20 വര്‍ഷം മറഞ്ഞിരുന്നു, ഞാനൊരു വ്യക്തിയാണ്.. എനിക്കിനി മറഞ്ഞിരിക്കേണ്ട ആവശ്യമില്ല; അക്ഷര


അരുണ്‍ പി ഗോപി

അക്ഷര, ഫോട്ടോ: മധുരാജ്

ക്ഷരയുടെ കണ്ണുകളില്‍ രോഷത്തിന്റെയും അതിജീവനത്തിന്റെയും ഭൂതകാലം ഉളിഞ്ഞിരിപ്പുണ്ട്. മൂര്‍ച്ചയേറിയ വാക്കുകള്‍ക്കൊണ്ട് അവള്‍ ഖണ്ഡിക്കുമ്പോള്‍ സൗകര്യപൂര്‍വമായ നമ്മുടെ മറവികളിലാണ് ആ വാക്കുകള്‍ ചെന്നുതറയ്ക്കുന്നത്. സാക്ഷരകേരളം രണ്ടുപതിറ്റാണ്ടിന് മുന്‍പ് അക്ഷരങ്ങള്‍ക്ക് പോലും വിലക്ക് കല്‍പ്പിച്ച കൊട്ടിയൂരിലെ എച്ച് ഐ വി ബാധിതരായ അക്ഷരയെയും അനന്ദുവിനെയും അവരുടെ അമ്മ രമയെയും നമ്മള്‍ മറന്നുതുടങ്ങിയിരിക്കാം. 2004ലെ പുതുവര്‍ഷത്തില്‍ കുട്ടികളെ സ്‌കൂളില്‍ കയറ്റുന്നതിനെതിരെ പ്രതിഷേധവുമായെത്തിയ നാട്ടുകാര്‍ക്ക് മുന്നില്‍ നിസ്സഹയായി നില്‍ക്കുന്ന രമ എന്ന സ്ത്രീയുടെ ചിത്രം നാം മറക്കാന്‍ ഇടയില്ല. ശാസ്ത്രസാഹിത്യ പരിഷത്തും സാമൂഹിക പ്രസ്ഥാനങ്ങളും സുരേഷ് ഗോപിയും മറ്റ് അനവധി പൊതുപ്രവര്‍ത്തകരും രംഗത്തെത്തിയതോടെ വാര്‍ത്തകളില്‍ ആ കുട്ടികളും അമ്മയും നിറഞ്ഞിരുന്നു. ഹൈസ്‌കൂള്‍ പഠനകാലത്താണ് നാട്ടുകാരന്‍ കൂടിയായ ഈ ലേഖകന്‍ ആദ്യമായി രമയെ കാണുന്നത്. എയ്ഡ്‌സ് എന്ന നാലക്ഷരത്തിന്റെ ഭീതിയാല്‍ സമൂഹം ഭ്രഷ്ട് കല്‍പ്പിക്കുമ്പോള്‍ അവരുടെ ചെറുത്തുനില്‍പ്പ് ഇന്നലെയെന്നവണ്ണം ഓര്‍മ്മവരും.

പഴയകാര്യങ്ങളെക്കുറിച്ച് ഒരിയ്ക്കല്‍ രമയോട് ചോദിച്ചപ്പോള്‍ അവരുടെ മറുപടി ഇതായിരുന്നു -'രണ്ട് പതിറ്റാണ്ടിനിപ്പുറം മാറ്റം വന്നിട്ടില്ല എന്നൊന്നും പറയുന്നില്ല. പക്ഷേ, അവരുടെ ജീവിതത്തിന്റെ അരികിലൂടെ ഞങ്ങള്‍ കടന്നുപോയാല്‍ പ്രശ്‌നമാണ്'. പ്ലസ് ടുവിന് സയന്‍സ് വിഷയം എടുക്കുന്നതിന് എതിരെയായിരുന്നു അക്ഷരയ്ക്ക് വിലക്ക് വന്നത്. ഒടുവില്‍ ലാബില്‍ അവള്‍ക്ക് പ്രത്യേകമായ സൗകര്യം ഒരുക്കുകയായിരുന്നു. ഡിഗ്രിക്ക് ബത്തേരിയിലെ ക്രിസ്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള കോളജില്‍ അഡ്മിഷന്‍ ലഭിച്ചപ്പോള്‍ ഹോസ്റ്റല്‍ നിഷേധിക്കപ്പെട്ടു. പിന്നീട് കണ്ണൂരിലെ സ്വകാര്യ കോളജില്‍ തുടര്‍പഠനം നടന്നുവെങ്കിലും ആറുമാസത്തിന് ശേഷം ഹോസ്റ്റല്‍ നിഷേധിക്കപ്പെട്ടു. കലക്ടറുടെ ഇടപെടലിനെ തുടര്‍ന്ന് പ്രത്യേക താമസസ്ഥലം ഒരുക്കുകയാണുണ്ടായത്. പൊതു ഇടങ്ങളായിരുന്നു അവള്‍ക്ക് എക്കാലവും നിഷേധിക്കപ്പെട്ടത്.

