കാലാവസ്ഥാ മാറ്റം നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെയും സ്വാധീനിക്കാറുണ്ട്. ഇതിന്റെ ഫലമായി ജലദോഷവും ചുമയും സാധാരണമാണ്. വരണ്ട തൊണ്ടയും ഇടയ്ക്കിടെ കുത്തിക്കുത്തിയുള്ള ചുമയും ഇതിന്റെയൊപ്പമുണ്ടാകും. വരണ്ട തൊണ്ടയുണ്ടാക്കുന്ന അസ്വസ്ഥതകൾ ഏറെ നേരം നീണ്ടുനിന്നാല്‍ ഭക്ഷണം കഴിക്കുന്നതിനുവരെ ബുദ്ധിമുട്ടുണ്ടായേക്കാം. ഇത് മാറ്റുന്നതിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങള്‍ നോക്കാം.

തുളസിയും തേനും

ആയുര്‍വേദ ചികിത്സയുടെ പ്രധാനപ്പെട്ട ഘടകങ്ങളാണ് തുളസിയും തേനും. ഇവ രണ്ടും ചേര്‍ത്തുണ്ടാക്കുന്ന ചായ തൊണ്ടയിലെ കരകരപ്പ് മാറ്റുന്നതിനുള്ള ഉത്തമ ഔഷധമാണ്. ബാക്ടീരിയകള്‍, ഫംഗസ് എന്നിവയ്‌ക്കെതിരേ പ്രവര്‍ത്തിക്കാനും തേനിനു കഴിയും. 

മഞ്ഞള്‍പ്പൊടി ചേര്‍ത്ത പാല്‍

ചെറുചൂടുള്ള പാലില്‍ കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് നന്നായി ഇളക്കിയശേഷം കുടിക്കുക. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ഒട്ടേറെ രോഗങ്ങള്‍ക്കെതിരേ പൊരുതുന്നതിനുമുള്ള മഞ്ഞളിന്റെ കഴിവ് പ്രസിദ്ധമാണ്. വരണ്ട തൊണ്ട മൂലമുള്ള അസ്വസ്ഥതകൾ കുറയ്ക്കുന്നതിനു പുറമെ അണുബാധ കുറയ്ക്കുന്നതിനും ചുമയ്ക്കും പാലില്‍ മഞ്ഞള്‍ പൊടി ചേര്‍ത്ത് കുടിക്കുന്നത് മികച്ചമാര്‍ഗമാണ്. 

നെയ്യ്

ബാക്ടീരിയക്കെതിരേ പ്രവര്‍ത്തിക്കുന്ന മികച്ച ഔഷധമാണ് നെയ്യ്. മാത്രമല്ല തൊണ്ടയെ എപ്പോഴും നനവുള്ളതാക്കി നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. രണ്ടോമൂന്നോ മണി കുരുമുളക് ചവച്ചരച്ച് കഴിച്ചതിനുശേഷം ഒരു സ്പൂണ്‍ നെയ്യ് കഴിക്കുക. ഇത് കഴിച്ചതിനുശേഷം വെള്ളം കുടിക്കരുത്. 

ഇരട്ടിമധുരം

പകല്‍സമയങ്ങളില്‍ ചെറിയൊരു കഷ്ണം ഇരട്ടിമധുരം വായിലിട്ട് ചവച്ചുകൊണ്ടിരിക്കുന്നത് തൊണ്ട എപ്പോഴും നനഞ്ഞിരിക്കാന്‍ സഹായിക്കും. തൊണ്ട ശുദ്ധിയാക്കുന്നതിനുള്ള മികച്ച ആയുര്‍വേദ ഔഷധമാണ് ഇരട്ടിമധുരം. 

ഉപ്പുവെള്ളം

തൊണ്ടയിലെ കരകരപ്പ് മാറ്റുന്നതിനുള്ള എളുപ്പമാര്‍ഗങ്ങളിലൊന്നാണ് ഉപ്പുവെള്ളം. ചൂടുവെള്ളത്തില്‍ സ്വല്‍പം ഉപ്പിട്ടശേഷം നന്നായി ഇളക്കിചേര്‍ക്കുക ഇത് വായില്‍ കൊള്ളുക. ഇപ്രകാരം ദിവസത്തില്‍ രണ്ടുതവണ ചെയ്യുന്നത് തൊണ്ട വേദനയും വരണ്ട തൊണ്ട മൂലമുള്ള ബുദ്ധിമുട്ടുകളും കുറയ്ക്കാന്‍ സഹായിക്കും. 

ഉലുവ

അര ടീസ്പൂണ്‍ ഉലുവ എടുത്ത് അരക്കപ്പ് വെള്ളത്തിലിട്ട് ചെറുതീയില്‍ തിളപ്പിക്കുക. വെള്ളത്തിന്റെ നിറം മഞ്ഞനിറമാകുന്നതുവരെ തിളപ്പിക്കണം. അതിനുശേഷം ഇത് തണുക്കാന്‍ വെക്കുക. തണുത്തിനുശേഷം വായില്‍ കൊള്ളുക. ദിവസം രണ്ടുതവണ ഇങ്ങനെ ചെയ്യുക.

Content highlights: home remedies that may help ease dry throat