ശബരിമല തീർഥാടനം;  മലകയറ്റം കരുതലോടെയാക്കാൻ ആരോ​ഗ്യകാര്യത്തിൽ തയ്യാറെടുപ്പുകൾ തുടങ്ങാം


Representative Image| Photo: Mathrubhumi

ശബരിമല തീർഥാടനകാലം ആരംഭിക്കുകയാണ്. ഇത്തവണ കോവിഡ് ­നിയന്ത്രണങ്ങൾക്ക് അയവുള്ളതുകൊണ്ട് തീർഥാടകരുടെ തിരക്ക് ­വർധിക്കാനാണിട. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതിനുശേഷമുള്ള ആദ്യതീർഥാടനംകൂടിയാണിത്. കോവിഡ് വന്നുമാറിയവർക്ക് പലതരത്തിലുള്ള കോവിഡനന്തര പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതുകൊണ്ട് തീർഥാടകർ ആരോഗ്യകാര്യത്തിൽ കൂടുതൽ കരുതലെടുക്കേണ്ടതുണ്ട്.

തയ്യാറെടുപ്പുകൾ തുടങ്ങാംസൗകര്യങ്ങളേറെയുണ്ടെങ്കിലും ശബരിമല തീർഥാടനം ഇപ്പോഴും ക്ലേശകരമാണ്. സമുദ്രനിരപ്പിൽനിന്ന് മൂവായിരം അടി ഉയരത്തിലേക്കുള്ള മലയാത്ര വൈഷ്യമങ്ങൾ നിറഞ്ഞതാണ്. തീർഥാടകരുടെ തിരക്കിന് ആനുപാതികമായി ആശുപത്രിസൗകര്യങ്ങൾ കാനനപാതയിലും സന്നിധാനത്തും ലഭ്യമല്ല. ഹിമാലയൻ മലനിരകളിലെ ചാർധാം യാത്രയ്ക്കിടെ അത്യാഹിതമുണ്ടായ തീർഥാടകരിൽ 99 ശതമാനത്തിനും കോവിഡനന്തര പ്രശ്നങ്ങളുണ്ടായിരുന്നെന്ന് ആരോഗ്യവിദഗ്ധർ കണ്ടെത്തിയിരുന്നു. ശബരിമല തീർഥാടനം സുഖകരവും സുരക്ഷിതവുമാകാൻ തീർഥാടകർ യാത്രയ്ക്കുമുമ്പ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തണം.

മുൻകരുതലുകൾ കൂടുതൽ വേണ്ടവർ

കോവിഡ് ഗുരുതരമായവർക്കാണ് (കാറ്റഗറി സി) കോവിഡനന്തരപ്രശ്നങ്ങൾക്ക് കൂടുതൽ സാധ്യത. കൂടാതെ, 60 കഴിഞ്ഞ മുതിർന്നപൗരന്മാർക്കും അമിത ശരീരഭാരമുള്ളവർക്കും കോവിഡിനെത്തുടർന്ന് ഹൃദയാരോഗ്യപ്രശ്നങ്ങളും ശ്വാസകോശപ്രശ്നങ്ങളും കൂടുതലായി കണ്ടുവരുന്നുണ്ട്.

പ്രമേഹം, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം തുടങ്ങിയ അടിസ്ഥാന ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ലോങ്‌കോവിഡെന്ന കോവിഡനന്തരപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലാണ്. ഇത്തരം പ്രശ്നങ്ങളുള്ളവർ തീർഥാടനത്തിന് ഒരുങ്ങുന്നതിനുമുമ്പ് അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ പൂർണമായും നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കണം. ആസ്‌ത്‌മ സി.ഒ.പി.ഡി. തുടങ്ങിയ ദീർഘകാല ശ്വാസകോശരോഗങ്ങളുള്ളവർക്ക് പോസ്റ്റ് കോവിഡ് പൾമണറി ഫൈബ്രോസിസിന് സാധ്യത കൂടുതലായുള്ളതുകൊണ്ട് കൂടുതൽ ജാഗ്രതവേണം. കോവിഡിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയേണ്ടിവന്നവർക്കും വെന്റിലേറ്റർ സഹായം വേണ്ടിവന്നവർക്കും കോവിഡനന്തര സങ്കീർണതകൾ കൂടുതലായി കണ്ടുവരുന്നുണ്ട്. സ്ത്രീകൾ, പുകവലിക്കാർ, കോവിഡിനൊപ്പം ഒട്ടേറെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടവർ തുടങ്ങിയവർ കൂടുതൽ മുൻകരുതലുകളെടുക്കണം.