അക്ഷരയുടെ ചിന്തകളില്‍ ഇന്ന് മാറ്റം സംഭവിച്ചിരിക്കുന്നു. പതിനെട്ടുവര്‍ഷം മുന്‍പ് ആ വീട്ടിലെത്തുമ്പോള്‍ അനാഥത്വവും ഏകാന്തതയുമായിരുന്നു അവരെ വേട്ടയാടിയിരുന്നതെന്ന് യാത്രാമധ്യേ മധുരാജ് ഓര്‍മ്മിപ്പിച്ചു. എന്തുകൊണ്ട് പ്രകാശമാനമായ മുഖത്തോടെ ആ പെണ്‍കുട്ടിയെ പകര്‍ത്തിയാലെന്ന ചിന്ത ഞങ്ങളിലുണ്ടായി. അക്ഷരയ്ക്ക് അത് സമ്മതമായിരുന്നു. മധുരാജിന്റെ ക്യാമറയ്ക്ക് മുന്നില്‍ അവള്‍ ഉള്ളുതുറന്നു ചിരിച്ചു. 'ഞാന്‍ മറഞ്ഞിരിക്കേണ്ടവളല്ല' എന്ന് സ്വയം പ്രഖ്യാപിക്കുകയാണ് അക്ഷര. അവള്‍ വളര്‍ന്നു. വായിച്ചു, സമൂഹത്തെ തന്റെ ജീവിതപരിസരത്തുനിന്നുകൊണ്ട് വീക്ഷിച്ചു. സംസാരമധ്യേ ആ പെണ്‍കുട്ടി പറഞ്ഞു 'എച്ച്.ഐ.വി ബാധിത മാത്രമല്ല തൊഴില്‍രഹിത എന്ന മുദ്രകൂടിയുണ്ട് ഇപ്പോഴെനിക്ക്'... ബിഎസ്.സി സൈക്കോളജി പഠനത്തിന് ശേഷം തുടര്‍പഠനത്തിന് പോകാത്തതെന്തുകൊണ്ടെന്ന ചോദ്യത്തോട് തേഞ്ഞുപഴകിയ മറുപടിയെന്നവണ്ണം ആയിരുന്നു അക്ഷരയുടെ പ്രതികരണം.

''ഏറ്റവും കൂടുതല്‍ ആളുകള്‍ എന്നോട് ചോദിക്കുന്നൊരു ചോദ്യമുണ്ട്. നീ എന്താണ് ഇനിയും പഠിക്കാന്‍ പോകാത്തതെന്ന്!. ഇപ്പോള്‍ നിങ്ങളും എന്നോടത് ചോദിച്ചു. ഞാന്‍ ട്രോമാറ്റിക് എക്സ്പീരിയന്‍സ് അനുഭവിച്ച വ്യക്തിയാണെന്ന് നിങ്ങള്‍ മറന്നുപോകുന്നു.. പഴയകാര്യങ്ങള്‍ കഴിഞ്ഞില്ലേ, ഇനി നീയത് ചെയ്യൂ... എന്നൊക്കെ പലരും എന്നോട് പറയാറുണ്ട്. ഇനിയിതുപോലുള്ള സംഭവങ്ങള്‍ വന്നാലും നിനക്കത് അഭിമുഖീകരിക്കാന്‍ കഴിയുമല്ലോയെന്നും ചിലര്‍ ചോദിക്കാറുണ്ട്. ഇതുവരെയാരും നീ അനുഭവിച്ച ആഘാതത്തിന്റെ മുറിവുണങ്ങിയോയെന്ന് എന്നോട് ചോദിച്ചിട്ടില്ല. നിനക്ക് പുതിയതിനെ അഭിമുഖീകരിക്കാന്‍ കഴിയുമോയെന്നും ചോദിച്ചിട്ടില്ല. എനിക്കറിയാം അതാരും ചോദിക്കില്ലെന്ന്...

വിദ്യാഭ്യാസം ?

ഞാന്‍ ബി.എസ്.സി സൈക്കോളജി കംപ്ലീറ്റായി. തുടര്‍പഠനത്തിന് പോയില്ല. കാരണം, സാഹചര്യം അതിന് അനുവദിക്കുന്നില്ലായിരുന്നു. ഫിനാന്‍ഷ്യല്‍ സ്റ്റേബിലിറ്റി ഉണ്ടായിരുന്നില്ല. പിന്നെ പൊതു ഇടം നിഷേധിക്കപ്പെടുന്ന എന്റെ ഐഡന്റിറ്റിയും വിഘാതമായി.

സൈക്കോളജി പഠനം കഴിഞ്ഞതിന് ശേഷം കുറച്ചുകാലം ജോലിചെയ്തിരുന്നവല്ലോ! എന്തായിരുന്നു അനുഭവം ?

