ദിവസവും മുട്ട കഴിച്ചാല്‍ കുട്ടികള്‍ക്ക് പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ച ഉണ്ടാവുമോ?; അറിയാം ആഹാരക്രമം


രാജി പുതുക്കുടി/ ‍ഡോ. സൗമ്യ സരിൻ

Premium

പ്രതീകാത്മക ചിത്രം | Photo: canva.com/

അട, പഴം പുഴുങ്ങിയത്, അവിൽ നനച്ചത്, ചായ, കാപ്പി. ഇതൊക്കെ മാറി ബർഗർ, ന്യൂഡിൽസ്, പിസ്സ, കോള, പെപ്സി തുടങ്ങിയവയിലേക്ക് ഭക്ഷണശീലങ്ങൾ വഴിമാറിയിട്ട് കാലം കുറച്ചായി, ഒപ്പം ജീവിതശൈലീ രോഗങ്ങളും കൂടി. ഇതിനിടെയാണ് ഭക്ഷ്യവിഷബാധ മൂലമുണ്ടാവുന്ന രോഗങ്ങളും മരണങ്ങളും കൂടിയത്. ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനയിൽ പഴകിയതും ആരോഗ്യകരമല്ലാത്ത രാസവസ്തുക്കൾ ചേർത്തതുമായ ഭക്ഷണങ്ങൾ കണ്ടെത്തുന്ന സാഹചര്യവും വർദ്ധിച്ചു. പക്ഷെ നമ്മുടെ ഭക്ഷണശീലത്തിൽ കാര്യമായ മാറ്റമൊന്നും ഇതുകൊണ്ട് ഉണ്ടായിട്ടില്ല. പുതിയ തലമുറയ്ക്ക് ഇത്തരം ഭക്ഷണങ്ങളോടുളള ആകർഷണവും കൂടിവരുന്നു.

സ്‌കൂൾ വിദ്യാർത്ഥികളുടെ ടിഫിൻ ബോക്സിൽ പോലും ജങ്ക് ഫുഡുകൾ ഇടം പിടിക്കാറുണ്ട്. നല്ലൊരു വിഭാഗം കുട്ടികളും കഴിക്കാനാഗ്രഹിക്കുന്നതും ഇത്തരം ഭക്ഷണങ്ങളാണ്. ഫാസ്റ്റ് ഫുഡ് അല്ലെങ്കിൽ ജങ്ക് ഫുഡെന്ന് പേരിട്ട് വിളിക്കുന്ന ഇത്തരം ഭക്ഷണങ്ങളിൽനിന്ന് നമ്മുടെ കുട്ടികൾക്ക് അവരുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ കിട്ടുന്നുണ്ടോ? കുട്ടികളുടെ ആഹാരക്രമത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷ്യവസ്തുക്കൾ എന്തൊക്കെയാണ്? നിയോ നാറ്റോളജിസ്റ്റ് ഡോ. സൗമ്യ സരിൻ സംസാരിക്കുന്നു.

പൊണ്ണത്തടി, വിറ്റാമിൻ ഡെഫിഷ്യൻസി; ഗുണമല്ല ദോഷമാണ് കൂടുതൽ

മിക്ക വീടുകളിലും രക്ഷിതാക്കളിൽ രണ്ടു പേരും ജോലി ചെയ്യുന്നവരാണ്. മുമ്പ് കുട്ടികൾ സ്‌കൂൾ വിട്ട് വീട്ടിലെത്തുമ്പോൾ കഴിക്കാൻലഘുവായ പലഹാരങ്ങൾ വീട്ടിൽത്തന്നെ അമ്മമാർ ഉണ്ടാക്കി കൊടുക്കുമായിരുന്നു. ഇന്ന് രക്ഷിതാക്കളുടെ ജോലിത്തിരക്ക് കാരണം ഇത് സാധിക്കണമെന്നില്ല. കുട്ടികൾ വിശന്നിരിക്കുമ്പോൾ രക്ഷിതാക്കൾ ഇൻസ്റ്റന്റ് ഭക്ഷണം അല്ലെങ്കിൽ പെട്ടെന്ന് ഉണ്ടാക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നു. അത് ന്യൂഡിൽസോ പാസ്തയോ എന്തുമാവാം. അതുമല്ലെങ്കിൽ ഓർഡർ ചെയ്ത് വരുത്താൻ പറ്റുന്ന ഇത്തരം ഭക്ഷണങ്ങളോ പലതരം പാക്കറ്റ് ചിപ്സുകൾ പോലുള്ള ബേക്കറി സാധനങ്ങളോ്. രുചികരമാണ് ഇത്തരം ഭക്ഷണങ്ങൾ എന്നതാണ് ഇതിലെ പ്രധാന അപകടം. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും ഇത്തരം ഭക്ഷണങ്ങളോട് എളുപ്പത്തിൽ ആസക്തി ഉണ്ടാവും. അതു തന്നെയാണ് മറ്റ് ഭക്ഷണങ്ങളോടുള്ള താത്പര്യം നഷ്ടപ്പെടുന്നതിന്റെ കാരണം.

