Representative Image | Photo: Canva.com
ഉപ്പ് ചേര്‍ക്കാത്ത ഏതെങ്കിലും വിഭവത്തെക്കുറിച്ച് ഇന്ത്യക്കാര്‍ക്ക് ചിന്തിക്കാനാകില്ല. നമ്മുടെ നിത്യേനയുള്ള ഭക്ഷണക്രമത്തിലെ പ്രധാന ഘടകമാണ് ഉപ്പ്. വിഭവങ്ങളുടെ സ്വാദ് കൂട്ടുന്നതോടൊപ്പം നമ്മുടെ ആരോഗ്യകാര്യത്തിലും ഉപ്പ് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍, എത്രത്തോളം ഉപ്പ് ഭക്ഷണത്തില്‍ ചേര്‍ക്കണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണ നമുക്കുണ്ടാവണം.
ഉപ്പ്, അഥവാ സോഡിയം ക്ലോറൈഡ്, നമ്മുടെ ശരീരത്തിലെ ഫ്‌ളൂയിഡ് സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ഞരമ്പുകളുടെ കൃത്യമായ പ്രവര്‍ത്തനത്തിനും പേശികളുടെ സങ്കോചത്തിനുമെല്ലാം അത്യാവശമായ ഘടകമാണ്. എന്നാല്‍, അമിതമായ അളവിലുള്ള ഉപ്പിന്റെ ഉപഭോഗം രക്തസമ്മര്‍ദം കൂട്ടുകയും ഹൃദ്രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍, ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്ന ഉപ്പിന്റെ അളവ് കൃത്യമായിരിക്കണം.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ നിര്‍ദേശപ്രകാരം പ്രതിദിനം 2,300 മില്ലിഗ്രാം സോഡിയം വരെ കഴിക്കുന്നത് ആരോഗ്യപ്രദമാണ്- അതായത് ഒരു ടീസ്പൂണ്‍ ഉപ്പ്. ഇതില്‍ത്തന്നെ, ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളവരോ ഹൃദ്രോഗത്തിന് സാധ്യതയുള്ളവരും പ്രതിദിനം 1,500 മില്ലിഗ്രാം ആയി ചുരുക്കണം. ഈ നിര്‍ദേശം പാലിച്ചാല്‍ നമ്മുടെ ഹൃദയാരോഗ്യസംബന്ധമായ റിസ്‌കുകള്‍ അകലുകയും മെച്ചപ്പെട്ട ആരോഗ്യം ലഭിക്കുകയും ചെയ്യും.
സോഡിയം അമിതമായാല്‍...
ഉപ്പ് കൂടുതലായാല്‍ ഫ്‌ളൂയിഡിന്റെ അളവ് കൂടുകയും അതുവഴി രക്തസമ്മര്‍ദം കൂടുകയും ചെയ്യും. ഇത് നമ്മുടെ ഹൃദയത്തിലും രക്തധമനികളിലും സമ്മര്‍ദം ചെലുത്തുകയും അതുവഴി ഹൃദയാഘാതം, മസ്തിഷ്‌കാഘാതം, ഹൃദയസംബന്ധമായ മറ്റസുഖങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യും. അതിനാല്‍, ദിവസം എത്ര അളവിലാണ് നാം ഉപ്പ് ഉപയോഗിക്കുന്നത് എന്നത് ഉറപ്പായും ചിന്തിച്ചുനോക്കണം.
ഉപ്പിന്റെ ഉപയോഗകാര്യത്തില്‍ മിതത്വം പാലിക്കാനാണ് നാം ശീലിക്കേണ്ടത്. ഇതിനായി, പാക്കറ്റുകളില്‍ വരുന്ന സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഉപയോഗിക്കാതെ, സ്വന്തമായി പാകം ചെയ്തതോ വീട്ടില്‍ തയ്യാറാക്കുന്നതോ ആയ ഫ്രഷ് ആഹാരം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ തയ്യാറാക്കുമ്പോള്‍ മാത്രമേ ഭക്ഷണത്തിലെ ഉപ്പിനെക്കുറിച്ച് നമുക്ക് ശരിയായ ധാരണ ലഭിക്കൂ.
മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങുമ്പോള്‍ നമുക്കിഷ്ടപ്പെട്ട ബ്രാന്‍ഡ് മാത്രം തേടിപ്പോകാതെ പാക്കറ്റിനു പുറത്തേ ലേബലും കൂടി വായിച്ചുനോക്കേണ്ടത് പ്രധാനമാണ്. സോഡിയം ക്ലോറൈഡ്, മോണോസോഡിയം ഗ്ലൂട്ടാമേറ്റ് (എംഎസ്ജി), സോഡിയം ബൈകാര്‍ബണേറ്റ്, സോഡിയം ബെന്‍സോവേറ്റ് മുതലായ സംഗതികള്‍ പാക്കേജ്ഡ് ഭക്ഷണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം. സോഡിയം കുറഞ്ഞതോ സോഡിയം മുക്തമായതോ ആയ സാധനങ്ങളാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമുക്ക് ഗുണം ചെയ്യുക.
ഉപ്പ് കുറക്കണമെന്ന് പറഞ്ഞതുകൊണ്ട് ഭക്ഷണത്തിന്റെ സ്വാദില്‍ വിട്ടുവീഴ്ച ചെയ്യണമെന്നല്ല. വെളുത്തുള്ളി, നാരങ്ങാനീര്, ഇഞ്ചി, ഫ്രഷ് ഔഷധസസ്യങ്ങള്‍ എന്നിവ ചേര്‍ക്കുന്നത് ഭക്ഷണത്തിന് കൂടുതല്‍ ഫ്‌ളേവര്‍ നല്‍കുകയും ഒരുപരിധിവരെ, ഉപ്പിന്റെ കുറവിനെ എടുത്തുകാട്ടാതിരിക്കുകയും ചെയ്യും.
Content Highlights: health experts talk about the daily amount of salt to be taken for better heart health


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..