Representative Image| Photo: Canva.com
ഒരു അന്താരാഷ്ട്ര നഴ്‌സസ് ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. നഴ്സ് ആയി ജോലി ചെയ്യുന്നതിനിടയിൽ അഭിമാനവും സന്തോഷവും പകർന്ന അനുഭവങ്ങൾ പങ്കുവെക്കുകയാണ് സൗദി അറേബ്യയിലെ കിങ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്യുന്ന സബിത പൊട്ടിരായിൽ.
അഞ്ചുവർഷമായി കിങ് ഖാലിദ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലി ചെയ്തുവരികയാണ്. ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം ഡ്യൂട്ടിയ്ക്കിടെയാണ് മറക്കാനാവാത്ത ആ സംഭവം നടക്കുന്നത്. അന്നത്തെ ഡ്യൂട്ടിക്ക് കൂട്ടിന് ഒരു മലയാളിയായ നഴ്സുമുണ്ടായിരുന്നു. എമർജൻസി ഡിപ്പാർട്മെന്റിൽ ജോലി ചെയ്യുന്ന ഞങ്ങൾക്ക് കുറച്ചുനേരം കിട്ടുന്ന നിശബ്ദത ഭയമാണ്. കാരണം ഏതുസമയവും ഒരു അപകടവുമായി ആരെങ്കിലും വന്നേക്കാം. പ്രതീക്ഷിച്ചതുപോലെ തന്നെ നിശ്ചലമായ പിഞ്ചുശരീരവുമായി ഒരു അച്ഛൻ അലറിവിളിച്ച് ഓടിയെത്തി. കുഞ്ഞ് വീട്ടിലെ സ്വിമ്മിങ് പൂളിൽ മുങ്ങിയതിനു പിന്നാലെ അബോധാവസ്ഥയിൽ ആവുകയായിരുന്നു. ആശുപത്രിയൊട്ടാകെ ആ അച്ഛന്റെയും അമ്മയുടെയും നിലവിളിയായിരുന്നു.
വികാരങ്ങൾക്ക് കീഴടങ്ങാതെ കർത്തവ്യബോധത്തോടെ ഞങ്ങൾ ആ കുഞ്ഞിന്റെ ജീവനായി പോരാടി. സി.പി.ആർ ആരംഭിക്കുകയും Resuscitation നൽകുകയും ചെയ്തു. ഒടുവിൽ 45 മിനിറ്റിനുശേഷം കുഞ്ഞിന്റെ ഹൃദയത്തുടിപ്പ് മോണിറ്ററിൽ കാണിക്കാൻ തുടങ്ങി. പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ് അപ്പോൾ അനുഭവപ്പെട്ടത്. കണ്ണുനീർത്തുള്ളി ഊർന്നിറങ്ങുകയായിരുന്നു. തുടർന്ന് കുഞ്ഞിന്റെ നില മെച്ചപ്പെടുത്തിയ ഉടൻ എൻ.ഐ.സി.യു.വിലേക്ക് മാറ്റി. പുറത്തിറങ്ങിയ ഉടൻ കുഞ്ഞിന്റെ അമ്മ കെട്ടിപ്പിടിച്ച് കരഞ്ഞ് അറബിയിൽ എന്തൊക്കെയോ പറഞ്ഞു. ഭാഷ അത്ര വശമില്ലെങ്കിലും ആ ആലിംഗനത്തിൽ അവർ പറയുന്നതിന്റെ അർഥം മനസ്സിലായിരുന്നു. ജോലിയിലും കർമബോധത്തിലും സംതൃപ്തി തോന്നിയ നിമിഷമായിരുന്നു അത്.
മറ്റൊരിക്കൽ സർജിക്കൽ ഷോക്ക് റൂമിലെ ജോലിക്കിടയിലും സമാനമായൊരു സംഭവമുണ്ടായി. വലിയ ബഹളം കേട്ടാണ് പുറത്തിറങ്ങിയത്. നിറഗർഭിണിയായ ഒരു സ്ത്രീ വലിയ വായിൽ കരയുന്നതാണ് കണ്ടത്. ട്രോമാകെയർ മാത്രമുള്ള ആ ആശുപത്രിയിൽ മെറ്റേർണിറ്റി ഡോക്ടർമാർ ഉണ്ടായിരുന്നില്ല. ഭാര്യയുടെ വേദന കണ്ട് പരിഭ്രാന്തനായ ഭർത്താവ് എന്തുചെയ്യണം എന്നറിയാതെ ഇങ്ങോട്ട് കൊണ്ടുവരികയായിരുന്നു. കുഞ്ഞ് പകുതി പുറത്ത് വന്ന് തുടങ്ങുകയും ചെയ്തിരുന്നു. അതിവേഗം തന്നെ സ്ട്രെക്ചർ തയ്യാറാക്കി ഷോക്ക് റൂമിലേക്ക് കൊണ്ടുപോയി. വേണ്ട കാര്യങ്ങൾ ചെയ്ത് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയും അമ്മയ്ക്കും കുഞ്ഞിനും യാതൊരു ആപത്തും വരാതെ കാക്കാനുമായി. വൈകാതെ അവരെ ആംബുലൻസിൽ മറ്റേണിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള കാര്യങ്ങൾ ചെയ്തു. പോകുന്നതിനിടയിൽ ആ ദമ്പതിമാർ പറഞ്ഞ നന്ദി വാക്കുകൾ ഇന്നും ചെവിയിൽ മുഴങ്ങുന്നു. ആ സന്തോഷങ്ങൾ ഒക്കെ തന്നെയാണ് നഴ്സ് എന്ന നിലയിലുള്ള വിജയവും പ്രചോദനവും.
Content Highlights: heartwarming experience of a nurse, international nurses day
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..