കൊച്ചി: കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ ഓക്‌സിജൻ ഉത്‌പാദനത്തിലും വിതരണത്തിലും കരുതൽ വേണമെന്ന് വിദഗ്ധർ. രാജ്യത്ത്‌ നിലവിൽ ദിവസം 7127 മെട്രിക് ടൺ ഓക്‌സിജനാണ് ഉത്‌പാദിപ്പിക്കുന്നത്. കോവിഡ് വർധിച്ചതോടെ മെഡിക്കൽ ആവശ്യത്തിനുമാത്രം ദിവസം 8000 മെട്രിക് ടൺ ഓക്‌സിജൻ വേണം. കോവിഡിനുമുമ്പ് ഇതു ദിവസം 700 മെട്രിക് ടൺ മാത്രമായിരുന്നു. വ്യാവസായികാവശ്യങ്ങൾക്ക് ദിവസം 2500 മെട്രിക് ടൺ ഓക്‌സിജനും വേണം. ദിവസ ഉത്‌പാദനത്തിനുപുറമേ രാജ്യത്തെ കരുതൽശേഖരത്തിലുള്ള 50,000 മെട്രിക് ടൺ കൂടി ഉപയോഗിക്കുന്ന സാഹചര്യത്തിൽ രണ്ടാഴ്ച കഴിഞ്ഞാൽ സ്ഥിതി ഗുരുതരമാകും.

രണ്ടാഴ്ചമുമ്പ്

ഏപ്രിൽ 12-ലെ കണക്കനുസരിച്ച് മെഡിക്കൽ ആവശ്യത്തിനു വേണ്ടിയിരുന്നത് 3842 മെട്രിക് ടൺ ഓക്‌സിജനാണ് (ദിവസ ഉത്‌പാദനത്തിന്റെ 54 ശതമാനം മാത്രം). വ്യാവസായികാവശ്യത്തിനുള്ള 2500 മെട്രിക് ടൺ കൂടി ഉപയോഗിച്ചാലും ദിവസം 785 മെട്രിക് ടൺ ഓക്‌സിജൻ കരുതൽ ശേഖരത്തിലേക്കു മാറ്റാനാകുമായിരുന്നു. എന്നാൽ, ഇപ്പോൾ 8000 മെട്രിക് ടൺ മെഡിക്കൽ ആവശ്യത്തിനും 2500 മെട്രിക് ടൺ വ്യാവസായികാവശ്യത്തിനും ഉപയോഗിച്ചാൽ ദിവസ ഉത്‌പാദനത്തേക്കാൾ 3373 മെട്രിക് ടൺ ഓക്‌സിജൻ കൂടുതൽവേണം. കരുതൽ ശേഖരത്തിൽനിന്നു ഇത്രയും ഓക്‌സിജൻ ദിവസവും എടുത്താൽ 15 ദിവസംകൊണ്ടു തീരും.

80 ശതമാനവും എട്ടു സംസ്ഥാനങ്ങളിൽ

രാജ്യത്തെ ഓക്‌സിജൻ ഉത്‌പാദനത്തിന്റെ 80 ശതമാനവും കേരളം, തമിഴ്‌നാട്, പശ്ചിമബംഗാൾ എന്നിവയുൾപ്പെടെ എട്ടു സംസ്ഥാനങ്ങളിലാണ്. ഉത്‌പാദിപ്പിക്കുന്ന ഓക്‌സിജൻ രാജ്യത്തെ എല്ലായിടത്തും ആവശ്യാനുസരണം എത്തിക്കേണ്ടതുണ്ട്. അതിനാൽ കേരളത്തിൽ ഉത്‌പാദനമുണ്ടെങ്കിലും അതെല്ലാം ഇവിടെത്തന്നെ ലഭിക്കുമെന്നു കരുതേണ്ടതില്ലെന്ന് വിദഗ്ധർ പറയുന്നു.

വേണം വ്യാവസായികാവശ്യത്തിനും

രാജ്യത്ത്‌ ഒമ്പതു വിഭാഗങ്ങൾക്കാണ് വ്യാവസായികാവശ്യത്തിനു ഓക്‌സിജൻ നൽകുന്നത്. ആംപ്യൂൾ, വയൽസ് എന്നിവയുടെ നിർമാണം, ഫാർമസ്യൂട്ടിക്കൽ കമ്പനികൾ, സ്റ്റീൽ പ്ലാന്റ്, പെട്രോളിയം റിഫൈനറി, ന്യൂക്ലിയർ എനർജി കമ്പനി, ഓക്‌സിജൻ സിലിൻഡർ നിർമാണം, മലിനജല ശുദ്ധീകരണം, ഭക്ഷണ ശുദ്ധീകരണം, കുടിവെള്ള ശുദ്ധീകരണം എന്നിവയാണിവ. ഇവയിൽ പലതിനും ഓക്‌സിജൻ നൽകുന്നതിൽ നിലവിൽ നിയന്ത്രണമുണ്ടെങ്കിലും ഇതു തുടർന്നാൽ മറ്റു പ്രതിസന്ധികളുണ്ടാകും. ഫാർമസ്യൂട്ടിക്കൽ, ആംപ്യൂൾ കമ്പനികൾക്ക് ഓക്‌സിജൻ ലഭിക്കാതെവന്നാൽ മരുന്നുത്‌പാദനത്തെ ബാധിക്കും.

‘സ്ഥിതി ഗുരുതരം’

കോവിഡ് ബാധിതരിൽ ഓക്‌സിജന്റെ അളവുകുറയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന്‌ എറണാകുളം കിൻഡർ ആശുപത്രിയിലെ ഡോ. ആർ. ഷൈൻ ഷുക്കൂർ പറഞ്ഞു.. രാജ്യത്തെ മെഡിക്കൽ ആവശ്യത്തിനുള്ള ഓക്‌സിജൻ രണ്ടാഴ്ചമുമ്പ് ഉത്പാദനത്തിന്റെ 54 ശതമാനമായിരുന്നെങ്കിൽ ഇപ്പോൾ 113 ശതമാനമാണ്. ഈ നില തുടർന്നാൽ ഓക്‌സിജൻ ക്ഷാമത്തിലേക്കാകും രാജ്യം നീങ്ങുക -അദ്ദേഹം പറഞ്ഞു.

Content Highlights: Oxygen production in India, Health, Covid19