ശാരീരിക വൈകല്യമുള്ള ഒരുകുട്ടിയെങ്കിലും വീട്ടിലുണ്ടെങ്കില്‍ അത് എത്ര വലിയ ദുഖത്തിലേക്കാണ് ഒരു അച്ഛനെയും അമ്മയെയും തള്ളിവിടുന്നതെന്ന്‌ ആര്‍ക്കും ചിന്തിക്കാവുന്നതേയുള്ളൂ. ഇതിന് വിപരീതമായി അരുണ്‍ഷൂരിയെയും അനിതയെയും പോലുള്ള അച്ഛനമ്മമാരും അവരുടെ കൂട്ടത്തിലുണ്ടെങ്കിലും 68 കാരിയായ ജോര്‍ജിയയിലെ കാമിലിയുടെയും മൈക്ക് ജേറാള്‍ഡിയുടെയും കഥയും കേള്‍ക്കാതെ പോവരുത്. കാരണം ശാരീരികമായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്ന 88 കുട്ടികളെയാണ് കാമിലിയും മൈക്ക് ജെറാള്‍ഡും ദത്തെടുത്ത് വളര്‍ത്തിപോരുന്നത്. വൈകല്യം ആരുടെയും കുറ്റമല്ല എന്ന ഉത്തമബോധ്യത്തോടെ.

കഴിഞ്ഞ നാല്‍പത് കൊല്ലത്തിനിടെ ഇവരുടെ സമ്പാദ്യം ഇത്തരത്തിലുള്ള 88 കുട്ടികളാണ്‌. ഓട്ടിസം ബാധിച്ചും, ബുദ്ധിമാബുദ്ധിമാന്ദ്യം വന്നതും, മറ്റ് ശാരീരിക ബുദ്ധിമുട്ടും അനുഭവിക്കുന്നതുമായ എണ്‍പത്തിയെട്ട് കുട്ടികള്‍. പലരെയും വീട്ടുകാര്‍ ഒഴിവാക്കാന്‍ നോക്കുമ്പോഴും വീട്ടുകാര്‍ക്ക് ഒരു ബുദ്ധിമുട്ടാവുമ്പോഴും ഈ ദമ്പതികള്‍ പോയി കുഞ്ഞുനാള്‍ മുതലേ ഏറ്റെടുക്കും. വയസ് 68 കഴിയുമ്പോഴും ഇപ്പോഴും ഇവര്‍ക്കെല്ലാം വെച്ചുവിളമ്പി ഊട്ടുന്നുണ്ട് കാമിലി. ഇവരോടുള്ള സ്‌നേഹം കൊണ്ട് സ്വന്തമായി കുട്ടികളെ പോലും വേണ്ടന്ന് വെക്കാനും ഈ ദമ്പതികള്‍ക്ക് കഴിഞ്ഞു. ഡോക്ടര്‍മാര്‍ മരിക്കുമെന്ന് പറഞ്ഞ കുട്ടികളെ തങ്ങള്‍ ഏറ്റെടുത്തിട്ടുണ്ടെന്നും അവരെല്ലാം ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നുവെന്നും കാമിലി പറയുന്നു. 

ഫ്‌ളോറിഡയില്‍ കുട്ടികള്‍ക്കായുള്ള ലേബര്‍ ഓഫ് ലൗ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്ത് വരുന്നതിനിടെയാണ് മൈക്ക് ജെറാള്‍ഡിയും കാമിലിയും പരിചയപ്പെടുന്നത്. ഇരുവരും വിവാഹിതരാവാന്‍ തീരുമാനിക്കും മുമ്പ് കാമിലി തന്റെ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടത് ഒന്നുമാത്രമാണ്. തനിക്ക് ശാരീരിക വൈകല്യമുള്ള കുട്ടികളെ ദത്തെടുത്ത് വളര്‍ത്തണം. മൈക്ക് കൂടി ആ സ്വപ്‌നത്തിന് പൂര്‍ണ പിന്തുണ നല്‍കിയതോടെ ലോക ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തിലുള്ള ഒരു കാരുണ്യ പ്രവര്‍ത്തനത്തിന്‌ സാക്ഷ്യമാവുകയായിരുന്നു.

ഇവരുടെ ആദ്യത്തെ ദത്തുപുത്രി  ഡാര്‍ലിന് ഇപ്പോള്‍ 40 വയസായി. ഏറ്റവും ഇളയകുട്ടി ഇസബെല്ലയ്ക്ക് എട്ട് വയസുമുണ്ട്. മയക്കുമരുന്നിന് അടിമപ്പെട്ട ദമ്പതികള്‍ക്ക് പിറന്ന ഇസബെല്ല അതിന്റെ ദുരിതം ഏറ്റുവാങ്ങി അന്ധയും ബധിരയുമായാണ് പിറന്ന് വീണതെങ്കിലും ഇസബെല്ലയുടെ പുഞ്ചിരി കണ്ട് കൊണ്ടാണ് ഇന്ന് ഈ ദമ്പതികളുടെ ദിവസം ആരംഭിക്കുന്നത്.

സ്‌നേഹവും സന്തോഷവും കൊടുക്കാനായാല്‍ എന്ത് പോരായ്മകളെയും നമുക്ക് ഇല്ലാതാക്കാനാവുമെന്ന് തങ്ങളുടെ ജീവിതം കൊണ്ട് തെളിയിക്കാനായെന്നാണ് ഇവരെ കുറിച്ച് അറിയാനെത്തുന്ന മാധ്യമപ്രവര്‍ത്തകരോടും മറ്റ് സന്നദ്ധ പ്രവര്‍ത്തകരോടും ഈ ദമ്പതികള്‍ പറയുന്നത്.

സന്നദ്ധ പ്രവര്‍ത്തന രംഗത്ത് നാല്‍പത് വര്‍ഷത്തോളമായപ്പോള്‍ സാമ്പത്തിക തടസം വലിയ തോതില്‍ ഇവര്‍ക്ക് അനുഭവിക്കേണ്ടി വരുന്നുണ്ടെങ്കിലും പോസിബിള്‍ ഡ്രീം ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടന രൂപീകരിച്ചാണ് ഇതിനായുള്ള പണം ഇവര്‍ കണ്ടെത്തുന്നത്. എങ്കിലും തന്റെ കുട്ടുകള്‍ക്ക് ഒരു കുറവുമുണ്ടാക്കുന്നില്ല ഈ ദമ്പതികള്‍.