സൈക്കോളജി 2020ലാണ് ഞാന്‍ പൂര്‍ത്തീകരിക്കുന്നത്. 2021ല്‍ മാതൃഭൂമിയില്‍ അടക്കം ഞങ്ങളുടെ വാര്‍ത്തവന്നിരുന്നു. അതേത്തുടര്‍ന്ന് വുമണ്‍സ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഫീല്‍ഡ് വിസിറ്റിന് വന്നിരുന്നു. അതിന്‍പ്രകാരമാണെന്ന് തോന്നുന്നു കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫിസില്‍ വിഡോ ഹെല്‍പ് ഡെസ്‌കില്‍ ഒരു പ്രോജക്ട് സ്റ്റാര്‍ട്ട് ചെയ്യുന്നു. കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രോജക്ട് ഫണ്ട് ചെയ്യുന്നത് ഒരു വുമണ്‍സ് ക്ലബ്ബായിരുന്നു. ഞാന്‍ 10 മാസം അവിടെ ജോലി ചെയ്തിരുന്നു. എന്റെ ആദ്യ ജോലിയായിരുന്നുവത്. ജോലിസമയത്ത് അക്കോമഡേഷന്‍ ഉള്‍പ്പെടെ സൗകര്യമൊരുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പക്ഷേ, അത് ലഭിച്ചില്ല. ഒരുമാസത്തോളം ഞാന്‍ കൊട്ടിയൂരില്‍ നിന്നും കണ്ണൂര്‍ വരെ ബസില്‍ പോയിവരുകയായിരുന്നു. ഹോസ്റ്റല്‍ ലഭിക്കാതായതോടെ മട്ടന്നൂര്‍ ശിവപുരത്ത് നിര്‍ഭയ ഹോമില്‍ കലക്ടറുടെ പ്രത്യേക പെര്‍മിഷനോടെ താമസം ഒരുക്കി. പോക്സോ ഇരകളാണ് അവിടെ കൂടുതലും ഉണ്ടായിരുന്നത്. ആ കുട്ടികള്‍ക്കുള്ള ഷെല്‍റ്റര്‍ ഹോമായിരുന്നുവത്. എന്റെ പ്രശ്നം മറ്റൊന്നായിരുന്നു. ട്രോമാറ്റിക്കായ ഒരു എക്സ്പീരിയന്‍സില്‍ കൂടി ഇരുപത് വര്‍ഷമായി കടന്നുപോയിക്കൊണ്ടിരിക്കുന്ന ഞാന്‍ വീണ്ടും എത്തിച്ചേരുന്നത് ട്രൊമാറ്റിക്കായ മറ്റൊരു സ്ഥലത്തേക്ക് തന്നെയാണ്. ആരുടെയെങ്കിലും ചെറിയ പിന്തുണയുണ്ടെങ്കില്‍ ഞാന്‍ അതിജീവിച്ച് മുന്നോട്ടുപോകും. ഇവിടെ നൂറുപേര് ഹെല്‍പ് ചെയ്യാന്‍ നിന്നാലും അവര്‍ക്ക് സര്‍വൈവ് ചെയ്യാന്‍ കുറെ കഷ്ടപ്പാടുണ്ട്. അവരുടെ ഇമോഷന്‍സ് കൂടി താങ്ങേണ്ടിവരുന്ന അവസ്ഥ. ആ കുട്ടികളെ കാണുമ്പോള്‍ എന്റെ നെഞ്ചിടിപ്പേറുമായിരുന്നു. അവര്‍ ജീവിതത്തില്‍ അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാട് എനിക്കില്ലല്ലോയെന്ന് ചിലപ്പോഴൊക്കെ ഓര്‍ത്തുപോകാറുണ്ട്. ആ കുട്ടികളെല്ലാം എന്റെ നല്ല കൂട്ടുകാരായിരുന്നു. നിര്‍ഭയഹോം എങ്കിലും ലഭിച്ചല്ലോയെന്ന് ചിലര്‍ പറഞ്ഞിരുന്നു. വിവേചന മനോഭാവം ഗവര്‍മെന്റ് കാണിക്കുമ്പോള്‍ പോളിഷ്ഡ് ആയിത്തോന്നും. യഥാര്‍ത്ഥത്തില്‍ വിവേചനം കുറയ്ക്കാനുള്ള നടപടിയായിരിക്കില്ല അത്. ഗവര്‍മെന്റ് ചെയ്ത് തന്ന സഹായത്തിനെ കുറവാക്കുകയാണെന്ന് ഇതുകൊണ്ട് അര്‍ത്ഥമാക്കരുത്.

വിഡോ ഹെല്‍പ് ഡെസ്‌കിലെ പ്രോജക്ട് പൂര്‍ത്തിയായെന്ന് പറഞ്ഞിരുന്നുവല്ലോ? ഇപ്പോള്‍ തൊഴില്‍ എടുക്കുന്നുണ്ടോ?

വീണ്ടും ഞാന്‍ തൊഴില്‍രഹിതയായി മാറിക്കഴിഞ്ഞു. തൊഴിലിനായി മുട്ടാത്ത വാതിലുകളില്ല. സ്ഥിരവരുമാനമുള്ള ഒരു ജോലിയാണ് ആവശ്യം. ജോലിതേടി ഞാന്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധി മുന്‍പ് പറഞ്ഞിരുന്നുവല്ലോ. സൊസൈറ്റി മൊത്തത്തില്‍ മാറണമെന്ന് പറയാന്‍ എനിക്ക് കഴിയില്ലല്ലോ.

പ്രൈമറി സ്‌കൂളില്‍ (ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡ്) വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടായിരുന്നല്ലോ സമൂഹം ആദ്യം അക്ഷരയ്ക്ക് വിലക്ക് കല്‍പ്പിക്കുന്നത്. 20 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഇതിനിടെ നിങ്ങളോടുള്ള സമീപനത്തില്‍ മാറ്റം സംഭവിച്ചിട്ടുണ്ടോ?

