ങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു. അന്ന് പ്രസവിക്കുന്നതിന് ആശുപത്രിയില്‍ പോകാന്‍ സ്ത്രീകള്‍ക്ക് ഭയമായിരുന്നു. മാത്രമല്ല, ആശുപത്രികളിലാണ് പ്രസവിച്ചതെന്നുപറഞ്ഞാല്‍ നിലയും വിലയും ഉള്ള കുടുംബക്കാര്‍ക്ക് കുറച്ചിലുമായിരുന്നു.

പണക്കാരുടെ വീടുകളില്‍ പേറ്റുമുറികളുണ്ടായിരുന്നു. പ്രസവവും ശുശ്രൂഷയുമെല്ലാം അവിടെയായിരുന്നു. ഇതിന് പരിശീലനം സിദ്ധിച്ച വയറ്റാട്ടികള്‍ ഉണ്ടായിരുന്നു. അവരാണ് ഗര്‍ഭിണികളുടെ ചുമതല ഏറ്റെടുത്തിരുന്നത്. സ്പര്‍ശനം, ദര്‍ശനം ഇവയിലൂടെ ഗര്‍ഭിണികളെ സംബന്ധിച്ച എല്ലാ കാര്യങ്ങളും അവര്‍ പറയുമായിരുന്നു. വൈദ്യന്മാര്‍ ആണ് അന്ന് മരുന്ന് നിര്‍ദേശിക്കുക. ആദ്യകാലത്ത് അതതുസമയത്ത് പച്ചമരുന്നുകള്‍ പറിച്ചാണ് മരുന്നും കുഴമ്പുമെല്ലാം ഉണ്ടാക്കിയിരുന്ന്ത്. എണ്ണകളും ലേഹ്യങ്ങളും പൊടികളും മാത്രം നേരത്തേ വൈദ്യന്മാര്‍ തയ്യാറാക്കിവെക്കുമായിരുന്നു.

Delivery
ആയില്യം തിരുനാള്‍ മഹാരാജാവ്, ഡോ.എം.ജോസഫ്‌

കൊല്ലവര്‍ഷം 1040 (ഇംഗ്ലീഷ് വര്‍ഷം 1864)-ല്‍ ആയില്യം തിരുനാള്‍ മഹാരാജാവാണ് ഇന്നത്ത ജനറല്‍ ആശുപത്രിക്ക് തറക്കല്ലിട്ടത്. അന്ന് കേരളമെന്നാല്‍ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങളായിരുന്നു. മലബാര്‍ ഇംഗ്ലീഷുകാര്‍ ഭരിക്കുന്ന മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നതിനാലും, തോട്ടംമേഖല കൂടുതലായിരുന്നതിനാലും അവിടെ നേരത്തേതന്നെ ഇംഗ്ലീഷ് ആശുപത്രികള്‍ ഉണ്ടായിരുന്നു. അതെല്ലാം ചെറിയ ആശുപത്രികളായിരുന്നു. എന്നാല്‍, ആയില്യം തിരുനാളിന്റെ കാലത്ത് കല്ലിടുകയും 1865 നവംബര്‍ ഒന്‍പതിന് ഉദ്ഘാടനംചെയ്ത തിരുവനന്തപുരത്തെ സിവില്‍ ആശുപത്രി (അങ്ങനെയായിരുന്നു ആദ്യ പേര്) വളരെവേഗം തെക്കേ ഇന്ത്യയിലെ പ്രധാന ആതുരാലയമായി മാറി.

ഇവിടെ സ്ത്രീകള്‍ക്ക് പ്രത്യേക വാര്‍ഡ് ഉണ്ടായിരുന്നെങ്കിലും ഹിന്ദു വനിതകള്‍ ചികിത്സയ്‌ക്കോ പ്രസവത്തിനോ ആദ്യകാലത്ത് എത്തിയിരുന്നില്ല. പിന്നീട് ഗര്‍ഭിണികള്‍ക്കുവേണ്ടി ആറോളം കിടക്കകളുള്ള ഒരാശുപത്രി തുടങ്ങാന്‍ സെനാനാ മിഷന് സര്‍ക്കാര്‍ അനുവാദം നല്‍കി. ഇവിടെ സ്ത്രീകള്‍ എത്താന്‍ തുടങ്ങി. ഇതില്‍ നിന്നെല്ലാം പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സിവില്‍ ആശുപത്രിക്കുസമീപം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുംവേണ്ടി സര്‍ക്കാര്‍ പ്രത്യേക ആശുപത്രി തുടങ്ങി. ഇവിടെ കൂടുതള്‍ രോഗികള്‍ എത്താന്‍ തുടങ്ങിയതോടെയാണ് തൈക്കാട് ആധുനിക രീതിയിലുള്ള ആശുപത്രി പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കണ്ണുചികിത്സ മുന്‍പ് ഉണ്ടായിരുന്നത് ആയുര്‍വേദ രംഗത്തായിരുന്നു. ഇംഗ്ലീഷ് ചികിത്സാരംഗത്ത് ഈ രംഗത്തു വന്ന മാറ്റം മനസ്സിലാക്കി ഒഫ്ത്താമിക് ഹോസ്പിറ്റല്‍ 1905-ല്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍പ് പ്രസവാശുപത്രിയായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് ആധുനിക രീതിയിലുള്ള കണ്ണാശുപത്രി തുടങ്ങിയത്. വളരെ പ്രഗത്ഭരായ ഡോക്ടര്‍മാരെയാണ് ഇവിടെ നിയമിച്ചിരുന്നത്. അതിലൊരാളായിരുന്നു ഡോ. എം.ജോസഫ്. മദ്രാസ് മെഡിക്കല്‍ കോളേജില്‍ പഠിച്ച അദ്ദേഹം ഇംഗ്ലണ്ടിലാണ് പി.ജി. പൂര്‍ത്തിയാക്കിയത്. ഇദ്ദേഹത്തെ, മഹാരാജാവ് കണ്ണാശുപത്രിയുടെ ചീഫ് ആയി നിയമിച്ചു. നേത്രചികിത്സാരംഗം ശൈശവദശയിലായിരുന്ന അക്കാലത്ത് തിരുവനന്തപുരത്തെ കണ്ണാശുപത്രിയും അതിന്റെ മേധാവി ഡോ. എം.ജോസഫും ഇന്ത്യ ഒട്ടാകെ അറിയപ്പെട്ടിരുന്നു.

Content Highlights: history of thiruvananthapuram civil hospital