
ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് ലിസി ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് തിരിക്കുന്ന ലീന എല്ലാവരോടും നന്ദി പറയുന്നു
തൂവെള്ള വസ്ത്രമണിഞ്ഞ 'മാലാഖ'യുടെ കൈപിടിച്ച് മുന്നിലേക്ക് വരുമ്പോള്‍ ലീനയുടെ കൈകള്‍ നന്നായി വിറയ്ക്കുന്നുണ്ടായിരുന്നു. പുതിയ ജീവിതത്തിന്റെ പ്രതീക്ഷാ നിര്‍ഭരമായ അടയാളം പോലെ പച്ച നിറത്തിലുള്ള സാരിയണിഞ്ഞ് ലീന വരുമ്പോള്‍ ഡോക്ടര്‍ ഒരു കേക്ക് മേശപ്പുറത്തേക്കെടുത്തു വെച്ചു. വിറയാര്‍ന്ന കൈകളോടെ കേക്ക് മുറിക്കുമ്പോള്‍ ലീനയുടെ മിഴികള്‍ നിറഞ്ഞുതുളുമ്പി. തിരികെ കിട്ടിയ ജീവന് ചേര്ത്തുവെക്കുന്നതുപോലെ കൈകള്‍ ഹൃദയത്തോട് അടുപ്പിച്ച് ലീന പറഞ്ഞു: ''എനിക്ക് ഇതൊരു അതിശയ പിറവിയാണ്. എല്ലാവരോടും എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല...'' വിറയാര്‍ന്ന കൈകള്‍ പോലെ ലീനയുടെ വാക്കുകളും മുറിഞ്ഞു നിന്നപ്പോള്‍ അരികിലുണ്ടായിരുന്നവര് സ്നേഹപൂര്‍വം പുഞ്ചിരിച്ചു.
ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും മൂന്നാഴ്ചയിലേറെ നീണ്ട ആശുപത്രി വാസവും കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോള്‍ അതിരുകളില്ലാത്ത ആഹ്ലാദത്തിലും ആശ്വാസത്തിലുമായിരുന്നു ലീന. അപരിചിതയായ ഒരാളില്‍നിന്ന് ഹൃദയം സ്വീകരിച്ച് പുതിയ ജീവിതത്തിലേക്കു കടക്കുമ്പോള്‍ അത് ഒരുപാടുപേര്‍ക്ക് പ്രതീക്ഷയാകുന്ന അനുഭവമാണെന്നാണ് ലീന പറയുന്നത്. ''ഹൃദയം മാറ്റിവെക്കുന്നതിനെക്കുറിച്ച് എനിക്ക് പറഞ്ഞുകേട്ട അറിവു മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ ഇപ്പോള്‍ ഒരു അതിശയ പിറവി പോലെ എല്ലാം എനിക്ക് അനുഭവിക്കാനാകുന്നുണ്ട്. ആശുപത്രിയില്‍ ഡോക്ടര്‍മാരും നഴ്സുമാരുമെല്ലാം ഒരു വീട്ടിലെന്ന പോലെയാണ് എന്നോട് പെരുമാറിയത്. ഹൃദയം മാറ്റിവെക്കലിലൂടെ ഒരുപാടുപേര്‍ക്ക് ജീവിതത്തിലേക്കു തിരിച്ചുവരാനാകുമെന്ന് ഇപ്പോള്‍ അനുഭവത്തിലൂടെ എനിക്ക് പറയാനാകും. തിരികെ കിട്ടിയ ഈ ജീവനില്‍ ഒരുപാട് സന്തോഷമുണ്ട്...'' ലീന പറഞ്ഞു.
മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരത്തെ ലാലി എന്ന അധ്യാപികയുടെ ഹൃദയമാണ് ലീനയുടെ ശരീരത്തില്‍ മാറ്റിവെച്ചത്.
മൂന്നാഴ്ച മുമ്പ് തന്നെ കാണാന്‍ വരുമ്പോള്‍ അവശ നിലയിലായിരുന്ന ലീന ഇപ്പോള്‍ പുതുജീവനുമായി തിരികെ പോകുമ്പോള്‍ വലിയ സന്തോഷം തോന്നുന്നുവെന്നാണ് ശസ്ത്രക്രിയ നടത്തിയ ലിസി ആശുപത്രിയിലെ ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞത്.
അമ്മയ്ക്ക് പുതു ജീവന് കിട്ടിയതിന്റെ സന്തോഷമായി മക്കള്‍ എടുത്ത അവയവദാന തീരുമാനവും ലീനയെ ഒരുപാട് സന്തോഷിപ്പിക്കുന്നുണ്ട്. ലീനയുടെ മക്കളായ ഷിയോണയും ബേസിലുമാണ് തങ്ങളുടെ മരണ ശേഷം അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മത പത്രം നല്‍കിയത്.
അനുഗ്രഹിക്കാനെത്തിയ എറണാകുളം അങ്കമാലി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി കരിയിലിനോടും ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടനോടും 'ഹൃദയ യാത്ര'യ്ക്ക് വഴിയൊരുക്കിയ അസി. പോലീസ് കമ്മിഷണര്‍ കെ. ലാല്ജിയോടുമൊക്കെ നന്ദി അറിയിച്ചാണ് ലീന വീട്ടിലേക്കു മടങ്ങിയത്.
Content Highlights: Heart transplant surgery patient Leena discharged, Health, Heart Health, Organ Transplantation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..