ഞങ്ങള്‍ ചിരിക്കുന്നുണ്ടോ, മിണ്ടുന്നുണ്ടോ, കല്യാണത്തിന് പോകുന്നുണ്ടോ എന്നതിനെയാണോ നിങ്ങള്‍ മാറ്റമെന്ന് പറയുന്നത്. ഞാന്‍ ജനിച്ചുവളര്‍ന്ന നാടായതിനാല്‍ ഇവിടെയുള്ള എല്ലാവരും എന്നെ എപ്പോഴും കാണാറുണ്ട്. അതുകൊണ്ട് അവരില്‍ മാറ്റമുണ്ടായിട്ടുണ്ട്. എന്തായാലും ഇവര്‍ പെട്ടെന്ന് ചാകില്ലെന്ന് തോന്നിയിട്ടുണ്ടാകണം. (ചിരിക്കുന്നു). ഇവള്‍ ഇറങ്ങി നടക്കുന്നുണ്ട്, സാധാരണ കുട്ടികളെപ്പോലെ സംസാരിക്കുന്നതെല്ലാം കാണുന്നുണ്ടല്ലോ. പക്ഷേ, അത് സാമാന്യവത്കരിക്കാന്‍ കഴിയുകയില്ലെന്നതാണ് വാസ്തവം. എന്റെ നാട്ടില്‍ മാറ്റമുണ്ട്, എന്റെ നാട്ടിനപ്പുറത്ത് മാറ്റമുണ്ടായെന്ന് പറയാന്‍ കഴിയില്ല. അതുപോലുള്ള അനുഭവങ്ങളാണ് എന്റെ ജീവിതത്തിലുണ്ടായിട്ടുള്ളത്. വിവേചനത്തിന്റെ രീതിശാസ്ത്രം മാറിയെന്നേ അര്‍ത്ഥമാക്കേണ്ടതുള്ളൂ. എനിക്ക് ക്ലാസ്മുറി നിഷേധിച്ചപ്പോള്‍ ആറുമാസത്തേക്ക് ചെറിയൊരു മുറിയൊരുക്കിയിരുന്നു. അവിടെ എനിക്കും അനന്ദുവിനുമൊപ്പം രണ്ടു കുട്ടികള്‍ കൂടി വന്നിരിക്കാന്‍ ധൈര്യപ്പെട്ടിരുന്നു. അതേ അവസ്ഥതന്നെയല്ലേ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്കെത്തിയപ്പോഴും ഉണ്ടായത്. ഒറ്റമുറിയില്‍ രണ്ടുവര്‍ഷം താമസിക്കുകയായിരുന്നു ഞാന്‍. താല്‍ക്കാലിക ജോലി ലഭിച്ചപ്പോള്‍ നിര്‍ഭയഹോമില്‍ സ്റ്റേ ചെയ്യേണ്ടി വന്നു. അത് വേറൊരുതരം ഒഴിവാക്കല്‍ ആയിരുന്നില്ലേ?. നിങ്ങള്‍ ജോലിചെയ്യണമെന്നാണോ? ചെയ്യേണ്ട എന്നാണോ?. അതോ ഞാന്‍ പോയി ആത്മഹത്യ ചെയ്യണമെന്നാണോ? എന്താണ് സമൂഹം ഉദ്ദേശിക്കുന്നതെന്ന് പറയാന്‍ ആകുന്നില്ല!. ഇനിയും ഞാന്‍ കൂടുതല്‍ സ്ട്രങ്ങത്ത് ആകണമെന്നാണോ?. എനിക്ക് പോസിറ്റിവ് വൈബും സ്ട്രങ്ത്തും തരാനുള്ള സൊസൈറ്റിയുടെ ട്രിക്സ് ആണോ?. പലരും പോസിറ്റിവ് വൈബില്‍ പറയും ഇതൊക്കെ ജീവിതത്തില്‍ നിനക്ക് നല്ല എകസ്പീരിയന്‍സായിരിക്കുമെന്ന്. ഇവര്‍ പറഞ്ഞുപോകുന്നതേയുള്ളൂ. എനിക്കതറിയാം. ഒരുകൊട്ട പുസ്തകം വായിക്കണമെന്ന് ഉപദേശിക്കുന്നവരുണ്ട്, അല്ലാത്തപക്ഷം ഇന്നയിന്ന പുസ്തകം വായിച്ചാല്‍ നിനക്ക് കൂടുതല്‍ അറിവ് കിട്ടുമെന്ന് ഉപദേശിക്കുന്നവരുമുണ്ട്. ആ നോളജ് പ്രയോഗിക്കേണ്ട ഒരു ഇടം നമുക്ക് കിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അടച്ചിട്ട ഒരു മുറിയിലിരുന്ന് ഇതൊന്നും പ്രയോഗിക്കാനാകില്ലല്ലോ!.

മാധ്യമവാര്‍ത്തകളെ തുടര്‍ന്ന് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വീട്ടില്‍ വന്നിരുന്നവല്ലോ! എന്തായിരുന്നു അവരില്‍ നിന്നുണ്ടായ സമീപനം.

-വി ശിവദാസന്‍ എം.പി മാധ്യമങ്ങളില്‍ വാര്‍ത്തവന്നപ്പോള്‍ വീട്ടിലെത്തിയിരുന്നു. നല്ല സമീപനമായിരുന്നു അദ്ദേഹത്തില്‍നിന്നും ഉണ്ടായത്. നിങ്ങള്‍ എന്റെ വീട്ടിലേക്ക് കയറിവന്ന വഴികണ്ടിട്ടുണ്ടാകുമല്ലോ. കണ്ണുകാണാത്ത അവസ്ഥയിലേക്കാണ് എന്റെ അമ്മ നീങ്ങിക്കൊണ്ടിരിക്കുന്നത്. അമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നു. പത്ത് സെന്റിലാണ് ഈ വീടും പുരയിടവും ഉള്ളത്. വാഹനം വരുന്ന ഒരു വഴിയാണ് ഞങ്ങള്‍ക്ക് ആവശ്യം. മുന്‍പ് ഡിവൈഎഫ്‌ഐക്കാര്‍ വന്ന് നടവഴി വെട്ടിത്തെളിച്ച് തന്നിരുന്നു.
(അമ്മേ, കുട്ടിയേയെടുക്കൂ, അക്ഷരയുടെ ചേച്ചിയുടെ കുട്ടി മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ അവളില്‍നിന്ന് ശബ്ദം ഉയര്‍ന്നു). (ചിരിച്ചുകൊണ്ട്) പേടിക്കേണ്ട, ഇതാണ് എന്റെ വോയിസ്. ഇതിന് കാരണമുണ്ടിട്ടോ... ഞാന്‍ നേരത്തെ പറഞ്ഞിരുന്നില്ലേ അമ്മയ്ക്ക് കേള്‍വിക്കുറവുണ്ടെന്ന്.

