മ്മുടെ രാജ്യത്ത് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹൃദയ സ്തംഭനമാണെന്നത് ഹൃദ്രോഗ വിദഗ്ധര്‍ ഒരുപോലെ അംഗീകരിക്കും. ആഗോള തലത്തിലെ സ്ഥിതി വിവര കണക്കുകള്‍ പ്രകാരം ഹൃദയ സ്തംഭനമുണ്ടാകുന്ന വ്യക്തികളില്‍ 50  ശതമാനം പേര്‍ക്കും അഞ്ചു വര്‍ഷത്തിനുള്ളില്‍ ജീവന്‍ നഷ്ടമാകുന്നതായിട്ടാണ് കാണുന്നത്. അതേ സമയം തിരുവനന്തപുരം ഹാര്‍ട്ട് ഫെയിലിയര്‍ രജിസ്റ്റര്‍ പ്രകാരം ഇന്ത്യയിലെ 44.8 ശതമാനം രോഗികള്‍ക്ക്  ഹൃദയ സ്തംഭനത്തിന് മൂന്നു വര്‍ഷത്തിനുള്ളില്‍ ജീവന്‍ നഷ്ടമാകുന്നതായാണ് കാണുന്നത്.
 
അര്‍ബുദമോ അല്‍ഷൈമേഴ്‌സോ  പോലുള്ള മറ്റു രോഗങ്ങളെക്കാള്‍ ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുന്ന രോഗമായാണ് ഹൃദയ സ്തംഭനത്തെ വീക്ഷിക്കുന്നത്. ഇവിടെ കൃത്യമല്ലാതെയുള്ള നീക്കങ്ങള്‍ രോഗിയുടെ നില കൂടുതല്‍ പ്രശ്‌നത്തിലുമാക്കും. രോഗികളെ  പലതവണയായി ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത് സാമ്പത്തികവും മാനസികവുമായ പ്രശ്‌നങ്ങളും സൃഷ്ടിക്കും. 
 
ഇന്ത്യയില്‍ പ്രമേഹവുമായി ജീവിക്കുന്നവരുടെ എണ്ണം 6.92 കോടിയെന്ന ഗുരുതരമായ സ്ഥിതിയിലാണുള്ളതെന്ന് 2015-ലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇത് 2030-ല്‍ 9.8 കോടിയിലെത്തുമെന്നും ലോകാരോഗ്യ സംഘടന കണക്കു കൂട്ടുന്നുമുണ്ട്. പ്രമേഹം ഹൃദ്രോഗങ്ങളിലേക്ക്കടക്കാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് നിലയും കൃത്യമായ നിയന്ത്രണമില്ലാത്ത പ്രമേഹവും രക്ത ധമനികളേയും ഞരമ്പുകളേയും തകരാറിലാക്കുവാനും സാധ്യതയുണ്ട്. ദീര്‍ഘകാലം നിയന്ത്രണമില്ലാത്ത പ്രമേഹവുമായി തുടരുന്നത്  ഹൃദ്രോഗ  സാധ്യതകളും വര്‍ധിപ്പിക്കും. 
 
തിരുവനന്തപുരം ഹാര്‍ട്ട് ഫെയ്‌ലിയര്‍ രജിസ്റ്ററിന്റെ പഠനവുമായി ബന്ധപ്പെട്ട് 1205 രോഗികളെയായിരുന്നു തിരുവനന്തപുരത്ത് എന്‍റോള്‍  ചെയ്തിരുന്നത്. ഇതില്‍ 55 ശതമാനം പേര്‍ക്കും പ്രമേഹമുണ്ടെന്ന അപകടകരമായ കണ്ടെത്തലാണുണ്ടായത്. പ്രമേഹവും രക്താതിസമ്മര്‍ദ്ദവും ഇന്ത്യയില്‍ ഉയര്‍ന്ന നിലയിലാണെന്നും (7.5 ശതമാനവും 25.3 ശതമാനവും) വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ടൈപ്പ് 2 വിഭാഗത്തിലുള്ള പ്രമേഹം ഹൃദ്രോഗത്തിലേക്ക് നീങ്ങാനുള്ള സാധ്യതകള്‍  രണ്ടു മുതല്‍ മൂന്നു വരെ മടങ്ങു കൂടുതലാണെന്നും ഹൃദയ തകരാറു മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതിന്‍റെ 32 ശതമാനം ഇതാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ ഇന്ത്യയില്‍ സംഭവിക്കുന്ന മരണങ്ങളില്‍ വലിയൊരു കാരണം ഹൃദയ തകരാറാണ്. 
 
രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഹൃദയ സ്തംഭനം സംബന്ധിച്ച ലക്ഷണങ്ങളെ കുറിച്ച് കൃത്യമായ അവബോധം ഉണ്ടാക്കേണ്ടതും ഇവിടെ ആവശ്യമാണ്. ദീര്‍ഘകാലമായി പ്രമേഹമുള്ളവരുടെ ഹൃദയ സ്തംഭന പ്രശ്‌നങ്ങള്‍ മറ്റു ചിലതായി തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതകളും കൂടുതലാണ്. ഇടക്കിടെ വരുന്ന ആസ്തമ പോലുള്ള രോഗങ്ങളായി അവ തെറ്റിദ്ധരിക്കപ്പെടുന്നതും പതിവാണ്. ശ്വാസം കിട്ടാതെ വരിക, ക്ഷീണം, തളര്‍ച്ച,കണങ്കാലും പാദത്തിലും കാലിലും നീരു വരിക തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളെല്ലാം പ്രായത്തിന്റേയോ വ്യായാമമില്ലാത്തതിന്റേയോ ശ്വാസ പ്രശ്‌നങ്ങളുടേയോ ഭാഗമാണെന്നു സാധാരണയായി തെറ്റിദ്ധരിക്കാറുണ്ട്. 
 
ആരോഗ്യകരമായ ശരീര ഭാരം, ആരോഗ്യകരമായ ഭക്ഷണ രീതി തുടങ്ങിയവയാണ് ഹൃദയത്തെ ആരോഗ്യകരമായി സൂക്ഷിക്കാനുള്ള  ഫലപ്രദമായ മാര്‍ഗങ്ങള്‍. പുതുമയുള്ള പഴങ്ങള്‍, പച്ചക്കറികള്‍, തവിടുള്ള ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും കഴിക്കുന്നതും ആരോഗ്യകരമായ ശരീരം നിലനിര്‍ത്തന്‍ സഹായിക്കും. പൂരിത കൊഴുപ്പ്, ഉയര്‍ന്ന സോഡിയം, പഞ്ചസാര തുടങ്ങിയവയിലുള്ള നിയന്ത്രണങ്ങളും ഇവിടെ സഹായകമാകും. പ്രായത്തിനനുസരിച്ചുള്ള വ്യായാമങ്ങള്‍, മദ്യവും പുകവലിയും ഒഴിവാക്കല്‍ എന്നിവയും അനിവാര്യമാണ്. പ്രമേഹ രോഗികളാണെങ്കില്‍ എച്ച് ബി എ 1 സി പരിശോധന ഓരോ ആറു മാസത്തിലും നടത്തുക വഴി രക്തത്തിലെ ഗ്ലൂക്കോസ് നില നിരീക്ഷിക്കുന്നതും പ്രധാനപ്പെട്ടതാണ്. 
 
പ്രമേഹ നിയന്ത്രണത്തിലെ പുതിയ മുന്നേറ്റങ്ങള്‍ ഏറെ സഹാകരമാണ്. പുതിയ പ്രമേഹ മരുന്നുകള്‍, സോഡിയം ഗ്ലൂക്കോസ് കോ ട്രാന്‍സ്‌പോര്‍ട്ടര്‍ 2 ഇന്‍ഹിബിറ്ററുകള്‍ (എസ്ജിഎല്‍ടി2) എന്നിവ മികച്ചതാണെന്നു തെളിയിച്ചിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹ രോഗികളില്‍ ഡാപാഗ്ലിഫോസിന്‍ പോലുള്ള എസ്ജിഎല്‍ടി2 ഇന്‍ഹിബിറ്ററുകള്‍ മാത്രമായോ പ്രമേഹത്തിനുള്ള മറ്റു മരുന്നുകളുമയി ചേര്‍ന്നോ പ്രയോജനപ്പെടുത്തുന്നത് രോഗികള്‍ക്ക് വിവിധങ്ങളായ ഗുണം നല്‍കുന്നതു കാണാനായിട്ടുണ്ട്.  ഹൃദയ സ്തംഭനം സംബന്ധിച്ച് എസ്ജിഎല്‍ടി2 പ്രയോജനപ്പെടുത്തിയുള്ള ആദ്യ പഠനം 20 രാജ്യങ്ങളിലായി നടത്തിയിരുന്നു. ഇതില്‍ നാലിലൊന്നു പേര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു. നിലവിലുള്ള പതിവ് പരിചരണങ്ങളുമായി ചേര്‍ത്ത് ഡാപോഗ്ലൈഫിസിന്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ഹൃദയധമനികളുടെ പ്രശ്‌നം മൂലമുള്ള മരണത്തിന്റെ അപകട സാധ്യത കുറക്കാനാവുന്നു എന്നാണ് ഡിഎപിഎ എച്ച് എഫ് പഠനം ചൂണ്ടിക്കാട്ടുന്നത്. 
 
നിങ്ങള്‍ ഹൃദയത്തെ സംരക്ഷിക്കാനായി മരുന്നു കഴിക്കേണ്ടതുണ്ടോ എന്ന് നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കേണ്ടതും ഇവിടെ ചികില്‍സാ പദ്ധതിയുടെ പ്രധാന ഭാഗമാണ്. അതിനു പുറമെ മരുന്നു കഴിക്കുന്നതിനു മുന്നേ അതിന് ഏതെങ്കിലും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടോ എന്നു ഡോക്ടറോടു ചോദിച്ചു ഉറപ്പാക്കണം. 
 
 
തിരുവനന്തപുരം പി ആര്‍ എസ് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി വിഭാഗം മേധാവിയും ചീഫ് കണ്‍സള്‍ട്ടന്‍റുമാണ് ലേഖകന്‍
 
Content Highlights: Heart Disease death rate in India, Heart Disease