ഇതിനേക്കാൾ പ്രശ്നം ഇത്തരം ഭക്ഷണങ്ങളിൽ വലിയ അളവിൽ കലോറി അടങ്ങിയിട്ടുണ്ട് എന്നതാണ്. സോഫ്റ്റ്് ഡ്രിങ്ക് പാനീയങ്ങളും ജങ്ക് ഫുഡും കൂടുതൽ കലോറി അടങ്ങിയ ഭക്ഷണങ്ങളാണ്. വളരെ കുറച്ച് കഴിച്ചാൽ പോലും കൂടിയ അളവിൽ കലോറി ശരീരത്തിൽ എത്തും. ഇന്ന് ഭൂരിഭാഗം കുട്ടികളും നന്നായി കളിക്കുന്നവരോ വലിയ ദേഹാധ്വാനം ഉള്ളവരോ വ്യായാമംചെയ്യുന്നവരോ ഒന്നുമല്ല. ഉയർന്ന അളവിൽ ഊർജം ശരീരത്തിൽ ഉണ്ടാവുന്നതും ഇതു പ്രയോജനകരമല്ലാതെ ആയിപ്പോവുന്നതും പൊണ്ണത്തടി പോലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് കുട്ടികളെ എത്തിക്കും.

പലതരം വിറ്റമിൻ അപര്യാപ്തത, രോഗപ്രതിരോധ ശേഷി കുറയൽ തുടങ്ങിയവയാണ് ഇതിന്റെ ഫലം. രക്തസമ്മർദം കൂടുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുക, കൊളസ്ട്രോൾ കൂടുക, ആസ്ത്മ, ഹൃദ്രോഗങ്ങൾ എന്നിവയും വളരെ ചെറിയ പ്രായത്തിൽ തന്നെ പിടിമുറുക്കും. പോഷകഘടകങ്ങൾ നന്നേ കുറഞ്ഞതിനാൽ ഇത്തരം ഭക്ഷണങ്ങൾ ശീലമാകുമ്പോൾ പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ഭക്ഷണത്തോട് വിമുഖത കൂടുകയും ആരോഗ്യകരമല്ലാത്ത അവസ്ഥയിലേക്ക് കുട്ടികൾ എത്തുകയും ചെയ്യും.

ശരിയായ വളർച്ചയ്ക്ക് കാർബോഹ്രൈഡ്രേറ്റ് മാത്രം പോര, വേണം വെള്ളവും പ്രോട്ടീനും ധാതുക്കളും വിറ്റാമിനുകളും

സമീകൃത ആഹാരം അല്ലെങ്കിൽ ബാലൻസ്ഡ് ഡയറ്റിലുള്ള ആഹാരമാണ് കുട്ടികളായാലും മുതിർന്നവരായാലും കഴിക്കേണ്ടത്. അതിൽ കൃത്യമായ അളവിൽ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫാറ്റ്, മൾട്ടി വിറ്റാമിനുകൾ, ധാതുലവണങ്ങൾ തുടങ്ങിയവ കൃത്യമായി ഉണ്ടാവേണ്ടതുണ്ട്. അരി, ഗോതമ്പ്, കപ്പ, ഉരുളക്കിഴങ്ങ് തുടങ്ങിയ ധാന്യങ്ങളിലും കിഴങ്ങ് വർഗങ്ങളിലുമാണ് കാർബോഹൈഡ്രേറ്റുകൾ കൂടുതലായി ഉള്ളത്. മാംസ്യം കൂടുതലുള്ളത് പാൽ, മുട്ട, പയറു വർഗങ്ങൾ എന്നിവയിലും.