പി.ജിയ്ക്ക് സൈക്കോളജി തിരഞ്ഞെടുക്കാനുള്ള കാരണമെന്തായിരുന്നു?

ഞാന്‍ എപ്പോഴും മനുഷ്യന്മാര്‍ ഇങ്ങനെ ബിഹേവ് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ട്. അതിന്റെ കാരണമെന്തായിരിക്കും. അതറിയാനുള്ള ഒരു ഉപാധികൂടിയായിരുന്നു സൈക്കോളജി. അതിനോട് താല്‍പര്യം തോന്നി അങ്ങനെയാണ് സൈക്കോളജി തിരഞ്ഞെടുത്തത്.

ഗവൺമെന്റിനോട് എന്താണ് അക്ഷരയ്ക്ക് പറയാനുള്ളത് ?

കുറെ എച്ച് ഐ.വി ബാധിതരുണ്ട്. അവരൊക്കെ ജീവിക്കുന്നുണ്ട്. ഞാനും ജീവിക്കുന്നുണ്ട്, പക്ഷേ, ഞാന്‍ അഭിമുഖീകരിക്കുന്ന പ്രശ്നം, എന്റെ സ്വത്വം എന്നത് എവിടെച്ചെന്നാലും പിറകെയുണ്ടെന്നതാണ്. അതുമൂലം അതിജീവിക്കാന്‍ കുറെ ബുദ്ധിമുട്ടുണ്ട്. ട്രീറ്റ്മെന്റ് പോലും നിരാകരിക്കുമോയെന്ന അവസ്ഥ വന്നിട്ടുണ്ട്. സ്വത്വം വെളിപ്പെട്ടില്ലെങ്കില്‍ ഒരുപ്രശ്നവുമില്ലാതെ എല്ലാം ശരിയാകും. ജോലി കിട്ടാത്തതും അഥവാ ജോലി കിട്ടിയാല്‍ പോകുന്നതിനാണെങ്കിലും പ്രതിസന്ധിയുണ്ട്. അതിനുതകുന്ന ഒരുജോലിയാണ് എനിക്കാവശ്യം. അല്ലെങ്കില്‍ പബ്ലിക്കായാണെങ്കിലും എനിക്ക് പ്രശ്നമില്ല. എന്തും അഭിമുഖീകരിക്കാന്‍ എനിക്ക് മടിയില്ല, പിന്നെ വീട്ടിലേക്കെത്താനൊരു വഴി. കാരണം, ഇനി ഈ വീട്ടില്‍ ജോലിചെയ്യാന്‍ ഞാനും അനുജനും മാത്രമേയുള്ളൂ.. ചേച്ചിയുടെ വിവാഹം കഴിഞ്ഞു. എല്ലാവര്‍ക്കും വരുന്നപോലെ അസുഖങ്ങളും ഞങ്ങള്‍ക്കും ഉണ്ടാകാറുണ്ട്. അതിന് പണം ആവശ്യമായി വരും. അതിനുവേണ്ടിയാണ് ജോലി ചോദിക്കുന്നത്. ജീവിതകാലം മുഴുവന്‍ ഞങ്ങളെ സഹായിക്കണമെന്ന് എഫ്.ബിയില്‍ പോസ്റ്റിട്ടുകൊണ്ടിരിക്കാന്‍ കഴിയില്ലല്ലോ. ഇരുപതുവര്‍ഷത്തിനിടെ പതിനഞ്ചുതവണയെങ്കിലും മാധ്യമങ്ങളില്‍ ഞങ്ങളുടെ വാര്‍ത്ത വന്നിട്ടുണ്ടാകും. എന്നിട്ടും തീരുമാനം വൈകുകയാണ്. കഴിഞ്ഞവര്‍ഷം മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തക്ക് ശേഷമാണ് ശിവദാസന്‍ എംപി വന്നത്. പിന്നാലെ എംഎല്‍എയും വന്നിരുന്നു. പഞ്ചായത്ത് പ്രസിഡന്റും വീട്ടില്‍വന്നിരുന്നു. ഞങ്ങള്‍ ഇവിടെ ജീവിച്ചിരിപ്പുണ്ടെന്ന് അറിയാന്‍ വാര്‍ത്തകള്‍ വരേണ്ടിവന്നു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥരും വന്നിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്നാണ് റിപ്പോര്‍ട്ട് ചോദിച്ചതെന്നാണ് എന്റെ അറിവ്. കലക്റുടെ നിര്‍ദേശപ്രകാരം വില്ലേജ് ഓഫിസര്‍ അമ്മയെ വിളിപ്പിച്ചിരുന്നു. അമ്മ ഞങ്ങളുടെ സര്‍ട്ടിഫിക്കറ്റൊക്കെ സമര്‍പ്പിച്ചിരുന്നു. ജൂണ്‍ മാസത്തിലാണ് സമര്‍പ്പിച്ചത്. അത് ചുവപ്പുനാടയില്‍ കുടുങ്ങുമോയെന്നാണ് എന്റെ ഭയം.

