രളിന് സംഭവിക്കുന്ന ചില തകരാറുകളുടെ ലക്ഷണമാണ് മഞ്ഞപ്പിത്തം. കരളിനകത്ത് നീര് വരുന്ന അവസ്ഥയെയാണ് ഹെപ്പറ്റൈറ്റിസ് എന്നുപറയുന്നത്. മഞ്ഞപ്പിത്തം ഒരു രോഗമാണ് എന്ന് പറയുന്നതിനേക്കാൾ കൃത്യത അത് ഒരു ലക്ഷണമാണ് എന്ന് പറയുന്നതാണ്. പല കാരണങ്ങൾകൊണ്ട് മഞ്ഞപ്പിത്തം വരാം. വൈറസ് ബാധയെ തുടർന്ന് മഞ്ഞപ്പിത്തം ഉണ്ടാകാം. എലിപ്പനിയുടെയും ഡെങ്കിപ്പനിയുടെയും മലേറിയയുടെയും ലക്ഷണമായി മഞ്ഞപ്പിത്തം കാണാം. കാൻസർ ഉൾപ്പടെയുള്ള രോഗങ്ങളുടെ സൂചനയായും മഞ്ഞപ്പിത്തം വരാം.

വിവിധ തരം വൈറൽ ഹെപ്പറ്റൈറ്റിസുകളുണ്ട്. അവ ഇവയാണ്.

ഹെപ്പറ്റൈറ്റിസ് എ

 • എച്ച്. എ. വൈറസുകളാണ് രോഗകാരണം.
 • മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരാം.
 • സിറോസിസ്,കരൾ കാൻസർ തുടങ്ങിയ ദീർഘകാല സങ്കീർണതകൾ
 • ഉണ്ടാകാറില്ല.
 • എച്ച്. എ. വൈറസിനെതിരെ പ്രതിരോധ വാക്സിൻ ലഭ്യമാണ്.

ഹെപ്പറ്റൈറ്റിസ് ബി

 • എച്ച്. ബി. വൈറസാണ് രോഗകാരി.
 • രക്തം, രക്തഘടകങ്ങൾ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയിലൂടെ പകരാം.
 • അമ്മയിൽ നിന്ന് കുഞ്ഞിലേക്കും പകരാം.
 • സിറോസിസ്, കരൾ കാൻസർ എന്നീ സങ്കീർണതകൾ വരാം.
 • പ്രതിരോധ വാക്സിൻ ലഭ്യമാണ്.

ഹെപ്പറ്റൈറ്റിസ് സി

 • എച്ച്. സി. വൈറസുകളാണ് രോഗകാരണം.
 • രക്തം, രക്തഘടകങ്ങൾ, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയിലൂടെ പകരാം.
 • അമ്മയിൽ നിന്ന് കുഞ്ഞിലേക്കും പകരാം.
 • സിറോസിസ്, കരൾ കാൻസർ എന്നീ സങ്കീർണതകൾ വരാം.
 • പ്രതിരോധ വാക്സിൻ ലഭ്യമല്ല.

ഹെപ്പറ്റൈറ്റിസ് ഡി

 • എച്ച്. ഡി. വൈറസുകളാണ് രോഗകാരണം.
 • ഹെപ്പറ്റൈറ്റിസ് ബി ഉള്ളവരിൽ മാത്രമേ ഹെപ്പറ്റൈറ്റിസ് ഡി ബാധിക്കുന്നുള്ളൂ.
 • രക്തം, രക്തഘടകങ്ങൾ,സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം എന്നിവയിലൂടെയെല്ലാമാണ് ഡിയുംപകരുന്നത്.

ഹെപ്പറ്റൈറ്റിസ് ഇ

 • എച്ച്. ഇ. വൈറസുകളാണ് രോഗകാരണം.
 • മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയുമെല്ലാമാണ് പകരുന്നത്.
 • സിറോസിസ്, കരൾ കാൻസർ തുടങ്ങിയ ദീർഘകാല സങ്കീർണതകൾ ഉണ്ടാകാറില്ല.
 • പ്രതിരോധ വാക്സിൻ ലഭ്യമല്ല.

