കോവിഡ് മഹാമാരി ലോകമെമ്പാടും പടര്‍ന്നു പിടിച്ചതോടെ ആരോഗ്യകാര്യത്തില്‍ അല്‍പം ശ്രദ്ധാലുക്കളായി മാറിയിട്ടുണ്ട് നമ്മള്‍. ഇതിന്റെ ഭാഗമായി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ മുതല്‍ വ്യായാമം ചെയ്യല്‍ വരെ നമ്മുടെ ദിനചര്യയുടെ ഭാഗമായി മാറ്റിയവര്‍ നമുക്കിടയിലുണ്ട്. എന്നാല്‍, ഏറെ ശ്രമങ്ങള്‍ നടത്തിയിട്ടും വയറിനു ചുറ്റിലും അടിഞ്ഞ കൊഴുപ്പ് കുറയ്ക്കാന്‍ പറ്റാത്തവരുണ്ട്. വയര്‍ കുറയ്ക്കാന്‍ വീട്ടിലിരുന്നു പരീക്ഷിക്കാവുന്ന ചില പൊടിക്കൈയ്കള്‍ പരിചയപ്പെടാം.

1. ഭക്ഷണത്തിന്റെ അളവ് പ്രധാനം
അളവില്‍ക്കൂടുതല്‍ ഭക്ഷണം കഴിക്കുന്നത് അധിക കലോറി ശരീരത്തില്‍ അടിഞ്ഞുകൂടുന്നതിനും ശരീരഭാരം വര്‍ധിക്കുന്നതിനും കാരണമാകും. പലതവണയായി കുറച്ചുവീതം ഭക്ഷണം കഴിക്കുന്നത് അധിക കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുന്നത് തടയും. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയുകമാത്രമല്ല വയറിനുചുറ്റും അടിയുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും കഴിയും. 

2. ചവച്ച് അരച്ച് ഭക്ഷണം പതുക്കെ കഴിക്കുക
വയറുകുറയ്ക്കണമെങ്കില്‍ അമിതമായി ഭക്ഷണം കഴിക്കരുത് എന്നു പറയുന്നതുപോലെ പ്രധാനപ്പെട്ടതാണ് സാവധാനം ഭക്ഷണം കഴിക്കണമെന്നുള്ളതും. നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുക. ഇത് കഴിക്കുന്ന ഭക്ഷണം നന്നായി ദഹിക്കുന്നതിനു സഹായിക്കും. അതിവേഗത്തില്‍ വലിച്ചുവാരി തിന്നുന്നത് വിശപ്പിന്റെ ഇടവേളകുറയ്ക്കാന്‍ ഇടയാക്കും.

3. നന്നായി ഉറങ്ങുക, മാനസിക സമ്മര്‍ദങ്ങളെ അകറ്റി നിര്‍ത്തുക
വയര്‍കുറയ്ക്കാന്‍ ഭക്ഷണക്രമത്തില്‍ പാലിക്കേണ്ട ചിട്ടകള്‍ക്കൊപ്പം പ്രധാനപ്പെട്ടതാണ് നന്നായി ഉറങ്ങുകയെന്നതും. ഉറക്കക്കുറവ് ശരീരഭാരം വര്‍ധിക്കുന്നതിന് പ്രധാനകാരണമാണെന്ന് ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. ഇത് വയര്‍ ചാടുന്നതിനും വഴിവെക്കും. ഉറക്കക്കുറവ് മാനസിക സമ്മര്‍ദത്തിന് വഴിവെക്കുകയും ഇത് കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ ഉത്പാദനം വര്‍ധിക്കുന്നതിനും ഇടയാക്കും. കോര്‍ട്ടിസോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നത് വിശപ്പ് കൂട്ടും. ദിവസം ഏഴു മുതല്‍ എട്ടുമണിക്കൂര്‍ വരെ ഉറങ്ങുന്നത് മാനസികസമ്മര്‍ദങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും.

4. ഇരിപ്പും കിടപ്പും ശരിയാക്കണം
ഓഫീസില്‍ ജോലി ചെയ്യുകയാണെങ്കിലും വീട്ടു ജോലിയിലാണെങ്കിലും നിര്‍ബന്ധമായും കസേരയിലുള്ള ഇരിപ്പ് കൃത്യമാണോയെന്ന് പരിശോധിക്കേണ്ടതുണ്ട്. സ്ഥിരമായി ഇക്കാര്യം അവഗണിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇരിപ്പുശരിയല്ലെങ്കില്‍ വയറിനു ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടാന്‍ സാധ്യതയേറെയാണ്. 

5. ധാരാളം വെള്ളം കുടിക്കുക
ശരീരഭാരം നിയന്ത്രിക്കുന്നതിന് വെള്ളത്തിനുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ ചയാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു സഹായിക്കും. ഇത് വിശപ്പിന്റെ ഇടവേള കൂട്ടും.

Content Highlights: health fitness weight loss tips to lose belly fat without dieting or even exercise