേക്ക് കറ്റാര്‍വാഴ കൂടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി തലയില്‍ തേക്കാം. 

5. കാപ്പിപ്പൊടി
നരച്ച തലമുടിയെ മറച്ചുവെക്കുന്നതിനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് കാപ്പി. ഇത് കൂടാതെ തലമുടിക്ക് തിളക്കവും മയവും നല്‍കുന്നതിനും ഇത് ഒരു പരിധി വരെ സഹായിക്കും. വെള്ളത്തില്‍ കാപ്പിപ്പൊടി ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് തലമുടിയില്‍ തേച്ചുപിടിപ്പിച്ചശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കാത്തിരിക്കുക. ഇതിനുശേഷം തണുത്തവെള്ളം ഉപയോഗിച്ച് കഴുകാം. പതിവായി ഇങ്ങനെ ചെയ്യുന്നതിലൂടെ നരച്ച മുടിയിഴകള്‍ പഴയപടിയിലേക്ക് തിരിച്ചുവരും.

Content highligts: home remedies to fight grey hair