രമയ്ക്കും കുടുംബത്തിനും കഷ്ടപ്പാടില്ലെന്ന് പലരും പറയുന്നത് കേട്ടു. ആരൊക്കെയോ നിങ്ങളെ സാമ്പത്തികമായി സഹായിക്കുന്നുവെന്നാണ് കേട്ടത്? എന്താണ് വാസ്തവം?

ഞങ്ങള്‍ നന്നായി ജീവിക്കുന്നത് അവര്‍ കാണുന്നുണ്ട്. പക്ഷേ, ഞങ്ങള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് മാത്രം അവര്‍ അറിയുന്നില്ല. ഇവര്‍ക്കെവിടെനിന്നാണ് കാശ് വരുന്നതെന്ന് ചിന്തിക്കുന്നവരുണ്ട്. (ചിരിക്കുന്നു). പലരും വിചാരിക്കുന്നത്, എന്നെ ഗവര്‍മെന്റ് ഫണ്ട് ചെയ്യുന്നുവെന്നാണ്. പിന്നെ സുരേഷ് ഗോപിയാണ് ഞങ്ങളുടെ കുടുംബ മൊത്തം ഏറ്റെടുത്തിരിക്കുന്നതെന്നും പറയുന്നവരുണ്ട്. അങ്ങനെയാണ് സൊസൈറ്റിയില്‍ പലരും ചിന്തിക്കുന്നത്. സൊസൈറ്റിയെ കുറ്റംപറയാനാകില്ല. കാരണം ഞങ്ങള്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്... സ്റ്റില്‍ ലിവിങ്...

സുരേഷ് ഗോപിയുടെ ഇടപെടല്‍ എങ്ങനെയായിരുന്നു?

ആറ് വയസ്സുള്ളപ്പോഴാണ് അദ്ദേഹം വരുന്നത്. അദ്ദേഹം അന്ന് വരുന്നകാര്യം പോലും എനിക്ക് അറിയില്ലായിരുന്നു. ഞങ്ങളെ ചേര്‍ത്തുപിടിച്ച് നടക്കുന്നു. ഇതൊക്കെ അന്ന് വാര്‍ത്തയായിരുന്നു. സിനിമാ നടന്‍ ആണെന്ന് മാത്രം എനിക്കറിയാമായിരുന്നു. കേരളീയത്തിന്റെ പ്രോഗ്രാമിനിടെ കോഴിക്കോട്ട് വെച്ചാണ് ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. കൊട്ടിയൂര്‍ ഉത്സവത്തിന് വന്നപ്പോഴും അദ്ദേഹത്തെ കണ്ടു. സ്‌കൂളില്‍ വന്നപ്പോഴും കണ്ടു. ചേച്ചി തിരുവനന്തപുരത്ത് എന്‍ജിനീയറിങ്ങിന് പഠിക്കുന്ന സമയത്ത് ഹോസ്റ്റല്‍ ഫീസും മെസ് ഫീസും അദ്ദേഹമാണ് നല്‍കിയത്. അദ്ദേഹത്തിന് ചെയ്യാന്‍ കഴിയുന്ന മാക്സിമം കാര്യങ്ങള്‍ അദ്ദേഹം ചെയ്ത് തന്നിട്ടുണ്ട്. അല്ലാതെ മറ്റ് എന്ത് കാര്യമാണ് ചെയ്യാന്‍ കഴിയുക...

വീണ്ടും തൊഴില്‍രഹിതയായല്ലോ? എങ്ങനെയാണ് കുടുംബം കഴിയുന്നത്?

ചില വെല്‍വിഷേഴ്സ് ഉണ്ട്. വര്‍ഷങ്ങളായി ചിലര്‍ അവരുടെ സാലറിയില്‍നിന്ന് കുറച്ചുപണം ഞങ്ങള്‍ക്ക് അയച്ചുതരുന്നു. ഇത്രയും വര്‍ഷം കഴിഞ്ഞിരിക്കുന്നു. നിങ്ങള്‍ ചിന്തിച്ചുനോക്കൂ.. മാസത്തില്‍ ഞങ്ങള്‍ക്കായി അവര്‍ ചെറിയൊരു തുക അയച്ചുതരുന്നു. ജോലി ചെയ്തുകൊണ്ടിരിക്കുന്ന നിങ്ങള്‍ക്കും ജോലി ചെയ്തിരുന്ന എനിക്കും അതിന്റെ വിഷമസ്ഥിതി മനസ്സിലാകും. അവരുടെ കുടുംബങ്ങളിലും പ്രതിസന്ധി ഉണ്ടായാല്‍ ഈ സഹായംപോലും നിന്നുപോകും. ഒരാള്‍ തീരുമാനിച്ചാല്‍ തീരാവുന്ന കാര്യമേയുള്ളൂ ഞങ്ങളുടെ ലൈഫ്.

