Representative Image| Photo: Mathrubhumi
ദഹനപ്രക്രിയ കാര്യക്ഷമമാക്കുന്നതിൽ പ്രധാനപങ്കാണ് പപ്പായക്കുള്ളത്. പപ്പേയിൻ, കൈമോപപ്പേയിൻ എന്നീ എൻസൈമുകളാണ് പ്രധാനമായും പപ്പായയുടെ ഈ ഗുണത്തിന് പിന്നിൽ.
മിക്ക വീട്ടുപറമ്പുകളിലും പരിചരണമൊന്നുമില്ലാതെ തന്നെ പപ്പായമരം വളരുന്നു. അതിവേഗം വളരുന്ന പ്രകൃതമാണിതിന്. പപ്പായയുടെ കറയും വിത്തും ഫലവും ഇലയുമെല്ലം ആയുർവേദ ഔഷധമാക്കാറുണ്ട്. പപ്പായമരത്തിന്റെ എല്ലാ ഭാഗത്തും കറയുണ്ട്. ലോകമെമ്പാടുമുള്ള ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഫലത്തിനായും ഫലത്തിൽ നിന്നുള്ള വെള്ളക്കറയ്ക്കായും വ്യവസായാടിസ്ഥാനത്തിൽ പപ്പായ കൃഷി ചെയ്യുന്നു. പച്ചപപ്പായക്കറ അൾസർ, അർശസ്, പുഴുക്കടി, കരപ്പൻ, ചെറുപ്രാണികൾ കടിച്ചുണ്ടായ വിഷബാധ തുടങ്ങിയവയിൽ ഗുണം ചെയ്യാറുണ്ട്. പോഷകസമ്പന്നമായ പഴുത്ത പപ്പായ ഹൃദയപേശികളെ ബലപ്പെടുത്താനും എല്ലുകളുടെ ദൃഢതയ്ക്കും കണ്ണിന്റെ ആരോഗ്യത്തിനും വളരെ ഫലപ്രദമാണ്.
ഔഷധങ്ങൾക്കൊപ്പം പച്ചപപ്പായ കറിയാക്കി കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ, ഗ്രഹണി, അതിസാരം, ഉദരകൃമി ഇവയുടെ ശമനം എളുപ്പമാക്കുന്നു. നാരുകൾ ധാരാളമുള്ളതിനാൽ പച്ചപപ്പായ പ്രമേഹരോഗികൾക്കും അനുയോജ്യമാണ്. ഇറച്ചി പാകം ചെയ്യുമ്പേൾ മൃദുവാകാൻ ഒരുവലിയ കഷ്ണം പച്ചപപ്പായ കൂടി ചേർത്ത് വേവിക്കാം.
എൻസൈമുകൾക്ക് പുറമെ വിറ്റാമിൻ എ.,ബി.സി.ഇ.കെ., കാർബോഹൈഡ്രേറ്റ്, കരോട്ടിനോയ്ഡ്, കർപൈൻ, പ്രോട്ടീൻ തുടങ്ങിയവ പപ്പായയിലെ മറ്റ് ഘടകങ്ങളിൽ ചിലതാണ്. പപ്പായവിത്തുകൾ ഉദരകൃമിക്ക് വിശേഷമാണ്. പച്ചയ്ക്കോ ഉണക്കിപ്പൊടിച്ചോ പപ്പായ വിത്തുകൾ ഔഷധമാക്കാറുണ്ട്.
ഏരണ്ഡകർക്കടി എന്നാണ് പപ്പായയുടെ സംസ്കൃതനാമം. കർമൂസ, ഓമയ്ക്ക, കപ്പളങ്ങ, കപ്പയ്ക്ക് എന്നിങ്ങനെ വിവിധ പേരുകൾ പപ്പായയ്ക്കുണ്ട്. അശ്മരിഹര കഷായത്തിലെ ഘടകമാണ് പപ്പായ.
പപ്പായക്കുരുക്കൾ ഉണക്കിപ്പൊടിച്ചത് അരഗ്രാം സമം തേനും ചേർത്ത് ആഴ്ചയിൽ രണ്ടുതവണ കഴിക്കുന്നത് കൃമിശല്യം കുറയ്ക്കും.
പപ്പായ ഇലകൾ ചെറുതായി ചൂടാക്കി അരച്ചുപുരട്ടുന്നത് വാതവേദനയും നീരും കുറയ്ക്കും.
ആർത്തവവേദന കുറയ്ക്കാൻ പച്ചപപ്പായ കറയും കുരുവും കളയാതെ പിഴിഞ്ഞ് നീരെടുത്ത് 20 മില്ലിലിറ്റർ വീതം രണ്ടുനേരം കഴിക്കാം.
വിവരങ്ങൾക്ക് കടപ്പാട്
ഡോ. പ്രിയ ദേവദത്ത്.
മെമ്പർ സ്റ്റേറ്റ് മെഡിസിനൽ പ്ലാന്റ്ബോർഡ‍്
Content Highlights: health benefits of papaya
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..