വിവിധ തരം ഇറച്ചികളിലും നല്ല രീതിയിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പാചകത്തിന് ഉപയോഗിക്കുന്ന എണ്ണകൾ ആവശ്യത്തിനുള്ള കൊഴുപ്പ് തരുന്നവയാണ്. പച്ചക്കറികളിലും ഇലക്കറികളിലും പഴവർഗങ്ങളിലും ധാതുലവണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നല്ല രീതിയിൽ ഉൾപ്പെടുന്ന ഭക്ഷണരീതിയാണ് കുട്ടികളെ ശീലിപ്പിക്കേണ്ടത്. ദൗർഭാഗ്യവശാൽ കുട്ടികൾക്ക് നമ്മൾ കൊടുക്കുന്നതും ശീലിപ്പിക്കുന്നതും ഹൈ കലോറി, ഹൈ കാർബോ ഹ്രൈഡ്രേറ്റ് ഭക്ഷണങ്ങളാണ് പ്രോട്ടീനും വിറ്റാമിനുകളും ധാതുലവണങ്ങളും കുട്ടികൾക്ക് വേണ്ടത്ര കിട്ടുന്നില്ലെന്നു സാരം.

സ്നാക്സ് എന്നാൽ വറുത്തതും പൊരിച്ചതുമല്ല, ഉൾപ്പെടുത്തേണ്ടത് പഴങ്ങളും പച്ചക്കറികളും

കുട്ടികളുടെ ടിഫിൻ ബോക്സിൽ നൽകുന്ന സ്നാക്സ് കൂടുതലായും വറുത്തതോ പൊരിച്ചതോ ആയതോ അല്ലെങ്കിൽ ബേക്കറി സാധനങ്ങളോ ആണ്. സ്നാക്സ് എന്നാൽ അതാണെന്നാണ് നമ്മളിൽ ഉറച്ചുപോയ ധാരണ. ഈ ധാരണ മാറ്റേണ്ട സമയം അതിക്രമിച്ചു. സ്നാക്സ് വളരെ ആരോഗ്യപ്രദമായി മാറേണ്ടതും കുട്ടികൾക്ക് നൽകേണ്ടതും ആണ്. പ്രഭാതക്ഷണത്തിനും ഉച്ചയൂണിനും ഇടയ്ക്ക് കഴിക്കാനായി നഴ്സറിയിലേക്കോ സ്‌കൂളിലേക്കോ കൊടുത്തുവിടുന്ന ബിസ്‌ക്കറ്റിനും ചിപ്സിനും പകരം പഴങ്ങൾ ഉൾപ്പെടുത്താം. ഒന്നോ രണ്ടോ ചെറുപഴം അല്ലെങ്കിൽ ഒരു നേന്ത്രപ്പഴത്തിന്റെ പകുതി. അതോടൊപ്പം പേരയ്ക്ക, ഒന്നോ രണ്ടോ ആപ്പിളിന്റെ കഷ്ണം, ഒരു ഓറഞ്ച്. അങ്ങനെ ഫ്രൂട്ട്സ് ഉൾപ്പെടുത്തി സ്നാക്സ് തയ്യാറാക്കാവുന്നതാണ്.

പഴവർഗങ്ങൾ മടുത്തെങ്കിൽ 'വെജിറ്റബിൾ ബൗൾ' കൊടുത്തുവിടാം. കാരറ്റ്, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികൾ ചെറുതായി അരിഞ്ഞ് ടിഫിൻബോക്സ് കളർഫുള്ളാക്കി നൽകിയാൽ വയറും നിറയും ഹെൽത്തിയും ആയിരിക്കും. കുട്ടികൾക്ക് സ്നാക്സ് ആയി കൊടുത്തുവിടാവുന്ന മറ്റൊന്ന് ചോളമാണ്. പ്രോട്ടീൻ കണ്ടന്റ് ധാരാളം ഉള്ള ഒന്നാണ് ചോളം. ഇത് വേവിച്ചാൽ രുചികരമായിരിക്കും.

മറ്റൊന്ന് ധാന്യങ്ങൾ വേവിച്ചതാണ്. കടല പുഴുങ്ങി കൊടുക്കാം, അവിൽ കൊണ്ട് പോഹ പോലെയുള്ള വ്യത്യസ്ത വിഭവങ്ങൾ തയ്യാറാക്കി അതിൽ ധാന്യങ്ങൾ വേവിച്ചു ചേർത്ത് രുചികരവും പോഷകസമൃദ്ധവുമാക്കാം. ഏതിലാണ് പ്രോട്ടീൻ, ഏതിലാണ് കാർബോ ഹൈഡ്രേറ്റ്, ഏതിലാണ് വിറ്റാമിനുകൾ എന്ന ധാരണ ഉണ്ടാവണം. ഇതെല്ലാം ഒരുമിച്ച് കിട്ടുന്ന ഭക്ഷണങ്ങൾ ഉണ്ടാക്കാൻ ഇത് സഹായകരമാവും.