എന്റെ പൊതു ഇടങ്ങള്‍

ഞാന്‍ അനുഭവിച്ച തീക്ഷ്ണമായ ജീവിതകാലം ഒരുപക്ഷേ, എന്റെ അനുജന് അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. കാരണം, അവനൊരു ആണ്‍കുട്ടിയാണ്. ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എനിക്ക് ഹോസ്റ്റല്‍ നിഷേധിക്കപ്പെട്ടു. എനിക്ക് പിരിയഡ്സ് ഉണ്ടാകും ആണ്‍കുട്ടികളെ സംബന്ധിച്ച് അവര്‍ക്കിതൊന്നും അനുഭവിക്കേണ്ടിവരില്ല. എനിക്ക് പിരിയഡ്സ് ഉണ്ടായാല്‍ ഞാന്‍ എങ്ങനെ ടോയ്ലറ്റ് ഉപയോഗിക്കും. പഠനകാലം മുതല്‍ക്കേ ഞാന്‍ ഇതൊക്കെ അനുഭവിച്ചുവന്ന വ്യക്തയാണ്. ആണ്‍കുട്ടികള്‍ ഇതുപോലുള്ള കാര്യത്തോട് കുറച്ചുകൂടി പോസിറ്റിവായാണ് പ്രതികരിക്കാറ്. അവര്‍ മാറ്റം ഉള്‍ക്കൊണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീകള്‍ എപ്പോഴും കുടുംബമെന്ന തടവറയിലാണ്. വിവാഹം, കുടുംബം എന്നിങ്ങനെയുള്ള ചങ്ങലകളാല്‍ അവര്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ മകള്‍ എച്ച് ഐ വി ബാധിച്ച ഒരുകുട്ടിക്കൊപ്പം പഠിച്ചാല്‍ നല്ല ആലോചനകള്‍ വരില്ലെന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്റെ അനുജനെ ഇതിലേക്കൊന്നും വലിച്ചിടല്ലേയെന്ന് ഞാന്‍ അപേക്ഷിക്കാറുണ്ട്. അവന്‍ ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ചെറിയൊരു ജോലിചെയ്യുന്നുണ്ട്. നാട്ടിലുള്ള കുറെ കൂട്ടുകാര്‍ക്കൊപ്പമാണ് അവന്‍ ജോലിചെയ്യുന്നതും താമസിക്കുന്നതും. അവന്റെ ഐഡന്റിറ്റി എല്ലാവര്‍ക്കും അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ആ സുഹൃത്തുക്കള്‍ അവനെ ജോലിക്ക് കൊണ്ടുപോയതും ഒരുമിച്ച് താമസിക്കുന്നതും. പഠനകാലത്ത് പൊതു ഇടങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ ലൈബ്രറി മാത്രമായിരുന്നു എനിക്ക് ആശ്രയം. ഏകാന്തതയില്‍ ഞാന്‍ എയ്തുപഠിച്ച അതിജീവനം ആ പുസ്തകങ്ങളും മാസികകളും മാത്രമായിരുന്നു.

അക്ഷരയുടെ വായനയെക്കുറിച്ച് പറയാമോ ?

ഞാന്‍ വലിയ വായനക്കാരിയൊന്നുമല്ല, വായിച്ച് തുടങ്ങുമ്പോള്‍ ഭാഷ ഇഷ്ടമായാല്‍ തുടര്‍ന്നും വായിക്കും. എനിക്കേറെ ഇഷ്ടപ്പെട്ട നോവല്‍ ഖസാക്കിന്റെ ഇതിഹാസമാണ്. മൂന്നുതവണ ഞാനത് വായിച്ചിട്ടുണ്ട്. അത് വായിക്കാന്‍ എന്തോ എനിക്ക് വല്ലാത്ത ഇഷ്ടമാണ്. മനുഷ്യന്മാരുടെ ട്രൂസ് സെല്‍ഫ് എന്താണെന്ന് കാണിച്ചുതരുന്ന പുസ്തകമാണത്. എം.ടിയെന്നു പറഞ്ഞാല്‍ എന്റെ ഫേവറൈറ്റ് എഴുത്തുകാരനാണ്. കാരണം ഞാന്‍ വായിക്കാന്‍ തുടങ്ങിയത് എം.ടിയുടെ നാലുകെട്ട് ആയിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ ക്വിസ് കോംപറ്റീഷന് പോകുമായിരുന്നു, അപ്പോഴൊക്കെ നാലുകെട്ടിനെ കുറിച്ചും എംടി വാസുദേവന്‍ നായരെ കുറിച്ചും കേട്ടിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ നാലുകെട്ട് വായിക്കുന്നത്. പിന്നെ എം.ടിയെ തേടിപ്പിടിച്ച് വായിച്ചു. രണ്ടാമൂഴം, കാലം ഇതൊക്കെ എനിക്കേറെ ഇഷ്ടപ്പെട്ട നോവലാണ്. നാലുകെട്ട് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അതിലെ നായകന്‍ അപ്പുണ്ണി നടക്കുന്ന വഴികളൊക്കെ എന്റെ മനസ്സിലുണ്ട്. ജീവിതത്തില്‍ ഇതുവരെയാരും എനിക്കൊരു പുസ്തകം സമ്മാനിച്ചിട്ടില്ല. ചെറിയ കാശ് സ്വരുക്കൂട്ടിയാണ് ഞാന്‍ പുസ്തകങ്ങള്‍ വാങ്ങിയിട്ടുള്ളത്.

പുതിയ കാലത്തെ എഴുത്തുകാരെ വായിക്കാറില്ലേ?

