നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോൾ നെഞ്ചുവേദന; അറിയണം പ്രാരംഭ ഹൃദ്രോ​ഗ ലക്ഷണങ്ങൾ


ഹൃദയാഘാതം സംഭവിക്കുന്നത് എങ്ങനെയാണെന്നും പ്രാരംഭസൂചനകളും പരിശോധിക്കാം.

Representative Image | Photo: Gettyimages.in

ഹൃദയാഘാതമരണങ്ങൾ കേരളത്തിൽ വർധിക്കുന്നതായി ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 2021 ൽ 3,872 പേരാണ് ഹൃദയാഘാതംകാരണം മരിച്ചതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2020 ൽ ഇത് 3,465 ആയിരുന്നു. ഹൃദയാഘാതമരണങ്ങളിൽ രാജ്യത്ത് കേരളം രണ്ടാം സ്ഥാനത്താണ്. മഹാരാഷ്ട്രയിലാണ് കൂടുതൽ - 10,489. ഗുജറാത്ത് (2,949), കർണാടകം (1,754), മധ്യപ്രദേശ് (1,587), തമിഴ്‌നാട് (1,274), രാജസ്ഥാൻ (1,215), എന്നിവയാണ് തൊട്ടുപിന്നിൽ. എറ്റവും കുറവ് അരുണാചൽപ്രദേശിലാണ് -ഒമ്പത്. ഈ സാഹചര്യത്തിൽ ഹൃദയാഘാതം സംഭവിക്കുന്നത് എങ്ങനെയാണെന്നും പ്രാരംഭസൂചനകളും പരിശോധിക്കാം.

ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്

ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന, മാംസപേശികളാൽ പ്രവർത്തിക്കുന്ന ഒരു അവയവം ആണ് ഹൃദയം. ശരീരകോശങ്ങളുടെ നിലനിൽപ്പിനും പ്രവർത്തനത്തിനും ആവശ്യമായ ഓക്‌സിജൻ, ജലം, പോഷകാംശങ്ങൾ എന്നിവ എത്തിക്കുകയാണ് രക്തത്തിന്റെ കടമ. ഈ പ്രവർത്തനം പൂർണമായും നടക്കുന്നത് രക്തക്കുഴലുകൾ വഴിയാണ്. അശുദ്ധ രക്തത്തെ ശുദ്ധീകരിക്കുന്നതിനായി ഹൃദയത്തിൽ അശുദ്ധ രക്തം എത്തിക്കുന്ന രക്തക്കുഴലുകളെ സിരകൾ എന്നും ശുദ്ധ രക്തത്തെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്ന രക്തക്കുഴലുകളെ ധമനികൾ എന്നും പറയുന്നു. ഹൃദയധമനികളിൽ ചിലയിടങ്ങളിൽ രക്തം കട്ട പിടിച്ച് രക്തപ്രവാഹം തടസപ്പെടുകയും തന്മൂലം ഹൃദയപേശികൾ നശിക്കാൻ തുടങ്ങുകയും ചെയ്യുന്ന അവസ്ഥയാണ് സാധാരണ ഹൃദ്രോഗം അഥവ കൊറോണറി ആർട്ടറി ഡിസീസ്. ഹൃദയപേശികൾ നശിക്കുന്നത് ഹൃദയത്തിന്റെ സ്വാഭാവികമായ പമ്പിങ്ങ് കഴിവിനെയാണ് ബാധിക്കുക. ഇത് ശരീരത്തിലെ മൊത്തം അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുകയും ക്രമേണ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ആവശ്യമുള്ള രക്തം പമ്പ് ചെയ്യുവാൻ ഹൃദയത്തിന് കഴിയാതെ വരികയും ചെയ്യുന്നു.

ഇതിന്റെ ഫലമായി ശ്വാസകോശം, കരൾ, മസ്തിഷ്‌കം, വൃക്കകൾ തുടങ്ങിയ പ്രധാനപ്പെട്ട അവയവങ്ങളിലേക്ക് രക്തം എത്തിക്കുവാനുള്ള ഹൃദയത്തിന്റെ പമ്പിംഗ് ശേഷി ഘട്ടം ഘട്ടമായി കുറഞ്ഞുവരികയും ഒടുവിൽ ഹൃദയത്തിന്റെ തന്നെ പ്രവർത്തനംപൂർണമായും നിലയ്ക്കുകയും ചെയ്തു രോഗി മരണപ്പെടുന്നു. ഹൃദയധമനികളിലെ തടസ്സം ഉണ്ടാകുമ്പോൾ ഹൃദയത്തിന്റെ മാംസപേശികളിൽ ലഭിക്കുന്ന രക്തത്തിന്റെ അളവ് കുറഞ്ഞു വരുന്നു. ഇത് ഹൃദയത്തിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുകയും രക്തം ലഭിക്കാതെ ഹൃദയപേശികൾ ക്രമേണ നിർജീവം ആകുകയും ചെയ്യുന്നു. ഹൃദയത്തിലെ ധമനികളുടെ വ്യാസം ക്രമേണ കുറഞ്ഞ് ഭാഗികമായി രക്തപ്രവാഹത്തിനു തടസ്സം ഉണ്ടാകുന്നതിന് കാരണം രക്തക്കുഴലിന്റെ ഉൾവശത്ത് കൊളസ്ട്രോൾ പോലുള്ള കൊഴുപ്പ് പദാർത്ഥങ്ങളും മൃതകോശങ്ങളും അടിഞ്ഞു ചേരുന്നതാണ്. തടസ്സം കാരണം ആവശ്യത്തിന് രക്തം ഹൃദയപേശികൾക്ക് ലഭിക്കാതെ വരികയും ഹൃദയം വല്ലാതെ ആയാസപ്പെടുകയും ചെയ്യുന്നു. ഇത് നെഞ്ചുവേദനയായോ, അമിതമായ കിതപ്പ് ആയൊ ശ്വാസം കിട്ടാത്ത സ്ഥിതി പോലെയൊ അനുഭവപ്പെടാം. ഇത്തരത്തിലുള്ള വേദന കുറച്ച് വിശ്രമം കൊണ്ടോ, പെട്ടെന്ന് പ്രവർത്തിക്കുന്ന സോർബിട്രേറ്റ് ഗുളികകൾ കൊണ്ടൊ കുറയുകയും ചെയ്യും. ഈ അവസ്ഥയെയാണ് ആഞ്ചൈന എന്ന് പറയുന്നത്. ഇത് ഒരു തരത്തിലുള്ള മുന്നറിയിപ്പാണ് തരുന്നത്. ഇത്തരത്തിലുള്ള മുന്നറിയിപ്പ് വേണ്ടപോലെ പരിശോധിച്ച് ധമനികളിലെ തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ, ഇത്തരം ഭാഗത്ത് രക്തം കട്ടപിടിച്ച് ധമനി പൂർണ്ണമായും അടയുകയും രക്തപ്രവാഹം നിലക്കുകയും ചെയ്യും. അപ്പോഴാണ് ഹൃദയാഘാതം അല്ലെങ്കിൽ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്‌നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും വളരെ സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾ തന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ ആദ്യപടികൾ ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല. പ്രാഥമിക പരിശോധനയിൽ നിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർത്ഥത്തിൽ കഴിയുകയില്ല. എന്നാൽ ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ നമുക്ക് തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. വളരെ ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരുഹൃദ്രോഗ
സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴൊ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