ഇറച്ചിയും മീനും കറിവെച്ചത് കഴിപ്പിക്കാം

എണ്ണയുടെ അളവ് കുറയ്ക്കുകയാണ് കുട്ടികളുടെ ഭക്ഷണക്രമത്തിൽ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. വറുത്തതും പൊരിച്ചതുമായ ഇറച്ചിയും മീനും ആണ് കുട്ടികൾക്ക് കൂടുതലും താത്പര്യം. അതിന് പകരം കറിവെച്ച ഇറച്ചിയും മീനും കഴിക്കാൻ കുട്ടികളെ ശീലിപ്പിക്കുക. അധിക എണ്ണ ശരീരത്തിൽ എത്തുന്നത് കുറയ്ക്കുകയും ചെയ്യാം. ഇറച്ചിയും മീനും ആരോഗ്യകരമായ രീതിയിൽ കഴിക്കുകയുമാവാം.

ഭക്ഷണം മാത്രമല്ല വെള്ളവും പ്രധാനം

സമീകൃത ആഹാരം നൽകുന്നത് പോലെ തന്നെ പ്രധാനമാണ് കുട്ടികളെ വേണ്ടത്ര വെള്ളം കുടിപ്പിക്കുക എന്നത്. ശരിയായ ദഹനത്തിനായി ശരിയായ അളവിൽ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികളുടെ കാര്യത്തിൽ ശരീരത്തിന്റെ തൂക്കമനുസരിച്ചാണ് കുടിക്കേണ്ട വെള്ളത്തിന്റെ അളവ് കണക്കാക്കുക. ആദ്യത്തെ പത്ത് കിലോ ഗ്രാം വരെ ഓരോ കിലോ ഗ്രാമിനും പത്ത് മില്ലി ലിറ്റർ എന്ന അളവിലാണ് വെള്ളം നൽകേണ്ടത്. പത്ത് കിലോ തൂക്കം ഉള്ള കുട്ടി ഒരു ലിറ്റർ വെള്ളമെങ്കിലും ഒരു ദിവസം കുടിച്ചിരിക്കണം. പത്ത് മുതൽ ഇരുപത് കിലോ വരെയുള്ള കുട്ടിയാണ് എങ്കിൽ 1500 മില്ലി ലിറ്റർ വെള്ളം കുടിക്കണം. 20 കിലോ ഗ്രാമിന് മുകളിൽ തൂക്കം വരുന്ന കുട്ടിക്ക് 20 മില്ലിലിറ്റർ\കിലോഗ്രാം എന്ന അളവിലാണ് വെള്ളം നൽകേണ്ടത്. ഇങ്ങനെ ഒരു ദിവസം കുട്ടി കുടിക്കേണ്ട വെള്ളത്തിന്റെ ഏകദേശ അളവ് കണക്കാക്കാം.

കുട്ടികളോട് സ്നേഹം പ്രകടിപ്പിക്കാനുള്ള മാർഗമായി ചോക്ലേറ്റിനെ കാണേണ്ട

ജങ്ക് ഫുഡ് പോലെ തന്നെ ആസക്തി ഉണ്ടാക്കുന്നതാണ് ചോക്ലേറ്റ്. കുട്ടിക്ക് ചോക്ലേറ്റ് നൽകരുതെന്ന് നിഷ്‌കർഷിക്കാൻ പറ്റില്ല. കാരണം ആ പ്രായത്തിൽ സ്വാഭാവിക താത്പര്യം ഉണ്ടാവും. ഇടയ്ക്കൊക്കെ കുട്ടികൾക്ക് ചോക്ലേറ്റ് നൽകാം. പക്ഷെ, ഇന്ന് കാണുന്ന പ്രവണത കുട്ടികളെ സന്തോഷിപ്പിക്കാനായി ദിവസേന ചോക്ലേറ്റ് കൊടുക്കുന്നതാണ്. കുട്ടികളോടുള്ള സ്നേഹപ്രകടനമായോ അവർക്കുള്ള സമ്മാനമായോ ആണ് ചോക്ലേറ്റ് നൽകുന്നത്. ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നം വളരെ വലുതാണ്. ഉയർന്ന തോതിൽ കലോറിയും പഞ്ചസാരയും ചോക്ലേറ്റിൽ അടങ്ങിയിരിക്കുന്നു. നേരത്തെ പറഞ്ഞതു പോലെ, കുറഞ്ഞ അളവിൽ കഴിച്ചാലും കൂടിയ അളവിൽ ശരീരത്തിൽ എത്തും.