ഞാന്‍ വായിച്ചിട്ടുള്ളതെല്ലാം പഴമയെ ആശ്രയിച്ചാണ്. എനിക്ക് ആ പഴമയെയാണ് സ്വീകരിക്കാനാവുക. നൊസ്റ്റാള്‍ജിയയാണ് എനിക്ക് ഇഷ്ടം. മാധവിക്കുട്ടിയെ കൂടുതലായി വായിച്ചിട്ടുണ്ട്. ആരാച്ചാര്‍ വായിച്ചിരുന്നു. പുതിയ നോവലാണെങ്കിലും അതിലും പഴമയെ അഡ്രസ് ചെയ്യുന്നുണ്ടല്ലോ. പുതിയ എഴുത്തുകാരില്‍ എനിക്കിഷ്ടം സന്തോഷ് ഏച്ചിക്കാനത്തെയാണ്, അദ്ദേഹത്തിന്റെ എഴുത്തില്‍ കുറെ റിയാലിറ്റി ഫീല്‍ ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ ബിരിയാണിയെന്ന കഥയെക്കാള്‍ ഇഷ്ടം കൊമാലയാണ്. മറാഠി എഴുത്തുകാരന്‍ ശരണ്‍കുമാര്‍ ലിംബാളയുടെ അക്കര്‍മാശി എനിക്ക് ഏറെ ഇഷ്ടമായ കൃതിയാണ്. അത് വായിച്ചപ്പോള്‍ ആത്മകഥകള്‍ വായിക്കുന്നതില്‍ എനിക്ക് പ്രിയം വര്‍ദ്ധിച്ചു. നടക്കില്ലെങ്കിലും ഞാന്‍ വെറുതെ ആഗ്രഹിക്കുന്നൊരു കാര്യമുണ്ട്. എന്നെങ്കിലും ഒരു ആത്മകഥ എഴുതുന്നുണ്ടെങ്കില്‍ അക്കര്‍മാശി പോലുള്ളൊരു ആത്മകഥ എഴുതണം. അത്രയ്ക്കും ട്രൂത്ത് ഫുള്‍ ആരുന്നു ആ കൃതി. അതിലെ ഓരോവാക്കും എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു. കരയുന്ന അവസ്ഥയില്‍ അതെന്നെ കൊണ്ടുചെന്നെത്തിച്ചു. ഇങ്ങനെയും മനുഷ്യന്‍ ജീവിച്ചിരുന്നുവോയെന്ന തോന്നല്‍ ഉളവാക്കി. അത് വായിക്കുമ്പോള്‍ ഞാന്‍ സ്വര്‍ഗത്തിലാണ് ജീവിക്കുന്നതെന്നൊരു തോന്നല്‍ ഉണ്ടാകുന്നു. ഫൂലന്‍ദേവിയുടെ ആത്മകഥ വായിച്ചപ്പോള്‍ എനിക്ക് അനുഭവപ്പെട്ട ഒരുകാര്യം അവര്‍ എന്തൊക്കെ ചെയ്തുവെന്നല്ല, അവര്‍ ഇത്രയൊക്കയല്ലേ ചെയ്തുള്ളൂവെന്നാണ്. ഇപ്പോള്‍ അമീഷ് ത്രിപാഠിയെയാണ് ഞാന്‍ വായിച്ചുകൊണ്ടിരിക്കുന്നത്. ഫാന്റസിയാണെങ്കിലും റാം, സീത, രാവണ്‍ എന്നീ പുസ്തകങ്ങള്‍ എനിക്കിഷ്ടമാണ്.

ക്യാമറയില്‍നിന്ന് മറഞ്ഞുനില്‍ക്കണമെന്ന് വിചാരിച്ചിട്ടുണ്ടോ ?

ഒരുകാര്യം പറയട്ടെ താങ്കള്‍ രണ്ടുമൂന്നുതവണ എന്റെ അഭിമുഖം എടുത്തിട്ടുണ്ടല്ലോ? മറഞ്ഞുനില്‍ക്കണമെന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിരുന്നില്ല. പുറത്തുവരണമെന്ന് തോന്നിയതിന് പിന്നില്‍ ഒരുകാര്യമുണ്ട്. ഞാന്‍ എവിടെ മറഞ്ഞിരുന്നാലും ആളുകള്‍ അറിയും. അക്ഷര അല്ലേ എന്ന് വന്നുചോദിക്കും. 20 വര്‍ഷം ഞാന്‍ മറഞ്ഞിരുന്നു. ഞാനൊരു വ്യക്തിയാണ് എനിക്കിനി മറഞ്ഞിരിക്കേണ്ട ആവശ്യമില്ല.

സൗഹൃദങ്ങള്‍

എന്റെ സൗഹൃദങ്ങള്‍ പരിമിതമാണ്. കൂടെ പഠിച്ച രണ്ടുമൂന്നുപേര്‍. ഓരോ കാലഘട്ടത്തിലും സുഹൃദ്വലയങ്ങള്‍ ചുരുങ്ങുമല്ലോ. അങ്ങനത്തെ ചുരുക്കം സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാന്‍ ഏറ്റവും റിസേര്‍വ്ഡ് ആയിട്ടുള്ളൊരാളാണ്. കോളേജ് പഠനകാലത്ത് എനിക്ക് ഹോസ്റ്റല്‍ നിഷേധിച്ച കാലമുണ്ടല്ലോ. അന്ന് എന്റെ കൂട്ടുകാരി ബി ഫാമിന് പഠിക്കുകയാണ്. എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ സമയമാണ്, ഫോണ്‍ ഉപയോഗിക്കാന്‍ കഴിയില്ല. കക്ഷി അന്നേരം എനിക്ക് കത്തുകള്‍ വരെ അയച്ചിരുന്നു. അങ്ങനത്തെ ചുരുക്കം ചില ഫ്രണ്ട്ഷിപ്പ് ഇപ്പോഴുമുണ്ട്.

Content Highlights: hiv positive akshara s kumar on facing social stigma


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented