-
ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുമ്പോള്‍ നാഡി നോക്കുന്നതുപോലെ നാക്ക് പുറത്തേക്ക് നീട്ടി പരിശോധിക്കാറുണ്ട്. നാവ് പരിശോധനയില്ലാതെ ഒരു വൈദ്യപരിശോധന പൂര്‍ണമാവില്ല. കാരണം ശരീരത്തെ ബാധിക്കുന്ന നിരവധി രോഗാവസ്ഥകളെക്കുറിച്ചും ശരീരത്തിന്റെ പോഷകസ്ഥിതിയെക്കുറിച്ചുമൊക്കെ നാക്ക് പരിശോധിക്കുന്നതിലൂടെ പരിചയസമ്പന്നനായ ഡോക്ടര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും. മുഖം മനസ്സിന്റെ കണ്ണാടിയാണെങ്കില്‍ നാക്ക് ശരീരത്തിന്റെ കണ്ണാടിയാണെന്ന് പറയാം. നാക്കിന്റെ നിറം, വലിപ്പം, ഘടന തുടങ്ങിയവയെല്ലാം നിരവധി രോഗാവസ്ഥകളെ സൂചിപ്പിക്കുന്നു.
വെളുത്തപാടുകള്‍
നാവിന്റെ ഉപരിതലത്തിലും വശങ്ങളിലും അതോടൊപ്പം കവിളിനകത്തും കാന്‍ഡിഡ (Candida) എന്ന ഫംഗസ്ബാധയെ തുടര്‍ന്ന് വെളുത്തപാടുകള്‍ പ്രത്യക്ഷപ്പെടാം. ദീര്‍ഘനാളായി ശയ്യാവലംബിയായി കിടക്കുന്നവരിലും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലും സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവരിലുമൊക്കെയാണ് കാന്‍ഡിഡ് ഫംഗല്‍ ബാധ കാണാറുള്ളത്. ആസ്തമയ്ക്ക് സ്റ്റിറോയ്ഡ് ഇന്‍ഹേലറുകള്‍ ഉപയോഗിക്കുന്നവരിലും ഫംഗസ് ബാധ കാണാറുണ്ട്. നാവില്‍ കാണുന്ന ഈ വെളുത്ത പാടുകള്‍ തൈരിന്റെ അവശിഷ്ടങ്ങള്‍ പോലെ തോന്നിക്കും. വെള്ളത്തില്‍ മുക്കിയ തുണികൊണ്ട് ഇവ വളരെ എളുപ്പത്തില്‍ തുടച്ചുമാറ്റാന്‍ കഴിയും. ദീര്‍ഘനാളായി കിടപ്പിലായവരുടെ പല്ലും വായുമൊക്കെ ദിവസവും വൃത്തിയാക്കുക, ആന്റി ഫംഗല്‍ ലേപനങ്ങള്‍ ഉപയോഗിച്ച് വായ തുടയ്ക്കുക, ഇന്‍ഹേലറുകള്‍ ഉപയോഗിച്ചശേഷം വായ കഴുകുക തുടങ്ങിയവയാണ് കാന്‍ഡിഡ് ഫംഗസ് ബാധ തടയാനുള്ള മാര്‍ഗങ്ങള്‍.
വായില്‍ കാണുന്ന മറ്റു ചില വെളുത്ത പാടുകള്‍ അര്‍ബുദത്തിന്റെ മുന്നോടിയാകാം. നാവിന്റെ വശങ്ങളിലും നാവിനടിയിലുമായി കാണുന്ന ഇത്തരം വെളുത്ത പാടുകളെ ലൂക്കോ പ്ലേക്കിങ് എന്നാണ് വിളിക്കുന്നത്. ഫംഗസ് ബാധയില്‍ കണ്ടപോലെ ഇവ പെട്ടെന്ന് തുടച്ചുനീക്കാനാവില്ല. വെറ്റില മുറുക്കുന്നവരില്‍ കൂടുതലായി കാണുന്ന വെളുത്ത പാടുകളുടെ കാരണം സബ് മ്യൂക്കസ് ഫൈബ്രോസിസ് ആണ്. ഈ പാടുകള്‍ക്ക് നീറ്റലും വേദനയുമുണ്ടാകും. നാവില്‍ കാണുന്ന ഏത് വെളുത്തപാടുകളും ഡോക്ടറെ കാണിക്കാന്‍ മടിക്കരുത്.
വിളര്‍ച്ച
ഒരുപക്ഷെ നാവുപരിശോധനയിലൂടെ ആര്‍ക്കുവേണമെങ്കിലും പെട്ടെന്ന് കണ്ടുപിടിക്കാവുന്ന രോഗമാണ് വിളര്‍ച്ച. രക്തത്തിന് ചുവപ്പുനിറം നല്‍കുന്ന വര്‍ണവസ്തുവായ ഹീമോഗ്ലോബിന്റെ കുറവാണ് നാവിന്റെ വെളുത്തനിറത്തിനു കാരണം. നമ്മുടെ നാട്ടില്‍ സ്ത്രീകളിലും കുട്ടികളിലും വൃദ്ധജനങ്ങളിലുമാണ് വിളര്‍ച്ച കൂടുതലായി കാണുന്നത്. ഭക്ഷണത്തില്‍ ഇരുമ്പിന്റെ കുറവാണ് വിളര്‍ച്ചയുടെ പ്രധാന കാരണം. ക്ഷീണവും തളര്‍ച്ചയുമാണ് ലക്ഷണം. അയണ്‍ കുറഞ്ഞ ജീവകങ്ങളായ ബി2, ബി12, ഫോളിക് ആസിഡ്, നിറ്റാസിന്‍ എന്നിവയുടെ അഭാവം മൂലവും നാവ് മിനുസമേറിയതാകും. ബി12ന്റെ കുറവുള്ളവരില്‍ നാക്കിന്റെ ഉപരിതലത്തില്‍ കറുത്തപാടുകളും ഉണ്ടാവാം. ബി12ന്റെ അഭാവത്തെ തുടര്‍ന്ന് ചുണ്ടുകളുടെ കോണില്‍ വിള്ളലും പൊട്ടലും ഉണ്ടാകാം. അതിനെ തുടര്‍ന്ന് എരിവുള്ള ഭക്ഷണം കഴിക്കുമ്പോള്‍ നീറ്റലനുഭവപ്പെടാനും സാധ്യതയുണ്ട്.
മഞ്ഞപിത്തം
രക്തത്തിലെ ബിലിറുബിന്റെ അളവ് കൂടുമ്പോഴാണല്ലോ മഞ്ഞപ്പിത്തമുണ്ടാകുന്നത്. മഞ്ഞപ്പിത്തവും മറ്റു കരള്‍രോഗങ്ങളും പെട്ടെന്നുതന്നെ കണ്ടുപിടിക്കാന്‍ നാവുപരിശോധന സഹായിക്കും. നാക്ക് ഉയര്‍ത്തി നോക്കുമ്പോള്‍ നാക്കിനടിയിലെ നേരിയ പിങ്ക് നിറമുള്ള ശ്ലേഷ്മസ്തരത്തില്‍ മഞ്ഞനിറമുള്ളതായി കാണാം. രക്തത്തിലെ ബിലിറുബിന്റെ അളവ് 2 മി.ഗ്രാമില്‍ കൂടുമ്പോഴാണ് ഇങ്ങനെ മഞ്ഞനിറമുണ്ടാകുന്നത്. നാക്ക് കൂടാതെ കണ്ണിലെ ശ്ലേഷ്മസ്തരം, കൈപ്പത്തിയിലെയും പാദങ്ങളിലെയും ചര്‍മം തുടങ്ങിയ ഭാഗങ്ങളിലും മഞ്ഞനിറമുണ്ടാകും.
നിര്‍ജലീകരണം
നമ്മുടെ ശരീരത്തിലെ ജലാംശത്തിന്റെ അളവ് പെട്ടെന്നറിയാനും നാവുപരിശോധന സഹായിക്കും. നാവിന്റെ സ്വാഭാവികനനവ് നഷ്ടപ്പെട്ട് വരണ്ടിരിക്കുന്നത് നിര്‍ജലീകരണത്തിന്റെ സൂചനയാണ്. പനിയുള്ളവരിലും ഛര്‍ദ്ദിയും വയറിളക്കവുമുള്ളവരിലും ക്ഷീണത്തിന്റെ പ്രധാനകാരണം നിര്‍ജലീകരണമാണ്. ഉണങ്ങി വരണ്ട നാവിനോടൊപ്പം ചുണ്ടും വായയുമൊക്കെ ഉണങ്ങുന്നതും അമിതദാഹമനുഭവപ്പെടുന്നതുമൊക്കെ നിര്‍ജലീകരണത്തിന്റെ മൂലകാരണങ്ങളാണ്. വീട്ടില്‍ ആര്‍ക്കെങ്കിലും പനിയോ തളര്‍ച്ചയോ ഉണ്ടെങ്കില്‍ നാവ് പുറത്തേക്ക് നീട്ടി നോക്കുക. ജലാംശമില്ലാതെ ഉണങ്ങിവരണ്ടാണിരിക്കുന്നതെങ്കില്‍ അല്പം ഉപ്പുചേര്‍ത്ത് ധാരാളം വെള്ളം കുടിക്കാന്‍ കൊടുക്കുക. ക്ഷീണം മാറും.
നാവിലെ അള്‍സര്‍
നാവില്‍ ഏറ്റവും കൂടുതലായി കാണുന്ന വേദനയുളവാക്കുന്ന വെളുത്ത വൃത്തമാണ് അഫ്ത്തസ് അള്‍സറുകള്‍. ശരീരപ്രതിരോധ ശേഷിയുടെ അമിത പ്രതികരണമാണ് കാരണം എന്ന് അനുമാനിക്കപ്പെടുന്നു. അത്യധികം വേദനയുണ്ടാക്കുന്ന ഈ വ്രണങ്ങള്‍ ഒന്നായോ കൂട്ടമായോ നാവിന്റെ വശങ്ങളിലോ അടിഭാഗത്തായോ ആണ് പ്രത്യക്ഷപ്പെടുന്നത്. സാധാരണ 7 മുതല്‍ 12 ദിവസങ്ങള്‍ക്കുള്ളില്‍ ഈ വൃത്തങ്ങള്‍ ഒരു പാടുപോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമാകാം. സ്റ്റിറോയ്ഡ് ലേപനങ്ങള്‍ പുറമേ പുരട്ടുന്നത് ആശ്വാസമേകും.
മറ്റു പല കാരണങ്ങള്‍ കൊണ്ടും നാവില്‍ വൃത്തങ്ങളുണ്ടാകാം. സ്ഥാനം തെറ്റിനില്‍ക്കുന്ന പല്ലുകളോ കൃത്രിമ ദന്തങ്ങളോ നാവില്‍ വ്രണമുണ്ടാക്കാം. ഇതിന്റെയെല്ലാം പൊതുലക്ഷണം വേദനയാണ്. എന്നാല്‍ വേദനയില്ലാതെ രണ്ടാഴ്ച കഴിഞ്ഞിട്ടും കരിയാതെ നാവില്‍ വ്രണങ്ങള്‍ ഉണ്ടെങ്കില്‍ അത് കാന്‍സറിനുള്ള സാധ്യതയാണ് സൂചിപ്പിക്കുന്നത്. നാവിന്റെ വശങ്ങളിലോ മുകള്‍ഭാഗത്തോ ഇത്തരം വൃത്തങ്ങള്‍ ഉണ്ടാകാം. പുകയില ഉപയോഗിക്കുന്നവരിലാണ് നാവിലെ കാന്‍സറിനുള്ള സാധ്യത കൂടുതല്‍.
നാവിന്റെ ആരോഗ്യം
- ദിവസവും 8 -10 ഗ്ലാസ് ശുദ്ധജലം കഴിക്കുക.
- പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.
- ഗ്രീന്‍ ടീ ശീലമാക്കുക.
- ദിവസവും രണ്ടു നേരം പല്ലുതേക്കുക. പല്ലുതേയ്ക്കുമ്പോള്‍ നാക്കും മൃദുവായി ബ്രഷ് ചെയ്യാം.
- നാക്ക് ശക്തിയായി വടിക്കരുത്. നാക്ക് വടിക്കാന്‍ മൃദുവായ ടങ് സ്‌ക്രബേഴ്‌സ് ഉപയോഗിക്കുക.
- പുകവലി, പുകയില എന്നിവ പൂര്‍ണമായും ഒഴിവാക്കുക.
- അമിതചൂടും തണുപ്പുമുള്ള ഭക്ഷണം ഒഴിവാക്കുക.
- വര്‍ഷത്തിലൊരിക്കല്‍ ഡെന്റിസ്റ്റിനെ കണ്ട് ചെക്കപ്പ് നടത്തുക.
Content Highlights: healthy tongue signs


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..