ഷുഗറിന്റെ അളവ് കുറയുമ്പോഴാണ് വിശക്കുന്നുവെന്ന മുന്നറിയിപ്പ് തലച്ചോറു നൽകുന്നത്. മധുരം കൂടിയ ഭക്ഷണങ്ങൾ കഴിച്ചാൽ വിശപ്പ് അനുഭവപ്പെടില്ല. ഉച്ചസമയത്ത് മുതിർന്നവരായാൽ പോലും ഒരു ലഡുവോ ജിലേബിയോ കഴിച്ചാൽ കുറേ സമയത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല. കുട്ടികളുടെ കാര്യം പറയാനുമില്ല. നല്ല ഭക്ഷണം കഴിക്കാത്തതു കൊണ്ടുള്ള എല്ലാ പ്രശ്നങ്ങളും അമിതമായി ചോക്ലേറ്റ് കഴിച്ചാലും ഉണ്ടാവും. ഇത് ഇടയ്ക്കൊക്കെ കൊടുക്കുന്നതിൽ തെറ്റില്ല. പക്ഷെ, ശീലമാക്കരുത്.

മുട്ട കഴിച്ചാൽ പെൺകുട്ടികൾക്ക് പ്രായത്തിൽ കവിഞ്ഞ വളർച്ച ഉണ്ടാവില്ല

കടയിൽനിന്ന് വാങ്ങുന്ന മുട്ട ദിവസവും നൽകിയാൽ കുട്ടികൾക്ക് പ്രായത്തിൽ കൂടിയ വളർച്ചയുണ്ടാവും, പെൺകുട്ടികൾക്ക് നേരത്തെ ആർത്തവം വരും, ഹോർമോൺ ഇംബാലൻസ് വരും... ഇങ്ങനെയുള്ള പല തെറ്റായ ധാരണകളും ഉണ്ട്. നല്ല പോലെ വേവിച്ചാണ് മുട്ടയായാലും ഇറച്ചിയായാലും നൽകേണ്ടത്. നല്ലത് പോലെ വേവിക്കുകയാണ് ഇതിനുള്ള പരിഹാരം. പ്രോട്ടീൻ സമൃദ്ധമായതിനാൽ കുട്ടികൾക്ക് ഇതെല്ലാം നൽകി തന്നെ വളർത്തണം. ശാരീരിക വളർച്ചയ്ക്കും മാനസികവും ബുദ്ധിപരവുമായ വളർച്ചയ്ക്കും ഇത് അത്യാവശ്യമാണ്. ദിവസവും ഒരു മുട്ട നൽകുന്നതും പാല് നൽകുന്നതും നല്ലതാണ്. പാല് നേർപ്പിക്കാതെ വേണം നൽകാൻ.

പച്ചക്കറികളിൽ വിഷമില്ലേ അതോ?

പഴങ്ങളും പച്ചക്കറികളും ആവശ്യത്തിന് കഴിക്കണമെന്നു പറയുമ്പോൾ പഴവർഗങ്ങളിലും പച്ചക്കറികളിലും ചേർക്കുന്ന രാസവസ്തുക്കളും കീടനാശിനികളും പലർക്കും ആശങ്ക ഉണ്ടാക്കാറാുണ്ട്. ജൈവകൃഷി പോലെയുള്ള കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക. പറ്റുമെങ്കിൽ പച്ചക്കറികൾ കൃഷി ചെയ്യുകയാണ് ഇതിനുള്ള പ്രതിവിധി. അതല്ലാതെ ഇതൊന്നും പ്രായോഗികമല്ലെന്ന് കരുതി പഴങ്ങളും പച്ചക്കറികളും കഴിക്കാതിരിക്കുകയല്ല വേണ്ടത്. ഏറെ നേരം വെള്ളത്തിലിട്ടുവെച്ചോ ചൂടുവെള്ളത്തിൽ കഴുകിയോ നന്നായി വൃത്തിയാക്കി ഉപയോഗിക്കുകയാആണ് ചെയ്യേണ്ടത്.

കുട്ടികൾ കളിക്കട്ടേ

കുട്ടികൾക്ക് നല്ല ഭക്ഷണം ശീലിപ്പിക്കുന്നതിനൊപ്പം നന്നായി വ്യായാമം ചെയ്യാനും ശരീരത്തിന് ആയാസം കിട്ടുന്ന തരത്തിലുള്ള കളികളിൽ ഏർപ്പെടാനും കൂടി ശീലിപ്പിക്കണം. പൊണ്ണത്തടി പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാനും കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കാനും കളികളും വ്യായാമമുറകളും അത്യന്താപേക്ഷിതമാണ്

Content Highlights: healthy diet for children with vitamins and mineral, food, healthy food

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented