Representative Image| Photo: Canva.com
പലരും മറ്റൊരു വ്യക്തിയുടെ മുന്നില്‍ തുറന്നു പറയുവാനോ ചര്‍ച്ചചെയ്യുവാനോ വിമൂഖത കാട്ടുന്ന ഒരു അസുഖമാണ് അര്‍ശ്ശസ്. എന്നാല്‍ ഇതൊരസുഖം എന്നതിലുപരി മനുഷ്യന്റെ ശാരീരികാവസ്ഥയാണ് എന്നുള്ള യാഥാര്‍ത്ഥ്യം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ലോകത്താകമാനം ഏതാണ്ട് 10 മില്യണ്‍ ആളുകളില്‍ അര്‍ശ്ശസ് ഉണ്ടെന്ന് പഠനങ്ങള്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. മലദ്വാരത്തില്‍ രൂപം കൊള്ളുന്ന എല്ലാ അസുഖങ്ങളെയും അര്‍ശ്ശസായി മുദ്രകുത്തുവാന്‍ കഴിയുകയില്ല. ഫിഷര്‍, ഫിസ്റ്റുല, ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളും ആകാവുന്നതാണെന്ന തിരിച്ചറിവിനെ എല്ലായ്‌പ്പോഴും ചേര്‍ത്തു പിടിക്കുക. രക്തസ്രാവമുണ്ടാകുമ്പോഴാണ് പലരും ചികിത്സയെ കൂട്ടുപിടിക്കുന്നതു തന്നെ.
മലബന്ധമാണ് അര്‍ശ്ശസിന്റെ മൂലകാരണമായി പറയുന്നത്, കൂടാതെ വ്യായായ്മയില്ലായ്മ, പാരമ്പര്യം, ആഹാര ജീവിത ശൈലിയിലുള്ള ക്രമക്കേടുകള്‍, ഇരുന്നുള്ള ജോലി, മലമൂത്ര വിസര്‍ജന വേഗങ്ങള്‍ തടയുക തുടങ്ങിയവ അര്‍ശസ്സിലേക്ക് നയിക്കുന്നു. സ്ത്രീകളില്‍ ഗര്‍ഭകാലത്തും അര്‍ശ്ശസ് കൂടുതലായി കണ്ടുവരുന്നു.
മലദ്വാരത്തിന്റെ ചുറ്റുമുള്ള പേശികളുടെ ബലക്കുറവു കാരണം രക്തക്കുഴലുകള്‍ക്ക് വീക്കം സംഭവിക്കുന്നു. ആദ്യഘട്ടത്തിലെ ലക്ഷണം രക്തസ്രാവമാണ്. കാലക്രമേണ മലവിസര്‍ജന സമയത്ത് തടിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. ചികിത്സയുടെ അഭാവത്തില്‍ തടിപ്പ് വികസിക്കുകയും അകത്തേക്ക് ചുരുങ്ങാതെ മലദ്വാരത്തിന് പുറത്തു തന്നെ നിലനില്‍ക്കുകയും ചെയ്യുന്നു.
മലദ്വാരത്തിലൂടെയുള്ള എല്ലാ രക്തസ്രാവവും അര്‍ശ്ശസിന്റേതല്ല എന്നതാണ് വാസ്തവം, മറിച്ച് ക്യാന്‍സര്‍ പോലുള്ള അസുഖങ്ങളുമാവാം. ആയതിനാല്‍ രോഗനിര്‍ണ്ണയം എന്നത് വളരെ അത്യന്താപേക്ഷിതമായ ഒരു ഘടകമാണെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളേണ്ടതാണ്. മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടതുണ്ട്. കൂടാതെ മലദ്വാര പരിശോധനയ്ക്ക് വിധേയമാകുകയും വേണം. എന്തെന്നാല്‍ അര്‍ശ്ശസിന് സമാനമായ ലക്ഷണമാണ് മലാശയ ക്യാന്‍സറിന്റേത്.
പ്രാരംഭ ഘട്ടത്തില്‍ ഔഷധ സേവയാല്‍ അസുഖം പൂര്‍ണ്ണമായും ഭേദപ്പെടുത്താം. എന്നാല്‍ തുടര്‍ന്നുള്ള അവസ്ഥകളില്‍ ഔഷധ സേവനത്തോടൊപ്പം പ്രത്യേക ചികിത്സകളായ ക്ഷാരകര്‍മ്മം, അഗ്‌നികര്‍മ്മം തുടങ്ങിയവ വേണ്ടി വരാറുണ്ട്.
ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍
- ഈ ചികിത്സയില്‍ പഥ്യത്തിന് വളരെ വലിയ പ്രാധാന്യമുണ്ട്. മലബന്ധം ഒഴിവാക്കുന്ന രീതിയിലുള്ള ആഹാരക്രമം പാലിക്കുക. കൃത്യമായ രീതിയില്‍ പഥ്യം പാലിച്ചാല്‍ രോഗാവര്‍ത്തനം തടയാന്‍ സാധിക്കും.
- എരിവ്, പുളി, മസാല, കിഴങ്ങുവര്‍ഗങ്ങള്‍, എണ്ണ പലഹാരങ്ങള്‍, കോഴിയിറച്ചി, മുട്ട, ചെമ്മീന്‍, അയല, ഞണ്ട് എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.
- വ്യായാമത്തിനും , ആവശ്യത്തിനു വെള്ളം കുടിക്കുന്നതിനും നിത്യ ജീവിതത്തില്‍ കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതാണ്.
- പുളിയില്ലാത്ത മോര്, ചേന,നാരടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കൂടുതലായി കഴിക്കുക.
- പാലും നെയ്യും നിത്യേന സേവിക്കുന്നതില്‍ തെറ്റില്ല.
- കട്ടിയുള്ള പ്രതലത്തില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് ഒഴിവാക്കുക.
- ഇവയില്‍ രോഗനിര്‍ണ്ണയമാണ് ഏറ്റവും പ്രധാന ഘടകം. സമാന ലക്ഷണങ്ങള്‍ ഉള്ള അര്‍ശ്ശസിനേയും ക്യാന്‍സറിനേയും വൈദ്യ സഹായത്തോടെ തിരിച്ചറിയുക. കൃത്യമായ ചികിത്സയും ഭക്ഷണക്രമവും അര്‍ശ്ശസിനെ കീഴ്‌പ്പെടുത്തുക തന്നെ ചെയ്യും.
Content Highlights: hemorrhoids piles symptoms causes and treatments
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..