വൈറൽ ഹെപ്പറ്റൈറ്റിസ് എങ്ങനെ തിരിച്ചറിയാം
സാധാരണമായി രക്തത്തിലെ ബിലുറുബിൻ അളവ് 1.5 - ൽ താഴെയായിരിക്കും. ഇത് രണ്ടിന് മുകളിൽ വരുമ്പോഴാണ് മഞ്ഞപ്പിത്തം എന്നുപറയുന്നത്. ആദ്യമായി മഞ്ഞനിറം വരുന്നത് കണ്ണിന്റെ പുറംപാളിയിലാണ്. പിന്നീട് മൂത്രത്തിന്റെ നിറം
മഞ്ഞയാകും.
രക്തത്തിൽ ബിലുറൂബിന്റെ അളവ് കൂടുന്നതിന് പുറമേ കരളിലെ എൻസൈമുകളുടെ അളവും കൂടും. കരളിൽ എസ്.ജി.ഒ.ടി, എസ്.ജി.പി.ടി എന്നിങ്ങനെ രണ്ട് എൻസൈമുകളുണ്ട്. സാധാരണമായി എസ്.ജി.ഒ.ടിയുടെ അളവ് 35 - ഉം എസ്.ജി.പി.ടിയുടെ അളവ് 40 - മാണ്. ഹെപ്പറ്റൈറ്റിസിൽ എസ്.ജി.ഒ.ടിയുടെയും എസ്.ജി.പി.ടിയുടെയും അളവ് വളരെയധികം കൂടും. പത്ത് മടങ്ങുവരെ ഇതിന്റെ അളവ് കൂടിനിൽക്കുകയാണെങ്കിൽ ഹെപ്പറ്റൈറ്റിസ് ഉണ്ടെന്ന് വിലയിരുത്താനാകും.

ഹെപ്പറ്റൈറ്റിസ് പ്രതിരോധിക്കാൻ
വൈറൽ ഹെപ്പറ്റൈറ്റിസിനെ പ്രതിരോധിക്കാൻ ചില കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

എ, ഇ വിഭാഗം മഞ്ഞപ്പിത്തം തടയാൻ

 • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. ആഹാരത്തിന് മുമ്പും പിൻപും കൈ നന്നായി കഴുകുക.
 • മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. തുറന്നുവെച്ച ആഹാര സാധനങ്ങൾ കഴിക്കരുത്.
 • ഹെപ്പറ്റൈറ്റിസ് ഇ ഗർഭിണികൾക്ക് വരാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് ഗർഭിണികളിൽ ഹെപ്പറ്റൈറ്റിസ് ഇ കൂടുതൽ ഉള്ള സ്ഥലങ്ങളിൽ യാത്ര ചെയ്യുമ്പോൾ മുൻകരുതലുകൾ എടുക്കണം.

ബി, സി വിഭാഗം മഞ്ഞപ്പിത്തം തടയാൻ

 • രക്തം സ്വീകരിക്കുമ്പോഴും രക്തംദാനം ചെയ്യുമ്പോഴും ജാഗ്രത പാലിക്കുക.
 • ഡിസ്പോസിബിൾ സിറിഞ്ച് ഉപയോഗിക്കുക.
 • ഷേവിങ് സെറ്റ്, ബ്ലേഡ്, ടൂത്ത് ബ്രഷ് തുടങ്ങിയവ പങ്കുവെക്കാതിരിക്കുക. ലൈംഗികാര്യങ്ങിൽ സുരക്ഷിതത്വം പാലിക്കുക.
 • ഒരേ സൂചികൊണ്ട് മയക്കുമരുന്ന് കുത്തിവെക്കുന്നവർ, ടാറ്റുചെയ്യുന്നവർ എന്നിവർക്ക് രോഗം പകർന്നുകിട്ടാനുള്ള സാധ്യതകൂടുതലാണ്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കുക.
 • എല്ലാ ഗർഭിണികൾകൾക്കും HBSAgസ്ക്രീനിങ് ചെയ്യുക.

വാക്സിനെടുക്കാം

 • ഹെപ്പറ്റൈറ്റിസ് എ, ബി എന്നിയവയ്ക്ക് പ്രതിരോധ വാക്സിൻ നിലവിലുണ്ട്.
 • ലാബിൽ ജോലിചെയ്യുന്നവർ, ആരോഗ്യപ്രവർത്തകർ, ഡയാലിസിസ് സെന്റുകളിൽ ജോലിചെയ്യുന്നവർ തുടങ്ങി രോഗപകർച്ച സാധ്യത കൂടുതലുള്ള ഇടങ്ങളിൽ ജോലിചെയ്യുന്നവർ പ്രതിരോധവാക്സിൻ നിർബന്ധമായും എടുക്കണം.
 • സി മഞ്ഞപ്പിത്തത്തിന് പ്രതിരോധ വാക്സിൻ നിലവിലില്ല.

(കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം ക്ലിനിക്കൽ പ്രൊഫസറാണ് ലേഖകൻ)

തയ്യാറാക്കിയത്

സി. സജിൽ

ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്

Content Highlights:Health, What is viral hepatitis How many types What to do to prevent it