ഡോക്ടറോ,സൂപ്പര്‍ ഹീറോയോ അതോ ദൈവമോ? ഡോക്ടര്‍ ഇവാന്‍ അതർ അദ്ഹറിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. ലോകത്തെ ഏറ്റവും അപകടകരമായ സ്ഥലത്തു ജീവിക്കുന്ന രണ്ടുലക്ഷം ആളുകളുടെ ജീവന്‍ ഈ ഡോക്ടറുടെ കൈകളിലാണ്. സൗത്ത് സുഡാനിലെ ബുഞ്ചിയില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയിലാണു ഡോക്ടര്‍ അതറിന്റെ സേവനം. ഇവിടുത്തെ രണ്ടുലക്ഷം ആളുകളുടെ പ്രതീക്ഷയും ആശ്രയവുമൊക്കെയാണ് ഈ ഡോക്ടറും ആശുപത്രിയും. അതർ ജോലി ചെയ്യുന്ന ഈ ഭാഗത്ത് അഞ്ചുവര്‍ഷമായി സൈന്യം അക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. അവിടുത്തെ ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കുക എന്ന വലിയ ചുമതലയാണ് ഡോക്ടറുടേത്.

രണ്ട് ഓപ്പറേഷന്‍ തിയേറ്ററുകളും 120 ബെഡുകളുമാണ് നിലവില്‍ ആശുപത്രിയില്‍ ഉള്ളത്. ശസ്ത്രക്രിയ നടത്തുന്നതിന് ആവശ്യമായ അടിസ്ഥാന ഉപകരണങ്ങള്‍ പോലും ഈ ആശുപത്രിയില്‍ ഇല്ല. ശസ്ത്രക്രിയ നടക്കുന്നതിനിടയ്ക്ക് ഉപകരണങ്ങളുടെ അഭാവം മൂലം മുന്നോട്ടു പോകാന്‍ കഴിയാതെ വരുമ്പോള്‍ കാറിന്റെ സ്‌ക്രൂ ഇളക്കി വരെ  ഉപയോഗിക്കേണ്ടി വന്നിട്ടുണ്ട്, സൂചിക്കു പകരമായി ചൂണ്ട കൊളുത്തുകള്‍ ഉപയോഗിച്ചിട്ടുണ്ട് എന്നും ഡോക്ര്‍ ഓര്‍ക്കുന്നു.  എങ്കിലും ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതില്‍നിന്നു പിന്നോട്ടു പോകാന്‍ അതർ തയ്യാറല്ല. . യു.എന്‍.റഫ്യൂജി എജന്‍സി നാന്‍സെന്‍ അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് തോറ്റു പിന്മാറാന്‍ തയ്യാറല്ല എന്നു 52 കാരനായ ഡോ. അതർ ഉറക്കെ വിളിച്ചു പറയുമ്പോള്‍ ലോകം മുഴുവന്‍ ആ മനുഷ്യന്റെ മുമ്പില്‍ ആദരവോടെ തല കുനിക്കുകയായിരുന്നു. 

ഡോക്ടര്‍ സേവനമനുഷ്ടിക്കുന്ന ആശുപത്രിയില്‍ എക്‌സറേ മിഷന്‍ ഇല്ല. ജനറേറ്റര്‍ ഉണ്ടെങ്കിലും ഉപയോഗശൂന്യമാണ്. അനസ്‌തേഷ്യ പോലും ലഭ്യമല്ല. 2011 മുതല്‍ സുഡാനിലെ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തീവ്രവാദികള്‍ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയതു മൂലമാണ് ഇവിടെ ഡോക്ടര്‍മാര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ക്കും കുറവ് അനുഭവപ്പെടുന്നത് എന്നു ഡോക്ടര്‍ പറയുന്നു. കത്രികയും സൂചിയും ഇല്ലെങ്കിലും തനിക്കു ലഭ്യമായ എന്തും ഉപയോഗിച്ചു രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള ഒരു ശ്രമമാണ് ഈ ഡോക്ടര്‍ നടത്തുന്നത്  മുമ്പില്‍ ധാരാളം പ്രതിബന്ധങ്ങള്‍ ഉണ്ടായിട്ടും തനിക്കും ആശുപത്രിയിലെ ജീവനക്കാര്‍ക്കും ഒരിക്കല്‍ പോലും പിന്തിരിഞ്ഞു പോകാന്‍ തോന്നിയിട്ടില്ലെന്ന് ഡോക്ടർ പറയുന്നു.

ഡോക്ടറിന്റെ ഭാര്യയും നാലുമക്കളും കെനിയായിലാണ് താമസം. വര്‍ഷത്തില്‍ മൂന്നു തവണമാത്രമാണ് ഡോക്ടര്‍ ഇവരെ കാണുന്നത്. നിലവില്‍ ശസ്ത്രക്രിയകള്‍ നടക്കുന്ന സ്ഥലം ഫാര്‍മസിയായിരുന്നു. എന്നാല്‍ സൈന്യത്തിന്റെ വെടിയുണ്ടകള്‍ തറച്ച് ജീവന്‍ നഷ്ടപ്പെടുന്ന മനുഷ്യരെ രക്ഷിക്കാന്‍ ഒരു ശസ്ത്രക്രിയ മുറി അനിവാര്യമായി വന്നപ്പോഴാണ്  ഫാര്‍മസി ഓപ്പറേഷന്‍ തിയേറ്ററാക്കി മാറ്റിയത്. രാജ്യ തലസ്ഥാനമായ ജുബയില്‍ നിന്ന് 600 മൈല്‍ ദൂരെയാണ് ഈ ആശുപത്രി. യുഎന്‍ റഫ്യൂജി ഏജന്‍സിയാണ് ഈ ആശുപത്രി സ്ഥാപിക്കാനുള്ള സാമ്പത്തിക പിന്തുണ നല്‍കിയത്. ആശുപത്രിയുടെ സൗകര്യം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഡോക്ടർ ഇപ്പോള്‍. 12,000 അഭയാര്‍ത്ഥികള്‍ കൂടി ഇപ്പോള്‍ ഈ ഭാഗത്തിലേയ്ക്ക് പുതിയതായി എത്തിയിട്ടുണ്ട്. ഡോക്ടറുടെ ധൈര്യപൂര്‍വമായ ഇടപെടല്‍ മൂലം നൂറുകണക്കിന് ജനങ്ങള്‍ക്ക് അവരുടെ ജീവനും ജീവിതവും തിരിച്ചു കിട്ടുകയായിരുന്നു.

content highlight: hero doctor uses spare CAR PARTS to perform major surgery in war-torn South Sudan