അടിസ്ഥാനപരിശോധനകൾ നടത്തണം

മലയാത്രയ്ക്കൊരുങ്ങുന്നതിനുമുമ്പ് തീർഥാടകർ ശാരീരികക്ഷമത ഉറപ്പാക്കാനുള്ള അടിസ്ഥാന വൈദ്യപരിശോധനകൾ നടത്തണം. രക്തസമ്മർദം, രക്തത്തിലെ ഷുഗർ നില, ഹൃദയാരോഗ്യം എന്നിവ കൂടാതെ രക്തത്തിലെ ഓക്സിജൻ സാന്ദ്രതയും പരിശോധിച്ചറിയണം. കോവിഡ് വന്നുമാറിയവർ രക്തംകട്ടപിടിക്കാനുള്ള സാധ്യത അറിയാനുള്ള ഡി ഡൈമർ ടെസ്റ്റും ഇൻഫ്ളമേഷന്റെ തീവ്രത അറിയാനുള്ള ഫെറിറ്റിൻ ടെസ്റ്റും ചെയ്യണം. പൾസ് ഓക്സിമീറ്റർ പരിശോധനയിൽ ഓക്സിജൻ സാന്ദ്രത 94 ശതമാനത്തിനു മുകളിലായിരിക്കണം. നേരിട്ട് ലാബുകളിൽപ്പോയി പരിശോധന നടത്താതെ കുടുംബഡോക്ടറുടെ ഫിസിഷ്യന്റെ നിർദേശപ്രകാരമായിരിക്കണം ടെസ്റ്റുകൾ നടത്തേണ്ടത്.

തീർഥാടകർ പടികൾ കയറിയിറങ്ങിയും നടന്നും മലകയറ്റത്തിനായി ശരീരത്തെ പാകപ്പെടുത്തേണ്ടതുണ്ട്. മലകയറ്റത്തിനിടയിൽ സാമൂഹികാകലം പാലിക്കലും മാസ്ക് ധരിക്കലും അപ്രായോഗികമായതിനാൽ ഇൻഫ്ളുവൻസ ലക്ഷണങ്ങളുള്ളവർ പനി മാറുന്നതുവരെ യാത്രയൊഴിവാക്കണം.

മലകയറ്റം കരുതലോടെയാകണം

പമ്പയിൽനിന്ന് സന്നിധാനത്തേക്ക് അഞ്ചുകിലോമീറ്ററുണ്ട്. പരമ്പരാഗത പാതയിൽ കുത്തനെയുള്ള രണ്ട് കയറ്റങ്ങളാണുള്ളത്. 1.5 കിലോമീറ്ററുള്ള നീലിമലയും 750 മീറ്ററുള്ള അപ്പാച്ചിമേടും. ഈ കയറ്റിറക്കങ്ങൾ യാത്രയുടെ തുടക്കത്തിൽത്തന്നെയായതിനാൽ മലകയറുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെട്ടേക്കാം. ശരീരത്തിനുവേണ്ട വിശ്രമംനൽകി സാവധാനം ഈ കയറ്റങ്ങൾ കയറാൻ ശ്രദ്ധിക്കണം.

സന്നിധാനത്തേക്കുള്ള പാതയിൽ പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം എന്നിവിടങ്ങളിൽ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. പമ്പയിലും സന്നിധാനത്തുമുള്ള ആശുപത്രികളിൽ തീവ്രപരിചരണവിഭാഗം ഉൾപ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളുമുണ്ട്. കൂടാതെ, കാനനപാതയിലുടനീളം ഓക്സിജൻ പാർലറുകളുമുണ്ട്. മലകയറ്റത്തിനിടയിൽ എന്തെങ്കിലും അസ്വസ്ഥതകൾ അനുവഭപ്പെടുന്നവർ അപായസൂചനകൾ അവഗണിക്കാതെ ആവശ്യമായ വൈദ്യസഹായം തേടണം.

അടിയന്തരസാഹചര്യങ്ങളിൽ ഉപയോഗിക്കാനായി ഇൻഹേലറുകൾ ഉൾപ്പെടെയുള്ള മരുന്നുകൾ, ചികിത്സാരേഖകൾ എന്നിവ തീർഥാടകർ കരുതണം. പോസ്റ്റ് കോവിഡ് പൾമണറി ഫൈബ്രോസിസ്, പൾമണറി എംബോളിസം പോലെയുള്ള ഗുരുതരമായ കോവിഡനന്തര സങ്കീർണതകൾ ഉണ്ടായിട്ടുള്ളവർ മലകയറ്റത്തിനായി ഡോളികളെ ആശ്രയിക്കുന്നതാണ് ഉചിതം.

ആലപ്പുഴ മെഡിക്കൽകോളേജ് മെഡിസിൻ വിഭാഗം പ്രൊഫസറായ ലേഖകൻ ശബരിമലയിലെ വിവിധ ആശുപത്രികളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്

Content Highlights: health tips for sabarimala pilgrims


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
crime

1 min

ലൈംഗികബന്ധത്തിനിടെ 67-കാരന്‍ മരിച്ചു: മൃതദേഹം ഉപേക്ഷിച്ചു; വീട്ടുജോലിക്കാരിയും ഭര്‍ത്താവും പിടിയില്‍

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022


image

1 min

ഫുട്‌ബോള്‍ ലഹരിയാകരുത്, കട്ടൗട്ടുകള്‍ ദുര്‍വ്യയം, പോര്‍ച്ചുഗല്‍ പതാക കെട്ടുന്നതും ശരിയല്ല - സമസ്ത

Nov 25, 2022

Most Commented