എന്നാൽ ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴൊ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ച് മുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ട് അടയ്ക്കൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്‌നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

സൈലന്റ് ഹാർട്ട് അറ്റാക്ക്

ഹൃദയാഘാതം അറിയപ്പെടാതെ പോകുന്നതു മൂലമുള്ള അപകടം ഒഴിവാക്കുവാൻ സാധാരണമല്ലാത്ത ഹൃദയാഘാത ലക്ഷണങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മിക്കവാറും സൈലന്റ് അഥവാ നിശബ്ദ ഹൃദയാഘാതങ്ങൾ പേര് സൂചിപ്പിക്കുന്നത് പോലെ പലപ്പോഴും പൂർണ്ണാർഥത്തിൽ നിശബ്ദം ആയിരിക്കണമെന്നില്ല. ഡോക്ടറോ രോഗിയോ ഹൃദയാഘാതം ഉണ്ട് എന്ന് തിരിച്ചറിയാതെയൊ ശ്രദ്ധിക്കാതെയോ പോകുന്നത് കൊണ്ടാണിത്.

പിന്നീട് പരിശോധനയ്ക്കിടെ ഡോക്ടർമാർ രോഗികളുടെ കഴിഞ്ഞകാലത്തെ ലക്ഷണങ്ങളും പരിശോധന ഫലങ്ങളും സൂക്ഷ്മമായി വിലയിരുത്തുമ്പോൾ പലർക്കും അത്ര വ്യക്തമല്ലാത്ത ചില ലക്ഷണങ്ങൾ, ഉദാഹരണത്തിന് ദഹനപ്രശ്നങ്ങളും പുറംവേദനയും അമിതമായ വിയർപ്പും പോലുള്ളവ ഓർത്തെടുക്കുവാൻ കഴിയാറുണ്ട്. എന്നാൽ ഈ ലക്ഷണങ്ങൾ അനുഭവപ്പെട്ട സമയത്ത് രോഗികൾ ഇവ പലപ്പോഴും മറ്റു പലതുമായി ബന്ധപ്പെടുത്തുമായിരിക്കും. ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്ന അപകട ഘടകങ്ങൾ ഉള്ളവർ ഇത്തരം ലക്ഷണങ്ങളെക്കുറിച്ച് കൂടുതൽ ജാഗ്രത പുലർത്തേണ്ടതുണ്ട്. ഹൃദയാഘാതമോ ഹൃദ്രോഗങ്ങളൊ വന്നിട്ടുള്ളവരുടെ കുടുംബത്തിലെ അംഗങ്ങൾ, അമിതവണ്ണമുള്ളവർ, ജീവിതശൈലി രോഗങ്ങൾ ഉള്ളവർ, പുകവലിക്കാർ, പ്രമേഹരോഗികൾ, ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ, കൊളസ്‌ട്രോൾ കൂടുതൽ ഉള്ളവർ തുടങ്ങിയവരൊക്കെ ഹൃദയാഘാത സാധ്യത കൂടുതൽ ഉള്ള വിഭാഗത്തിൽപ്പെടുന്നവരാണ്. ഇത്തരക്കാർ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇ.സി.ജി പരിശോധന നടത്തുന്നത് നല്ലതാണ്. മുമ്പൊരിക്കൽ ഹൃദയാഘാതമുണ്ടായത് പിന്നീട് കണ്ടെത്തിയാൽ ട്രെഡ്മിൽ ടെസ്റ്റ് മുതലായ മറ്റു പരിശോധനകൾ നടത്തുന്നതും നല്ലതാണ്.

എഴുതിയത്: ഡോ. സുനീഷ് കള്ളിയത്ത്

(കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രിയിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റാണ് ലേഖകൻ)

Content Highlights: heart attack early symptoms and treatment, silent heart attack


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022


38:00

അച്ഛന്റെ സിനിമയ്ക്കല്ല, അന്നും പോയിരുന്നത് ലാലേട്ടന്റെയും മമ്മൂക്കയുടെയും സിനിമ കാണാൻ | Binu Pappu

Oct 7, 2022

Most Commented